കുഞ്ഞച്ചന് അവരെ കൈമാടി വിളിച്ചു. ആദ്യമൊന്നറച്ചു അവര്‍. പിന്നെ അടുത്തേക്കു വന്ന് കുഞ്ഞച്ചനില്‍നിന്ന് അല്പദൂരത്തായി നിന്നു. കുഞ്ഞച്ചന്റെ വൈദികവേഷത്തിലായിരുന്നു അവരുടെ കണ്ണ്. ഇങ്ങനെയൊരു വേഷത്തില്‍ ഒരാളെ കാണുന്നത് അവരാദ്യമായിട്ടായിരിക്കും. അതിന്റെയൊരമ്പരപ്പ് അവരുടെ കണ്ണുകളില്‍ തിരയടിക്കുന്നുണ്ട്.
''പേടിക്കണ്ട. ഇങ്ങടുത്തു വാ.'' ഉപദേശി പറഞ്ഞു. കുട്ടികള്‍ കുറെക്കൂടി അടുത്തുവന്നു.
''എവിടെയാ നിങ്ങളുടെയൊക്കെ വീട്...?'' കുഞ്ഞച്ചന്‍ ചോദിച്ചു. കുട്ടികള്‍ ഓരോരുത്തരും ഓരോരോ ദിക്കിലേക്കു വിരല്‍ ചൂണ്ടി. പാടത്തിനിരുപുറവുമുള്ള തമ്പ്രാക്കളുടെ തൊടിയിലെവിടെയൊക്കെയോ ആകാം ഇവരുടെ കൂരകള്‍. അവിടെയൊക്കെ കയറിച്ചെല്ലണമെന്നു കുഞ്ഞച്ചന് ആഗ്രഹമുണ്ട്. ഇവരുടെയൊക്കെ മാതാപിതാക്കളെ കാണണം സംസാരിക്കണം. കഴിയുമെങ്കില്‍ സ്‌നാനപ്പെടുത്തി സത്യവേദത്തിലേക്കു കൂട്ടണം.
പക്ഷേ, ഇപ്പോള്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സമയമില്ല. രാമപുരത്തേക്കുള്ള നടത്തം ഇനിയുമേറെയുണ്ട്. തന്നോടൊപ്പം ഉപദേശിയെക്കൂടാതെ നാലഞ്ച് ആളുകളുണ്ട്. രാമപുരത്തെത്തിയിട്ട് അവര്‍ക്ക് അന്തിക്കുമുമ്പേ കൂരകളില്‍ തിരിച്ചെത്തേണ്ടതുണ്ട്. അത്താഴത്തിനുള്ള അടുപ്പ് കത്തിക്കേണ്ടതുണ്ട്.
''നിങ്ങള് പള്ളിക്കൂടത്തില്‍ പോകുന്നുണേ്ടാ? കുഞ്ഞച്ചന്‍ ചോദിച്ചു.
കുട്ടികള്‍ പരസ്പരം നോക്കി. പിന്നെ കുഞ്ഞച്ചന്റെ നേരേ തോളുയര്‍ത്തി ഇല്ലെന്നു പറഞ്ഞു. പള്ളിക്കൂടവും പാഠപുസ്തകങ്ങളും അവരെ സംബന്ധിച്ചിടത്തോളം അന്യവും വിദൂരവുമായ ഒന്നായിരുന്നു. ഉറക്കത്തില്‍പ്പോലും അങ്ങനെയൊരു സ്വപ്നം അവര്‍ കണ്ടിരുന്നില്ല. അവരുടെ ബാല്യങ്ങളില്‍ തണല്‍വൃക്ഷങ്ങളുണ്ടായിരുന്നില്ല.
വയലിറമ്പിലെ തോട്ടില്‍നിന്നു ചൂണ്ടയിട്ടു പിടിച്ച വട്ടോനെയും വേനല്‍പ്പൊന്തകളുടെ മറവിലിരുന്ന് കെണിവച്ചു പിടിച്ച കരിയിലംകിളികളെയും പാതിചുട്ട് ഉപ്പും മുളകുമില്ലാതെ തിന്നു. തമ്പ്രാത്തൊടിയിലെ ചക്കയും മാങ്ങയും വാട്ടക്കരിക്കും പിളര്‍ന്ന് രുചിയറിയാതെ അവര്‍ ഭക്ഷിച്ചു. 'പൂഴിയില്‍നിന്നുരുവായവന്‍' എന്ന വേദവാക്യം അന്വര്‍ത്ഥമാകുമാറ് അവര്‍ പൂഴിയില്‍ ത്തന്നെ വീണുറങ്ങി.
