•  26 Dec 2024
  •  ദീപം 57
  •  നാളം 42
നോവല്‍

ചക്രവര്‍ത്തിനി

അവളുടെ മനസ്സിലേക്കൊരു  മിന്നല്‍പ്പിണര്‍ പാഞ്ഞിറങ്ങി.  പുകയും തീയുമായത് അകംനിറയെ വേരോടിനിന്നു.
എസ്‌തേറിന്റെ ചിന്തകള്‍ അസ്വസ്ഥമായി. ചേക്കേറാന്‍ ഇടമില്ലാതെ കൂടുവിട്ട പക്ഷിയെപ്പോലെയായി ഹൃദയം. ആലംബമില്ലാത്ത ഊഞ്ഞാല്‍പോലെ. 
എങ്ങോട്ടെങ്കിലും ആടിപ്പൊങ്ങിയുലഞ്ഞ് അതു വീണുപോയേക്കാം.
 ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും പച്ചത്തുരുത്ത് മനസ്സില്‍നിന്ന് ഇരുണ്ടുമാഞ്ഞു പോവുകയാണോ? നെഹമിയ കരയുകയാണ്. അകലെയെങ്ങോ?
തേന്‍തുള്ളിപോലെ അത് ഇറ്റുവീഴുകയാണ് ഹൃദയത്തിലേക്ക്.
''ഷബാനി എവിടെയാണ്? കുഞ്ഞിന്റെ കരച്ചില്‍ അവളറിഞ്ഞില്ലെന്നുണ്ടോ?''
എസ്‌തേര്‍ തോഴിയെ വിളിച്ചു.
''കുട്ടിയെ കൊണ്ടുവരൂ.''
അവള്‍ വേഗത്തില്‍ കുട്ടിയുടെ അരികിലേക്ക് ഓടിപ്പോയി.
താമസിയാതെ രാജ്ഞിക്കുമുന്നില്‍ ഷബാനിയും നെഹാമിയയും എത്തി. 
കുഞ്ഞ് അമ്മയുടെ തലയിലും മുഖത്തും മാന്തിക്കളിക്കുകയാണ്. ഷബാനി അവനെ പിടിച്ചൊതുക്കാന്‍ നന്നേ പാടുപെടുന്നു.
''ഇവനെക്കൊണ്ടു ഞാന്‍ തോറ്റുട്ടോ.''
ഷബാനി ചിരിച്ചു.
''നീ ഇങ്ങു കൊണ്ടുവാ. അവനെ ഞാനൊന്നെടുക്കട്ടെ.''
എസ്‌തേര്‍ എഴുന്നേറ്റു.
ഷബാനി കുഞ്ഞിനെ കൈമാറി. നെഹമിയ ചിരിച്ചുതുള്ളിക്കൊണ്ട് രാജ്ഞിയുടെ കൈയിലേക്കു ചാടിവീണു. അവളുടെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. ശിരോവസ്ത്രം താഴേക്കു ബലമായി താഴ്ത്തി. കിലുങ്ങിയാടുന്ന കമ്മലില്‍ കുഞ്ഞുകൈ പരതിനടന്നു. പിന്നെ കൈകള്‍ ചെവിയിലും കവിളിലും തൊട്ടുഴിഞ്ഞ് മൂക്കിന്‍ തുമ്പുവരെയെത്തി. അപ്പോള്‍ ആ കുഞ്ഞിക്കൈകളിലൊരു കടികൊടുത്തുകൊണ്ട് അവള്‍ വാത്സ്യല്യത്തോടെ വിളിച്ചു:
''അമ്പടാ കള്ളാ..!''
എസ്‌തേര്‍ അവനെ നോക്കിപൊട്ടിച്ചിരിച്ചു.
 കണ്ടുനിന്ന തോഴിമാരും  അതാസ്വദിക്കുകയാണ്.
''ശ്രദ്ധിച്ചോളണേ. നിന്റടുത്തു വന്നാല്‍ അവനതു സാധിക്കും.''
