ഉന്നതരെല്ലാവരും വിശ്രമിക്കുമ്പോള്‍ അടിമകള്‍ ഇങ്ങനെ ആഹ്ലാദിക്കുന്നു. ഒരാഴ്ചയോളമായി നഗരത്തിനു നഷ്ടമായതു തിരിച്ചുകിട്ടുന്ന ദിവസമാണന്ന്.
അങ്ങനെയൊരു ദിവസം.
പാതിയിരുട്ടിലൂടെ വേഗത്തില്‍ ആരോ നടക്കുന്നുണ്ട്. കൊട്ടാരത്തില്‍നിന്ന് മൊര്‍ദെക്കായിയുടെ വീട്ടിലേക്കുള്ള യാത്രയാണ്. ആജാനുബാഹുവായ ഒരാള്‍.
കരിവീട്ടിപോലെ കടഞ്ഞെടുത്ത ശരീരം.
ആരെയും കൂസാത്ത പ്രകൃതം.
ഷാസ്ഗസാണ്. കൊട്ടാരം അന്തഃപുരവിചാരിപ്പുകാരില്‍ പ്രധാനിയായ ഷണ്ഡന്‍.
ഇപ്പോള്‍ പല കാര്യങ്ങളും രാജ്ഞി ഇവനെ ഏല്പിക്കുന്നു. ഹാഗായിക്കും ഹാഥാക്കിനും മറ്റു പല പ്രധാന ജോലികളുമുണ്ട്.
ഷാസ്ഗസിന് രാജ്ഞിയുടെ ദൂതനായിപ്പോകുന്നതില്‍ സന്തോഷമേയുള്ളൂ. രാജ്ഞി അത്ര ഹൃദ്യമായിട്ടാണ് അവനോടു പെരുമാറുന്നത്. ഒരിക്കലും ഒരടിമയോടെന്നപോലെയല്ല.
അവന്‍ നടന്ന് തെരുവിന്റെ ആളൊഴിഞ്ഞ മൂലയില്‍ എത്തി. അപ്പോള്‍ അവിടെ പതിയിരിക്കുന്ന ഒരുത്തനെക്കണ്ടു.
''എന്താടാ ഇവിടെ?''
അവന്‍ ഗൗരവത്തോടെ ചോദിച്ചു.
''നീയാരാ?''
എന്നു ചോദിച്ചുകൊണ്ട് പതുങ്ങിയിരുന്നവന്‍ ചാടിയെഴുന്നേറ്റ് വാള്‍വീശി.
പൊടുന്നനേ ഇപ്രകാരമുള്ളൊരു ആക്രമണം ഷാസ്ഗസ് പ്രതീക്ഷിച്ചിരുന്നില്ല. ശത്രുവിന്റെ മിന്നലാട്ടങ്ങളില്‍നിന്ന് അവന്‍ അതിവിദഗ്ധമായി തെന്നിമാറി. ഉദേശിച്ചിടത്തു ചെന്നെത്താത്തതിനാല്‍ വാള്‍ക്കാരന്‍ മുന്നോട്ടുവേച്ചു കുനിഞ്ഞുപോയി.
ആ ഒരൊറ്റനിമിഷംകൊണ്ട് ഷാസ്ഗസ് അരയിലിരുന്ന കഠാര വലിച്ചൂരി അവന്റെ പുറത്തു കുത്തിത്താഴ്ത്തി.
പിടഞ്ഞുവീഴുന്നതിനിടയില്‍ അവന്‍ രഹസ്യഭാഷയില്‍ എന്തോ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
അതു കേള്‍ക്കേണ്ട താമസം കാഹളമൂതിക്കൊണ്ട് അലറുന്ന വന്യജീവികളെപ്പോലെ കുറെയധികംപേര്‍ അങ്ങോട്ടു പാഞ്ഞുവന്നു.
