•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം: ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടും സ്ഥലവും വിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണം നിശ്ചയിച്ചു. സിസിലിയെയും ഭര്‍ത്താവ് തോമസിനെയും കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലാണ് സിസിലിയും കുടുംബവും താമസിക്കുന്നതെന്നു മനസ്സിലാക്കി അവര്‍ അന്വേഷിച്ച് അവിടെയെത്തി. പഴയ കൂട്ടുകാരിയെ കണ്ടപ്പോള്‍ സിസിലിക്ക് ഒരുപാട് സന്തോഷമായി. 
(തുടര്‍ന്നു വായിക്കുക) 

''വാ... അകത്തിരുന്നു സംസാരിക്കാം.'' സിസിലി സൂസമ്മയെയും ജയേഷിനെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി സ്വീകരണമുറിയിലെ കസേരയിലിരുത്തി.
''സൂസമ്മയ്ക്കറിയാല്ലോ, ഞങ്ങള് മൂവാറ്റുപുഴേന്ന് വീടു വിറ്റ് ആദ്യം പോയത് തോപ്രാംകുടിക്കാ. അവിടെ അഞ്ചേക്കര്‍ കുരുമുളകുതോട്ടമായിരുന്നു. നല്ല ആദായമുള്ള തോട്ടമായിരുന്നു. ഞങ്ങടെ ഭാഗ്യം തെളിഞ്ഞൂന്ന് ഞങ്ങളു വിചാരിച്ചു. കുരുമുളകിനു വെലയുള്ള കാലം. മൂന്നാലുവര്‍ഷം സന്തോഷായിട്ടു കഴിഞ്ഞു. പക്ഷേ, ഞങ്ങടെ ഗതികേടിന് നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ രോഗംവന്ന് കുരുമുളകെല്ലാം ഒണങ്ങിപ്പോയി. കിട്ടിയ വിലയ്ക്ക് ആ സ്ഥലം വിറ്റിട്ട് ഇങ്ങോട്ടുപോന്നു. ഇവിടെ ഏഴേക്കര്‍ സ്ഥലം മേടിച്ചു. കുറെ പാഴ്മരങ്ങളല്ലാതെ വേറൊന്നും ഒണ്ടായിരുന്നില്ല. 
തോമാച്ചായന്‍ അധ്വാനിച്ച് തെങ്ങും കുരുമുളകുമൊക്കെ നട്ടുപിടിപ്പിച്ച് ഒരുവിധം കരപറ്റി വന്നപ്പഴാ ആ ദുരന്തമുണ്ടായത്. സിസിലി ഒന്നു നിറുത്തിയിട്ട് തോര്‍ത്തെടുത്തു കണ്ണും മുഖവും തുടച്ചു.
''എന്നതാ?'' സൂസമ്മയുടെ ആകാംക്ഷ വര്‍ധിച്ചു.
''ഇവിടുന്ന് രണ്ടുമൂന്നു കിലോമീറ്റര്‍ അപ്പുറം വനമാ. ഒരിക്കല്‍ ഒരു കാട്ടാന തീറ്റതേടി നമ്മുടെ പറമ്പില്‍വന്നു. തെങ്ങും കുരുമുളകുമൊക്കെ നശിപ്പിക്കുന്നതു കണ്ടപ്പം അതിനെ ഓടിക്കാന്‍ തോമാച്ചായനും കൂട്ടുകാരും കൂടി പടക്കം പൊട്ടിച്ചു. ആന ചിന്നം വിളിച്ചോണ്ട് പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്നവരൊക്കെ ഓടി. തോമാച്ചായന്‍ ഓടുന്നതിനിടയില്‍ ഒരു വള്ളിയില്‍ തട്ടിവീണു. ആന പാഞ്ഞു വന്ന് തോമാച്ചായനെ...'' മുഴുമിപ്പിക്കാനാവാതെ സിസിലി വിതുമ്പി.
''ചവിട്ടേറ്റ് തോമാച്ചായന്റെ ശരീരം ചതഞ്ഞരഞ്ഞുപോയി. ആ മുഖത്ത് ഒരന്ത്യചുംബനം നല്‍കാന്‍പോലും എനിക്കോ മക്കള്‍ക്കോ കഴിഞ്ഞില്ല. മരിച്ചടക്കിന് ഈ നാടുമുഴുവന്‍ ഒണ്ടായിരുന്നു. എല്ലാര്‍ക്കും ഉപകാരിയായിരുന്നതുകൊണ്ട് തോമാച്ചായനെ ഈ നാട്ടിലെല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.''
