മൊര്‍ദെക്കായ് രാജാവിനെയും രാജ്ഞിയെയും എഴുന്നേറ്റു നിന്നു വണങ്ങി.
''നേരത്തെ, മൂന്നുമാസംമുമ്പ് രാജമുദ്ര പതിച്ചിറക്കിയ ഒരു ഉത്തരവിനെക്കുറിച്ചു ബോധിപ്പിക്കാനുണ്ട്.''
രാജാവും രാജ്ഞിയും ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.
''അത് ഏതു നിയമമാണ്?''
രാജ്ഞിയുടെ ഗൗരവപൂര്‍ണമായ ചോദ്യം.
''രാജ്യത്തിലെ യഹൂദജനതയ്‌ക്കെതിരായ നിയമം.''
പ്രധാനസചിവന്‍ വ്യക്തമാക്കി.
''നമ്മുടെ മഹാരാജ്ഞിക്കും ജനങ്ങള്‍ക്കുമെതിരായ നിയമം എഴുതിയുണ്ടാക്കിയവന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.''
രാജാവ് ഉടന്‍ പ്രതികരിച്ചു.
''പക്ഷേ, മഹാരാജന്‍, ആ നിയമം അടിയങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്.''
മുഖ്യസചിവന്റെ വിശദീകരണം രാജാവ് സൗമനസ്യത്തോടെ കേട്ടു.
''നമുക്കതു വ്യക്തമായിട്ടുണ്ട് മൊര്‍ദെക്കായ്. മഹാരാജ്ഞി ആ നിയമത്തിന്റെ ബുദ്ധിമുട്ടുകള്‍ നമ്മെ ധരിപ്പിച്ചുണ്ട്.''
രാജാവ് എസ്‌തേറിനെ നോക്കി. അവള്‍ പുഞ്ചിരിച്ചു.
പ്രധാന സചിവന്‍ തുടര്‍ന്നു:
''അതുകൊണ്ട് ആ നിയമം റദ്ദു ചെയ്യാനുള്ള കല്പന പുറപ്പെടുവിപ്പിക്കാന്‍ മഹാരാജാവിനോടു ശുപാര്‍ശ ചെയ്യുന്നു.''
രാജ്ഞി പ്രധാനസചിവനെ പിന്താങ്ങി.
''പക്ഷേ... അതെങ്ങനെ സാധ്യമാവും?''
രാജാവ് പണ്ഡിതന്മാരോട് ആരാഞ്ഞു. അവരിലാെരാള്‍ എഴുന്നേറ്റു.
''സത്യമാണു രാജന്‍. രാജമുദ്ര പതിച്ച നിയമങ്ങള്‍ ആര്‍ക്കും ഒരിക്കലും റദ്ദു ചെയ്യുവാനാവില്ല.''
പണ്ഡിതന്റെ അഭിപ്രായം പ്രധാനസചിവന്റെയും മഹാരാജ്ഞിയുടെയും മുഖത്തെ പ്രകാശം കെടുത്തി. രാജസഭ തലപുകഞ്ഞു ചര്‍ച്ച ചെയ്തു. എങ്ങിനെയെങ്കിലും തലയ്ക്കു മുകളില്‍ വാളുപോലെ തൂങ്ങിക്കിടക്കുന്ന ആ ഭീതി ഇല്ലാതാക്കണം.
മറ്റൊരു നിയമജ്ഞന്‍ അതിനൊരു പരിഹാരം കണ്ടെത്തി. അയാള്‍ രാജാവിനോടുണര്‍ത്തിച്ചു:
''രാജമുദ്ര പതിച്ച നിയമങ്ങള്‍ റദ്ദാവുകയില്ലെങ്കിലും നിര്‍ജീവമാക്കാന്‍ കഴിയും.''
ആ നിര്‍ദേശം രാജാവിനും രാജ്ഞിക്കും പ്രധാനസചിവനും ഇഷ്ടപ്പെട്ടു.
