•  4 Jul 2024
  •  ദീപം 57
  •  നാളം 17
നോവല്‍

ചക്രവര്‍ത്തിനി

എസ്‌തേര്‍രാജ്ഞി സഞ്ചരിക്കുന്നത് നാലു കുതിരകള്‍ വലിക്കുന്ന വലിയ രാജകീയവണ്ടിയിലാണ്. അവരോടൊപ്പം പ്രധാനപ്പെട്ടവരായ രണ്ടുമൂന്നു തോഴിമാര്‍ മാത്രമേയുള്ളൂ. മറ്റുള്ളവര്‍ വേറേ വാഹനങ്ങളിലാണ്. ഹഗായിയും ഹാഥാക്കും രണ്ടു പ്രധാനഷണ്ഡന്മാരും രാജ്ഞിയുടെ വാഹനത്തിനു മുന്നിലും പിന്നിലുമായി അകമ്പടിസേവിക്കുന്നു.
കുതിരപ്പടയാളികളുടെ നിരയുമുണ്ട് അവരോടൊത്ത്.
വിദഗ്ധരായ പാചകക്കാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ദിവസത്തെ യാത്ര അതിദുഷ്‌കരമായിരുന്നു. ഊഷരഭൂമികളും മരങ്ങളില്ലാത്ത മലമ്പ്രദേശങ്ങളും കടന്ന് മരുഭൂമിയിലൂ                                                                                                                                                          ടെയുള്ള യാത്ര. മണല്‍ച്ചൂടും ചുടുകാറ്റും അസഹനീയമായിത്തീര്‍ന്നു.
സംഘാംഗങ്ങള്‍ എല്ലാവരും ക്ഷീണിച്ചുപോയി. 
കുറെദൂരത്തേക്ക് ഒരു നീരു റവപോലും കണ്ടില്ല. തണലില്ല...!
വെള്ളംനിറച്ച തോല്‍സഞ്ചികള്‍ വറ്റിപ്പോകുമോ എന്നുസംശയമായി.
ബുദ്ധിമുട്ടുകള്‍ക്കവസാനം ഏകദേശം സന്ധ്യയായപ്പോള്‍ നീരൊഴുക്കുള്ള ഒരു പച്ചപ്രദേശം കണ്ടെത്തി. മൂന്നുനാലു വലിയ മരങ്ങള്‍. ധാരാളം കുറ്റിച്ചെടികള്‍. പുല്ലുവളര്‍ന്ന് മെത്തപോലെയായ കുറച്ചിടങ്ങള്‍. അല്പമകലെ അധികം ഉയരമില്ലാത്ത കുന്നുകള്‍. അതിലെവിടെനിന്നോ ഒഴുകിവീഴുന്ന നീര്‍ച്ചോല താഴെ ഒരു പൊയ്കയായി തെളിഞ്ഞുകിടക്കുന്നു. ആകാശത്തിനു നേരേപിടിച്ച കണ്ണാടിപോലെ.
എല്ലാവര്‍ക്കും സന്തോഷമായി. ആശ്വാസമായി. കൂടാരമടിക്കാനും ഭക്ഷണം പാകംചെയ്യാനും കുളിക്കാനും അനുയോജ്യമായ സ്ഥലം. കൂടെയുള്ള ഒട്ടകങ്ങള്‍ക്കും കുതിരകള്‍ക്കുമെല്ലാം സമൃദ്ധമായി പുല്ലും വെള്ളവും ലഭിക്കും.
ഹാഗായിയുടെ നിര്‍ദേശപ്രകാരം കൂടാരമടിച്ചു. 
രാജ്ഞിയുടെ കൂടാരത്തിനു സുരക്ഷാഭടന്മാര്‍ കാവല്‍ നിന്നു.
കുളിയും ഭക്ഷണവും വിശ്രമവും കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്കു വഴുതിവീഴുന്നസമയം.
അകലെനിന്നു കുതിരക്കുളമ്പടികള്‍ അടുത്തടുത്തുവരുന്ന ശബ്ദം കേട്ടു. കൂടാരത്തിലെ കുതിരകള്‍ അമറി ശബ്ദമുണ്ടാക്കുന്നു.
പടയാളികള്‍ ജാഗരൂകരായി.
വാളും കുന്തവുമായി അവര്‍ കാത്തിരുന്നു. 
രാത്രിയുടെ മറപറ്റി ശത്രുക്കള്‍ മുന്നേറുന്നതിനിടയില്‍ പടയാളികള്‍ ചാടിവീണു.
കലാപത്തിനൊടുവില്‍ എത്തിയ സംഘത്തിന്റെ നേതാവിനെത്തന്നെ ബന്ധനസ്ഥനാക്കി.