പുലരിയില്‍ അവര്‍ക്കും എത്രയോ മുന്‍പ് സൂര്യനുണര്‍ന്നു യാത്ര തുടങ്ങിയിരിക്കും. പുലര്‍കാലനിദ്രയിലെ അരൂപവും പീഡിതവുമായ സ്വപ്നങ്ങളില്‍നിന്നു തിടംവച്ച പകലിലേക്ക് അവരെ വിളിച്ചുണര്‍ത്തുന്നത് വിശപ്പിന്റെ കരങ്ങളായിരിക്കും.
നരവീണ ജീവിതത്തിലേക്കു കണ്ണും മിഴിച്ച്, കുറേ നേരംകൂടി അലസമായി കിടന്ന്, മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന പൂര്‍വ്വാഹ്നവെയിലിലേക്കിറങ്ങി, വെയില്‍ക്കളങ്ങളില്‍ കുന്തിച്ചിരുന്ന്, തണുപ്പും ക്ഷീണവുമകറ്റി, ചോലമണക്കുന്ന വെള്ളംമോന്തി വിശപ്പാറ്റി അവര്‍ വീണ്ടും നടന്നിറങ്ങും. വട്ടോന്‍ പായുന്ന തോട്ടിലേക്കും കാവികള്‍ ചിലയ്ക്കുന്ന പൊന്തത്തണലുകളിലേക്കും, ജന്മിത്തൊടിയുടെ വിസ്തൃതിയിലേക്കും. അതിനപ്പുറത്തേക്ക് അവര്‍ക്കു ജീവിതമില്ല. കൊയ്‌തൊഴിഞ്ഞ പാടത്തിനപ്പുറത്തേക്കും ജന്മിത്തൊടിയുടെ വിസ്തൃതിക്കപ്പുറത്തേക്കും അവര്‍ക്കൊരു ലോകമില്ല. വെയില്‍ വാടിത്തുടങ്ങിയിരിക്കുന്നു. ദൂരെ ഒരു പച്ചക്കുട നിവര്‍ത്തിയതുപോലെ ഒരു കരിമ്പന നില്പുണ്ട്. അത് കാറ്റില്‍ തലയാട്ടുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ വയല്‍ക്കിളികള്‍ താഴ്ന്നു പറക്കുന്നു. അവ കാലാ പെറുക്കുകയാകാം.
''ഞാനൊരു ദിവസം വരാം. നിങ്ങളെ സ്‌കൂളില്‍ ചേര്‍ക്കാന്‍.'' കുഞ്ഞച്ചന്‍ പറഞ്ഞു. പിന്നെ നടക്കാന്‍ തുടങ്ങി. അജഗണങ്ങള്‍ പിന്നാലെയും.
കുട്ടികള്‍ ഒന്നും മനസ്സിലാകാതെ മിഴിച്ചങ്ങനെ നിന്നു.
പിന്നീടുള്ള കുറച്ചുനേരം മൗനത്തിന്റേതായിരുന്നു. മൗനം തിരയടങ്ങിയ കടല്‍പോലെയായിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ കുഞ്ഞച്ചന്‍തന്നെ മൗനത്തിന്റെ വേലിപൊളിച്ചു.
''ഉപദേശീ...''
''എന്തോ...''
''കന്നുകുട്ടികള്‍ക്കൊപ്പം കളിച്ചുനടക്കേണ്ടവരാണോ ഈ കുട്ടികള്‍...?''
''അങ്ങനെ ചോദിച്ചാ ഞാനെന്നാ പറയാനാ കുഞ്ഞച്ചാ...''
''എന്നെയും തന്നെയുംപോലെ അവരും ദൈവത്തിന്റെ സൃഷ്ടികളല്ലേ...''
''അതെ. അത് നിശ്ചയാ.''
