ഇരുത്തം വന്ന ഗദ്യകാരന്മാര്‍ക്കും നോട്ടപ്പിശകുമൂലം പിഴകള്‍ പറ്റിപ്പോകാം. അവ അച്ചടിച്ചു വന്നുകഴിഞ്ഞാല്‍പ്പിന്നെ തിരുത്തുക പ്രയാസമാണ്. പതിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും തെറ്റുകളുടെ ആവൃത്തിയും കൂടിക്കൂടി വരും. ഗ്രന്ഥകാരന്‍ പിന്നീട് സ്വന്തം പുസ്തകം മറിച്ചുനോക്കണമെന്നില്ലല്ലോ! അതോടെ സ്ഖലിതരൂപങ്ങള്‍ക്ക് സ്ഥിരപ്രതിഷ്ഠ ലഭിക്കുകയുണ്ടായി. പരിണതപ്രജ്ഞരായ രചയിതാക്കളുടെ തെറ്റുകള്‍ എഴുതിത്തുടങ്ങുന്നവര്‍ ആവര്‍ത്തിക്കാനേ സാധ്യതയുള്ളൂ.
കവിയും ഗ്രന്ഥകാരനുമായ കെ. ജയകുമാര്‍ രചിച്ച ലളിതജീവിതം എന്ന കൃതിയിലെ ഒരു വാചകം ഇങ്ങനെ: ''അര്‍ഹവും അനര്‍ഹവുമായ മാര്‍ഗങ്ങളിലൂടെ പണം നേടാമെന്ന തീരുമാനം വിശ്രാന്തിയും 'ലാഘവത്വ'വും അന്യമാക്കുന്നു.''* ലാഘവത്വം എന്ന പദമാണ് ഈ വാക്യത്തെ വികലമാക്കുന്നത്. രണ്ടാംപതിപ്പിലും തെറ്റ് തിരുത്തപ്പെടാതെ ആവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കൃതത്തില്‍ ഒരേ ശബ്ദത്തില്‍നിന്ന് ഭാവവാചകസംജ്ഞകള്‍ നിര്‍മിക്കാം. ലഘു എന്ന വിശേഷണത്തില്‍നിന്നു സൃഷ്ടിച്ചെടുക്കുന്ന (നാമനിഷ്പന്ന)രൂപങ്ങളാണ് ലാഘവം, ലഘുത, ലഘുത്വം, ലഘിമ എന്നിവ. നിസ്സാരത, കനക്കുറവ്, ചാപല്യം എന്നൊക്കെ അര്‍ത്ഥം. ഇവയില്‍ താ, മാ എന്നീ പ്രത്യയങ്ങള്‍ മലയാളമാക്കുമ്പോള്‍ 'അനേകാക്ഷരപദങ്ങള്‍ ഹ്രസ്വാന്തമാക്കണം' എന്ന നിയമപ്രകാരം ത, മ എന്നൊക്കെയാകും. ദൃഢത, ദ്രഢിമ; മൃദുത, മ്രദിമ; കൃശത, ക്രശിമ; ഗുരുത, ഗരിമ; തരുണത, തരുണിമ; ജഡത, ജഡിമ എന്നെല്ലാം സാധുരൂപങ്ങള്‍ സൃഷ്ടിക്കാം. **ലഘു എന്ന വിശേഷണം ലാഘവം എന്നാകുന്നതോടെ നാമമായിക്കഴിഞ്ഞു. വീണ്ടും ത്വം ചേര്‍ത്ത് ലാഘവത്വം എന്നു പ്രയോഗിക്കേണ്ടതില്ല. ത ചേര്‍ക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ലഘുത എന്നോ ലഘുത്വം എന്നോ പ്രയോഗിക്കണം. 'ലാഘവത്വം' തികച്ചും തെറ്റാണ്; ഒഴിവാക്കണം. എഴുത്തുകാര്‍ പേരും പെരുമയും ഉള്ളവരാണെന്നു കരുതി തെറ്റ് തെറ്റല്ലാതെയാകുന്നില്ലല്ലോ!
* ജയകുമാര്‍, കെ., ലളിതജീവിതം, മാതൃഭൂമി ബുക്‌സ് കോഴിക്കോട്, 2021, പുറം - 75
** വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഡി.സി. ബുക്‌സ് കോട്ടയം, 1999, പുറം - 71.