''നിങ്ങളാരാണ്? എന്തിനാണ് ഞങ്ങളോടു യുദ്ധം ചെയ്യുന്നത്?''
ഹാഗായ് സംഘത്തലവനോടന്വേഷിച്ചു.
''പേര്‍ഷ്യാരാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ നേരിടാന്‍ തീരുമാനിച്ച സംഘങ്ങളാണ് ഞങ്ങള്‍.''
ദീപ്തമായ വാക്കുകളാേടെ സംഘത്തലവന്‍ പ്രതികരിച്ചു.
''മഹാരാജാവിനുവേണ്ടി മരണംവരെ പോരാടും.''
ഹഗായ് പൊട്ടിച്ചിരിച്ചു 
''സുഹൃത്തേ...! നിങ്ങളുടെ മഹാരാജ്ഞിയാണ് ഇപ്പോള്‍ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നത്.''
കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചപ്പോള്‍ ആഗതസംഘംതണുത്തു.
ഹാഗായിയുടെ നിര്‍ദേശാനുസരണം എസ്‌തേര്‍ മഹാരാജ്ഞി രാജകീയപ്രതാപത്തോടെ കൂടാരവാതിലില്‍ പ്രത്യക്ഷയായി.
അദ്ഭുതാദരങ്ങളോടെ വന്നപടയാളികളെല്ലാം രാജ്ഞിയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.
''മഹാരാജ്ഞി നീണാള്‍ വാഴട്ടെ.''
''ഞങ്ങള്‍ അവിടുത്തെ അടിമകളാണ്.''
സംഘത്തലവന്‍ പെര്‍സാഥാ അറിയിച്ചു.
രാജ്ഞി അവരെനോക്കി മന്ദഹസിച്ചു
അവള്‍ ചോദിച്ചു.
''ഇതേതു സ്ഥലമാണ്?''
''എക്ബറ്റാന പട്ടണത്തിന്റെ പ്രാന്തപ്രദേശമാണ് മഹാരാജ്ഞി..!''
അയാള്‍ വിനയാന്വിതനായി.
''നീയും കൂട്ടാളികളും മന്നായിവരെ ഞങ്ങളോടൊപ്പം ഉണ്ടാവണം. അവിടെ എത്തിയശേഷം ബാക്കിപറയാം.''
രാജ്ഞിയുടെ വാക്കുകള്‍ അവന്‍ സന്തോഷത്തോടെ സ്വീകരിച്ചു.
''കല്പനപോലെ.''
ആറാം ദിവസമാണ് അവര്‍ മന്നായിയിലെത്തിയത്. അവിടെ ഉര്‍മിയ തടാകതീരത്ത് കൂടാരമടിച്ചു.
''വാഷ്തിരാജ്ഞിയുടെ വാസസ്ഥലം കണ്ടുപിടിക്കണം.''
എസ്‌തേര്‍ ഹഗായിയോട് ആജ്ഞാപിച്ചു.
ഹാഥാക്കും പെര്‍സാഥയും അതിനായി നിയോഗിക്കപ്പെട്ടു.
ഏഴാംനാള്‍ രാവിലെ എസ്‌തേറിന്റെ ദൂതന്മാര്‍ വാഷ്തിയെ സന്ദര്‍ശിച്ചു.
''എസ്‌തേര്‍രാജ്ഞി കാണുവാന്‍ സമയം ചോദിക്കുന്നു.'' എന്ന സന്ദേശം അറിയിച്ചു. രാജ്ഞിയുടെ അപ്രതീക്ഷിതമായ സന്ദര്‍ശനം വാഷ്തിയെ അദ്ഭുതപ്പെടുത്തി.
ഒരു നക്ഷത്രം മറ്റൊന്നിനെ എതിരേറ്റു. സന്തോഷമാണോ സന്താപമാണോ നാലുകണ്ണുകളും ഈറനണിഞ്ഞു. 
''മഹാരാജ്ഞിക്കു സ്വാഗതം.''
വാഷ്തി മൊഴിഞ്ഞു.
''നീയെന്നെ അങ്ങനെ വിളിക്കരുത് വാഷ്തി. ഞാന്‍ എസ്‌തേര്‍. അങ്ങനെ വിളിച്ചാല്‍ മതി.''
സൗഹൃദത്തിന്റെ വലിയൊരു തിരത്തള്ളലായിരുന്നു ആ സന്ദര്‍ശനം. രണ്ടുപേരും ഹൃദയങ്ങള്‍ കൈമാറി. കുശലങ്ങളോടെ ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ചുകഴിച്ചു.