അവര്‍ ഷാസ്ഗസിനോട് ഏറ്റുമുട്ടി. വിദഗ്ധമായി ഒഴിഞ്ഞുമാറിയും കൈയിലുള്ള ആയുധംകൊണ്ട് മറ്റുള്ളവരെ തടുത്തും കുറെയധികംനേരം അവന്‍ അക്രമിസംഘത്തെ നേരിട്ടു.
എന്നാല്‍, അവസാനം വെട്ടേറ്റുനിലത്തുവീണു.
വീഞ്ഞുകടയിലും തെരുവില്‍ അങ്ങിങ്ങായും നില്ക്കുന്നവര്‍ ശബ്ദംകേട്ട ദിക്കിലേക്ക് ഓടിയെത്തി. അലര്‍ച്ചയും ആക്രോശവും കരച്ചിലുമെല്ലാം ഇടകലര്‍ന്ന കോലാഹലമെന്താണെന്ന് അവരറിഞ്ഞില്ല.
ആളുകള്‍ എത്തുമ്പോഴേക്കും എതിരാളികള്‍ ഇരുളില്‍ മറഞ്ഞിരുന്നു. അവിടെ വെട്ടേറ്റ് മരണാസന്നനായി ഷാസ്ഗസ് കിടക്കുന്നത് അവര്‍ കണ്ടു.
അയാളുടെ ബോധമറ്റുപോയി. അതിനാല്‍, ആരെന്നോ എന്തെന്നോ ചോദിച്ചറിയാന്‍ നിവൃത്തിയില്ല. ഇരുളില്‍നിന്ന് വ്യാഘ്രത്തെപ്പോലെ ചാടിവീഴാന്‍ ഇനിയും ആരെങ്കിലുമുണ്ടോ എന്ന പേടിനിറഞ്ഞ കണ്ണുകളോടെയാണ് വന്നുചേര്‍ന്നവര്‍ ആപത്തിലായവനെ എടുത്തത്.
ഇത് അപകടകരമായ ഭീകരതയാണ്.
എന്നാലും ഈ വെട്ടേറ്റു കിടക്കുന്നതൊരു മനുഷ്യനല്ലേ?
എത്രയുംവേഗം ഏതെങ്കിലും വൈദ്യന്റെ വീട്ടിലെത്തിക്കണം. ഒരുപക്ഷേ, രക്ഷപ്പെട്ടെങ്കിലോ!
എടുത്തുകൊണ്ടു മൂന്നുനാലടി നടന്നതില്ല. അപ്പോഴതാ വേറൊരാളുംകൂടെ തൊട്ടപ്പുറത്ത് വീണുകിടക്കുന്നു. അയാളുടെബോധം പോയിട്ടില്ല. അയാളെയും അവര്‍ ചുമലിലേറ്റി.
എങ്ങനെയോ ആരെല്ലാമോ പറഞ്ഞ് കൊട്ടാരത്തില്‍ വാര്‍ത്തയെത്തി. പട്ടാളക്കാര്‍ പാഞ്ഞെത്തി. രാജദൂതനെ വെട്ടിവീഴ്ത്തിയവരാരാണ്?
ആര്‍ക്കാണിതിനു ധൈര്യമുണ്ടായത്?
അവര്‍ വൈദ്യന്റെ വീട്ടിലേക്കു കുതിച്ചുചെന്നു. അപ്പോഴേക്കും ചോരവാര്‍ന്ന് ഷാസ്ഗസ് മരിച്ചു പോയിരുന്നു.
പരിക്കുപറ്റിക്കിടന്ന അപരന്‍ പട്ടാളക്കാരുടെ മേല്‍നോട്ടത്തിലായി. അവനെയാണ് ഷാസ്ഗസ് കുത്തിവീഴ്ത്തിയത്.
ചോദ്യഭേദ്യങ്ങളിലൂടെ സംഘത്തെ തിരിച്ചറിഞ്ഞു.
മൊര്‍ദെക്കായിയും സൈനികമേധാവിയും ഇക്കാര്യം രാജാവിനോടുണര്‍ത്തിച്ചു.