''എന്നാല്‍, ഇന്നുതന്നെ നമ്മുടെ എഴുത്തുകാരെ വിളിച്ചുചേര്‍ക്കുക. പ്രധാനസചിവന്റെ നേതൃത്വത്തില്‍ വേഗത്തില്‍ ഒരു വിളംബരം തയ്യാറാക്കി രാജ്യം മുഴുവനും എത്തിക്കുക.''
രാജകല്പന ഉയര്‍ന്നു.
രാജ്ഞിയുടെ മുഖത്തുനിന്ന് അസ്തമിച്ചുപോയ വെളിച്ചം തിരിയെ എത്തി.
കല്പനപോലെ...
മൊര്‍ദെക്കായ് ആഹ്ലാദപൂര്‍വം മഹാരാജാവിനെ വണങ്ങി.
എത്രയും വേഗത്തില്‍ അദ്ദേഹം എഴുത്തുവിദഗ്ധരെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. പ്രധാന നിയമമായതിനാല്‍ പേര്‍ഷ്യാ സാമ്രാജ്യത്തിന്റെ ഔദ്യോഗികഭാഷകളിലും എല്ലാ പ്രദേശികഭാഷകളിലും അതു രൂപപ്പെടുത്താന്‍ നൈപുണ്യമുള്ള ഭാഷാപണ്ഡിതര്‍ എത്തിച്ചേര്‍ന്നു. വ്യാഖ്യാനത്തില്‍ ഒരല്പംപോലും സംശയമില്ലാതിരിക്കാനാണ് നിയമം വിവിധ ഭാഷകളില്‍ എഴുതപ്പെട്ടത്.
മരവിപ്പിക്കപ്പെടേണ്ട നിയമമെങ്ങനെയാണോ അപ്രകാരം തന്നെയാണ് പുതിയതും നിര്‍മിച്ചത്. ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള രാജ്യത്തിലെ നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെയും ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും കല്പന എത്തിച്ചു. ഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലും എഴുതപ്പെട്ടു.
ചക്രവര്‍ത്തിയായ അഹസ്വേരുസിന്റെ നാമത്തില്‍ എഴുതി രാജമുദ്രപതിപ്പിച്ചു. കൊട്ടാരം ലായത്തില്‍ വളര്‍ന്നവയും രാജകീയാവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളാണ് അഞ്ചലോട്ടയാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. അതിവേഗമുള്ള അത്തരം കുതിരപ്പറത്താണ് ദൂതന്മാര്‍ നിയമം രേഖപ്പെടുത്തിയ കത്തുകളുമായി പാഞ്ഞുപോയത്.
പേര്‍ഷ്യാ മഹാരാജ്യത്തിലെ എല്ലാ പ്രവിശ്യകളിലും വര്‍ഷത്തിന്റെ പന്ത്രണ്ടാം മാസമായ ആദാര്‍ പതിമ്മൂന്നാം തീയതി നഗരങ്ങള്‍തോറും യഹൂദരോട് ഒന്നിച്ചുകൂടാന്‍ നിയമം അനുശാസിച്ചു. തങ്ങളെ ആക്രമിക്കാനെത്തുന്ന ജനങ്ങളെയും അവരുടെ ആയുധശക്തിയെയും ചെറുക്കാനും അവരെ നിഷ്‌കരുണം വധിക്കാനും നിയമം അനുമതി നല്കി. അത്തരം ദുഷ്ടന്മാരുടെ സ്ത്രീകളെയും കുട്ടികളെയുമടക്കം നശിപ്പിക്കുക, അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുക - എന്നിങ്ങനെ അതിവിപുലമായ അധികാരമാണ് യഹൂദര്‍ക്ക് ഈ നിയമംവഴി കരഗതമായത്.
അഹസ്വേരുസ് ചക്രവര്‍ത്തിയുടെ രാജമുദ്ര പതിച്ച പുതിയനിയമത്തിന്റെ പകര്‍പ്പുകള്‍ സകലര്‍ക്കും കാണാവുന്ന വിധത്തില്‍ പൊതുസ്ഥലങ്ങളില്‍ പതിച്ചു. ആ നിയമങ്ങളില്‍ അനുശാസിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ മറ്റു ഗോത്രങ്ങള്‍ യഹൂദരെ അനുവദിക്കണമെന്നു കല്പനയായി.
