•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

ജാതി സംസാരിക്കുന്ന സിനിമകള്‍

കൂട്ടുകാരായ രണ്ടു കൊച്ചുകുട്ടികള്‍. ഒരാള്‍ ഹൈന്ദവനും മറ്റെയാള്‍ മുസ്ലീമും. ഇരുവരും ആരാധനാലയത്തിലേക്കുളള യാത്രയിലാണ്. അതിനിടയില്‍ അതിലൊരാള്‍ ചെറിയൊരു കുസൃതിയൊപ്പിച്ചു. മുസ്ലീം മതവിശ്വാസിയായ കൂട്ടുകാരന്റെ തൊപ്പിയെടുത്ത് അവന്‍ ധരിച്ചു. അങ്ങനെതന്നെയാണ് അവന്‍ അമ്പലത്തിലേക്കു കയറിയതും.
അവന്‍ അമ്പലത്തില്‍നിന്ന് ഇറങ്ങിവരുന്നത് ഒരു മുതിര്‍ന്ന വ്യക്തി കണ്ടു. ഒരു അഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രം അശുദ്ധമാക്കിയിരിക്കുന്നു. ബാഹ്യമായ അടയാളംകൊണ്ടുമാത്രം ജാതിയും മതവും വിലയിരുത്തി അയാള്‍ എത്തിച്ചേരുന്ന നിഗമനമാണത്. ഒട്ടും വൈകാതെ ഗ്രാമത്തില്‍ ഒരു വര്‍ഗീയസംഘര്‍ഷം ഉടലെടുത്തു. പലരും മരിച്ചു. പലര്‍ക്കും പരിക്കേറ്റു. രാജീവ് അഞ്ചലിന്റെ 'ഗുരു' എന്ന സിനിമയിലെ ഒരു രംഗമാണ് ഇത്. 1997 ലാണ് ചിത്രം പുറത്തിറങ്ങിയത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ഇന്ത്യയില്‍ ദുഃഖകരമായ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. മേല്‍ജാതിക്കാര്‍ക്കുവേണ്ടി സ്‌കൂളില്‍ പ്രത്യേകം നീക്കിവച്ചിരുന്ന വെള്ളം എടുത്തുകുടിച്ചതിന് അധ്യാപകന്റെ അടിയേറ്റ കീഴ്ജാതിക്കാരനായ വിദ്യാര്‍ത്ഥി മരിച്ച സംഭവമായിരുന്നു അത്. അതിനു തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്തയുമെത്തി. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ എംഎല്‍എ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെക്കൊണ്ടു മൂത്രം കുടിപ്പിച്ചുവെന്നും ടോയ്ലറ്റ് നാവുകൊണ്ടു വൃത്തിയാക്കിച്ചുവെന്നുമൊക്കെയായിരുന്നു ആ വാര്‍ത്ത.
സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിട്ടും ഇന്നും പലകാര്യങ്ങളിലും നാം സ്വതന്ത്രരല്ല എന്നും ജാതിയുടെയും മതത്തിന്റെയും  ദുഷിച്ച ചിന്തകളില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല എന്നുമാണ് ഈ സംഭവങ്ങളെല്ലാം  വ്യക്തമാക്കുന്നത്. സത്യസന്ധമായി വിലയിരുത്തിയാല്‍ എല്ലാവരുടെയും ഉള്ളില്‍ അവരവരുടെ ജാതി - മതചിന്തകളൊക്കെയുണ്ട്. വിശ്വാസരീതികളോടു മതിപ്പും ആദരവും ഉണ്ടാകേണ്ടത് നല്ലതും അത്യാവശ്യവുമാകുമ്പോഴും മനുഷ്യത്വത്തിനു വിരുദ്ധവും അപമാനകരവുമായ രീതിയില്‍ അതു പുറത്തുവരുന്നത് തികച്ചും പരിഹാസ്യമെന്നേ പറയാനാവൂ. അതൊരിക്കലും പ്രോത്സാഹജനകവുമല്ല.
മനുഷ്യരുടെ ഉള്ളിലെ ഇത്തരം ജാതിചിന്തകളെ മറനീക്കി അവതരിപ്പിച്ച രണ്ടു സിനിമകള്‍ മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങുകയുണ്ടായി. മമ്മൂട്ടിയുടെ പുഴുവും ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞും.