''അപ്പോ പഴേനിലത്തിലെ യോഹന്നാന്റെ മക്കളും കരുവാത്തൊടിയിലെ കോരന്റെ മക്കളും ഒരുപോലെയല്ലേ...''
''അതെ. അതും നിശ്ചയാ.''
''പക്ഷേ, എന്തുകൊണ്ടാ കോരന്റെ മക്കളുമാത്രം ഇങ്ങനെ. ഉടുതുണിക്കു മറുതുണിയില്ലാതെ...''
''അത് ദൈവനിശ്ചയമായിരിക്കും കുഞ്ഞച്ചാ...''
''ലോകത്തിലുള്ള എല്ലാ മനുഷ്യരും മണ്ണില്‍നിന്നുരുവാക്കപ്പെട്ട ആദത്തിന്റെയും അവന്റെ വാരിയെല്ലില്‍നിന്നു സൃഷ്ടിക്കപ്പെട്ട ഹവ്വയുടെയും മക്കളല്ലേ...''
''അതെ. അതും നിശ്ചയാ.''
''പിന്നെ ആരാ ഉപദേശീ യോഹന്നാനും കോരനുമിടയില്‍ ഈ മതില്‍ പണിതത്?''
താറാവ് കരയുന്ന ശബ്ദമായിരുന്നു കുഞ്ഞച്ചന്റേത്. അതേ ശബ്ദമായിരുന്നു മുളങ്കാടുകളില്‍ കാറ്റൂതിയപ്പോഴും.
ഉപദേശിയുടെ ചിന്താശക്തിയുടെ അതിരുകളില്‍ മുളങ്കാടുകള്‍ ചീറി. കള്ളിമുള്‍ച്ചെടികള്‍ ഉലഞ്ഞു. ആകാശത്തുനിന്നു പറന്നിറങ്ങുന്ന ചിത്രവര്‍ണപതംഗങ്ങളൊന്നും അയാളിലേക്കെത്തുന്നില്ല. ഉപദേശി തല കുടഞ്ഞു. മറ്റൊരു വേനലായിരുന്നു ഉപദേശിയിലപ്പോള്‍.
ഉപദേശിക്കു ഭക്തിയോടെ കുര്‍ബാനയില്‍ പങ്കുകൊള്ളാനറിയാം. മുപ്പത്തിമൂന്നുകൂട്ടം നമസ്‌കാരങ്ങളും അനുബന്ധപ്രാര്‍ത്ഥനകളും അറിയാം. കുട്ടികളെ നിലത്തെഴുത്തു പഠിപ്പിക്കാനറിയാം. നൂറുവരെ എണ്ണാനറിയാം. വര്‍ത്തമാനപ്പത്രവും മാസവണക്കങ്ങളും വായിക്കാനറിയാം. നാലോ അഞ്ചോ അതിലേറെയോ ഈശോപ്പാട്ടുകളും അറിയാം. ചെറിയ സംഖ്യകളുടെ സങ്കലനങ്ങളും വ്യവകലനങ്ങളുമറിയാം.
അതിനുമപ്പുറം തനിക്കെന്തറിയാം. എന്തൊക്കെയോ ഇത്തിരി അറിയാവുന്ന, എന്നാലൊന്നുമറിയാത്ത ഒരു വലിയ വട്ടപ്പൂജ്യമാണ് താന്‍. ഉപദേശി എന്ന പേരുപോലും തന്നെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണെന്നു തോന്നി അയാള്‍ക്ക്. ഉപദേശി പറഞ്ഞു:
''കുഞ്ഞച്ചാ എനിക്കിനിയും പഠിക്കണം.''
കുഞ്ഞച്ചന്‍ കണ്ണുകള്‍ വിടര്‍ത്തി അദ്ഭുതത്തോടെ ഉപദേശിയെ നോക്കി. അയാളുടെ കണ്ണുകളില്‍ ഒരു ദാഹം കത്തുന്നത് കുഞ്ഞച്ചന്‍ കണ്ടു. രണ്ടു തീനാളങ്ങള്‍. ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അഭിലഷിക്കുന്ന ഒരുവന്റെ കണ്ണുകളിലുദിക്കുന്ന അരുണസൂര്യന്റെ മയൂഖദീപ്തികള്‍.