ഷബാനി ചിരിച്ചുകൊണ്ട് കളിയാക്കി.
''ഒന്നു പോടീ. ഇവനെന്റെ കുഞ്ഞാ. അല്ലേടാ മോനേ?''
രാജ്ഞി കൃത്രിമകോപത്തോടെ ഷബാനിയോടെതിര്‍ത്തു. 
തുടര്‍ന്ന് കുഞ്ഞിനെ കൊഞ്ചിച്ചുകൊഞ്ചിച്ചു കളിപ്പിച്ചു.
കൈകളില്‍ പിടിച്ചുയര്‍ത്തിയിട്ട് വയറ്റത്ത് മുഖമുരസി. കുഞ്ഞുനെഹമിയ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കിക്കിളികൂട്ടാന്‍ കുഞ്ഞ് നിന്നുകൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോള്‍ കളിയൊക്കെ മാറി. എന്തു കിട്ടിയാലും വലിച്ചെറിഞ്ഞുകൊണ്ട് കരയാന്‍ തുടങ്ങി.
''വിശന്നിട്ടാവും.''
എസ്‌തേര്‍ പറഞ്ഞു.
മുലയൂട്ടുന്ന സ്ത്രീ വളരെ വേഗത്തില്‍ ഓടിവന്നു. അവള്‍ കുട്ടിയെ എടുത്തുകൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ഷബാനി തടഞ്ഞു.
''വേണ്ട. ഇപ്പോള്‍ ഞാന്‍ കൊടുത്തോളാം.''
അവള്‍ കുഞ്ഞിനെ തിരികെവാങ്ങി കട്ടിലിന്റെ മൂലയിലിരുന്ന് മുലകൊടുക്കാന്‍ തുടങ്ങി.
കുഞ്ഞ് തളിരധരങ്ങളാല്‍ പാല്‍ വലിച്ചുകുടിക്കുകയാണ്. മെല്ലെമെല്ലെ കൈകൊണ്ട് അമ്മയുടെ മുഖത്തും മാറിടത്തിലും മാറിമാറി തല്ലിക്കളിക്കുന്നുമുണ്ട്. എസ്‌തേര്‍ അമ്മയെയും കുഞ്ഞിനെയും കണ്ണിമയ്ക്കാതെ നോക്കിനിന്നു. കുഞ്ഞ് മന്ദംമന്ദം, മയക്കത്തിലേക്കു വീഴുകയാണ്.
ഷബാനീ...! നീയെത്ര ഭാഗ്യവതി. നിന്റെ വ്യഥകളുടെ കയ്പുനീര്‍ മുലപ്പാലിന്റെ മധുരമാക്കി കുഞ്ഞിനു പകരുന്നില്ലേ?  നഷ്ടങ്ങളുടെ, സങ്കടങ്ങളുടെ ഭൂതകാലത്തെ കുഞ്ഞിക്കുറുമ്പുകള്‍കൊണ്ടു മൂടിവെക്കുന്നില്ലേ?
''കുഞ്ഞുറങ്ങി. ഞാനിവനെ കിടത്തിയിട്ടുവരാം.''
ഷബാനി കുഞ്ഞിനെ തോളിലിട്ട് കുഞ്ഞിത്തുടയില്‍ താളംപിടിച്ചു, ഏതോ പാട്ടുംമൂളിക്കൊണ്ടു നടക്കാന്‍ തുടങ്ങി.
എസ്‌തേര്‍ യാന്ത്രികമായി സമ്മതിച്ചു.
അവളുടെ മുന്നില്‍ രണ്ടമ്മമാരുണ്ട്.
ഭ്രാന്തുകളിലേക്കു കൂപ്പുകുത്തിപ്പോയ ഒരമ്മ. പെറ്റുവളര്‍ത്തിയവരൊക്കെ കണ്മുന്നില്‍ നഷ്മാവുന്നതുകണ്ട് മനസ്സാടിപ്പോയവള്‍.