ആ ഉത്തരവിന്റെ സാരം ഇപ്രകാരമാണ്:
''ഈ വരുന്ന ആദാര്‍മാസം പതിമ്മൂന്നാംതീയതി ചില ഗോത്രങ്ങളും അവരെ അനുകൂലിക്കുന്ന ശത്രുക്കളും നമ്മുടെ ജനതയായ യഹൂദരെ നശിപ്പിക്കാനായി ഒത്തുചേരുന്നുവെന്നു നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഒത്തുകൂടി ആക്രമണം നടത്തുന്നവരെ ജനങ്ങള്‍ കണ്ടെത്തണം. അവരുടെ പിടിയില്‍നിന്ന് യഹൂദരെ രക്ഷിക്കാനുള്ള സഹായങ്ങള്‍ നല്കാന്‍ തയ്യാറാവണം. യഹൂദര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്.''
അധികാരം ആരെയും ഉപദ്രവിക്കാനുള്ള ഉപകരണമല്ല. അയോഗ്യമായി അധികാരം കൈയാളുന്നവന്‍ രാജ്യത്തിന് ആപത്താണ്. അവരുടെ വിനാശകരമായ പ്രവൃത്തികള്‍ ജനങ്ങളില്‍ അന്തശ്ഛിദ്രമുണ്ടാക്കും. ജനജീവിതം താളംതെറ്റും.
നമ്മുടെ പ്രജകളെ അങ്ങനെ ഞെരുക്കിക്കളയാന്‍ നാം ആരെയും അനുവദിക്കുകയില്ല. രാജ്യദ്രോഹികളെ ഇല്ലാതാക്കുന്നത് രാജ്യത്തിന്റെ ഐശ്വര്യമാണ്. അവരുടെ മധുരമായ വാക്കുകളില്‍പ്പൊതിഞ്ഞ വാഗ്ദാനങ്ങള്‍ നിങ്ങളെ വഞ്ചിക്കും. അതിനുള്ളില്‍ ആപത്തൊളിഞ്ഞിരിപ്പുണ്ട്. ജനങ്ങള്‍ക്കെതിരേ മാത്രമല്ല, ഉപകാരികള്‍ക്കെതിരേയും ഗൂഢാലോചന നടത്തുകയാണവര്‍ ചെയ്യുന്നത്.
കൃതജ്ഞതയുടെ അര്‍ത്ഥംപോലും അറിയാത്തവരാണവര്‍.
അധികാരസ്ഥാനങ്ങളില്‍ നിയുക്തരായവര്‍ പലപ്പോഴും നിഷ്‌കളങ്കരുടെ രക്തം ചൊരിയാന്‍ കാരണക്കാരായിട്ടുണ്ട്. ഇവരുടെ മുഖമുദ്ര നീചമായ വഞ്ചനയാണ്.
അതുമൂലം അവര്‍ പരമാധികാരികളുടെ ആത്മാര്‍ഥമായ സന്മനസ്സിനെയും കബളിപ്പിക്കുന്നു.
പുരാതനരേഖകളില്‍ നാം വായിച്ചറിഞ്ഞതിനെക്കാള്‍ കൂടുതല്‍ വഞ്ചനയും ചതിയും ഇക്കാലത്തു വര്‍ധിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുള്ള വിദ്രോഹപ്രവൃത്തികളും ഇല്ലാതാക്കി ഭാവിയില്‍ നമ്മുടെ സാമ്രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും ഇടയില്‍ ശാന്തിയും സമാധാനവും പുലരാനാണ് നാം ആഗ്രഹിക്കുന്നത്. അതിനായി ഭരണരീതിക്കു മാറ്റംവരുത്താന്‍ നമുക്കു സന്തോഷമേയുള്ളൂ. കണ്‍മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങളെ സമഭാവന നിറഞ്ഞ പരിഗണനയോടെ വിധിക്കാനാണു നാം തീരുമാനിക്കുന്നത്.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ ഹമ്മേദാഥായുടെ മകനും മക്കദോനിയക്കാരനും പേര്‍ഷ്യന്‍ രക്തത്തിന് അന്യനും വിരോധിയുമായ ഹാമാന്‍ ഇത്രയുംനാള്‍ നമ്മുടെ സന്മനസ്സ് ചൂഷണം ചെയ്ത് അനുഭവിക്കുകയായിരുന്നു. എല്ലാവരും അവനെ ബഹുമാനിച്ചു.