''വീണ്ടും കലാപലക്ഷണങ്ങള്‍ കാണുന്നുണ്ട് മഹാരാജന്‍.''
മൊര്‍ദെക്കായി വെളിപ്പെടുത്തി.
''എന്താണു നാമീ കേള്‍ക്കുന്നത്!''
മഹാരാജന്‍ സൈന്യാധിപനോടു തിരക്കി.
സൈന്യാധിപന്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രത്യേക ദൂതനായിരുന്ന ഷാസ്ഗസിന്റെ വധവാര്‍ത്തകേട്ട് രാജാവ് അസ്വസ്ഥനായി.
ഒറ്റപ്പെട്ടതാണെങ്കിലും ഈ ആക്രമണം രാജ്യത്തിനുനേരേയുള്ളതെന്നുതന്നെയാണ് രാജാവു കരുതിയത്. എല്ലാ സൈനികഘടകങ്ങളോടും ജാഗരൂകരായിരിക്കാന്‍ കല്പിച്ചു.
യഹൂദര്‍ക്കുനേരേ തിരിഞ്ഞവര്‍ രാജ്യത്തിനുനേരേയും തിരിഞ്ഞിട്ടുണ്ട്.
ഗര്‍ഭഭാരക്ഷീണിതയെങ്കിലും എസ്‌തേറിന്റെ രക്തവും തിളച്ചു.
നോറ്റ നോമ്പുകള്‍ക്കും അനുഭവിച്ച കഷ്ടതകള്‍ക്കുംമേല്‍ മറ്റൊരു ദുരന്തം വന്നുചേരരുത് എന്നവള്‍ ആഗ്രഹിച്ചു.
പുതിയ രാജശാസനത്തോട് എല്ലാ സാമന്തരാജാക്കന്മാരും പ്രവിശ്യത്തലവന്മാരും നാടുവാഴികളും അനുകൂലനിലപാടിലാണ്.
യഹൂദജനതയോടുള്ള താത്പര്യത്തെക്കാള്‍ കൂടുതല്‍ പ്രധാനസചിവന്റെ ഔന്നത്യമാണ് അവരെ അതിനു പ്രേരിപ്പിച്ചത്.
അവന്റെ കീര്‍ത്തി എല്ലാ പ്രവിശ്യകളിലും വ്യാപിച്ചിരുന്നു. മൊര്‍ദെക്കായി കൂടുതല്‍ക്കൂടുതല്‍ ശക്തനായിത്തീര്‍ന്നു.
മഹാരാജ്ഞിയുടെ അധികാരബലവും ഭരണസ്വാധീനവും അവര്‍ക്കു മനസ്സിലായിട്ടുണ്ട്. അതും യഹൂദജനങ്ങളെ സഹായിക്കാനും അവരോടു സൗഹൃദം വര്‍ദ്ധിപ്പിക്കാനും അധികാരസ്ഥാനത്തുള്ളവര്‍ക്കു പ്രചോദനമായി.
ആദാര്‍ പതിമ്മൂന്നു വന്നെത്തി.
അന്ന് രാജാവിന്റെ കല്പനയും വിളംബരവും നിര്‍വഹിക്കപ്പെടേണ്ട ദിവസമാണ്.
പേര്‍ഷ്യയിലുള്ള എല്ലാ യഹൂദരെയും വധിക്കാന്‍ ഹാമാന്റെ ദുഷ്ടോപദേശത്താല്‍ സാധിക്കുമെന്നു ശത്രുജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ദിവസം. മക്കദോനീയക്കാരുടെ സ്വപ്നം നിറവേറേണ്ട ദിവസം.
പക്ഷേ, വിധിവശാല്‍ നിയമം കീഴ്‌മേല്‍മറിഞ്ഞു.
