കൊവിഡ്കാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പുതുതായി നിര്‍വചിച്ചിട്ടുണ്ട്. അതുവരെ പരിചയിച്ചിട്ടില്ലാത്ത പല ശീലങ്ങളിലേക്കും കൊവിഡ്കാലത്ത് ലോകം ഒന്നാകെയാണ് വഴുതിവീണത്. ആ പുതിയ വഴക്കം നമ്മെ വിട്ടുപോയിട്ടില്ല.
കൊവിഡ് കാലം ഏല്പിച്ച മാറ്റത്തിന് സിനിമകളും വിധേയമായി. തീയറ്ററുകള്‍ അടഞ്ഞുകിടന്നതും സാമൂഹികാകലവും ആള്‍ക്കൂട്ടങ്ങളുടെ ഒഴിവാക്കലുമെല്ലാം ചേര്‍ന്നപ്പോള്‍ പുതിയ വിപണനസാധ്യതകളിലേക്കു സിനിമാവ്യവസായം ചേക്കേറുകയായിരുന്നു. തീയറ്ററുകളിലേക്കെത്താതെ പുതിയ സിനിമകള്‍ കണ്ടാസ്വദിക്കാനാണ് ഈ സാധ്യതകള്‍ പ്രേക്ഷകനു വഴിയൊരുക്കിയത്. ഒ.ടി.ടി. എന്ന നവമാധ്യമം അങ്ങനെയാണ് നമുക്കു പ്രിയപ്പെട്ടതായത്.
തീയറ്ററുകള്‍ വീണ്ടും പഴയതുപോലെയായിട്ടും ഒടിടിയോടുള്ള ആഭിമുഖ്യം നമ്മെ വിട്ടുപോയിട്ടില്ല. അങ്ങനെ ഒടിടിയും തീയറ്ററും സമാന്തരമായി പ്രേക്ഷകരെ ഇന്നു കീഴടക്കിക്കൊണ്ടിരുന്നു. തീയറ്ററുകള്‍ ലക്ഷ്യമിട്ടും ഒടിടി പ്രേക്ഷകര്‍ക്കുവേണ്ടി മാത്രമായും രണ്ടു രീതിയിലുള്ള സിനിമകളാണ് പുറത്തിറങ്ങുന്നതെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവും. വരാനുള്ള സിനിമകളുടെ കാലം അത്തരത്തിലുള്ളതാണെന്നാണ് ചില പ്രവചനങ്ങളും.
മാസ് രീതിയില്‍ കണ്ടാസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍ക്കായി തീയറ്ററുകളും അത്രയധികം ആട്ടവും ബഹളവുമില്ലാത്ത സ്വച്ഛമായ സിനിമകള്‍ക്കായി ഒടിടിയും. കടുവ, പാപ്പന്‍, ഭീഷ്മപര്‍വം, കെ.ജി.എഫ്., മാസ്റ്റര്‍ പോലെയുള്ള സിനിമകള്‍ക്കായി തീയറ്ററും സീ യൂ സൂണ്‍, തിങ്കളാഴ്ച നിശ്ചയം, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെയുള്ള സിനിമകള്‍ക്കായി ഒടിടിയും അണിയറയില്‍ ഒരുങ്ങുന്നുവെന്നും ഇനിയുള്ള മലയാളസിനിമകള്‍ അത്തരമൊരു കാലത്തിലേക്ക് ഇരട്ടവഴി വെട്ടിയായിരിക്കും പ്രവേശിക്കുകയെന്നുമാണു സൂചനകള്‍ ലഭിക്കുന്നത്.
തീയറ്ററില്‍ വിജയം വരിക്കാത്ത സിനിമകള്‍ ഒടിടിയില്‍ ശ്രദ്ധേയമായതിനും (ഡിയര്‍ ഫ്രണ്ട്) തീയറ്ററിലോ ഒടിടിയിലോ അനക്കം സൃഷ്ടിക്കാതെ പോയതിനും (മലയന്‍കുഞ്ഞ്, മേരി ആവാസ് സൂനോ, ജോണ്‍ലൂഥര്‍, ഹെവന്‍) ഈ കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും പറയാതെവയ്യ. അപ്പോള്‍ താരങ്ങളോ സാങ്കേതികതയോ അല്ല സിനിമ എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നുവെന്നതാണു മുഖ്യം. ഏതു സിനിമയുടെയും വിധികര്‍ത്താവ് പ്രേക്ഷകനാണ്. അവന്റെ ഇഷ്ടങ്ങളാണ് സിനിമയുടെ ജാതകം എഴുതുന്നത്.