''എന്നേക്കാള്‍ ശ്രേഷ്ഠനാണ് ഉപദേശി.'' കുഞ്ഞച്ചന്‍ പറഞ്ഞു.
''എന്നതാ കുഞ്ഞച്ചന്‍ ഈപ്പറേണേ...''
''തെറ്റൊന്നുമല്ല. ഉപദേശിക്കിനിയും പഠിക്കാം. ദൈവം അതിനനുവദിക്കും. പക്ഷേ, എന്റെ പഠനത്തിന്റെ കാലദൈര്‍ഘ്യം ദൈവം വെട്ടിക്കുറച്ചു. ഇനി പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഈ വാടകവീടുപേക്ഷിച്ച് പറുദീസയിലേക്കു പോകുംമുമ്പ് ചെയ്തുതീര്‍ക്കാനുള്ള ഒരുപാടു കാര്യങ്ങളുണ്ട്.''
ഉപദേശി പിന്നെ ഒന്നും സംസാരിച്ചില്ല. ഒപ്പമാണു നടക്കുന്നതെങ്കിലും കുഞ്ഞച്ചന്‍ ഏതോ പര്‍വ്വതങ്ങള്‍ക്കു മുകളിലാണെന്ന് അയാള്‍ക്കു തോന്നി. ഒരുപോലെയാണ് കാണുന്നതെങ്കിലും കുഞ്ഞച്ചന്റെ കാഴ്ചവട്ടത്തില്‍ പതിയുന്നത് കാണാമറയത്തുള്ളതെന്തൊക്കെയോ ആണ്.
വെയില്‍ വീണ്ടും മങ്ങി. നിറംമങ്ങിയ മേഘങ്ങളുടെ നിഴല്‍ഭൂമിയില്‍ വീണു. ക്ഷണനേരം. പിന്നെയും വെയില്‍ വന്നു. പാടത്തിനു മുകളിലൂടെ വെയില്‍ത്തുമ്പികള്‍ നിരന്നു പറക്കുകയാണ്.
അതു കണ്ടാറെ കുഞ്ഞച്ചനില്‍ ആഹ്ലാദം നിറഞ്ഞു. അത്തരം കാഴ്ചകളൊക്കെ തനിക്കു പ്രിയങ്കരങ്ങളാണ്. പൂക്കളും പൂമ്പാറ്റകളും തുമ്പിയും അണ്ണാറക്കണ്ണനുമൊക്കെ കുഞ്ഞച്ചനെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകും...
വേനല്‍വടുക്കള്‍ വീണ പാടത്തിനു നടുവിലൂടെയുള്ള വഴി അവസാനിക്കുന്നു. ഇനി ഏതു വഴിക്കാണു നീങ്ങുക....?
''പത്രോസേ, ഇനി ഏതാ രാമപുരത്തേക്കു കുറുക്കുവഴി...?''
''ഏനറിയാവേ...''
''എന്നാ മുന്‍പില് നടക്ക്... നേരം വൈകീട്ടോ...''
പാടത്തിന്റെ അതിരില്‍നിന്നു തോടിനു കുറുകെയുള്ള തടിപ്പാലം കശുമാവിന്‍തൊടിയിലേക്കായിരുന്നു. പത്രോസ് ഒറ്റത്തടിപ്പാലത്തിലേക്കു കാലെടുത്തു വച്ചതും നടുങ്ങിപ്പോയി. ഒരു നിമിഷം പത്രോസിന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. ഭയം ഒരു കടല്‍പ്പെരുപ്പംപോലെ വന്ന് അയാളെ മൂടി. മുന്നോട്ടു വച്ച കാല് അയാള്‍ പിന്നോട്ടെടുത്തു.
തടിപ്പാലത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഒരാള്‍. പത്തെഴുപതിനോടടുത്ത ദീര്‍ഘകായനായ ഒരാള്‍. തലയില്‍ മുക്കാല്‍ ഭാഗവും കഷണ്ടി കയറിയിരുന്നു. ബാക്കി പിന്നോട്ടു നീണ്ടിറങ്ങി, ചെമ്പിച്ച്, ജടകെട്ടിത്തുടങ്ങിയതുമായ മുടി അയാളുടെ ചുമലോളമെത്തിയിരുന്നു. ഇടതുതോളില്‍ ഒരു മാറാപ്പിനൊപ്പം കാട്ടുവള്ളികള്‍കൊണ്ട് കാലുകള്‍ ബന്ധിച്ച, തലയില്ലാത്ത ഒരു പൂവന്‍കോഴിയുമുണ്ടായിരുന്നു. ഇടതുകൈയില്‍ ഒരു മണിയും വലതുകൈയില്‍ ഒരു വടിയും പിടിച്ചിരുന്നു. ആകെക്കൂടി പേടിപ്പെടുത്തുന്ന ഒരു രൂപം.