''എത്ര വര്‍ഷമായി?''
''എട്ടുവര്‍ഷം കഴിഞ്ഞു.'' ഒന്നു നെടുവീര്‍പ്പിട്ട് സിസിലി തുടര്‍ന്നു: ''തോമാച്ചായന്‍ പോയതിനുശേഷം ഞങ്ങടെ കണ്ണീരു തോര്‍ന്നിട്ടില്ല സൂസമ്മേ. മക്കളെ പട്ടിണിക്കിടാതിരിക്കാന്‍ ഞാന്‍ ഒരുപാടു ബുദ്ധിമുട്ടി. രണ്ടുപെണ്‍മക്കളെയല്ലേ ദൈവം എനിക്കു തന്നുള്ളൂ. സഹായത്തിന് ഒരാണ്‍തരിയെപ്പോലും തന്നില്ലല്ലോ.''
''ങ്ഹ..., അതു ചോദിക്കാന്‍ മറന്നു. ടെസിയും എല്‍സും എവിടെ? രണ്ടുപേരുടെയും കല്യാണം കഴിഞ്ഞോ?''
''ടെസിയുടെ കല്യാണം കഴിഞ്ഞു. ഇവിടുന്ന് പത്തിരുപതു കിലോമീറ്റര്‍ ദൂരെ പുല്ലാനിക്കുന്ന് എന്ന സ്ഥലത്താ കെട്ടിച്ചിരിക്കുന്നത്. ഒരുപാട് കാശൊന്നും കൊടുക്കാന്‍ പാങ്ങില്ലാതിരുന്നതുകൊണ്ട് ഒരു സാധാരണ കുടുംബത്തിലാ കൊണ്ടെക്കെട്ടിച്ചത്. അവള്‍ക്ക് രണ്ടുപെണ്‍മക്കള്. പക്ഷേ, അവളുടെ ജീവിതവും ദുരിതത്തിലാ. കെട്ടിയോന്‍ കുടിയനാ. കുടിച്ചിട്ടു വന്ന് അവളെ തല്ലും. സ്ത്രീധനം ഒന്നും കൊടുത്തില്ലെന്നാ പരാതി. അമ്മായിയമ്മേം പോരെടുക്കും. ഓരോന്നു പറഞ്ഞ് അവളെ കുത്തിനോവിക്കാനേ അവര്‍ക്കു നേരമുള്ളൂ. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം. അവളാണെങ്കില്‍ ഇവിടെ വന്നു കരച്ചിലും പിഴിച്ചിലും. ബന്ധം വേര്‍പെടുത്തിയാലോന്നു പലവട്ടം ആലോചിച്ചതാ. രണ്ടു പെണ്‍കുഞ്ഞുങ്ങളെയുംകൊണ്ട് ഇവിടെവന്ന്  എങ്ങനെ ജീവിക്കാനാ? രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞങ്ങളു പെടുന്ന പാട് ഞങ്ങക്കല്ലേ അറിയൂ. അതുകൊണ്ട് ഞാന്‍ പറഞ്ഞു സഹിച്ചും ക്ഷമിച്ചുമൊക്കെ അവിടെ നില്‍ക്കാന്‍. അല്ലാതെ എല്ലാത്തിനേം എനിക്കു പോറ്റാന്‍ പറ്റുമോ?'' സിസിലി കീഴോട്ടു നോക്കി ദുഃഖിതയായി ഇരുന്നു.
''എല്‍സ?''
''അവളിവിടെ ഒണ്ട്. ഇവിടടുത്തൊരു വീട്ടില്‍ അവളു കുറെ കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നുണ്ട്. മാസം ആറേഴായിരം രൂപ കിട്ടും. ആ കാശുകൊണ്ടാ പട്ടിണി കിടക്കാതെ ജീവിച്ചുപോകുന്നത്. പറമ്പീന്ന് ആദായമൊന്നുമില്ല. കൃഷി ചെയ്യുന്നതൊക്കെ പന്നീം കുരങ്ങും മയിലുമൊക്കെവന്ന് തിന്നു മുടിച്ചിട്ടു പോകും. മൂവാറ്റുപുഴേന്ന് ഇങ്ങോട്ടു പോരണ്ടായിരുന്നൂന്ന് പലപ്പോഴും തോന്നീട്ടുണ്ട്. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.''
''സിസിലിയും തോമാച്ചായനും ഇവിടെ വലിയ വീടുവച്ച് സന്തോഷമായി കഴിയുകയാന്നാ ഞങ്ങളു വിചാരിച്ചത്. ഒരുപാട് നാളായി വിവരമൊന്നും ഇല്ലായിരുന്നല്ലോ.''