സിനിമകളോടുള്ള പുതിയ ഭ്രമം സിനിമയുടെ ഉള്ളടക്കത്തിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട് എന്നു വിശദീകരിക്കാനാണ് ഇത്രയും നീണ്ട ഒരു മുഖവുര പറഞ്ഞത്. സാങ്കേതികതയില്‍ മാത്രമല്ല പ്രതിപാദനത്തിലും അവതരണത്തിലും പുതിയകാലത്തെ സിനിമകള്‍ ഒരുപാടു മാറിക്കഴിഞ്ഞു.
ആദിമധ്യാന്തങ്ങളുള്ള ഒരു ഇതിവൃത്തത്തിന്റെ ചുവടുപിടിച്ചായിരുന്നു തുടക്കംമുതല്‍ അടുത്തകാലം വരെ മലയാളസിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. വ്യക്തമായ കഥാപരിസരവും കഥാഗതികളും ആകാംക്ഷയും അതിനനുസൃതമായ ക്ലൈമാക്സും അവയുടെ പൊതുസ്വഭാവമായിരുന്നു. ജീവിതത്തോടു ചേര്‍ന്നുനില്ക്കുന്നവയായിരുന്നു അവയിലേറിയവയും. ലോഹിതദാസിന്റെയും മറ്റും സിനിമകളുടെ കാര്യം ഇക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടവയാണ്.
എന്നാല്‍, പുതുകാലത്തെ സിനിമകള്‍ തകിടം മറിക്കുന്നത് കഥയെത്തന്നെയാണ്. സിനിമ കാണാന്‍ കഥ ആവശ്യമില്ലെന്നും പ്രേക്ഷകരെ ത്രസിപ്പിക്കുക മാത്രം ചെയ്താല്‍ മതിയെന്നുമാണ് അവരുടെ വാദം. ഇക്കാര്യം അവര്‍ വിജയപ്രദമായി സ്ഥാപിച്ചെടുത്തിട്ടുമുണ്ട്. കൊവിഡിനു മുമ്പുതന്നെ ഇത്തരമൊരു പ്രകടമായ മാറ്റം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും കൊവിഡ്കാലവും കൊവിഡനന്തരകാലവും ഈ ചിന്താഗതിയെ അരക്കിട്ടുറപ്പിക്കുന്നുണ്ട്.
കൊവിഡിനുമുമ്പുള്ള ഈ മാറ്റത്തിനു നാന്ദി കുറിച്ചതില്‍ പ്രധാനപ്പെട്ടതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്. എംടിയുടെയും പത്മരാജന്റെയും ലോഹിതദാസിന്റെയും ഇങ്ങേയറ്റം ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ് വരെയുള്ളവരുടെയും സിനിമകള്‍ കണ്ടാസ്വദിച്ചിരുന്ന ഒരു തലമുറയ്ക്കു യോജിച്ചുപോകാന്‍ പറ്റാത്തവിധത്തിലുള്ള ആഖ്യാനഘടനയായിരുന്നു ജെല്ലിക്കെട്ടിന്റേത്. ഒരു പോത്തിന്റെ പിറകെയുള്ള ഓട്ടം കണ്ട് ചുവപ്പു കണ്ട കാളയെപ്പോലെ വിറളിപിടിച്ചിരിക്കുകയായിരുന്നു തീയറ്ററില്‍ സാധാരണ പ്രേക്ഷകര്‍. എന്നാല്‍, അങ്ങനെയൊരു തുറന്നുസമ്മതിക്കലിനു ഭൂരിപക്ഷം പ്രേക്ഷകരും തയ്യാറായതുമില്ല എന്നതാണു ശ്രദ്ധേയം.
കാരണം, ആമ്മേന്‍ സിനിമ സൃഷ്ടിച്ചെടുത്ത ലിജോയുടെ ലോകത്തിന്റെ പ്രത്യേകതകള്‍കൊണ്ടു മാജിക്കല്‍ റിയലിസം എന്നെല്ലാം ഉച്ചൈസ്തരം പറഞ്ഞ് ആ സിനിമയുടെ പ്രബുദ്ധപ്രേക്ഷകനാകാനാണ് അവര്‍ തയ്യാറായത്. അതിനു പകരം, സിനിമ കണ്ടു ബോറടിച്ച് ഇതൊന്നും മനസ്സിലായില്ല എന്നു പറഞ്ഞാല്‍ തങ്ങള്‍ പിന്തിരിപ്പന്മാരാകുമോയെന്ന് അവര്‍ ഉളളില്‍ ഭയക്കുകയും ചെയ്തു. ജെല്ലിക്കെട്ടിന്റെ അവസാനമെന്താണെന്നു സാമാന്യബുദ്ധിക്കു വിശദീകരിച്ചുനല്കാന്‍ പറഞ്ഞാല്‍ ഉഗ്രന്‍ എന്നു കൈയടിച്ചവര്‍പോലും പപ്പപ്പ വയ്ക്കും.
