ബ്രാഹ്‌മണര്‍ വീണ്ടും ദേവസഹായത്തിനു മുമ്പില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. അധികാരപ്രമത്തതയും അഹങ്കാരവും മടിശ്ശീലയില്‍ സൂക്ഷിച്ചിരുന്ന ബ്രാഹ്‌മണവര്‍ഗത്തിനു ചെറിയ തോല്‍വികള്‍പോലും അഭിലഷണീയങ്ങളായിരുന്നില്ല.
ആഢ്യജന്മങ്ങളെന്നും ബ്രഹ്‌മജ്ഞാനികളെന്നും അഹങ്കരിച്ചു പോന്നിരുന്ന വരേണ്യവര്‍ഗത്തിന് ആജ്ഞാപിച്ചും ശിക്ഷിച്ചും മാത്രമേ ശീലമുണ്ടായിരുന്നുള്ളൂ. ദേവീദേവന്മാരുടെയും മതവിചാരാചാരങ്ങളുടെയും മൂലസ്ഥാനം തങ്ങളിലാണു കേന്ദ്രീകൃതമായിരിക്കുന്നതെന്നു വൃഥാ വിശ്വസിച്ചിരുന്ന അവര്‍ക്ക് നീലകണ്ഠനെന്ന കാരാഗൃഹവാസിയുടെ മുമ്പില്‍ പരാജിതരായി നില്‌ക്കേണ്ടിവരുന്നതില്‍ അതിയായ അഭിമാനക്ഷതമുണ്ടായി. ജയിക്കാന്‍ ഒരേയൊരു മാര്‍ഗം മാത്രം, നീലകണ്ഠനെ എങ്ങനെയും തീര്‍ത്തുകളയുക.
ദേവസഹായമാകട്ടെ, മരണത്തെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. അതു ക്രിസ്തുവിനുവേണ്ടിയാകുമ്പോള്‍ എത്രയും വേഗം സംഭവിക്കണേയെന്ന് അദ്ദേഹം പ്രാര്‍ത്ഥനകൊണ്ടു.
യഥാര്‍ത്ഥ വിശ്വാസിയായ ഒരുവനു ഭൂമിയില്‍ ഒന്നുമില്ല. അവന്‍ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശിയും സ്വര്‍ഗത്തിന്റെ അവകാശിയുമാണ്. ഭൂമിയിലെ അപ്പക്കഷണങ്ങള്‍ ശരീരത്തിന്റെ വിശപ്പുകറ്റും. ആത്മാവിന്റെ വിശപ്പകറ്റുന്നത് സ്വര്‍ഗീയവിരുന്നില്‍ ഭാഗഭാക്കാവുമ്പോഴാണ്.
അതുകൊണ്ട് ദേവസഹായം പീഡനങ്ങളെയോ മരണത്തെയോ ഭയപ്പെട്ടില്ല. പക്ഷേ, ബ്രാഹ്‌മണാധിപന്മാര്‍ ദേവസഹായത്തെ ഭയപ്പെട്ടുതുടങ്ങിയിരുന്നു. ഇവന്‍ നമ്മുടെ അധികാരത്തിന്റെയും മതത്തിന്റെയും ദേവീദേവസങ്കല്പങ്ങളുടെയും അസ്തിവാരമിളക്കിക്കളയും.
അവര്‍ മഹാരാജാവിനെ വീണ്ടും ശരണം പ്രാപിച്ചു. ''നീലകണ്ഠനെ വധിച്ചുകളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ മതവും ദേവഗണങ്ങളും ഇവിടെ നിലനില്ക്കണമെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കണം.'' അവര്‍ രാജാവിനോടുണര്‍ത്തിച്ചു.
അതാണു യുക്തമെന്ന് രാജാവിനും തോന്നി. നീലകണ്ഠന്‍ പൂര്‍വാശ്രമങ്ങളിലേക്കു മടങ്ങി വരികയില്ല.
മഹാരാജാവ് മന്ത്രി രാമയ്യന് ആളയച്ചു. രാമയ്യന്‍ രാജസന്നിധിയിലെത്തി.
''ക്രിസ്ത്യാനികള്‍ എല്ലാവരും കണ്ട് ഭയപ്പെടത്തക്കവിധത്തില്‍ നീലകണ്ഠന്റെ കഴുത്തില്‍ എരിക്കില്‍പൂമാലചാര്‍ത്തി തെരുവുകള്‍തോറും നടത്തി കുളമക്കാട്ടില്‍ കൊണ്ടുചെന്ന് ഗളച്ഛേദം ചെയ്ത് വധിക്കുക.'' മഹാരാജാവ് കല്പിച്ചു.