ആദ്യത്തെ കരിനിയമം നിര്‍ജീവമാക്കപ്പെടുകയും ആ സ്ഥാനത്തു പുതിയതു പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
അങ്ങനെ യഹൂദജനത്തിന് ഈ ദിവസം വിജയദിനമായി മാറി. അഹസ്വേരൂസിന്റെ എല്ലാ പ്രവിശ്യകളിലുമുള്ള നഗരങ്ങളില്‍ യഹൂദര്‍ ഒന്നിച്ചുകൂടി. അവര്‍ക്കു നാശം വിധിക്കാന്‍ ആഗ്രഹിച്ചിരുന്നവരെ ആയുധബലത്തോടെ എതിര്‍ത്തു. തങ്ങളെ വെറുത്തിരുന്നവരോട് ഇഷ്ടമുള്ളതെല്ലാം ചെയ്തു. രാജ്യാധികാരത്തിന്റെ പിന്‍ബലമുള്ള യഹൂദരോടെതിര്‍ത്തുനില്ക്കാന്‍ ശത്രുക്കള്‍ക്കു കഴിഞ്ഞില്ല.
തലസ്ഥാനമായ സൂസായില്‍ത്തന്നെ അഞ്ഞൂറിലേറെപ്പേരാണ് വാളിനിരയായത്.
വാര്‍ത്തകളെല്ലാം അറിഞ്ഞിട്ടും എസ്‌തേറിന്റെ മുഖംതെളിഞ്ഞില്ല. ഷാസ്ഗാസിന്റെ മരണം അവളെ അത്രകണ്ട് കോപാകുലയാക്കിയിരുന്നു.
സുഖവിവരം തേടിയെത്തിയ രാജാവിനെ മേഘംമൂടിയ ആകാശംപോലുള്ള മുഖത്തോടെയാണ് രാജ്ഞി എതിരേറ്റത്.
''എന്തേ എസ്‌തേര്‍ നിനക്കെന്തുപറ്റി? സുഖമല്ലേ?''
''പിന്നെ, എനിക്കാണല്ലോ ഇപ്പോള്‍ ഏറ്റവും വലിയ സുഖം.''
എസ്‌തേറിന്റെ കടുപ്പമേറിയ വാക്കുകള്‍ രാജാവിനെ നൊമ്പരപ്പെടുത്തി. അദ്ദേഹം അവളോടുചേര്‍ന്നിരുന്നു. റാണിയുടെ വലതുകൈ മെല്ലെ തന്റെ കൈയില്‍ ചേര്‍ത്തുപിടിച്ചിട്ട് ചോദിച്ചു:
''എന്നോടു പറയൂ. എല്ലാകാര്യത്തിനും ഞാന്‍ വഴിയുണ്ടാക്കാം. നീ സങ്കടപ്പെടരുത്.''
അവള്‍ അവനെ ദയനീയമായി നോക്കി.
''എന്റെ ജനങ്ങള്‍...''
എസ്‌തേര്‍ അറിയാതെ തേങ്ങിപ്പോയി.
''ഹാമാനെയും മക്കളെയും നാം വധിച്ചില്ലേ?''
''നമ്മുടെ തലസ്ഥാനനഗരത്തില്‍ മാത്രം അഞ്ഞൂറിലേറെ ശത്രുക്കള്‍ ഇന്ന് വധിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഇങ്ങനെയെങ്കില്‍ നമ്മുടെ എല്ലാ പ്രവിശ്യകളിലും യഹൂദര്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ലേ? പിന്നെന്തിനാണിങ്ങനെ എസ്‌തേര്‍?''
കരുണവഴിയുന്ന സ്വരത്തിലാണ് രാജാവു ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഹൃദയം റാണിയുടെ മുന്നില്‍ അലിഞ്ഞുപോയി. എസ്‌തേറിന്റെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ അല്പംപോലും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ താത്പര്യം. പോരെങ്കില്‍ അവളിപ്പോള്‍ അമ്മയാണ്.
രാജ്ഞി അദ്ദേഹത്തോടു ചിരിച്ചു.
