•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

ദേവാങ്കണം

രാച്ചാരുടെ തൊടിയില്‍ കെട്ടിയ ഓലപ്പുരയിലുള്ള വാസം ദേവസഹായത്തിന് ഒട്ടൊക്കെ ശാന്തിയും സമാധാനവും നല്കി. പീഡനങ്ങളധികമുണ്ടായില്ല. അങ്ങനെയുണ്ടാകാതിരിക്കാന്‍ ആരാച്ചാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും ആരാച്ചാര്‍ക്കും പരിമിതികളുണ്ടായിരുന്നു. ദേവസഹായത്തിന്റെ  പീഡനപര്‍വങ്ങള്‍ക്കു പിന്നില്‍ രാജകല്പനയാണ്. രാജകല്പന കല്ലേപിളര്‍ക്കും...
എന്നാലും ആരാച്ചാര്‍ തന്റെ അനുയായികളോടു പറഞ്ഞു: ''അദ്ദേഹം തീര്‍ച്ചയായും ഒരു പുണ്യാത്മാവുതന്നെ. അദ്ദേഹം പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങള്‍ നിങ്ങളും ഞാനും കാണുന്നതാണല്ലോ. ഇത്ര നാളുകളായി അദ്ദേഹത്തില്‍ ഒരു കുറ്റവും കുറവും നമുക്കു കണ്ടെത്താനായില്ല. പക്ഷേ, നന്മകളോ അനേകം. അദ്ദേഹത്തെ പീഡിപ്പിക്കുകവഴി നമ്മുടെ പിന്‍തലമുറയും ശാപഗ്രസ്തരാകേണ്ടതില്ല.''
ആരാച്ചാരുടെ വാക്കുകള്‍ ശരിയാണെന്ന് അനുചരന്മാര്‍ക്കും തോന്നി. ''നിരപരാധിയായ ഒരു മനുഷ്യനെയാണ് നമ്മള്‍ പീഡിപ്പിക്കുന്നതെങ്കില്‍ അതിന്റെ പാപം ഏതു ഗംഗയിലാണ് കഴുകിക്കളയുക...''
ദേവസഹായത്തെ പീഡിപ്പിക്കുന്നതില്‍നിന്ന് ആരാച്ചാരുടെ അനുചരന്മാര്‍ പിന്നാക്കം വലിഞ്ഞു.
ദേവസഹായത്തിനുമുമ്പില്‍ ശാന്തതയും സമാധാനവും തിരയടങ്ങിയ കടല്‍പോലെ പരന്നു കിടന്നു.
പ്രാര്‍ത്ഥിക്കാനും ധ്യാനത്തിലേര്‍പ്പെടാനുമുള്ള സമയം. ഉണ്ണാനും ഉറങ്ങാനുമുള്ള സമയം. തന്നെ കാണുവാനെത്തുന്നവരോടു സംസാരിക്കാനും അവരുടെ പരിദേവനങ്ങള്‍ കേള്‍ക്കാനുമുള്ള സമയം. അവരെ ഉപദേശിക്കാനും പാപരഹിതമായ ജീവിതത്തിന്റെയും സത്യധര്‍മവിശ്വാസത്തിന്റെയും വഴികളെക്കുറിച്ചു സംസാരിക്കാനുമുള്ള സമയം. അങ്ങനെ സമയം ഒരു മഹാനദിപോലെ ദേവസഹാത്തിനുമുമ്പില്‍ നിവര്‍ന്നുകിടന്നു.
എങ്കിലും ഒരുമാത്രനേരംപോലും അദ്ദേഹം പാഴാക്കിയില്ല. സന്ദര്‍ശകരൊഴിയുമ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയുടെ ഏകാഗ്രമുനമ്പുകളിലേക്കു യാത്രപോകും. വിശുദ്ധിയുടെ ആത്മഹര്‍ഷങ്ങളുണര്‍ത്തുന്ന തീര്‍ത്ഥയാത്ര.