കൊവിഡിനുശേഷം പുറത്തുവന്ന അജഗജാന്തരവും ഇപ്പോള്‍ തീയറ്ററില്‍ നിറഞ്ഞോടുന്ന തല്ലുമാലയും വ്യത്യസ്തമൊന്നുമല്ല. കല്യാണവീട്ടിലെയും ഉത്സവപ്പറമ്പിലെയും തല്ലും അടിയും മാത്രമായിട്ടാണ് ഈ സിനിമകള്‍ പോകുന്നത്. കൃത്യമായ കഥയോ ആഗ്രഹിക്കുന്നതുപോലെയുളള അന്ത്യമോ ഇല്ലാതിരുന്നിട്ടും ഈ സിനിമകള്‍ ഇന്നത്തെ യുവജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാകുന്നുണ്ട്. കാരണം, പുതുതലമുറ സിനിമയില്‍ നിന്നാവശ്യപ്പെടുന്നത് കഥയല്ല, കെട്ടുകാഴ്ചകളാണ്. കഥയില്ലായ്മകള്‍കൊണ്ടും കഥ പറയാം എന്നു തെളിയിക്കുന്ന ഈ സിനിമകള്‍ക്കാണ് അവര്‍ കൈയടിക്കുന്നത്. തല്ലും അടിയും പിടിയുമാണ് അവരുടെ കാഴ്ചയുടെ വിനോദങ്ങള്‍.
ഇങ്ങനെയൊരു പ്രവണത നിലനില്ക്കുമ്പോള്‍ത്തന്നെ കഥയില്ലായ്മയായിരുന്നിട്ടും വലിയ ചില അദ്ഭുതങ്ങള്‍ കാണിച്ച ചില കൊച്ചുസിനിമകളും ഉണ്ടായിട്ടുണ്ട്. സൂപ്പര്‍ ശരണ്യയും ജോആന്‍ഡ് ജോയും പോലെയുള്ള സിനിമകളെയാണ് ഇക്കൂട്ടത്തില്‍ ഉദാഹരിക്കാവുന്നത്. അടുത്തയിടെ വാണിജ്യവിജയം വരിച്ച ചുരുക്കം ചില സിനിമകളുടെ പട്ടികയില്‍ക്കൂടി ഇവ പെടുന്നുണ്ട്. 80 കളിലെയോ 90 കളിലെയോ സിനിമകളുടേതുപോലെയുള്ള കഥയും മറ്റും ഈ സിനിമകള്‍ക്കുമില്ല.
ഒരു മിനിക്കഥയെന്നു പറയാവുന്നവിധത്തിലുള്ള കഥാഘടന. പക്ഷേ, അതിനെ പുതിയ രീതിയില്‍ പറയാന്‍ സാധിച്ചുവെന്നും ആ പുതുമ പ്രേക്ഷകനു രുചിച്ചുവെന്നതുമാണു ശ്രദ്ധേയം. മാത്രവുമല്ല, സിനിമ വിജയിക്കണമെങ്കില്‍ സൂപ്പര്‍താരം വേണം, സംഘട്ടനം വേണം, ഗ്ലാമര്‍വേണം എന്നൊക്കെയുള്ള മുട്ടാപ്പോക്കു നയങ്ങളെയാണ് ഈ ചിത്രങ്ങള്‍ തട്ടിയിട്ടത്.
ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വിദേശത്തേക്കു പോയിരുന്ന കൊവിഡിനു തൊട്ടുമുമ്പത്തെ സിനിമാവഴക്കത്തെയും പുതിയ സിനിമകള്‍ സൗമ്യമായി മറികടക്കുന്നുണ്ട്. വീടും ചുറ്റുവട്ടവും വഴിയുമൊക്കെയായാലും ആകര്‍ഷകമായ രീതിയില്‍ സിനിമയെടുത്താല്‍ അത് തങ്ങള്‍ കണ്ടോളാം എന്ന മട്ടില്‍ പ്രേക്ഷകര്‍ വിശാലഹൃദയരുമായി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, സീയു സൂണ്‍, ജോ ആന്‍ഡ് ജോ, മലയന്‍കുഞ്ഞ്, എന്തിന് മോഹന്‍ലാലിന്റെ ട്വല്‍ത്ത്മാന്‍ വരെയുള്ള സിനിമകളെല്ലാം ഒരൊറ്റ ലൊക്കേഷന്‍ കേന്ദ്രീകരിച്ചവയായിരുന്നു. കണ്ണിനു കുളിര്‍മ നല്കുന്ന പരിസരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സിനിമ ആവശ്യപ്പെടുന്ന വിധത്തിലുളള അന്തരീക്ഷത്തിന് അനുയോജ്യമായി കഥ പറഞ്ഞാല്‍ മതിയെന്നായി പ്രേക്ഷകര്‍.