''തോമാച്ചായന്‍ മരിച്ചതിനുശേഷം സന്തോഷം എന്തെന്നു ഞാന്‍ അറിഞ്ഞിട്ടില്ല. സൂസമ്മേ. ഇതിനിടയില്‍ വേറൊരു ദുരന്തം കൂടിയുണ്ടായി. എല്‍സ ഒരിക്കല്‍ കോളേജ് വിട്ടുവരുന്ന വഴി അവളെ ഒരു ജീപ്പു വന്ന് ഇടിച്ചുവീഴ്ത്തി. അവളുടെ കാലിന് ഫ്രാക്ചര്‍ ഉണ്ടായി. ഇപ്പം ചട്ടിചട്ടിയാ നടപ്പ്. ചട്ട് മാറണമെങ്കില്‍ ഒരു  ഓപ്പറേഷന്‍ നടത്തണമെന്നാ ഡോക്ടര്‍ പറഞ്ഞത്. അതിന് ഒരുപാട് കാശാകും. എനിക്ക് എവിടെയാ കാശ്? കല്യാണം കഴിച്ചുവിടാന്‍പോലും നയാപൈസയില്ല. പിന്നെയാ ഓപ്പറേഷന്‍. അവള്‍ക്ക് ഒരുപാട് സങ്കടമുണ്ട്. പക്ഷേ എന്റെ കണ്ണീരു കാണുമ്പം എല്ലാ സങ്കടവും അവള്‍ ഉള്ളിലൊതുക്കും.''
''തോമാച്ചായന്റെ വീട്ടുകാരൊന്നും സഹായിക്കാറില്ലേ?''
''സഹായിക്കാന്‍ പോയിട്ട് ഒന്നു വരാറുപോലുമില്ല. മരിച്ചു കഴിഞ്ഞ് ഒന്നോ രണ്ടോ തവണ വന്നു. കുറച്ചു കാശു ചോദിച്ചപ്പം നോക്കട്ടേന്നു പറഞ്ഞ് ഇറങ്ങി പ്പോയതാ. പിന്നെ വന്നിട്ടില്ല. എന്റെ വീട്ടുകാര്‍ക്ക് അധികം സാമ്പത്തികം ഇല്ലെന്നു സൂസമ്മയ്ക്കറിയാല്ലോ. എന്നാലും, ആങ്ങള ഇടയ്ക്കിടെ വന്ന് ഇത്തിരി കാശുതന്നിട്ടു പോകും. അതുകൊണ്ടെന്താകാന്‍. ഈ സ്ഥലം വിറ്റിട്ട് നാട്ടിലേക്കെങ്ങാനും പോരാന്നു വച്ചാല്‍ വാങ്ങാനാളുവേണ്ടേ? ആനേം കടുവേം പന്നിയുമൊക്കെ ഇറങ്ങുന്ന സ്ഥലം ഇപ്പം ആര്‍ക്കുവേണം? ചിലരൊക്കെ വന്നു നോക്കി. പ്രതീക്ഷിക്കുന്നതിന്റെ പാതിവിലപോലും ആരും പറയുന്നില്ല.''
സിസിലിയുടെ കദനകഥ കേട്ടപ്പോള്‍ സൂസമ്മയുടെ കണ്ണുനിറഞ്ഞു. ജയേഷിനും സങ്കടം വന്നു. ഇത്രയും ദുരിതം നിറഞ്ഞ ഒരു ജീവിതം ദൈവം എന്തിനാണ് ഇവര്‍ക്കു കൊടുത്തതെന്ന് അവന്‍ ഓര്‍ത്തു. താനൊക്കെ എത്രയോ ഭാഗ്യവാന്‍.
''ഇന്നു പോകണ്ടാട്ടോ. നമുക്കു രാത്രി വെളുക്കുവോളം ഇരുന്നു വര്‍ത്തമാനം പറയാം. എത്രനാളായി കണ്ടിട്ട്. ങ്ഹ ഞാന്‍ കുടിക്കാന്‍ നാരങ്ങാവെള്ളം എടുക്കാം. വന്നിട്ട് ഒന്നും തന്നില്ലല്ലോ.''
സിസിലി എണീറ്റ് അടുക്കളയിലേക്കുപോയി. പിന്നാലെ സൂസമ്മയും. നാരങ്ങാവെള്ളം എടുക്കുന്നതിനിടയില്‍ സിസിലി സൂസമ്മയോടു വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. 