അദ്ദേഹം ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല പ്രാര്‍ത്ഥിച്ചിരുന്നത്. ഉറക്കത്തിലും അദ്ദേഹത്തിന്റെ അന്തരാത്മാവ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അങ്ങനെയുള്ള ഒരു പ്രാര്‍ത്ഥനയുടെ രാത്രിയിലാണ് അതു സംഭവിച്ചത്. തിരുക്കുടുംബം ദേവസഹായത്തിനു പ്രത്യക്ഷപ്പെടുന്നു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ കന്യാമറിയം. തൊട്ടടുത്ത് അവരോടു ചേര്‍ന്ന് യൗസേപ്പിതാവ്.
ഒരു ഞെട്ടല്‍. ദേഹമാസകലം ഒരു വിറയല്‍. ഭ്രമാത്മകമായ ഒരു നിമിഷം.
ദേവസഹായം പിടഞ്ഞെഴുന്നേറ്റു. തൊട്ടടുത്തു കിടന്നുറങ്ങുകയായിരുന്ന ശെല്‍വത്തിനെ തട്ടിയുണര്‍ത്തി. ശെല്‍വം മയക്കം ഞെട്ടി. ഉറക്കത്തിന്റെ ക്ഷീരപഥങ്ങള്‍ മുറിഞ്ഞു. അവന്‍ കണ്ണുമിഴിച്ചു നോക്കുമ്പോള്‍ അല്പമകലത്തായി ഒരു പ്രകാശവലയം. ആയിരം സൂര്യചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ച മാതിരി. അവന്‍ ഭയന്നുപോയി.
ആ സ്വപ്നം ദേവസഹായത്തെ തരളിതനാക്കി. ചിന്താമഗ്നനാക്കി. ഇങ്ങനെയൊരു സ്വപ്നദര്‍ശനത്തിന്റെ പൊരുളെന്ത്? അതു വ്യാഖ്യാനിച്ചെടുക്കാന്‍ ദേവസഹായത്തിനു കഴിയുന്നില്ല.
അദ്ദേഹം താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി വിശദമായ രീതിയില്‍ ഒരു ഓല കുറിച്ച് ശെല്‍വനെ വടക്കുംകുളം തിരുക്കുടുംബദേവാലയത്തിലേക്കയച്ചു.
ദേവസഹായത്തിന്റെ കത്തു വായിച്ച വടക്കുംകുളം ദേവാലയത്തിലെ വൈദികന്‍ ഏറെ നേരം ധ്യാനിച്ചിരുന്നു. ശേഷം, ഒരു മറുകുറി കുറിച്ച് ദേവസഹായത്തിനായി ശെല്‍വനെ ഏല്പിച്ചു.
ശെല്‍വന്‍ കത്തുമായി ദേവസഹായത്തിന്റെ പക്കലെത്തി. അടക്കാനാവാത്ത ആകാംക്ഷയോടെയാണ് ദേവസഹായം ആ ഓലക്കുറിപ്പു വായിച്ചത്. അതില്‍ വടക്കുംകുളത്തെ വൈദികന്‍ ഇങ്ങനെ കുറിച്ചിരുന്നു:
''നിങ്ങളുടെ ദുരിതങ്ങളെല്ലാം വടക്കുംകുളം ദേവാലയം ഹേതുവായിട്ടുള്ളതാണ്. എന്തെന്നാല്‍, തിരുക്കുടുംബത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍വച്ചാണല്ലോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ആയതുകൊണ്ട് ഈ വിധം കഷ്ടാനുഭവങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുകണ്ട് നിങ്ങള്‍ക്ക് മനഃശാന്തിക്കും, മരണാവസരത്തില്‍ വിശ്വാസചാഞ്ചല്യം ഉണ്ടാകാതിരിക്കുന്നതിനുംവേണ്ടി അവിടെ വന്നു കാണപ്പെട്ടതാണ്.''
കത്തു വായിച്ച് ദേവസഹായം കണ്ണീരണിഞ്ഞു. താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വാനമേഘങ്ങളില്‍നിന്ന് തനിക്കുമേല്‍ അനുഗ്രഹവര്‍ഷം ചൊരിയപ്പെടുന്നു. കര്‍ത്താവേ, ഈ പാപിയായവന്‍ അങ്ങയുടെ ഈ കരുണാവര്‍ഷത്തിനു യോഗ്യനോ? 
ഈ സംഭവവും നാടാകെ പരന്നു. ആളുകള്‍ കൂട്ടംകൂട്ടമായി ദേവസഹായത്തിനെ കാണാനെത്തിക്കൊണ്ടിരുന്നു.