ജാതീയചിന്തകള്‍കൊണ്ടു മലീമസമായ കഥാപാത്രമാണ് പുഴുവിലെ കേന്ദ്രകഥാപാത്രമായ കുട്ടന്റേത്. ബ്രാഹ്‌മണസമുദായാംഗമായ അദ്ദേഹം ഉന്നതപദവിയിലുള്ള ഐപിഎസ് ഓഫീസറാണ്. പക്ഷേ, ഉള്ളില്‍ ഇപ്പോഴും ജാതിയെ അയാള്‍ ആവശ്യത്തില്‍ക്കൂടുതല്‍ ഭാരത്തോടെ ചുമന്നു നടക്കുന്നു. സഹോദരി തീയറ്റര്‍ ആര്‍ട്ടിസ്റ്റായ കുട്ടപ്പനെ പ്രണയിച്ച് കല്യാണം കഴിച്ചതുകൊണ്ടുമാത്രമല്ല, അയാളൊരു കീഴാളജാതിക്കാരനായതുകൂടിയാണ് കുട്ടനെ അസ്വസ്ഥനാക്കുന്നത്.
ഒരു പ്രത്യേക സാഹചര്യത്തില്‍ സഹോദരിയും ഭര്‍ത്താവും തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസക്കാരായി എത്തുന്നതോടെ ആ അസ്വസ്ഥതകള്‍ മൂര്‍ദ്ധന്യത്തിലെത്തുന്നു. എന്നിട്ടും സഹോദരിയുടെ ക്ഷണം സ്വീകരിച്ച് അയാള്‍ ഒരുനാള്‍ ഫ്‌ളാറ്റിലെത്തുന്നു. തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന പെണ്‍കുഞ്ഞിന് നങ്ങേലിയെന്നാണ് പേരിടാന്‍ ഉദ്ദേശിക്കുന്നതെന്നു പറയുമ്പോള്‍ കുട്ടപ്പന് അവാര്‍ഡ് കിട്ടിയ ശില്പം കൊണ്ടുതന്നെ കുട്ടന്‍  അയാളെ അടിച്ചുകൊല്ലുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരിയെയും അയാള്‍ അതേ ശില്പംകൊണ്ടുതന്നെ അടിച്ചുകൊല്ലുന്നു.
നങ്ങേലി എന്ന അധഃസ്ഥിതവര്‍ഗത്തിന്റെ പേരാണ് കുട്ടനെ പെട്ടെന്ന് അസ്വസ്ഥനാക്കിയത്. തന്റെ വംശപാരമ്പര്യത്തിന്റെ നൈരന്തര്യങ്ങളില്‍ ഒരു കീഴാളവര്‍ഗത്തിന്റെ പ്രതിനിധിയുണ്ടാകുന്നത് കുട്ടനു സഹിക്കാനാവുന്നില്ല. അത് അയാളെ സ്വന്തംചോരയെത്തന്നെ ഹിംസിക്കുന്നവനാക്കി മാറ്റുന്നു.
ജാതിചിന്ത അതിരുകടക്കുമ്പോള്‍ മനുഷ്യന്‍ പുഴുവിനെപ്പോലെയാകുന്നുവെന്നതിന് മികച്ച ഉദാഹരണമാണ്  കുട്ടന്‍. (വര്‍ത്തമാനകാലത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.) ഗര്‍ഭിണിയായ സഹോദരിയെയും അവളുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ അയാള്‍ തീരുമാനിക്കുന്നത് പെട്ടെന്നൊരു നിമിഷത്തിലൊന്നുമല്ല, ഏറെ നാളായി ഉള്ളില്‍ക്കിടക്കുന്ന ജാതിചിന്ത പെട്ടെന്നൊരു നിമിഷം പുറത്തേക്കുവന്ന് ഇരുവരുടെയും ജീവനെടുക്കുന്നുവെന്നേയുള്ളൂ.
ഇതില്‍നിന്നു ഭിന്നനാണ് മലയന്‍കുഞ്ഞിലെ അനിയന്‍കുഞ്ഞ്. അവിടെയും അയാളുടെ ജാതിചിന്തകള്‍ രൂക്ഷമാകുന്നതും വിദ്വേഷത്തിലേക്കു രൂപം മാറുന്നതും വിവാഹത്തലേന്ന് സഹോദരി, സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോകുന്നതോടെയാണ്. വര്‍ഷങ്ങള്‍ക്കുശേഷം സഹോദരീഭര്‍ത്താവിന് പിഎസ്‌സിവഴി ജോലികിട്ടിയെന്ന് അറിയുമ്പോഴും ജാതിസംവരണത്തിന്റെ പേരുപറഞ്ഞാണ് അയാള്‍ അതിനെ അവഗണിക്കുന്നത്.