ഇതിനിടയില്‍ ജയേഷ് മുറ്റത്തേക്കിറങ്ങി വീടും പരിസരവും ചുറ്റിനടന്നു കണ്ടു. വീടിന്റെ വടക്കുവശത്തുനിന്നു നോക്കിയാല്‍ ദൂരെ വലിയ മലനിരകള്‍ കാണാം. മലഞ്ചെരിവിലൂടെയുള്ള റോഡില്‍ കളിപ്പാട്ടവണ്ടികള്‍ പോകുന്നപോലെ ലോറിയും കാറുമൊക്കെ പോകുന്ന കാഴ്ച ഹൃദ്യമായിരുന്നു. 
മുറ്റത്തരികില്‍ ഒരുപാട് പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. റോസാച്ചെടികള്‍ നിറയെ പൂക്കള്‍. ഒരെണ്ണം  പറിച്ചെടുത്തു ജയേഷ് മണത്തു നോക്കി. നല്ല മണം.
കാഴ്ചകള്‍ കണ്ടു നില്ക്കുമ്പോള്‍ ദൂരെനിന്ന് ഒരു യുവതി നടന്നുവരുന്നതു കണ്ടു.
ഏന്തിയേന്തിയാണു നടപ്പ്. കണ്ടതേ മനസ്സിലായി വരുന്നത് എല്‍സയാണെന്ന്.
അടുത്തുവന്നതും കണ്ണുകള്‍ കൂട്ടിമുട്ടി. ജയേഷ് പുഞ്ചിരിച്ചപ്പോള്‍ എല്‍സയും ചിരിച്ചു. ഒന്നും മിണ്ടാതെ അവള്‍ ഏന്തിയേന്തി വരാന്തയിലേക്കു കയറി മുറിയിലേക്കു പോയി.
പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ജയേഷ് മുറ്റത്ത് ചുറ്റിപ്പറ്റി നിന്നതേയുള്ളൂ. തെല്ലു കഴിഞ്ഞപ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി സിസിലി എല്‍സയെയും കൂട്ടി മുറ്റത്തേക്കു വന്നു. നാരങ്ങാവെള്ളം നീട്ടുന്നതിനിടയില്‍ സിസിലി ജയേഷിനോടു ചോദിച്ചു.
''മോന്‍ ഓര്‍ക്കുന്നില്ലേ എല്‍സയെ?''
''ഉം.'' ഓര്‍മയില്‍ വന്നില്ലെങ്കിലും ഉണ്ട് എന്ന അര്‍ഥത്തില്‍ തലയാട്ടി. 
''ഞങ്ങളവിടെനിന്നു പോരുമ്പം എല്‍സയ്ക്ക് മൂന്നു വയസ്സ്. അതുകൊണ്ട് ഇവള്‍ക്കു നിന്നെ അത്ര ഓര്‍മയില്ല. അതുകൊണ്ടാ ഒന്നും മിണ്ടാതെ അവള്‍ അകത്തേക്കു കേറിപ്പോയത്.''
ജയേഷ്  ചിരിച്ചതേയുള്ളൂ. നാരങ്ങാവെള്ളം കുടിച്ചിട്ട് അവന്‍ ഗ്ലാസ് തിരികെനീട്ടി. 
''മോള്‍ ഈ സ്ഥലമെല്ലാം ചുറ്റിനടന്ന് ജയേഷിനെ കാണിച്ചേ. ആ പാറപ്പുറത്തൊക്കെ കൊണ്ടുപോയി താഴ്‌വാരമൊക്കെയൊന്നു കാണിച്ചുകൊടുക്ക്. വരുമ്പോഴേക്കും ഞാന്‍ ചോറും കറിയുമൊക്കെ റെഡിയാക്കി വയ്ക്കാം.''
അതു പറഞ്ഞിട്ട് സിസിലി ഗ്ലാസ് വാങ്ങി അകത്തേക്കു കയറിപ്പോയി.
''വാ... ഇവിടടുത്ത് നല്ലൊരു വ്യൂ പോയിന്റുണ്ട്. അവിടെ നിന്നാല്‍ താഴ്‌വാരവും അതിനപ്പുറത്തുള്ള മലകളുമൊക്കെ കാണാന്‍ നല്ല രസമാ.''
അതു പറഞ്ഞിട്ട് എല്‍സ മുമ്പേ നടന്നു. പിന്നാലെ ജയേഷും.