കുറച്ചു നേരത്തെ വിശ്രമത്തിനുശേഷം എസ്‌തേര്‍ എഴുന്നേറ്റു. പക്ഷേ, അവള്‍ പെട്ടെന്ന് തലചുറ്റിവീണു. ബോധമറ്റു നിലത്തുകിടന്നു. എല്ലാവര്‍ക്കും പരിഭ്രമമായി. തോഴിമാരും പരിചാരകരും എസ്‌തേറിനെ കിടക്കയിലേക്കുകിടത്തി. ശരീരം വിയര്‍ക്കുന്നുണ്ട്. അവര്‍ വിശറികൊണ്ട് വീശാന്‍തുടങ്ങി.
വാഷ്തി പരിഭ്രമത്തോടെ നഗരത്തിലെ പ്രമുഖഭിഷഗ്വരനെ ആളയച്ചുവരുത്തി. അയാള്‍ രാജ്ഞിയുടെ മൂക്കില്‍ എന്തോ മണപ്പിച്ചു. മുഖത്ത് വെള്ളംതളിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഒന്നുമറിയാത്തതുപോലെ എസ്‌തേര്‍ കണ്ണുതുറന്നു. 
വാഷ്തി ആകാംക്ഷയോടെ നില്ക്കുകയാണ്.
എല്ലാവരുമുണ്ട് ചുറ്റിലും.
എന്താണു സംഭവിച്ചതെന്നറിയാതെ രാജ്ഞി എഴുന്നേല്ക്കാന്‍ ശ്രമിച്ചു.
വൈദ്യന്‍ എസ്‌തേറിനോടുപറഞ്ഞു:
''മഹാരാജ്ഞി കിടന്നോളു.  ക്ഷീണം മാറട്ടെ.''
അവളത് അനുസരിച്ചു. 
അയാള്‍ രാജ്ഞിയുടെ കണ്‍പോള തുറന്ന് പരിശോധിച്ചു കവിളുകളും ചുണ്ടുമെല്ലാം സൂക്ഷ്മമായി ശ്രദ്ധിച്ചു. വാഷ്തി ഒഴിച്ച് മറ്റുള്ളവരെല്ലാം ദൂരെ മാറിപ്പോകണമെന്നു ശഠിച്ചു. എല്ലാവരും അകന്നപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ വാഷ്തിയോടു പറഞ്ഞു.
''മഹാരാജ്ഞി ഗര്‍ഭിണിയാണ്.''
രണ്ടുപേരുടെ മനസ്സുകളും ഇളകിത്തുള്ളി.
വാഷ്തി എസ്‌തേറിനെ വാത്സല്യംകൊണ്ടു പൊതിഞ്ഞു. 
മഹാരാജാവിന്റെ മുഖമാണ് എസ്‌തേറിന്റെ മനസ്സില്‍ തെളിഞ്ഞത്. ഇക്കാര്യമിപ്പോള്‍ പരസ്യമാക്കരുതെന്ന് അവള്‍ അപേക്ഷിച്ചു.
''എനിക്കീ സന്തോഷം അദ്ദേഹത്തിന്റെ കാതില്‍പ്പറയണം.''
വാഷ്തി സമ്മതിച്ചു. 
അവള്‍ ചിന്തിച്ചു. 
ഇവളൊരു ഭാഗ്യദേവത തന്നെയാണ്.
വൈദ്യന് കൈനിറയെ സമ്മാനങ്ങള്‍ ലഭിച്ചു.
ഒരു ദിവസംകൂടെ അവിടെ വിശ്രമിച്ചശേഷമാണ് രാജ്ഞിമടങ്ങിയത്.
കൊട്ടാരത്തില്‍വച്ച് സഞ്ചാരത്തിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ രാജാവിന്റെ കാതിലേക്ക് അമൃതുപോലൊരു വാര്‍ത്ത ഒഴുകിവീണു.
ഹൃദയം തുള്ളിപ്പോയി.
വാര്‍ത്തയുടെ സുഗന്ധം മനസ്സാകെ നിറഞ്ഞു.
എസ്‌തേറിനെ എടുത്തുയര്‍ത്തണമെന്നും നെഞ്ചോടുചേര്‍ത്തു ലാളിക്കണമെന്നും തോന്നി.
ഇവള്‍ക്ക് എന്തു സമ്മാനമാണ് നല്‌കേണ്ടത്? ഇപ്പോള്‍ താന്‍ സ്വര്‍ഗത്തിലാണോ എന്നുപോലും സംശയിച്ചുപോവുകയാണ്.
രാജാവ് പ്രിയതമയെ പ്രണയംകൊണ്ടു പൊതിഞ്ഞു.