ഇതിനൊക്കെ പുറമേ, സിനിമ കുറേക്കൂടി സമീപസ്ഥമായി എന്നതാണു മറ്റൊരു പ്രത്യേകത. കഥാപാത്രത്തിന് അനുയോജ്യമായാല്‍ മതി താരങ്ങള്‍ വേണ്ട എന്ന രീതിയിലേക്കു സിനിമ മാറി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍, പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടുള്ള ഒരൊറ്റത്താരം പോലുമുണ്ടായിരുന്നില്ല. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാവട്ടെ ഒന്നോ രണ്ടോ പരിചിതമുഖങ്ങളൊഴിച്ചാല്‍ എല്ലാവരും പുതുമുഖങ്ങളാണ്. എന്നാല്‍, എത്ര പെട്ടെന്നാണ് അവരെയെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമ പിടിക്കാന്‍ മദിരാശിയിലേക്കു വണ്ടികയറിയിരുന്ന കാലത്തുനിന്ന് സിനിമ എറണാകുളത്തേക്കു പറിച്ചുനട്ടതും അവസരം തേടി സംവിധായകരുടെ വീടുകളില്‍ എത്തിയിരുന്ന രീതിയില്‍നിന്ന് കാസ്റ്റിങ് കോള്‍വഴി അവസരം ലഭിക്കുന്നതും ഇത്തരമൊരു മാറ്റത്തോടു ചേര്‍ത്തുവേണം വായിക്കേണ്ടത്. തീയറ്ററും താരങ്ങളും ഇല്ലെങ്കിലും പണമുണ്ടെങ്കില്‍ സിനിമയെടുക്കാമെന്ന അവസ്ഥയും വന്നിട്ടുണ്ട്. ഒടിടി നല്കിയ വലിയ സംഭാവനയും അതുതന്നെയാണ്.
ചുരുക്കത്തില്‍, മാറ്റത്തിന്റെ വഴിയിലൂടെയാണ് ലോകം. കൊവിഡിനുമുമ്പ് / പിമ്പ് എന്ന രീതിയില്‍ ലോകം പുതുതായി നിര്‍വചിക്കപ്പെട്ടു. ആ മാറ്റത്തിനു മലയാളസിനിമയും വിധേയമായി. പ്രേക്ഷകരുടെ ആസ്വാദകനിലവാരത്തിലും പ്രകടമായ മാറ്റമുണ്ടായി. പുതിയ ഭാവുകത്വമുള്ള സിനിമകള്‍ പ്രത്യക്ഷപ്പെട്ടു.
പക്ഷേ, മലവെള്ളപ്പാച്ചിലില്‍ ഒഴുകിവരുന്ന മരങ്ങളും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളുംപോലെ പെട്ടെന്നു വന്ന് ഒഴുകിപ്പോകുന്ന ട്രെന്‍ഡു മാത്രമായി കഥയില്ലായ്മയുടെ സിനിമകള്‍ അവസാനിക്കുമെന്നേ കരുതാനാവൂ. കാരണം, കാലത്തെ അതിജീവിച്ചുനില്ക്കുന്ന സിനിമകളുടെ എണ്ണം നോക്കിയാല്‍ അതില്‍ ഉണ്ടായിരുന്നത് ഗിമ്മിക്കുകളായിരുന്നില്ല ജീവിതവും മനുഷ്യനുമായിരുന്നു. അതുകൊണ്ട്, മനുഷ്യന്റെ കഥയും ജീവിതവും വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ കാലത്തെ സിനിമകള്‍ വരട്ടെ. തീയറ്ററുകള്‍ ഇല്ലാതായാലും ഉണ്ടെങ്കിലും സിനിമയെന്നും ഇവിടെയുണ്ടാവും. എന്നാല്‍, ആ സിനിമകള്‍ മനുഷ്യരോടു സംവദിക്കുന്നതായിരിക്കണമെന്നുമാത്രം.