തടിപ്പാലത്തിനപ്പുറവും ഇപ്പുറവുമായി ഇരുകൂട്ടരും നിന്നു. അയാളുടെ ചുവന്ന കണ്ണുകള്‍ കൗശലം മുറ്റിയ ഒരു ചെന്നായയുടേതുപോലുണ്ടായിരുന്നു. അത് കുഞ്ഞച്ചനിലേക്കും മറ്റുള്ളവരിലേക്കും മാറിമാറി വീണു. പിന്നെ കുഞ്ഞച്ചനില്‍ മാത്രമായി തറഞ്ഞുനിന്നു. ദഹിപ്പിക്കുന്ന ഒരു നോട്ടം.
അയാള്‍ക്കു പിന്നില്‍ ചില്ലകള്‍ വിരിച്ചുനില്ക്കുന്ന ചോരച്ചെമ്പകം വാടിയ പൂക്കള്‍ കൊഴിക്കുന്നു. പിടഞ്ഞോടി വരുന്ന കാറ്റില്‍ വേനലിന്റെ ഗന്ധമുണ്ടായിരുന്നു.
തെല്ല് ഭയന്നിട്ടെന്നവണ്ണം കുഞ്ഞച്ചന്റെ പിന്നിലേക്ക് ഒതുങ്ങിനില്ക്കുന്നവരോട് കുഞ്ഞച്ചന്‍ ചോദിച്ചു:
''ആരാടോ ഇയാള്...''
''ഇത് മാരിയാ. മന്ത്രവാദി മാരിയപ്പന്‍.'' കുഞ്ഞച്ചനു പിന്നില്‍ നിന്ന പത്രോസ് ശബ്ദം താഴ്ത്തിപ്പറഞ്ഞു. അയാളുടെ ശബ്ദത്തില്‍ ഒരു വിറയലുണ്ടായിരുന്നു.
തന്റെ മുന്‍പില്‍ മാരിയാണ്. മഹാമന്ത്രവാദി മാരി. ഏതു കിരാതമൂര്‍ത്തിയെയും ബന്ധിക്കുന്ന, ഏതു മഹാരോഗവും പൊറുപ്പിക്കുന്ന ക്ഷുദ്രപ്രയോഗങ്ങളുടെ മഹാമൂപ്പന്‍.
ഒറ്റത്തടിപ്പാലത്തിനപ്പുറവും ഇപ്പുറവുമായി ഇരുകൂട്ടരും മുഖാമുഖം നിന്നു. കുഞ്ഞച്ചന്റെ കണ്ണുകളിലും മുഖത്തും കുഞ്ഞച്ചനറിയാതെതന്നെ ഒരു മന്ദഹാസം പൂത്തു. അതു കണ്ടിട്ടാകണം മാരിയുടെ കണ്ണുകളിലും വീതിയേറിയ നെറ്റിത്തടത്തിലെ ചുളിവുകളിലും ഒരു ക്രുദ്ധഭാവം കാണായി.
ഒരുപക്ഷേ, പത്രോസിന്റെ മാടത്തിനു മുന്‍പിലെ ദൈവക്കല്ല് പിഴുതെടുത്തത് ഇയാള്‍ അറിഞ്ഞിട്ടുണ്ടാകുമോ?
തെറുതിയുടെ കൈത്തണ്ടയില്‍ മാരി ജപിച്ചുകെട്ടിയ മന്ത്രച്ചരടെടുത്ത് അടുപ്പിലിട്ടതും അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഇയാളില്‍നിന്നുണ്ടാകാനും മതി.