ദേവസഹായത്തില്‍നിന്ന് അദ്ഭുതങ്ങളുടെ പെരുമഴ. നാട്ടുകാരുടെ അകമഴിഞ്ഞ പിന്‍തുണ. ദേവസഹായത്തെ ഒരു ദേവപരിവേഷം വന്നുചേരുന്നു. 
അവന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മാറാരോഗങ്ങള്‍ സുഖപ്പെടുത്തുന്നു. മനോരോഗികളില്‍നിന്ന് രോഗലക്ഷണങ്ങള്‍ നുള്ളിക്കളയുന്നു. വന്ധ്യകള്‍ ഗര്‍ഭം ധരിക്കുന്നു.
ലോകത്തിലൊരിടത്തും കേള്‍ക്കാത്ത കേള്‍വി. മരിച്ചയാളെപ്പോലും അവന്‍ ഉയിര്‍പ്പിച്ചത്രേ.
ബ്രാഹ്‌മണര്‍ എങ്ങനെ സഹിക്കും? തങ്ങള്‍ക്കു നാട്ടിലുണ്ടായിരുന്ന മതിപ്പും ബഹുമാനവും കുറയുന്നു. ദേവീദേവന്മാര്‍ക്കും അവരുടെ സിദ്ധിവിശേഷങ്ങള്‍ക്കും അപചയം സംഭവിക്കുന്നു. ബ്രാഹ്‌മണര്‍ ഗത്യന്തരമില്ലാതെ മഹാരാജാവിനെ സമീപിച്ചു:
''അല്ലയോ മഹാരാജന്‍, നീലകണ്ഠനെ ഈ വിധം തുടരാനനുവദിക്കരുത്. അവന്‍ നമ്മുടെ ആളുകളെയാകമാനം ആ നീചമതത്തില്‍ ചേര്‍ക്കുകയാണ്. നമ്മെയും നമ്മുടെ മതത്തെയും അപമാനിക്കുന്നു. അതിന് ക്രിസ്ത്യാനികളില്‍നിന്ന് എല്ലാ സഹായങ്ങളും അവനു കിട്ടുന്നുണ്ട്.''
ബ്രാഹ്‌മണര്‍ പറഞ്ഞത് രാജാവിനു തീര്‍ത്തും ബോധ്യമായി. ഇനി അവനെ ഭൂമിക്കുമീതെ അനുവദിച്ചുകൂടാ. മഹാരാജാവ് പറഞ്ഞു.
''സംപൂജ്യരായ വൈദികശ്രേഷ്ഠരേ, അവനെ അവിടെനിന്ന് മറ്റെവിടെയെങ്കിലും കൊണ്ടുപോയി ആരുമറിയാതെ കൊന്നു കളയുക. അതിനുള്ള അനുവാദം നാം നിങ്ങള്‍ക്കു കല്പിച്ചു നല്കുന്നു.''
ബ്രാഹ്‌മണര്‍ക്കു സന്തോഷമായി. ''നീലകണ്ഠാ, നിന്റെ അഹങ്കാരം ഞങ്ങള്‍ തീര്‍ത്തു തരുന്നുണ്ട്. നിന്റെ മരണമണി മുഴങ്ങുന്നത് നീ കേള്‍ക്കുന്നുവോ?''
ബ്രാഹ്‌മണര്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ, നീലകണ്ഠനെ എങ്ങനെ കൊല്ലും....? ആരുമറിയാതെ വേണം വധം. അത് മഹാരാജാവിന്റെ കല്പനയാണ്.
അതിനുള്ള ഉപായങ്ങളെക്കുറിച്ചാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് രാജഭടനെത്തുന്നത്. അവന്റെ  കൈയില്‍ മഹാരാജാവിന്റെ കല്പനയുണ്ടായിരുന്നു. രാജമുദ്ര പതിച്ച ഓലക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു:
''നീലകണ്ഠനെ ഇപ്പോള്‍ വധിക്കേണ്ടതില്ല. പീഡനങ്ങള്‍ തുടര്‍ന്നാല്‍ മതിയാകും.''