ഭ്രാന്തുകള്‍ക്കുള്ളില്‍നിന്നു വെളിച്ചത്തിലേക്ക് ഉണര്‍ന്ന മറ്റൊരമ്മ. പെറ്റതിനെ വളര്‍ത്താനായി നഷ്ടമായതിനെ മൂടിവയ്ക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയവള്‍.
പിന്നിലുമുണ്ട് മൂന്നാമതൊരമ്മ. നഷ്ടമായതിനുപകരം ഭര്‍ത്തൃസഹോദരപുത്രിയെ സ്വന്തം മകളാക്കാന്‍ മനസ്സിനെ പഠിപ്പിച്ചൊരമ്മ. ഉള്ളില്‍ തിളയ്ക്കുന്ന സ്‌നേഹം കാത്തുവച്ചു പിശുക്കിപ്പിശുക്കി നല്കി കൊതിപ്പിക്കുന്നൊരമ്മ.
അമ്മമാര്‍ക്കെല്ലാം ഒരേ മുഖമാണ്. ഒരേ സ്വരമാണ്. ഒരേ താളമാണ്. 
മക്കളാണു ലോകം.
മക്കളാണു ജീവന്‍.
അമ്മ സത്യമാണ്!
 അമ്മ വാത്സല്യമാണ്.... 
അമ്മമാരുടെ  സന്തോഷങ്ങളെല്ലാം മക്കളെപ്രതിയാണ്.
അവരുടെ നൊമ്പരങ്ങളും മക്കളെപ്രതിയാണ്.
ഇതില്‍ ഏതമ്മയാണു ശരി?
ഏതമ്മയാണു തെറ്റ്?
വാസ്തവത്തില്‍ അമ്മമാരുടെ പരീക്ഷയില്‍ ശരിയും തെറ്റുമില്ല. എല്ലാവരും ശരിചെയ്യുന്നു അഥവാ എല്ലാവരും തെറ്റുചെയ്യുന്നു.
ശരിതെറ്റുകള്‍ക്കിടയിലെ യാഥാര്‍ഥ്യത്തിന്റെ നൂല്‍പ്പാലത്തിലൂടെയാണ് അമ്മമ്മാരുടെ ജീവിതം. ബലംകുറഞ്ഞ ആ പാലത്തിലൂടെ നടക്കുമ്പോള്‍,പാദം എടുത്തുയര്‍ത്തിവയ്ക്കുമ്പോള്‍ ഒന്നിടറിയാല്‍മതി. എല്ലാം തകരും. അഗാധതയില്‍ ക്രൂരജന്തുക്കള്‍ മേയുന്ന ഇരുളിലേക്കു വീണുപോവും.
ഇല്ലെങ്കില്‍ വാഗ്ദാനങ്ങളുടെ, പ്രതീക്ഷകളുടെ സുഗന്ധംപരത്തുന്ന ഉദ്യാനങ്ങളിലക്ക് ഇളംകാറ്റിനൊപ്പം നടന്നണയാം.
സന്തോഷം പൊതിഞ്ഞ പൂവുകളെ സൗമ്യമായി ആസ്വദിക്കാം.
മുള്ളുകള്‍ക്കും മുരടുകള്‍ക്കുമിടയില്‍. അവിടെയുമുണ്ട് ഒളിഞ്ഞിരിക്കുന്ന തേള്‍വിഷമുനകള്‍.
അമ്മമാര്‍ സന്തോഷമാണ്, പക്ഷേ, അവര്‍ സ്വയം സങ്കടങ്ങളുമാണ്.
മനസ്സിനു തീപിടിച്ച ഒരുരാത്രി.
അന്തപ്പുരത്തില്‍ മഹാരാജാവിനോടൊത്തു ശയിക്കുകയാണ് എസ്‌തേര്‍. തന്റെ ലാളനയും പരിരക്ഷയും സ്‌നേഹവുമെല്ലാം മുഴുവനായും രാജ്ഞിയിലേക്കൊഴുക്കാന്‍ സദാ ജാഗരൂകനാണ് അഹസ്വേരുസ് ചക്രവര്‍ത്തി.
