•  18 Apr 2024
  •  ദീപം 57
  •  നാളം 6
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വിചിത്രമായ സത്യം

ത്രയ്ക്കു വിഷയദാരിദ്ര്യമോ? അടിക്കും ഇടിക്കുംവരെ  പാട്ടിറങ്ങിയിരിക്കുന്ന കാലമാണിത്. വെറുതെ പറയുന്നതല്ല. മുമ്പ് ''ഇടി'' (ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം'' എന്നു മുഴുവന്‍ പേര്) എന്ന പടത്തില്‍ ഇങ്ങനെയൊരു പാട്ടു കേട്ടു.
''ആരെടാ ഞാനെടാ വാടാ കൂമ്പിനിടി
പോരെടാ കാണെടാ കൂടാം മുട്ടനിടി
അമ്പിളി ഇമ്പിളി ഈന്തപ്പഴം കഴിച്ചപ്പോ
പ്രാ പ്രീ പ്രൂ ഇടി'' 
(രചന-ജോസഫ് വിജിഷ്; സംഗീതം-രാഹുല്‍രാജ്; ആലാപനം - സാജിദ് യഹിയ, രാഹുല്‍ രാജ്)
സര്‍വത്ര ഇടി. വന്നുവന്ന് പാട്ടിന്റെ നിലവാരം എത്രത്തോളമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ വരികള്‍. ശുദ്ധ അസംബന്ധമാണ് വിളമ്പിയിരിക്കുന്നത്. ഇതൊക്കെ മിടുക്കായി അവതരിപ്പിക്കുകയാണ്. കഷ്ടം!
ഇപ്പോള്‍ ഇതാ അടിയെക്കുറിച്ചും പാട്ടു വന്നിരിക്കുന്നു.
''ഒരു അടിക്കാരന്‍
ഒരഞ്ചാറ് അടിയുള്ള
കണ്ടാല്‍ മൊഞ്ചുള്ള
പഞ്ചാരയടിക്കാരന്‍
ഓന് കൊണ്ട അടികളില്‍
ഏറ്റം ഏറ്റം പവറാര്‍ന്നൊരടി
ഓളെ മെലഡി മെലഡി ഓളെ മെലഡി മെലഡി'' (ചിത്രം - തല്ലുമാല; രചന - മുഹ്‌സിന്‍ പരാരി; സംഗീതം - വിഷ്ണു വിജയ്; ആലാപനം - ഹരിചരണ്‍, ബെന്നി ദയാല്‍, സലിം കുമാര്‍)
പാട്ടെഴുത്തുകാരന്‍ എന്തോ ഒന്ന് ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ,  അതു വരികളില്‍ പ്രകടമായില്ല. ഇതു കേട്ടാല്‍ നമുക്കു തോന്നുക 'ഓളെ  മെലഡി'യാണ് എല്ലാത്തിനും കുഴപ്പം എന്നാണ്. ശരിയാണ്, മെലഡിയുള്ള (ങലഹീറ്യ=സ്വരമാധുര്യം) ഗാനങ്ങളെ കശാപ്പു ചെയ്ത് സാഹിത്യത്തെയും സംഗീതത്തെയും ഒരുപോലെ ദ്രോഹിക്കുകയാണല്ലോ ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇങ്ങനെയൊക്കെ  എഴുതാന്‍ എങ്ങനെ  മനസ്സുവരുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകള്‍ പിറന്ന ഈ മണ്ണില്‍, അവയുടെ ആശയസൗഭഗം ആസ്വദിച്ച് നാം അനുഭൂതിയിലാറാടിയ ഈ മണ്ണില്‍ ഇന്നു പിറക്കുന്നതു മുഴുവന്‍ ചാപിള്ളകള്‍ മാത്രം. അവയെ താലോലിച്ചുകൊള്ളാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യുകയാണ് പുത്തന്‍കൂറ്റുകാരായ ചലച്ചിത്രഗാനശില്പികള്‍.
ഗാനത്തിന്റെ പല്ലവി കഴിഞ്ഞാല്‍ ഗദ്യരൂപേണയുള്ള ചില വാക്യങ്ങള്‍ കേള്‍ക്കാം. ഈ ഗാനത്തെ സംബന്ധിച്ചിടത്തോളം ഗദ്യവും പദ്യവും തത്ത്വത്തില്‍ ഒന്നുതന്നെ.
''പ്രസാദാത്മകമായ അബദ്ധങ്ങള്‍ പ്രണയപാതയില്‍ ചിന്നം പിന്നം വാരിവിതറിക്കൊണ്ട് അവന്‍ വരികയാണ്. ആര് വരാണ്...?  ഞമ്മളെ മജ്‌നു. എങ്ങനെയാ വരണത്? കുതിരപ്പുറത്ത്  ലൈല നിക്കാണ്. ലൈല എങ്ങന്യാ നിക്കണത്? മാരിവില്ലങ്ങാടീല് പൂക്കള് വിക്കണ നഴ്‌സറീല് വെളിച്ചപ്പൂക്കള് പൂത്തു നിക്കണ സിദറത്തുല്‍ മുന്‍തഹ മാതിരി. ന്താപ്പയിന്റെ മലയാളം...''
പേര്‍ഷ്യന്‍ മഹാകവിയായ നിസാമിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി 'ലൈലാ മജ്‌നു' എന്ന പേരില്‍ മലയാളമുള്‍പ്പെടെ  ഭാരതീയഭാഷകള്‍ പലതിലും ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ആ കഥയിലെ നായകനെയും നായികയെയുമാണ് ഈ ഗാനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒരാവശ്യവുമില്ലാതെയാണ് അവരെ ഗാനത്തിലേക്കു കൊണ്ടുവന്നു പലതും പുലമ്പുന്നത്. ദീര്‍ഘമാര്‍ന്ന ഗാനത്തില്‍ ഇങ്ങനെയും ചില വരികള്‍.
''അടി കൊണ്ടോന്റെ ചിരി കണ്ടോളി
ഓന്‍ വാങ്ങും തോനേ
അതു താങ്ങാനോ നേ
ഓനെ താങ്ങ് കോനേ.''
മനസ്സിലാകാത്ത മലയാളം (കൃത്രിമഭാഷ) നവീനകവിതകളില്‍ മാത്രമേ സ്ഥാനം പിടിക്കാറുള്ളു എന്നു കരുതിയിരുന്ന എനിക്കു തെറ്റു പറ്റി. ഇക്കാലത്തെ പാട്ടുകളിലും അത്തരം ഭാഷ കടന്നുവരും. ഒരാളും ഇതൊന്നും കേട്ട് ആസ്വദിക്കുന്നില്ല. സ്വന്തം പറമ്പില്‍ എന്തെല്ലാം പാഴ്‌ച്ചെടികള്‍ പൊടിക്കാറുണ്ട്. അതാരെങ്കിലും ഗൗനിക്കാറുണ്ടോ?  അധികമായാല്‍ വെട്ടി നശിപ്പിക്കും. ചലച്ചിത്രത്തിന്റെ പറമ്പില്‍ ഗാനങ്ങളാകുന്ന കളകള്‍ മാത്രമേ ഇന്നു മുളയ്ക്കാറുള്ളൂ. എന്നിട്ടും അവയെക്കുറിച്ചു പ്രശംസനീയമായ രീതിയില്‍ സംസാരിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നതത്രേ ഏറ്റവും വിചിത്രമായ സത്യം.

 

Login log record inserted successfully!