ഇക്കാലയളവില്‍ നാട്ടില്‍ പലയിടത്തും മതപരമായ കലാപങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയിരിക്കുന്നു. അതിനാകട്ടെ അണിയറയില്‍ ചുക്കാന്‍ പിടിച്ചത് ബ്രാഹ്‌മണപ്രധാനികളും നായര്‍ പ്രമാണിമാരും.
കലുഷിതമായ ഒരു കാലഘട്ടമായിരുന്നത്. തുലോം തുച്ഛമായിരുന്നു ക്രിസ്ത്യാനികളുടെ സംഖ്യ. സ്വസ്ഥമായും ഭയാശങ്കകളില്ലാതെയും ജീവിക്കാന്‍ പറ്റാത്ത ഒരുവസ്ഥ. അവര്‍ ഒളിഞ്ഞും പാത്തും പ്രമാണിമാരുടെ കണ്ണില്‍പ്പെടാതെ ജീവിതം മുന്നോട്ടുനീക്കി.
ദേവസഹായത്തിനോടുള്ള എതിര്‍പ്പായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. ദേവസഹായത്തിന്റെ വധശിക്ഷയോടെ നാട്ടില്‍നിന്ന് ക്രിസ്ത്യാനികളെ പാടേ നിഷ്‌കാസനം ചെയ്യാമെന്നു കരുതിയ ഉപരിവര്‍ഗം കച്ച കെട്ടിയിറങ്ങുകയായിരുന്നു.
ഈ വിവരം രഹസ്യമായറിഞ്ഞ ദേവസഹായത്തിന് അത്യധികമായ മനോവിഷമമുണ്ടായി. പക്ഷേ, കഷ്ടതയനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിനു മുമ്പില്‍. തടവറയില്‍ അദ്ദേഹം ഹൃദയം തകര്‍ന്നു പ്രാര്‍ത്ഥിച്ചു.
''പരമകാരുണികനായ ദൈവമേ, അങ്ങയുടെ ദാസന്മാരുടെ മടിശ്ശീലകളില്‍നിന്ന് സത്യവിശ്വാസത്തിന്റെ താക്കോല്‍ എടുത്തുകളയരുതേ... അവരുടെ ജീവരക്ഷയ്ക്കായി എന്റെ ജീവനെ ഞാന്‍ അങ്ങയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ പ്രാണനെ ദയാപൂര്‍വ്വം സ്വീകരിച്ച് സത്യവിശ്വാസികളെ രക്ഷിക്കണമേ...''
തന്റെ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു എന്ന് ദേവസഹായത്തിനു മനസ്സിലായി. രാജഭടന്മാര്‍ തടവറയിലെത്തി രാജകല്പന ദേവസഹായത്തെ അറിയിച്ചു.
''ദൈവത്തിനു സ്തുതിയായിരിക്കട്ടെ.'' ദേവസഹായം അതിരറ്റ ആഹ്ലാദത്തോടെ പറഞ്ഞു.
രാജഭടന്മാര്‍ അമ്പരന്നുപോയി. സ്വന്തം വധശിക്ഷയറിഞ്ഞു സന്തോഷിക്കുന്ന ഒരു മനുഷ്യനെ അവര്‍ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു.
''ഇവന്‍ ഒരു സാധാരണ മനുഷ്യനല്ല. ഇവനില്‍ അദൃശ്യമായ എന്തോ ഒരു ശക്തി കുടികൊള്ളുന്നുണ്ട്. അല്ലെങ്കില്‍ സ്വന്തം മരണത്തെക്കുറിച്ചറിഞ്ഞ് ആരെങ്കിലും സന്തോഷിക്കുമോ?'' ഭടന്മാര്‍ പരസ്പരം രഹസ്യമായി പറഞ്ഞു.
''പ്രിയ സഹോദരന്മാരേ...'' ദേവസഹായം രാജഭടന്മാരെ സംബോധന ചെയ്തു. ആ വിളിയിലെ സ്‌നേഹും അലിവും രാജഭടന്മാരുടെ മനസ്സില്‍തട്ടി. ഭടന്മാരിലൊരുവന്‍ പറഞ്ഞു:
''ഈ മനുഷ്യന്‍ വധശിക്ഷക്കര്‍ഹനാകുന്നതെങ്ങനെ?'' വേദം സ്വീകരിച്ചതോ... അത് അക്ഷന്തവ്യമായ ഒരു തെറ്റാണോ... ഈ മനുഷ്യനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. എനിക്കു തോന്നുന്നത് നമ്മുടെ മഹാരാജാവിനു തെറ്റുപറ്റിയെന്നാണ്.''