അവളുടെ മുഖം വാടാതെനോക്കണം. നൊമ്പരത്തിന്റെ ചീളുപോലും എത്താതെ ശ്രദ്ധിക്കണം. 
ഇത്രയേറെ തന്റെ ഹൃദയംകവര്‍ന്ന ഒരാളുണ്ടായിട്ടില്ല. അന്തപ്പുരത്തിലെ ഉപനാരിമാരുടെ ലീലാവിലാസങ്ങളില്‍ ശരീരം മാത്രമേയുള്ളൂ. പ്രീതിപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയല്ലാതെ അവരാരും ഹൃദയം പകര്‍ന്നിട്ടില്ല. പക്ഷേ...!
മഹാരാജ്ഞി എസ്‌തേര്‍ വ്യത്യസ്തയാണ്.
''എനിക്കൊരു അപേക്ഷയുണ്ട് മഹാരാജന്‍!''
എസ്‌തേര്‍ എന്തോ പറയാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹത്തിന്റെ ഉള്ളം ത്രസിച്ചു.
''രാജ്ഞി എന്നോട് അപേക്ഷിക്കുകയോ, ആവശ്യപ്പെട്ടാല്‍പ്പോരെ? എന്തായാലും ഞാനതു നല്കില്ലേ?''
അഹസ്വേരുസ് മനസ്സുതുറന്നു.
''ഇതു കേട്ടാല്‍ അങ്ങ് തടയരുത്. ഇഷ്ടമില്ലെങ്കില്‍പ്പോലും.''
രാജ്ഞിയുടെ മുഖവുര രാജാവിനെ ആകാംക്ഷയുടെ മുള്‍മുനയില്‍നിര്‍ത്തി.
''നീ പറയുന്നതിനോട് എനിക്ക് ഇഷ്ടക്കേടുണ്ടാകില്ല. പറഞ്ഞോളൂ.''
രാജാവ് പ്രോത്സാഹിപ്പിച്ചു. രാജ്ഞി കിടക്കയില്‍ എഴുന്നേറ്റിരുന്നു.
''അങ്ങെനിക്കു വാക്കുതരണം.''
അവളുടെ കൈകള്‍ മഹാരാജാവിന്റെ ഇരുകവിളും കവര്‍ന്നു.
അദ്ദേഹത്തിന്റെ ഹൃദയം അലിഞ്ഞുപോയി.
''ഇതാ വാക്കു തരുന്നു.''  രാജാവ് സമ്മതം മൂളി.
എസ്‌തേര്‍ മഹാരാജാവിന്റെ നെഞ്ചോടുചേര്‍ന്നു കിടന്നു.
ഹൃദയമിടിപ്പ് ചെവികളില്‍ വന്നുതട്ടുന്നുണ്ട്.
ആ താളത്തിന്റെ പശ്ചാത്തലത്തില്‍ പതുക്കെ മൊഴിഞ്ഞു.
''മഹാരാജന്‍, എന്റെ മനസ്സുനിറയെ ആശങ്കയും ആകാംക്ഷയുമാണ്. അതില്ലാതാക്കാനായി എനിക്ക് ഒരാളെ കാണാനുണ്ട്.''
''ആരെ?''
രാജാവ് ആകാംക്ഷ പൂണ്ടു.
''അതു രഹസ്യമാണ്. പക്ഷേ, പോയേപറ്റൂ.''
രാജ്ഞി നിര്‍ബന്ധം പിടിച്ചു.
''എങ്കില്‍ ഞാനും കൂടെവരാം.''
രാജാവു പറഞ്ഞു.
''എന്റെ മനസ്സിന്റെ ഭാരമിറക്കാന്‍ ഞാനൊറ്റയ്ക്കല്ലേ പോകേണ്ടത്? അങ്ങയുടെ കാരുണ്യം ഉണ്ടായാല്‍ മതി. പോയിവരുമ്പോള്‍ എല്ലാ രഹസ്യവും പരസ്യമാകും.''