തൊട്ടടുത്ത വീട്ടിലെ നവജാതശിശുവിന്റെ കരച്ചില്‍ അയാളെ അസ്വസ്ഥപ്പെടുത്തുന്നതുപോലും അവര്‍ തന്നെക്കാള്‍ താണജാതിക്കാരായതുകൊണ്ടാണ്. ജാതിബോധംകൊണ്ട് അങ്ങേയറ്റം മുറിവേറ്റിട്ടും ഏറ്റവും ഒടുവില്‍ അയാള്‍ അതില്‍നിന്നു പുറത്തുകടക്കുകയും വൈഡൂര്യംപോലെ ശോഭിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത. ഇവിടെയാണ് കുട്ടനില്‍നിന്ന് അനിയന്‍കുഞ്ഞ് വ്യത്യസ്തനാണെന്നു പറഞ്ഞതിന്റെ അര്‍ത്ഥം.
ജാതിചിന്തകളാല്‍ മലിനമാക്കപ്പെട്ട് അതില്‍ത്തന്നെ കുട്ടന്‍ പിടഞ്ഞുവീഴുമ്പോള്‍ അത്തരമൊരു ജാതിചിന്തയുടെ മാലിന്യങ്ങളില്‍നിന്ന് അനിയന്‍കുഞ്ഞ് പുറത്തുകടക്കുന്നു. മരിക്കുന്നതുവരെ മാത്രമേ ജാതിയും മതവുമുള്ളൂ എന്ന് മരണത്തിന്റെ തൊട്ടടുത്ത നിമിഷമെത്തുമ്പോള്‍ തിരിച്ചറിയുന്ന സത്യമാവാം അയാളെ പ്രകാശിപ്പിക്കുന്നത്.
പ്രകൃതിക്ഷോഭത്തിന്റെ കരാളഹസ്തങ്ങളില്‍ പ്പെട്ടു ജീവിതത്തിലേക്കു തിരികെവരാന്‍ കഴിയുമോയെന്ന് ആശങ്കപ്പെടുമ്പോള്‍ അയാള്‍ക്ക് ജീവിതത്തിലേക്കു കിട്ടിയ പിടിവള്ളിയാകുന്നത് അതുവരെ അയാളെ അസ്വസ്ഥപ്പെടുത്തിയിരുന്ന അടുത്തവീട്ടിലെ പിഞ്ചുകുട്ടിയാണ്, അവളുടെ കരച്ചിലാണ്. ആറേഴുപേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ അവരെ മാത്രമാണ് അവശേഷിപ്പിക്കുന്നത്. ജാതിയില്‍ താണ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്താനും സ്വീകരിക്കാനും തീരുമാനിക്കുകയാണ് അനിയന്‍കുഞ്ഞ്. മനുഷ്യനിലെ ജാതിചിന്തയെ ദൂരെയകറ്റാന്‍  ഇത്തിരിപ്പോന്ന കുഞ്ഞിന്റെ നിഷ്‌കളങ്കതമാത്രം മതിയാവും.
ഈ രണ്ടു കഥാപാത്രങ്ങളും മനോരോഗികളാണ് എന്നതുംകൂടി നിരീക്ഷിക്കേണ്ടതുണ്ട്. പൊതുസമൂഹവുമായി അടുത്തിടപെട്ടു ജീവിക്കുമ്പോഴും പൊതുജീവിതവും പൊതുജനങ്ങളും അസാധ്യമാക്കിത്തീര്‍ക്കുന്ന ഒരു രഹസ്യലോകം ഇരുവര്‍ക്കുമുണ്ട്. ഒരുതരത്തില്‍ അതിരുകടന്ന ജാതിചിന്ത മനോരോഗംതന്നെയാണ്. ചില വര്‍ഗീകരണങ്ങള്‍ക്കു നാം വേണ്ടതില്‍ കൂടുതലും ആവശ്യത്തില്‍ കൂടുതലും പ്രാധാന്യം കൊടുക്കുന്നതാണ് ഇന്നും ജാതിയുടെ പേരിലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മനുഷ്യനെ മതത്തിന്റെയും വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും പരിമിതകളങ്ങള്‍ക്കപ്പുറംനിന്നു വീക്ഷിക്കാനും സമീപിക്കാനും കഴിയുമ്പോഴേ മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനാകൂ, മനുഷ്യത്വമുള്ളവനാകൂ.

 

Login log record inserted successfully!