ബ്രാഹ്‌മണര്‍ ഹതാശരായി. മഹാരാജാവ് തിരുമനസ്സുകൊണ്ട് തങ്ങളെ പരിഹസിക്കുകയാണോ എന്നുപോലും അവര്‍ സംശയിച്ചു. അല്ലെങ്കില്‍പ്പിന്നെ ഇങ്ങനെ സംഭവിക്കുമോ? എത്രാമത്തെ വട്ടമാണ് അവന്‍ മരണത്തില്‍നിന്നു രക്ഷപ്പെടുന്നത്? ഒരുപക്ഷേ, അവന്റെ ദൈവം ശക്തിയുള്ളവനായിരിക്കുമോ? ബ്രാഹ്‌മണര്‍ അങ്ങനെയും സംശയിക്കാതിരുന്നില്ല.
ആയിടയ്ക്ക് അകലെ ദേശത്തുനിന്നു വന്ന ഒരു സന്ന്യാസി  മഹാരാജാവിന്റെ അതിഥിയായി കൊട്ടാരത്തില്‍ താമസിച്ചിരുന്നു. അദ്ദേഹം നീലകണ്ഠന്റെ വൃത്താന്തമറിഞ്ഞ് മഹാരാജാവിനോടു പറഞ്ഞു:
''മഹാരാജന്‍, അങ്ങ് തെറ്റുചെയ്യുകയാണെന്ന്  എനിക്കു തോന്നുന്നു. നിര്‍ദോഷിയായ ഒരു മനുഷ്യനെ മതപരിവര്‍ത്തനം ഹേതുവാക്കി വധിക്കുന്നത് മഹാപാതകംതന്നെ.''
സന്ന്യാസിയുടെ വാക്കുകള്‍ തള്ളാനും കൊള്ളാനുമാകാതെ മഹാരാജാവ് വിഷമിച്ചു. ഒരു കണക്കിന് അദ്ദേഹം പറയുന്നതു വാസ്തവംതന്നെ. പക്ഷേ, നാം വന്ദ്യബ്രാഹ്‌മണര്‍ക്ക് കല്പനകൊടുത്തുപോയി. ഇനി എന്തു ചെയ്യും... അദ്ദേഹം ചോദിച്ചു:
''ബഹുമാന്യനും ജ്ഞാനിയുമായ യോഗിശ്രേഷ്ഠാ, നാമിപ്പോള്‍ എന്തു ചെയ്യണം?''
''ആ മനുഷ്യന് മരണത്തിനുള്ള സമയമായിട്ടില്ലെന്ന് എന്റെ മനസ്സുപറയുന്നു.'' സന്ന്യാസി പറഞ്ഞു.
മഹാരാജാവ് കല്പന പിന്‍വലിച്ചു. അതോടൊപ്പം മുമ്പ് കാവല്‍നിന്നിരുന്ന, അധികാരികളുടെയും ആരാച്ചാരുടെയും സേവകന്മാരെ മാറ്റി ബ്രാഹ്‌മണരെത്തന്നെ കാവലേല്പിച്ചു. ബ്രാഹ്‌മണരും അവരുടെ ആളുകളുമല്ലാതെ മറ്റാരും നീലകണ്ഠന്റെ സമീപത്തു ചെന്നുപോകരുതെന്നും കല്പനയുണ്ടായിരുന്നു.
രാജകല്പനപ്രകാരം ബ്രാഹ്‌മണരും അവരുടെ പിണിയാളുകളുമായി ദേവസഹായത്തിന്റെ കാവല്‍. അവര്‍ സന്ദര്‍ശകരെ ദേവസഹായത്തിന്റെ പക്കലേക്കു വരാന്‍ അനുവദിക്കാതെ ആട്ടിപ്പായിച്ചു.
കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ കൊടുത്തില്ല. കാവല്‍ക്കാരുടെ കണ്ണുമറയുമ്പോള്‍ ആരാച്ചാര്‍ കൊടുത്തിരുന്ന അല്പഭക്ഷണമാണ് ദേവസഹായത്തിന്റെ ജീവന്‍ പിടിച്ചു നിറുത്തിയിരുന്നത്. ബ്രാഹ്‌മണരില്‍നിന്ന് അസഹ്യമായ പീഡനങ്ങളുമുണ്ടായില്ല.