അങ്ങനെയൊക്കെ ചിന്തിച്ചപ്പോള്‍ ആഗതമാകുന്ന നിമിഷങ്ങളെപ്രതി കുഞ്ഞച്ചന്‍ ഒരു നിമിഷം ആശങ്കപ്പെട്ടു. പിന്നെ ഇങ്ങനെ സമാധാനംകൊണ്ടു:
ഇത്രവേഗത്തില്‍ അതൊന്നും ഇയാളുടെ കാതുകളിലെത്താന്‍ സാദ്ധ്യതയില്ലല്ലോ. ഏറിയാല്‍ രണേ്ടാ മൂന്നോ നാഴിക നേരത്തിനപ്പുറം നടന്ന കാര്യങ്ങള്‍ എതിര്‍ദിശയില്‍നിന്നു വരുന്ന മാരി എങ്ങനെ അറിയാന്‍? അഥവാ അറിഞ്ഞെങ്കില്‍ത്തന്നെ എന്താവാനാണ്? താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ പിതാവായ യേശുനാഥന്റെ വഴിയേ മാത്രമാണല്ലോ താന്‍ സഞ്ചരിക്കുന്നത്.
കര്‍ത്താവ് പാറയാകുന്നു. അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണ് ദൈവം. അവിടുന്ന് നീതിമാനും സത്യസന്ധനുമാണ്.
ഇവിടെ സംഭവിച്ചതും അതാണ്. വിശ്വാസപൂര്‍ണവും നീതിയുക്തവുമായ കാര്യങ്ങളേ കുഞ്ഞച്ചനും ചെയ്തിട്ടുള്ളൂ. പരമകാരുണ്യവാനായ ദൈവത്തിനു നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. അന്ധവിശ്വാസങ്ങളില്‍നിന്ന് ഈ സാധുക്കള്‍ക്കൊരു മോചനം. അനാചാരങ്ങളില്‍നിന്നൊരു വിടുതല്‍.
ആലോചനയില്ലാത്തൊരു ജനതയാണ് ദളിതര്‍. വിവേകവും അവര്‍ക്കില്ല. ജ്ഞാനികളായിരുന്നെങ്കില്‍ അവര്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കുമായിരുന്നു. തങ്ങളുടെ ജീവിതത്തെയും അന്ത്യകാലത്തെയും കുറിച്ചു ചിന്തിക്കുമായിരുന്നു.
അവരുടെ ഭൂതകാലങ്ങളില്‍ മുഴുവന്‍ അന്ധകാരമായിരുന്നു. വര്‍ത്തമാനവും ഭിന്നമായിരുന്നില്ല. ഭാവികാലങ്ങളിലെങ്കിലും അവര്‍ വിശുദ്ധപര്‍വ്വതങ്ങള്‍ കാണട്ടെ. വിശുദ്ധനഗരികളില്‍ പ്രവേശിക്കട്ടെ.
മാരിയുടെ കൈയിലിരുന്ന മന്ത്രമണി അറിഞ്ഞോ അറിയാതെയോ ശബ്ദിച്ചു. അതൊരു ശവമണിക്കിലുക്കം പോലെ തോന്നിച്ചു. മുറുക്കാന്‍ നിറഞ്ഞ അയാളുടെ വായില്‍നിന്ന് തുപ്പല്‍ ചോരപോലെ ചിറിയിലൂടെ ഒഴുകി. അയാള്‍ നീട്ടിത്തുപ്പി.
മാരിയുടെ പക്കല്‍ കിരാതമൂര്‍ത്തികളുടെ സേവാമന്ത്രങ്ങള്‍. അവന്‍ കല്ലുകളെയും ബിംബങ്ങളെയും കുമ്പിടുന്നു. കോഴിച്ചോരയും മഞ്ഞള്‍നീരും ചെത്തിപ്പൂവുംകൊണ്ട് കാല്പനിക ദൈവങ്ങള്‍ക്ക് അഭിഷേകം നടത്തുന്നു. അജ്ഞതയുടെ അന്ധകാരം ഒരു ഉടല്‍ച്ചട്ടപോലെ അവനെ പൊതിഞ്ഞിരിക്കുന്നു.