''നിങ്ങള്‍ എന്നേപ്രതി വിഷമിക്കേണ്ടണ്ടതില്ല.'' ദേവസഹായം തുടര്‍ന്നു: ''ഞാന്‍ ഇങ്ങനെയൊന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നു. അതിനിപ്പോള്‍ അവസരം വന്നുചേര്‍ന്നതില്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നു മുക്തിനേടി സത്യമാര്‍ഗത്തില്‍ ജീവിക്കാന്‍ തുടങ്ങിയ ഒരുവന്റെ ധര്‍മബുദ്ധി ഏതു വിധമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങളിപ്പോള്‍ അറിയുക. അതുകൊണ്ട് മിത്രങ്ങളേ, രാജകല്പന നിറവേറ്റുന്നതില്‍ ഇനി താമസമരുതെന്നു ഞാന്‍ അപേക്ഷിക്കുന്നു.''
രാജകല്പന അറിയിക്കാന്‍ വന്ന ഭടന്മാര്‍ മടങ്ങി. ദേവസഹായം ഏകനായി. ഏകാന്തത തുന്നലില്ലാത്ത ഒരു കുപ്പായംപോലെ ദേവസഹായത്തെ മൂടി. വിശുദ്ധമായ ഒരാന്തരികചോദനയാല്‍ ദേവസഹായം പൂരിതനായി. അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥന കൊണ്ടു:
''ദൈവമേ, നീ എന്നില്‍ ആരംഭിച്ച പ്രവൃത്തിയെ പൂര്‍ത്തീകരിക്കേണമേ. ഞാന്‍ തുറമുഖത്തോടടുത്ത് എത്താറാകുമ്പോള്‍ എന്റെ കപ്പല്‍ തകര്‍ന്നുപോകാതെ കാത്തുകൊള്ളേണമേ...''
ഏതാനും സമയത്തിനുശേഷം ആരാച്ചാരും സംഘവുമെത്തി. അവര്‍ തടവറയ്ക്കുള്ളില്‍ക്കയറി ദേവസഹായത്തിന്റെ വിലങ്ങുകള്‍ അഴിച്ചുമാറ്റി. ഇരുകൈകളും പിറകിലേക്കു ചേര്‍ത്തുകെട്ടി. എരിക്കിന്‍പൂമാല കഴുത്തിലണിയിച്ച് നിരത്തിലൂടെ നടത്താന്‍ തുടങ്ങി.
ചെണ്ടക്കാരുടെ താളരഹിതമായ കൊട്ടിന്റെയും ചില ആഭാസന്മാരുടെ കൂക്കുവിളികളുടെയും ദൂഷണങ്ങളുടെയും അകമ്പടിയയോടെ ദേവസഹായത്തിനെ അവര്‍ കുളമക്കാട്ടേക്കു നടത്തി.
തെരുവിനിരുപുറവും വിചിത്രമായ ഈ കാഴ്ചകാണാന്‍ ആളുകള്‍ കൂടിയിരുന്നു. ചിലര്‍ ദേവസഹായത്തിനെ കൂക്കിവിളിച്ചു പരിഹസിക്കുന്നു. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളില്‍ പരിതപിച്ചു പറഞ്ഞു.
''ഒരു പച്ചമനുഷ്യനോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ത്?''
''നിന്റെ സത്യദൈവത്തോട് നിന്നെ രക്ഷിക്കാന്‍ പറയ്...'' മറ്റു ചിലര്‍ പരിഹസിച്ചു.
ദേവസഹായം ലോകത്തിനു നേരേ കണ്ണുകളും കാതുകളുമടച്ചുകളഞ്ഞു. അദ്ദേഹം അലമുറയിടുകയോ വിലപിക്കുകയോ ചെയ്തില്ല. ആരാച്ചാരെയും കൂട്ടാളികളെയും അതിശയിപ്പിക്കുമാറ് വളരെ സന്തോഷത്തോടെ ആവുന്നത്ര വേഗത്തിലും തിടുക്കത്തിലും നടന്നു. സ്വന്തം പിതാവിന്റെ പക്കലേക്ക് ഓടിയടുക്കുന്ന പിഞ്ചുപൈതലിന്റെ കാലുകളുടെ ചടുലതയായിരുന്നു ദേവസഹായത്തിന്.