ബ്രാഹ്‌മണന്മാരുടെ കാവല്‍ വലയത്തിനു പുറത്ത് ഒരു കല്ലേറുദൂരത്തിനപ്പുറം ശെല്‍വന്‍ നില്ക്കുന്നത് ദേവസഹായം മിക്കപ്പോഴും കാണാറുണ്ട്. ബ്രാഹ്‌മണര്‍ ശെല്‍വത്തെ ദേവസഹായത്തിന്റെ അടുത്തെത്തുന്നതില്‍നിന്നു വിലക്കിയിരുന്നു. എങ്കിലും ശെല്‍വന്‍ അവിടംവിട്ടു പോയില്ല. ദൂരെ പടര്‍ന്നു നില്ക്കുന്ന വൃക്ഷച്ചുവട്ടില്‍ തന്നെത്തന്നെ നോക്കി നില്ക്കുന്ന ശെല്‍വനെ കാണുമ്പോള്‍ ദേവസഹായത്തിന്റെ മനസ്സുവിങ്ങും. അസഹ്യമായ സങ്കടമുണ്ടാകും. അദ്ദേഹം അവനുവേണ്ടി പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനമാത്രമായിരുന്നല്ലോ എല്ലാ സങ്കടങ്ങള്‍ക്കും നേരേയുള്ള ദേവസഹായത്തിന്റെ ആയുധം.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. കാവല്‍ നിന്നിരുന്ന ബ്രാഹ്‌മണര്‍ക്കു മുഷിഞ്ഞു. ക്രമേണ കാവല്‍ ബ്രാഹ്‌മണരുടെ അനുചരന്മാര്‍ ഏറ്റെടുത്തു. അവരാകട്ടെ ദേവസഹായത്തെ കാരണമില്ലാതെ ഉപദ്രവിക്കാന്‍ തയ്യാറായതുമില്ല. സന്ദര്‍ശകരെ വിലക്കിയില്ല. വരുന്നവരില്‍നിന്ന് ചില്ലറ കൈക്കൂലിയൊക്കെ വാങ്ങി സന്ദര്‍ശനാനുമതിയും കൊടുത്തിരുന്നു. മിതമായിട്ടാണെങ്കിലും ആഹാരം കൊടുക്കുകയും ചിലപ്പോഴെല്ലാം വിലങ്ങുകള്‍ അഴിച്ചുമാറ്റി വിശ്രമിക്കാനവസരവും കൊടുത്തിരുന്നു. ശെല്‍വനാകട്ടെ മിക്കപ്പോഴും ദേവസഹായത്തിനൊപ്പമുണ്ടായിരുന്നുതാനും.
പക്ഷേ, ഇപ്പോഴത്തെ ശാന്തത താത്കാലികമാണെന്ന് ദേവസഹായത്തിനറിയാമായിരുന്നു. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത. കൊടിയ ചുഴലി വരാനിരിക്കുന്നതേയുള്ളൂ.
ദേവസഹായം ശെല്‍വന്‍വഴി ഒരു ഓലക്കുറിമാനം ഫാദര്‍ മധുരേന്ദ്രസ്വാമികള്‍ക്കെത്തിച്ചു. അതില്‍ തനിക്ക് പാപസങ്കീര്‍ത്തനവും ദിവ്യകാരുണ്യസ്വീകരണവും വളരെ ആവശ്യമാണെന്നു കുറിച്ചിരുന്നു.

ഫാദര്‍ മധുരേന്ദ്രര്‍ ആദ്യമൊന്നു ഭയപ്പെടാതിരുന്നില്ല. രാജകല്പനപ്രകാരം തടവുശിക്ഷയനുഭവിക്കുന്ന ആളാണ് ദേവസഹായം. അപ്പോള്‍ അധികാരികളുടെ അനുമതിയില്ലാതെ എങ്ങനെ കുമ്പസാരവും കുര്‍ബാനയും കൊടുക്കും...?
പക്ഷേ, അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതിനാണല്ലോ ഈ ശിക്ഷകളത്രയും. അപ്പോള്‍ അധികാരികളില്‍നിന്ന് അനുവാദം കിട്ടുമെന്നു പ്രതീക്ഷിക്കേണ്ടതുമില്ല.
എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കുമ്പസാരവും കുര്‍ബാനയുമാവശ്യപ്പെട്ടാല്‍ അതു കൊടുക്കാതിരിക്കുന്നത് പൗരോഹിത്യധര്‍മമല്ല. കുമ്പസാരം അനുതാപത്തിന്റെ വഴിയാണ്. കുര്‍ബാന ക്രിസ്തുവിലേക്കുള്ളതും.
ബഹുമാനപ്പെട്ട പരംജ്യോതിനാഥസ്വാമികള്‍ക്കുശേഷം വടക്കുംകുളം ദേവാലയത്തിലേക്കു നിയോഗിക്കപ്പെട്ട വൈദികനാണ് മധുരേന്ദ്രസ്വാമികള്‍. വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും പ്രാര്‍ത്ഥനയും കൈമുതലായ ശ്രേഷ്ഠവൈദികന്‍. 
മധുരേന്ദ്രസ്വാമികള്‍ ദേവസഹായത്തെ കണ്ടിട്ടില്ല. കേട്ടിട്ടേയുള്ളൂ. അത് ഒരു വട്ടമല്ല. പലവട്ടം. അതും അമ്പരപ്പിക്കുന്ന കഥകള്‍. നേരില്‍ കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നുതാനും. അതിനുള്ള അവസരംകൂടിയാണ് സംജാതമായിരിക്കുന്നത്. 
ഒരുപക്ഷേ, ദൈവനിയോഗമായിരിക്കും. വിശുദ്ധനായിത്തീരാനുള്ള പുണ്യാത്മാവാണ് തന്നോട് കുമ്പസാരമാവശ്യപ്പെട്ടിരിക്കുന്നത്. 
മധുരേന്ദ്രസ്വാമികള്‍ തയ്യാറായി. എന്തും സംഭവിക്കട്ടെ. രാജഭേദ്യമോ തടവോ എന്തുമാകട്ടെ. ദേവസഹായത്തിന്റെ അഭീഷ്ടം നിറവേറ്റുകതന്നെ.
ശെല്‍വനോടൊപ്പം അദ്ദേഹം പെരുവിളയ്ക്കു പുറപ്പെട്ടു. അവിടെയെത്തിയപ്പോഴേക്കും ഇരുട്ടുവീണിരുന്നു. ദേവസഹായത്തെ പാര്‍പ്പിച്ചിരുന്ന ഓലപ്പുരയും പരിസരവും ഇരുട്ടിന്റെ കരിമ്പടം പുതച്ചു കിടക്കുന്നു. മുന്നിരുട്ടുള്ള രാത്രിയാണ്. പരിസരം ഒട്ടൊക്കെത്തന്നെ വിജനം. കാവല്‍ക്കാരാരും സമീപത്തില്ല. 
ശെല്‍വന്‍ ആരാച്ചാരുടെ വീട്ടില്‍നിന്നു സംഘടിപ്പിച്ച വിളക്കുവെട്ടത്തില്‍ മധുരേന്ദ്രസ്വാമികള്‍ ദേവസഹായത്തെ കണ്ടു. അദ്ദേഹം ഒന്നുലയാതിരുന്നില്ല. ദേഹമാസകലം വാടിത്തുടങ്ങിയ മുറിവുകളുമായി ഒരാള്‍. കൈകളിലും കാലുകളിലും വിലങ്ങുകള്‍. പക്ഷേ, ആ കണ്ണുകളില്‍ രണ്ടു നക്ഷത്രങ്ങള്‍ ജ്വലിക്കുന്നത് മധുരേന്ദ്രസ്വാമികള്‍ കണ്ടു.
''ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠാ, അങ്ങേക്കു സ്തുതിയായിരിക്കട്ടെ.'' ദേവസഹായം പറഞ്ഞു.
''തിരിച്ചും അങ്ങനെതന്നെയായിരിക്കട്ടെ.'' മധുരേന്ദ്രസ്വാമികള്‍ പ്രതിവചിച്ചു.
ശേഷം മധുരേന്ദ്രസ്വാമികള്‍ ദേവസഹായത്തിനു പാപസങ്കീര്‍ത്തനം നല്കി. ദിവ്യകാരുണ്യം കൊടുത്ത് ആശീര്‍വദിച്ചനുഗ്രഹിച്ചു.

(തുടരും)

Login log record inserted successfully!