കുഞ്ഞച്ചന്റെ കാലുകള്‍ക്ക് ദീപംപോലെ കര്‍ത്താവിന്റെ വചനങ്ങളും സീയോന്‍ പര്‍വ്വതംപോലെ അടിയുറച്ച വിശ്വാസവും മാത്രമാണുണ്ടായിരുന്നത്. കര്‍ത്താവ് ശിലപോലെ ഉറപ്പുള്ള സങ്കേതമാണ്. അവനോടുള്ള പ്രാര്‍ത്ഥന ശിലാലിഖിതങ്ങള്‍പോലെ സ്വര്‍ഗ്ഗത്തില്‍ കോറപ്പെടുന്നു.
എത്രതരം ദൈവങ്ങളെയാണ് ഇവറ്റകള്‍ ആരാധിക്കുന്നത്. എന്തെല്ലാം ദുരാചാരങ്ങളാണ് ഇവര്‍ പുലര്‍ത്തിപ്പോരുന്നത്. എത്രമാത്രം അഴുകിയ വിശ്വാസങ്ങളാണ് ഇവരെ ഭരിക്കുന്നത്... ഹീനകര്‍മ്മങ്ങളുടെ ഒരു ചാവുകടല്‍ ഇവര്‍ക്കുമേല്‍ തിരയിളക്കുന്നു. അതില്‍ കൈകാലുകളിട്ടടിക്കുകയാണിവര്‍.
കാരണമേതുമില്ലാതെ ഇരു കൂട്ടരും പാലത്തിനപ്പുറവും ഇപ്പുറവുമായി നില്ക്കുവാന്‍ തുടങ്ങിയിട്ടു നേരമേറെയായി. മാരി ഇങ്ങോട്ടില്ലെങ്കില്‍ ഞങ്ങളങ്ങോട്ട് എന്ന് കുഞ്ഞച്ചന്‍ തീരുമാനിച്ചു.
താപമൊഴിഞ്ഞുതുടങ്ങിയ ഒരു കാറ്റ് വടവൃക്ഷങ്ങള്‍ക്കിടയിലൂടെ ഒളിച്ചുകളിച്ചുവന്നു. മാരിക്കുമേല്‍ ചോരച്ചെമ്പകം വീണ്ടും പൂവെറിഞ്ഞു. കാറ്റും ചെമ്പകവും മാരിക്കു മേല്‍ മന്ത്രം ജപിക്കുകയാണെന്നു കുഞ്ഞച്ചനു തോന്നി.
കുഞ്ഞച്ചന്‍ കുട ചുരുക്കി. പാലത്തിലേക്കു കാലുവച്ചു. അക്കരെ മാരിയപ്പന്‍ ഒരു ചുവട് പിന്നാക്കം മാറി. കുഞ്ഞച്ചന്‍ വീഴാതെ തെന്നാതെ ഒരു സര്‍ക്കസ് കോമാളിയെപ്പോലെ അപ്പുറം കടന്നു. മാരി ചെമ്പകച്ചുവട്ടിലേക്ക് മാറി ഒതുങ്ങിനിന്നു. അപ്പോഴും അയാളുടെ കണ്ണുകള്‍ കുഞ്ഞച്ചനില്‍ത്തന്നെ തറഞ്ഞു നില്ക്കുകയായിരുന്നു. കുഞ്ഞച്ചന്‍ ചോദിച്ചു:
''മാരിയപ്പനല്ലേ...''
അതു ചോദിക്കുമ്പോള്‍ കുഞ്ഞച്ചന്റെ മുഖത്തും ശബ്ദത്തിലും ഒരു സൗഹൃദത്തിന്റെ പുലരിപ്രകാശമുണ്ടായിരുന്നു. പക്ഷേ, മാരിയപ്പനില്‍നിന്ന് ഒരു മറുചോദ്യമാണുണ്ടായത്.
''നീങ്കളാണോ പെലേരടച്ചന്‍...''
അനിഷ്ടം തിളയ്ക്കുന്ന അയാളുടെ ശബ്ദം ഒരു മലമുഴക്കിപ്പക്ഷിയുടേതുപോലുണ്ടായിരുന്നു. അയാള്‍ കുഞ്ഞച്ചന്റെ മുഖത്തേക്കെന്നവണ്ണം നീട്ടിത്തുപ്പി.
ഗുരുതിച്ചോരപോലെ മുറുക്കാന്‍ തുപ്പല്‍. അയാള്‍ ചര്‍വ്വണം തുടര്‍ന്നുകൊണേ്ടയിരുന്നു.