''ട്യൂഷനു പോയിരിക്കയാണെന്ന് അമ്മ പറഞ്ഞു. ഇന്നു ട്യൂഷന്‍ നേരത്തേ കഴിഞ്ഞോ?'' നടക്കുന്ന വഴി ജയേഷ് ചോദിച്ചു.
''അമ്മ വിളിച്ചു പറഞ്ഞു ഒരു ഗസ്റ്റ് വന്നിട്ടുണ്ടെന്ന്. അതുകൊണ്ട് നേരത്തേ നിറുത്തിപ്പോന്നു. സാധാരണ ശനിയാഴ്ച ഉച്ചവരെ ട്യൂഷനുള്ളതാ.''
''എത്ര കുട്ടികളുണ്ട്?''
''പന്ത്രണ്ടു കുട്ടികളേ ഉള്ളൂ. വേറേ ജോലിയൊന്നും കിട്ടാത്തതുകൊണ്ട് പോകുന്നൂന്നുമാത്രം. ഒരു വരുമാനമായല്ലോ.''
''എത്രവരെ പഠിച്ചു?''
''ഡിഗ്രി പാസായി. തുടര്‍ന്നു പഠിക്കാന്‍ കാശില്ലാതിരുന്നതുകൊണ്ടു പോയില്ല. പപ്പ മരിച്ചതിനുശേഷം അമ്മേടെ കണ്ണുകള്‍ തോര്‍ന്നിട്ടില്ല.''
കുറച്ചുദൂരം നടന്ന് ഒരു ഒറ്റയടിപ്പാതയിലേക്കു തിരിഞ്ഞു. കാടുപിടിച്ചവഴിയാണ്. കല്ലുംമുള്ളുമൊക്കെയുണ്ട്. സൂക്ഷിച്ചുനടന്നില്ലെങ്കില്‍ വീഴും. ജയേഷ് പതിയെയാണു നടന്നത്. 
ജയേഷ് ഒരു കയ്യാല ഇറങ്ങിയതും വേച്ചുപോയി. എല്‍സ ചാടിപ്പിടിച്ചതുകൊണ്ടു വീണില്ല. 
''ഇതുപോലത്തെ സ്ഥലത്തുകൂടിയൊന്നും നടന്നിട്ടില്ല അല്ലേ?''
''ഇല്ല. ഞങ്ങളു താമസിക്കുന്നിടത്ത് കുന്നും കയ്യാലയുമൊന്നുമില്ല.''
''എനിക്കിതെല്ലാം ഇപ്പം ശീലമാ. എത്ര വര്‍ഷമായി നടക്കാന്‍ തുടങ്ങീട്ട്.''
ഒരു ചെടിയുടെ ഇല പറിച്ച് കയ്യിലിട്ടു തിരുമ്മിയിട്ട് എല്‍സ ജയേഷിന്റെ നേരേ കൈനീട്ടി പറഞ്ഞു:
''ഒന്നു മണത്തു നോക്കിക്കേ.''
ജയേഷ് കൈ മണത്തു നോക്കി. വേറിട്ടൊരു മണം.
''എന്തു ചെടിയാ ഇത്?''
''പേരൊന്നും എനിക്കറിയില്ല. പാമ്പുവിഷത്തിനുള്ള ഒറ്റമൂലിയാ. ഈ ഇല അരച്ചു കുടിച്ചാല്‍ ഏതു വിഷവും പമ്പകടക്കും. ഇവിടൊക്കെ ഒരുപാട് പാമ്പുള്ള സ്ഥലമാണേ. ഒരിക്കല്‍ അമ്മയെ പാമ്പുകടിച്ചതാ. ഈ ഒറ്റമൂലികഴിച്ചാ രക്ഷപ്പെട്ടത്? പാമ്പ്, പന്നി, കുരങ്ങ്, എല്ലാം ഉണ്ട് ഇവിെട.
''എങ്ങനെ ജീവിക്കുന്നു ഈ മലമുകളില്‍?''
''ആദ്യമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു. ഇപ്പ ശീലായില്ലേ. ങ്ഹ ജയേഷിനെന്താ ജോലി?''
''സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാ. വര്‍ക്ക് അറ്റ് ഹോം ആയതുകൊണ്ട് വീട്ടിലിരുന്നു ചെയ്താ മതി. ഇന്നും നാളെയും ഓഫാ. ഒരു സന്തോഷവാര്‍ത്ത അറിയിക്കാനുംകൂടിയാ ഞങ്ങളു വന്നേ.''
എന്തേ എന്ന അര്‍ഥത്തില്‍ എല്‍സ തലതിരിച്ചു നോക്കി. 


(തുടരും)
            

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)