എസ്‌തേര്‍ മഹാരാജാവിന്റെ കണ്ണുകളിലേക്കുറ്റു നോക്കി. ഒരു നേരിയ പുഞ്ചിരിയുണ്ട് ചുണ്ടിലിരുന്നു കളിക്കുന്നു.
''പക്ഷേ, ഞാനൊറ്റയ്ക്കല്ല, തോഴിമാരും ഷണ്ഡന്മാരും പട്ടാളക്കാരുമടങ്ങിയ അങ്ങയുടെ ജോലിക്കാരുടെ സംരക്ഷണയിലാണ് യാത്ര.''
രാജ്ഞിയുടെ അനുനയവാക്കുകളില്‍ രാജാവു വീണു.
''എസ്‌തേര്‍, നിന്നെ എനിക്കു മനസ്സിലാവുന്നില്ല. നീയൊരു അദ്ഭുതമാണ്. ഏതായാലും ആഗ്രഹമല്ലേ നടക്കട്ടെ.''
സമ്മതം കൊടുക്കുമ്പൊഴും അഹസ്വേരുസിന്റെ മനസ്സ് ചഞ്ചലമായിരുന്നു.
രാജ്ഞി അത്യാഹ്ലാദത്തോടെ രാജാവിന്റെ മാറിലേക്കു ചാഞ്ഞുവീണു. ഉമ്മകളാല്‍ അദ്ദേഹത്തെ പൊതിഞ്ഞു.
''അങ്ങ് എന്റെ സമാധാനമാണ്. ഇനി ഞാന്‍ അങ്ങയെ എങ്ങനെയാണു സന്തോഷിപ്പിക്കേണ്ടത്?''
രാജാവിന്റെ കരങ്ങള്‍ രാജ്ഞിയുടെ പിന്നിലൂടെ വന്ന് ഒരു വലയം തീര്‍ത്തു.
പിറ്റേന്ന് അത്യാവശൃം ജോലിക്കാരുമായി രാജ്ഞി യാത്രയ്‌ക്കൊരുങ്ങി. മഹാരാജാവിനല്ലാതെ മറ്റൊരാള്‍ക്കും ഈ യാത്രയെക്കുറിച്ച് അറിയില്ല. യാത്രയ്‌ക്കൊപ്പം ഹഗായിയെയും രാജാവിന്റെ ഷണ്ഡന്‍ ഹാഥാനെയും  ഉള്‍പ്പെടുത്തി. അവശ്യംവേണ്ട തോഴിമാരും അടിമകളും പട്ടാളക്കാരും അടങ്ങുന്ന ഒരുസംഘം.
നേതൃത്വം ഹഗായിയെ ഏല്പിച്ചു. വഴികാട്ടേണ്ടതും അവനാണ്.
അവനോടുമാത്രമാണ് രാജ്ഞി ചെന്നെത്തേണ്ട സ്ഥലത്തെക്കുറിച്ചു സൂചിപ്പിച്ചത്. അതുകേട്ടു കണ്ണുതള്ളിനിന്ന അവനോടു രാജ്ഞി ഗൗരവത്തില്‍ ആജ്ഞാപിച്ചു.
''ഇതെന്റെ കല്പനയാണ്, നീയല്ലാതെ മറ്റാരും ലക്ഷ്യത്തിലെത്തുംമുമ്പ് ഇതറിയാന്‍ ഇടവരരുത്.'' 
അവന്‍ ഭയബഹുമാനങ്ങളോടെ തലകുലുക്കി.
മഹാരാജാവിന്റെ സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് യാത്രയാരംഭിച്ചത്.
യാത്രാസംഘത്തിലെ രണ്ടുപേര്‍ക്കൊഴികെ മറ്റാര്‍ക്കുമറിയില്ല ലക്ഷ്യം.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)