''ചെലരൊക്കെ അങ്ങനേം വിളിക്കണൊണ്ട് മാരീ...'' കുഞ്ഞച്ചന്റെ മറുപടി സൗമ്യമായിരുന്നു. ഒരു സുഹൃത്തിനോടെന്നവണ്ണമുള്ള മറുപടി. മാരിയപ്പന്‍ അതു പ്രതീക്ഷിച്ചിരുന്നതല്ല. അയാളുടെ ഉള്ളൊന്നു കാളി. അയാള്‍ മനസ്സിന്റെ ഒരു നിമിഷത്തേക്കുള്ള പിടച്ചില്‍ അടക്കി വര്‍ദ്ധിത ഭാവത്തില്‍ രോഷം പ്രകടിപ്പിച്ചു ചോദിച്ചു:
''നീങ്കളാണോ ഏങ്കടെ ആളുകളെ വേദത്തില്‍ ചേര്‍ക്കണേ...''
''ഞാന്‍ ചേര്‍ക്കുന്നതല്ല മാരീ അവര് സ്വമനസ്സാ ചേരുന്നതല്ലേ...''
ആ മറുപടി മാരിക്കത്ര പിടിച്ചില്ല. തന്റെ മുന്‍പില്‍ നില്ക്കുന്ന ഇത്തിരിപ്പോന്ന ഈ മനുഷ്യന്‍ അത്ര നിസ്സാരനല്ലെന്നു മാരിക്കു തോന്നി. തന്നിലുള്ളതിനേക്കാള്‍ എന്തോ ഒന്ന് ഈ മനുഷ്യനിലുണ്ട്.
ഒരുപക്ഷേ, മന്ത്രതന്ത്രങ്ങളൊക്കെ ഈ കത്തനാര്‍ക്കും അറിയാമായിരിക്കും. വേദത്തിനൊപ്പം അതും ഇവരെ പഠിപ്പിക്കുന്നുണ്ട്. കടമറ്റത്തു കത്തനാരുടെ പുരാവൃത്തങ്ങളൊക്കെ മാരിയപ്പന്‍ വാമൊഴിയായി കേട്ടിട്ടുണ്ട്.
നേരിയൊരു ഭയത്തിന്റെ മിന്നല്‍പ്പിണരുകള്‍ മാരിയപ്പനില്‍ ഉണര്‍ന്നുപൊലിഞ്ഞു. കാരണമേതുമില്ലാതെ തന്റെ കാലടികള്‍ ഇടറുന്നു എന്നു മാരിയപ്പനു തോന്നി. വരണ്ടുപോയ തൊണ്ടയിലൂടെ അയാള്‍ മുറുക്കാന്‍ തുപ്പല്‍ വിഴുങ്ങി.
പക്ഷേ, തോറ്റുകൊടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. താനൊരു മന്ത്രവാദിയാണ്. വിളിച്ചാല്‍ വിളിപ്പുറത്തണയുന്ന മൂര്‍ത്തികളെയാണ് താന്‍ സേവിക്കുന്നത്. അതൊന്ന് അറിയിച്ചുകൊടുക്കണം ഈ കത്തനാരെ.
''കാളീ... മഹാകാളീ...''
അയാള്‍ ഉറഞ്ഞു. കൈമണി കിലുക്കി. മാരിയപ്പന്റെ കാലുകള്‍ ഭൂമിയില്‍നിന്നു പറിഞ്ഞു താണു. അയാളുടെ മുഖം വലിഞ്ഞു മുറുകി. വായില്‍നിന്നും കണ്ണുകളില്‍നിന്നും ചോപ്പ് ചീറി.
അയാള്‍ തുള്ളിക്കൊണ്ട് അലറി:
''പരൂഷിക്ക്വാണോ...?''
ഒരു പിശാചുബാധിതനെപ്പോലെയായിരുന്നു മാരി. കലി ബാധിച്ച മാരി പേടിപ്പെടുത്തുന്ന ശബ്ദത്തില്‍ വീണ്ടും അലറി.
''ന്താ പരൂക്ഷ്വിക്ക്വാണോന്ന്...?''
ഒരു സായാഹ്നവാതം പിടഞ്ഞോടി.
(തുടരും)