''എങ്കില്‍ യഹൂദര്‍ക്ക് ഇന്നത്തെ സ്വാതന്ത്ര്യം നാളെയും കൊടുക്കണം. ഓടിരക്ഷപ്പെട്ട ശത്രുക്കളെ തിരഞ്ഞുപിടിച്ചു വധിക്കട്ടെ.''
അവള്‍ അപേക്ഷിച്ചു.
രാജാവിന് അക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല.
നമ്മുടെ രാജ്ഞിയുടെ ഇഷ്ടമാണ് നമ്മുടെ ഇഷ്ടം.
അതുകേട്ടു നദിപോലെ അവള്‍ ഇളകി. ഇക്കിളികൂട്ടിയതുപോലെ പൊട്ടിച്ചിരിച്ചു.
മഴവില്ലുപോലെ രാജാവിന്റെ മാറിലേക്കു ചാഞ്ഞു.
വളര്‍ന്നുതുടങ്ങിയ അവളുടെ വയര്‍ മെല്ലെ മൃദുലമായി തടവിക്കൊണ്ട് രാജാവു പറഞ്ഞു:
''രാജകുമാരന്‍ വരവായി.''
രാജാവിനോട് ഒന്നുകൂടെ ചേര്‍ന്നിരുന്നശേഷം എസ്‌തേര്‍ കാതിലൂടെ ഒഴുകി, ഥാരി മോന്‍.
''നിന്നെപ്പോലെ അഴകോടെ, നമ്മെപ്പോലെ ധീരനായി കുഞ്ഞുദാരിയൂസ് ഈ കൊട്ടാരവും നമ്മുടെ മനസ്സും ലോകവും കീഴടക്കും.''
ഇങ്ങനെ ലോകത്തിലെല്ലാ ദമ്പതിമാരും കാണുന്നതും പറയുന്നതുമെല്ലാം അവര്‍ പരസ്പരം കൈമാറി. മണിയറ അന്നേരമെല്ലാം സ്വര്‍ഗമായിമാറി.
രാജാവിന്റെ സമ്മതം റാണി പ്രധാനമന്ത്രിയെ അറിയിച്ചു, പതിമ്മൂന്നാം തീയതി ശത്രുക്കളോടെങ്ങനെയോ അപ്രകാരംതന്നെ പതിന്നാലാം തിയതിയിലും യഹൂദര്‍ പ്രവര്‍ത്തിച്ചു.
ആദാര്‍മാസം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യഹൂദഹൃദയങ്ങളെ എരിയിച്ച ഭീതിയായിരുന്നു. പ്രത്യേകിച്ചും ആദാര്‍ പതിമൂന്നാംതിയതി. പക്ഷേ, എല്ലാം മാറിമറിഞ്ഞു. വര്‍ഷങ്ങളായി മനസ്സില്‍ ചളിച്ചുകിടന്നിരുന്ന പേടി എത്ര പെട്ടെന്നാണ് ഇല്ലാതായത്?
പേര്‍ഷ്യാമഹാരാജ്യത്തിലെ സകലപ്രവിശ്യകളിലെയും ഗ്രാമങ്ങളിലെയും ചെറിയപട്ടണങ്ങളിലെയും ഗ്രാമീണ യഹൂദര്‍ക്ക് ആദാര്‍ പതിമ്മൂന്നിന് ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്യുവാന്‍ കഴിഞ്ഞു. ഏകദേശം എഴുപത്തിഅയ്യായിരത്തിലേറെപ്പേര്‍ - രാജ്യദ്രോഹികള്‍ - കൊല ചെയ്യപ്പെട്ടിരുന്നു.
എത്രയോ നാളുകളായി ജനമനസ്സ് ശൂന്യതയിലായിരുന്നു. ആ ഇരുള്‍മൂലയില്‍നിന്നാണ് വെളിച്ചത്തിലേക്കുള്ള ഉണര്‍വുണ്ടായത്.
ഒരേ വികാരത്തോടെ ഒരേ മനസ്സോടെ ഒരുമിച്ചൊരു യാത്ര.
