ഒരിനം കൊക്കാണ് മുണ്ടി. ഇംഗ്ലീഷില്‍ എഗ്രറ്റ് എന്നു വിളിക്കുന്നു. മുണ്ടികള്‍ പല സ്പീഷിസുകളില്‍ കാണപ്പെടുന്നു. കൊക്കിന്റെ അറ്റംമുതല്‍ വാലറ്റംവരെ ഒരു മീറ്ററോളം നീളമുണ്ടാകും. കായലുകളിലോ ചതുപ്പുസ്ഥലങ്ങളിലോ വെള്ളം കേറിക്കിടക്കുന്ന വയലുകളിലോ ഇവയെ കണ്ടുവരുന്നു. ചിന്നമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി ഇങ്ങനെ മുണ്ടികള്‍ പലതരം. വെള്ളരിക്കൊക്കുകളെന്നോ വെള്ളരിപ്പക്ഷികള്‍ എന്നോ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നു. ദേഹത്തിനു തൂവെള്ളനിറം. കഴുത്തിനും കാലിനും അസാധാരണനീളം. പറക്കുമ്പോള്‍ സാധാരണമായി കഴുത്തു പിന്നോട്ടു വലിച്ചുപിടിക്കുന്നു. വാല്‍ കുറിയതും ചിറകുകള്‍ നീണ്ടതുമാണ്. നിലത്തു നില്ക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിക്കുന്നു. പ്രജനനകാലത്തൊഴികെ കൊക്കിന്റെ നിറം മഞ്ഞയാണ്.
പാടത്തും ജലാശയങ്ങളിലും ധാരാളമായി കണ്ടിരുന്ന കാലിമുണ്ടി എന്നൊരിനം ചെറിയ കൊക്കുകളുണ്ട്. ചെറിയ കൊക്കും കാലുമാണ് ഇതിനുള്ളത്. മിക്കവാറും കന്നുകാലികളുടെ കൂടെയാണ് സഞ്ചാരം. ഇവ സാധാരണമായി നമ്മുടെ നാട്ടില്‍ കൂടുകൂട്ടാറില്ല. എന്നാല്‍, കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന കാലിമുണ്ടികളെ കണ്ടിട്ടുണ്ട്. ഇംഗ്ലീഷില്‍ ഇവയെ 'കാറ്റില്‍ എഗ്രറ്റ്' എന്നു വിളിക്കുന്നു.
ചിന്നമുണ്ടിയോടു സാമ്യമുള്ള പക്ഷിയാണ് ചെറുമുണ്ടി. നിറത്തിലാണ് പ്രകടമായ സാമ്യം. ചിന്നമുണ്ടിയെക്കാള്‍ അല്പം വലുപ്പം കൂടുതലുണ്ടാകും. വെള്ളനിറംതന്നെ. ഇവയുടെ സ്വഭാവവും ചിന്നമുണ്ടിയോടു സാമ്യം. തമ്മില്‍ തിരിച്ചറിയാന്‍ ചെറുമുണ്ടിയുടെ കാലുകളും വിരലുകളും എല്ലാക്കാലത്തും കറുപ്പായിരിക്കും. കൊക്കുകള്‍ മഞ്ഞയും.
കൊക്കുകളുടെ ഗണത്തില്‍പ്പെടുന്ന പക്ഷിയാണു തിരുമുണ്ടി. ഇരുണ്ട ചാരനിറക്കാരാണ്. തിരുമുണ്ടി കേരളത്തില്‍ കൂടു കെട്ടുന്നതായി കാണുന്നില്ല. മറ്റൊരിനം കൊറ്റികളാണ് പാതിരാക്കൊക്ക്. തടിച്ച ചെറിയ കഴുത്താണിതിനുള്ളത്. കണ്ണുകള്‍ക്കു ചുവപ്പുനിറം. കണ്ണിനുമുകളില്‍ പുരികം പോലെ വെളുത്ത വര കാണാം. കാലുകള്‍ക്ക് ഇളം പച്ചനിറമാണ്. രാത്രിസഞ്ചാരികളായതിനിലാണ് ഇവയ്ക്ക് പാതിരാക്കൊക്ക് എന്നു വിളിപ്പേരു കിട്ടിയത്. കടുത്ത വെയിലുള്ളപ്പോള്‍ പുറത്തിറങ്ങാറില്ല.
പെരുമുണ്ടി ഏറ്റവും വലിപ്പമുള്ള ഇനമാണ്. ഏതാണ്ട് വലിയ കൊക്കിന്റെ അത്രയും വരും. ചെറിയ മുണ്ടികളില്‍ വലിയ ഇനം വെള്ളരിക്കൊക്ക്. കേരളത്തില്‍ ഈ പക്ഷി വിരളമാണ്. കൊക്കിന്റെ തുടക്കത്തില്‍നിന്നും ഒരു കറുത്ത വര കണ്ണിനു പിന്നിലേക്കു പോകുന്നതു കാണാം. ഇതു ചെറുമുണ്ടിയെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു. കഴുത്തിനു നല്ല നീളമുണ്ടായിരിക്കും. മിക്കവാറും ഒറ്റയ്ക്കാണ് ഇരതേടല്‍. കൂടൊരുക്കല്‍കാലത്താണ് ഇണകളെ ഒന്നിച്ചുകാണുക.