രാജസിംഹാസനത്തിന്റെ രണ്ടാം സ്ഥാനക്കാരനായിക്കണ്ട് കുമ്പിട്ടുവണങ്ങി.
എന്നാല്‍, അധികാരത്തിന്റെ അഹങ്കാരത്താല്‍ മത്തുപിടിച്ച അവന്റെ ചിന്ത നമുക്കെതിരേ തിരിയാന്‍തുടങ്ങി. കാപട്യവും കൗശലവുംകൊണ്ട് നമ്മുടെ രക്ഷകനും ഉപകാരിയുമായ മൊര്‍ദെക്കായിയെയും നമ്മുടെ പ്രിയപ്പെട്ടവളും പട്ടമഹിഷിയുമായ എസ്‌തേറിനെയും അവരുടെ ജനങ്ങളെയും നശിപ്പിക്കാന്‍ അവന്‍ അവസരം ചോദിച്ചു.
അങ്ങനെ രാജ്യം അരക്ഷിതമാക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കി. രാജ്യാധികാരം പേര്‍ഷ്യക്കാരില്‍നിന്നു മക്കദോനിയരിലേക്കു പകരാനുള്ള ഉപായമായി അതിനെ മാറ്റി.
അതിനാല്‍, ദേശദ്രോഹിയായ ഹാമാന്‍ നമ്മുടെ രാജമുദ്രചാര്‍ത്തി അയച്ച കത്തുകള്‍ നടപ്പിലാക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്ര കഠിനമായ രാജ്യദ്രോഹം പ്രവര്‍ത്തിച്ച അവനെ, അര്‍ഹമായ ശിക്ഷവിധിച്ചു നഗരകവാടത്തില്‍ കഴുവേറ്റിയ കാര്യം നിങ്ങള്‍ക്കറിയാമല്ലോ.''
കല്പന പ്രസിദ്ധീകരിച്ചതോടെ സൂസാനഗരമാകെ ആര്‍പ്പുവിളികളുയര്‍ന്നു. എല്ലാവരും ആഹ്ലാദിച്ചു.
പ്രധാനസചിവനായ മൊര്‍ദെക്കായ് അധികാരചിഹ്നങ്ങളോടെ, നീലയും വെള്ളയും നിറമുള്ള രാജകീയവസ്ത്രവും സ്വര്‍ണക്കിരീടവും നേരിയ ചണനൂല്‍കൊണ്ടുള്ള ചുവന്ന മേലങ്കിയും ധരിച്ചു രാജകീയരഥത്തില്‍ നഗരംചുറ്റി.
ജീവന്‍ തിരിച്ചുകിട്ടിയതുപോലെ യഹൂദജനത ആശ്വസിച്ചു. രാജാവിന്റെ പ്രത്യേകസംരക്ഷണം ലഭിക്കുന്നതിനാല്‍ മറ്റുള്ളവരും പേടിമൂലം യഹൂദരാണ് ഞങ്ങളുമെന്ന് മേനിപറഞ്ഞു തുടങ്ങി. ഭാഷയിലും വേഷത്തിലും ആചാരങ്ങളിലുമെല്ലാം അവരെപ്പോലെയാകാനും സ്വന്തം അസ്തിത്വം മറച്ചുപിടിച്ച് മരണത്തില്‍നിന്നു രക്ഷപ്പെടാനും ശ്രമിച്ചു.