യുദ്ധം വിജയത്തിന്റേതു മാത്രമല്ല, പരാജയത്തിന്റേതുമാണ്. ഒരുപക്ഷേ, എത്രയോ നിരപരാധികളുടെയും രക്തംവീണു പങ്കിലമായിട്ടുണ്ടാവണം ഈ സ്വാതന്ത്ര്യപ്പോരാട്ടങ്ങളില്‍...!
നൊമ്പരങ്ങളുടെ ചില്ലകള്‍ ഇനി പുഴുക്കേടും വാട്ടവുമില്ലാതെ കരുത്തോടെ വളര്‍ന്നോളും.
നല്ലൊരു കൃഷിക്കാരനെപ്പോലെയാണ് മൊര്‍ദെക്കായി പ്രവര്‍ത്തിച്ചത്. നടന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തി. രാജാവിന്റെ ഭവനത്തില്‍ ഉന്നതനായിരുന്നതിനാല്‍ അവന്റെ കീര്‍ത്തി സകലപ്രവിശ്യകളിലും വ്യാപരിച്ചിരുന്നു.
ദുഃഖം സന്തോഷമായും വിലാപം വിശ്രമമായും മാറിയ ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍ എല്ലാവര്‍ഷവും പേര്‍ഷ്യാമഹാസാമ്രാജ്യത്തിലെ യഹൂദരും മറ്റെല്ലാ പൗരന്മാരും മോചനദിനങ്ങളായി ആചരിക്കണമെന്ന നിര്‍ദേശം രേഖകളില്‍ ഉള്‍പ്പെടുത്തി.
വിരുന്നുകളിലൂടെ സൗഹൃദം പങ്കിടണം.
പരസ്പരം സമ്മാനങ്ങള്‍ നല്കി മനസ്സില്‍ സന്തോഷം നിറയ്ക്കണം. ദരിദ്രരെ സഹായിക്കണം.
ഈ ദിവസങ്ങളുടെ പ്രാധാന്യം അവിസ്മരണീയമായി നിലനിര്‍ത്തണം.
വിമോചനദിനോത്സവത്തിന് അവര്‍ ഒരു പേരുമിട്ടു. - പൂരിം മഹോത്സവം.
കാരണം, കഴിഞ്ഞ വര്‍ഷത്തില്‍ നീസാന്‍മുതല്‍ ആദാര്‍വരെയുള്ള പന്ത്രണ്ടുമാസവും യഹൂദരെ ഇല്ലായ്മ ചെയ്യുന്നതിനു യോജിച്ചദിവസം കണ്ടുപിടിക്കുവാന്‍ ഹാമാന്‍ പൂര് (നറുക്ക്) ഇട്ടിരുന്നു. അങ്ങനെയാണ് ആദാര്‍മാസം പതിമ്മൂന്ന് തിരഞ്ഞെടുത്തത്. ദൈവാനുഗ്രഹത്താല്‍ അതേദിവസംതന്നെ വിജയദിനമായിത്തീര്‍ന്നു. സങ്കടത്തിന്റെയും സന്തോഷത്തിന്റെയും ഓര്‍മകളൊന്നിച്ചു മനസ്സിലേക്കെത്തുവാനായിട്ടാണ് യഹൂദജനം പൂരിന് പൂരിം എന്ന പേരിട്ടു വിളിച്ചത്.
രാജകല്പനയുടെ സ്രോതസ്സായത് മഹാരാജ്ഞി എസ്‌തേറാണ്. അവളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരമൊരു മഹാവിജയത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്.
മൊര്‍ദെക്കായി അറിയാതെ പണ്ടത്തെ സ്വപ്നത്തെപ്പറ്റി ഓര്‍മിച്ചുപോയി. മഹാനദിയായി മാറിയ നീരുറവ.
പ്രകാശവും സൂര്യനും സമൃദ്ധമായ തെളിനീരും ആ നദിതന്നെയാണ്.