ആരാച്ചാരുടെ കൂട്ടാളികള്‍ ദേവസഹായത്തിന്റെ ധൈര്യം കണ്ട് അദ്ഭുതപ്പെട്ടു. അവര്‍ പരിഹാസത്തോടെ പറഞ്ഞു:
''നിന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നിനക്ക് അറിയില്ലെന്നുണ്ടോ. വിവാഹം കഴിപ്പിക്കുന്നതിനോ വലിയ സ്ഥാനമാനങ്ങള്‍ നല്കി ബഹുമാനിക്കുന്നതിനോ ആണന്നു കരുതിയോ...''
''എന്നെ എവിടേക്കാണു കൊണ്ടുപോകുന്നതെന്ന് എനിക്കു നന്നായിട്ടറിയാം സുഹൃത്തുക്കളേ...'' ദേവസഹായത്തിന്റെ വാക്കുകള്‍ ഇടറുകയോ ചിതറുകയോ ചെയ്തില്ല. ഒരു കൃഷ്ണമൃഗത്തിന്റെ ശാന്തതയായിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍. അദ്ദേഹം സൗമ്യനായി തുടര്‍ന്നു:
''എന്നാല്‍, നിങ്ങള്‍ക്കാണ് ഒരു കാര്യമറിയാത്തത്. എനിക്കു വിവാഹവും സ്ഥാനമാനബഹുമാനങ്ങളും മോക്ഷവിരുന്നും ഇതാണ്. ഇങ്ങനെയുള്ള അവസ്ഥയിലല്ലാതെ മനുഷ്യന്റെ ധൈര്യത്തിനും സന്തോഷത്തിനും എന്തുവില? നിങ്ങള്‍ എനിക്കു തരുന്ന കഷ്ടതകളെ സന്തോഷത്തോടെ അനുഭവിക്കുന്ന ഞാനാണോ ജ്ഞാനാന്ധതമൂലം മിഥ്യാമൂര്‍ത്തികളെ ആരാധിച്ചും അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തത്തില്‍ ജീവിച്ചും കഠിനമാനസ്സരായി എന്തു ക്രൂരതകളും പ്രവര്‍ത്തിക്കുന്ന നിങ്ങളാണോ തീനരകത്തില്‍ പതിച്ച് നിത്യപീഡയനുയഭവിക്കാന്‍ പോകുന്നത്?''
ദേവസഹായത്തിനെ അവര്‍ കുളമക്കാട്ടിലെത്തിച്ചു. ഒരു ബലിമൃഗത്തെയെന്നപോലെ അവരദ്ദേഹത്തെ കൊലക്കളത്തില്‍ നിറുത്തി. ദിഗന്തങ്ങളില്‍നിന്ന് മരണമണി മുഴങ്ങുന്നത് ദേവസഹായം കേട്ടു.
''ദൈവമേ... എന്റെ ദൈവമേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ ഭരമേല്പിക്കുന്നു.''
ആരാച്ചാരുടെ കൂട്ടാളികള്‍ ദേവസഹായത്തിനെ വട്ടമിട്ടു നിന്നു. വധശിക്ഷ കാണാനെത്തിയ ഹൃദയശൂന്യര്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇടംപിടിച്ചു. ആരാച്ചാര്‍ തന്റെ ആയുധത്തിന്റെ മൂര്‍ച്ച പരിശോധിച്ചുറപ്പിക്കുന്നു.
അപ്പോഴാണ് ഒരാള്‍ ഓടിക്കിതച്ചെത്തുന്നത്. അയാള്‍ എന്തോ വിളിച്ചു പറയുന്നുണ്ട്. വരുന്നത് ഒരു രാജഭടനാണെന്ന് ഏവര്‍ക്കും മനസ്സിലായി. അയാളുടെ വേഷവിധാനങ്ങള്‍ അതു വെളിപ്പെടുത്തുന്നുണ്ട്.
ഞൊടിയിടനേരംകൊണ്ട് അയാള്‍ കൊലക്കളത്തിലെത്തി. എന്നിട്ടു കിതപ്പാറ്റി പറഞ്ഞു:
''നീലകണ്ഠനെ ഇപ്പോള്‍ വധിക്കേണ്ട. തടവില്‍ പാര്‍പ്പിച്ചാല്‍ മതി. ഇത് മഹാരാജാവിന്റെ കല്പന.''
(തുടരും)