അന്നത്തെ പട്ടാളനടപടിയില്‍നിന്ന് ഹാമാന്റെ ഭാര്യ സേരെഷും പത്തു മക്കളും ഭാര്യമാരും ഓടിരക്ഷപ്പെട്ടിരുന്നു. അവര്‍ അങ്ങകലെ വനമേഖലയില്‍ ഒളിച്ചു. കുന്നുകളും ഉള്‍ക്കാടുകളും ഗുഹകളും ഉള്ള ഇടുങ്ങിയസ്ഥലം. അവിടെ താമസിച്ചുകൊണ്ട് ഹാമാന്റെ മക്കള്‍ അഹസ്വേരുസിനെതിരേ പടനയിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി.
കാലങ്ങളോളം അവരുടെ വിശ്വസ്തരായി കഴിഞ്ഞിരുന്ന യോദ്ധാക്കളെയും മറ്റു പോരാളികളെയും വിളിച്ചുകൂട്ടി. അഗാഗു ഗോത്രജനങ്ങളെയും, പേര്‍ഷ്യന്‍ നിയമങ്ങളോടും ഭരണത്തോടും പൊതുവെ വിരോധമുള്ളവരെയും പലവിധ വാഗ്ദാനങ്ങള്‍ നല്കി ഒന്നിച്ചുചേര്‍ത്തു. കിട്ടാവുന്നിടത്തുനിന്നൊക്കെ ആയുധങ്ങളും ധനധാന്യങ്ങളും കൊള്ള ചെയ്തു.
എല്ലാ നീക്കങ്ങളുടെയും മുഖ്യആസൂത്രകന്‍ ഹാമാന്റെ മൂത്തപുത്രന്‍ പാര്‍ഷാന്‍ദാഥായാണ്. ഒരു സമാന്തരഭരണകൂടംപോലെ പ്രവര്‍ത്തിച്ചു. ഭരണത്തിന്റെ രാജാവായി അവന്‍ സ്വയം അവരോധിച്ചു.
സങ്കേതത്തില്‍ അനുചരന്മാരായി വന്നുചേര്‍ന്നവരോട് പാര്‍ഷാന്‍ദാഥ പ്രഖ്യാപിച്ചു:
''ഇത് നമ്മുടെ ജീവന്മരണപോരാട്ടമാണ്. മക്കദോനിയക്കാരായ നമ്മള്‍ പേര്‍ഷ്യന്‍ അധികാരത്തെ മാനിക്കുന്നില്ല. ഈ രാജാവിനെ താഴെ വീഴ്ത്തുംവരെ നമ്മുടെ പോരാട്ടം തുടരും. സ്വതന്ത്ര മക്കദോനിയയാണ് നമ്മുടെ ലക്ഷ്യം.''
സഭാവാസികള്‍ ഉച്ചത്തില്‍ വിളിച്ചുകൂവി.
''പാര്‍ഷാന്‍ദാഥാ... പാര്‍ഷാന്‍ദാഥാ...''
ഹാമാന്റെ നേതൃത്വത്തില്‍ രാജാവിനെ തെറ്റിധരിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ രാജശാസനത്തിന്റെ സാരം അനുകൂലികളെ പറഞ്ഞു വ്യക്തമാക്കാനാണ് അയാള്‍ ഊന്നല്‍ നല്കിയത്.
നിയമം അങ്ങനെ സജീവമാക്കി നിര്‍ത്തുമ്പോള്‍ കുറെയധികം ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ കൂടെച്ചേരാതിരിക്കില്ലെന്നാണ് സംഘത്തിന്റെ കണക്കുകൂട്ടല്‍.
അതുവഴി പേര്‍ഷ്യാസാമ്രാജ്യത്തെ ശക്തിഹീനമാക്കാനും ജനങ്ങളെ രണ്ടുതട്ടിലാക്കാനും കഴിയുമെന്നുമാണ് തീവ്രവാദസംഘത്തിന്റെ വിശ്വാസം.