അഹസ്വേരുസ്ചക്രവര്‍ത്തി പട്ടമഹിഷിയായി ഉയര്‍ത്തിയ എസ്‌തേര്‍.
ഒറ്റയായിരിക്കുമ്പോള്‍ കൂട്ടായിവന്നവള്‍. എത്ര വലിയ കൊടുംകാറ്റിലും ഉലഞ്ഞുപോവാത്തവള്‍.
വലിച്ചെറിയപ്പെട്ടവര്‍ക്ക്, ആകുലതകള്‍ പേറുന്നവര്‍ക്ക് ആശ്വാസവരമായവള്‍.
സമൂഹത്തെ തിളക്കങ്ങളിലേക്ക് എടുത്തുയര്‍ത്തിയവള്‍.
ആദ്യപല സന്ദര്‍ഭങ്ങളിലും ജീവനെത്തന്നെയാണ് എസ്‌തേര്‍ പണയമാക്കിയത്. നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയുംകൂടി വിജയമാണിത്. മുന്നേറാന്‍ ഒരു പഴുതുമില്ലാത്ത അടഞ്ഞകോട്ടയുടെ രാക്ഷസവാതിലിന്റെ മുന്നില്‍ അസ്തപ്രജ്ഞയായി വീണില്ല. അതുതുറന്നു മുന്നേറാനുള്ള രഹസ്യമന്ത്രത്തിന്റെ താക്കോല്‍ കൈയിലെടുത്തു. അപൂര്‍ണതയെ പൂരിപ്പിച്ചു. ആശങ്കകളെ തെളിനീരാക്കി.
അന്നും അഹസ്വേരുസ് എസ്‌തേറിനെ സന്ദര്‍ശിച്ചു. അറിയപ്പെടാതെ തിളയ്ക്കുന്ന കടലില്‍ കൊടുങ്കാറ്റിനെ ശാന്തമാക്കിയവളെ അദ്ഭുതത്തോടെ നോക്കി.
ചക്രവര്‍ത്തി പറഞ്ഞു:
''നീ പേര്‍ഷ്യയുടെ അമ്മയാണ്.''
''എനിക്ക് ആ കവിത മനസ്സിലായില്ല.''
അവള്‍ കിലുങ്ങി.
''ഞാനെന്റെ ഥാരിയുടെ മാത്രം അമ്മയാണ്.''
ചക്രവര്‍ത്തി അവളുടെ അണിവിരലില്‍ ഒരു വജ്രമോതിരമണിയിച്ചു.
അനുരാഗസാന്ദ്രമായ മധുരമായ വാക്കുതിര്‍ന്നു:
''അല്ല എസ്‌തേര്‍, നീ നെഹാമിയായുടെ അമ്മയാണ്. ഷബാനിയുടെയും സേരെഷിന്റെയും അമ്മയാണ്. എന്റെയും നാടിന്റെയും അമ്മയാണ്.''
അനുരാഗസാന്ദ്രമായ മധുരവാക്കുകളോടെ രാജാവ് എസ്‌തേറിന്റെ അധരങ്ങളില്‍ അധരങ്ങള്‍ ചേര്‍ത്തു.
പെട്ടെന്നു കുളിര്‍ന്നുണര്‍ന്ന ഒരു ബാഷ്പബിന്ദു അവളുടെ കാര്‍മിഴിത്തുമ്പില്‍ വന്നുനിന്നു. ഒരു ചെമ്പനീര്‍മൊട്ടു വിരിയുംപോലെ ചുണ്ടുകളില്‍ പുഞ്ചിരിയും തെളിഞ്ഞു.
എന്തു മറുപടി പറയണമെന്നു നിശ്ചയമില്ലാതെ എസ്‌തേര്‍ മഹാരാജാവിന്റെ നെഞ്ചോട് അകലാനാവാത്തത്ര അടുത്തുചേര്‍ന്നുകിടന്നു.
(അവസാനിച്ചു)