പിറ്റേന്ന് ഔദ്യോഗികമായി അനന്തരാവകാശിയുടെ വരവ് പരസ്യമായി പ്രഖ്യാപിച്ചു. മൊര്‍ദെക്കായിയും ഹന്നയും ഷബാനിയുമെല്ലാം സമ്മാനങ്ങളുമായി എത്തി.
സന്തുഷ്ടനായ മഹാരാജാവ് വാര്‍ത്ത രാജ്യം മുഴുവന്‍ പ്രസിദ്ധമാക്കാന്‍ ആജ്ഞാപിച്ചു.
അന്നുമുതല്‍ ഒരാഴ്ചക്കാലത്തേക്ക് രാജ്യമാകെ ഉത്സവമായി ആഘോഷിക്കാനും ഉത്തരവായി.
അഹസ്വേരുസ് ചക്രവര്‍ത്തിയുടെ രാത്രികള്‍ക്കും പകലുകള്‍ക്കും സപ്തവര്‍ണങ്ങളായി. ചിന്തകളും പ്രവൃത്തികളും എസ്‌തേറിനെ വലംവെച്ചുമാത്രമായി. ചന്ദ്രനെ ചുറ്റുന്ന സൂര്യന്‍!
എന്തെന്നാല്‍, ഇവള്‍ ആരുംകേള്‍ക്കാത്തൊരു മധുരഗാനമാണ്. കാണാന്‍കൊതിക്കുന്ന കനവാണ്. കനകമാണ്.
അവളുടെ പരിചരണത്തിനായി കൊട്ടാരം മുഴുവനുമുണര്‍ന്നു.
അന്നുമുതലാണ് ഹന്ന അവളുടെ യഥാര്‍ഥ അമ്മയായി മാറിയത്. ഏതാവശ്യത്തിനും മുന്നിലും പിന്നിലുമുണ്ട് ഹന്ന. ഇപ്പോള്‍ അവള്‍ കൊട്ടാരത്തിലേക്കു താമസം മാറ്റിയിരിക്കുന്നു. പോറ്റമ്മയില്‍നിന്ന് പെറ്റമ്മയിലേക്ക് എത്ര പെട്ടെന്നാണ് ഒരു സ്ത്രീക്ക് പരിണാമം സംഭവിക്കുന്നത്!
പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമുള്ള ഒരു സമയത്തിലൂടെ കടന്നുപോവുകയാണ് മഹാരാജ്ഞി. എസ്‌തേര്‍ ആഗ്രഹിക്കുമ്പോള്‍ അതവളുടെ മുന്നിലെത്തിയിരിക്കും. ലബനനിലെ മുന്തിരിയോ മെസെപ്പെട്ടോമിയയിലെ ഈത്തപ്പഴമോ എന്താണോ, അതു മുന്നിലെത്തിക്കുവാന്‍ രാജ്യം മുഴുവന്‍ സദാ സന്നദ്ധമാണ്. പ്രഭുക്കന്മാരും പ്രവിശ്യാത്തലവന്മാരും അതൊരു മത്സരമായി ഏറ്റെടുത്തിരിക്കുകയാണ്.
പേര്‍ഷ്യാമഹാരാജ്യത്തിന്റെ പുലര്‍കാല ആകാശത്ത് ഒരു ശുക്രനക്ഷത്രം ഉദിക്കുകയാണ്. ഒരു കുഞ്ഞുചക്രവര്‍ത്തിയുടെ വരവ് രാജ്യം ഇപ്പോഴേ ആഘോഷിച്ചുതുടങ്ങിയിരിക്കുന്നു. എസ്‌തേറിപ്പോള്‍ പെരുവിരല്‍തൊട്ട് ഉച്ചിയോളം പുതിയൊരു ജീവന്‍ പേറുന്നവളാണ്. 
അവളാണ് ഇപ്പോള്‍ പേര്‍ഷ്യാസാമ്രാജ്യം.
അവളുടെ ചിരിയില്‍, ഉദ്വേഗത്തില്‍, കോപത്തില്‍,  കരച്ചിലിലും വാത്സല്യത്തിരകളാണ്. 
അവള്‍ അടിമുടി ഒരമ്മയാണ്, കാരുണ്യമാണ്.
ഒരു വലിയ സാമ്രാജ്യത്തെയാണ് ഈ കുഞ്ഞുപക്ഷി തന്റെ ചിറകിനുകീഴില്‍ സംരക്ഷിച്ചുവച്ചിരിക്കുന്നത്.
ഷബാനിയും തോഴിമാരും അവളെ വിട്ടുപിരിയാതെ പരിചരിക്കുന്നു.
ഏറ്റവും അദ്ഭുതകരമായകാര്യം ഈ ജീവന്റെ ഇളംസ്പന്ദത്തെ ആദ്യം അടുത്തറിയാന്‍ കഴിഞ്ഞത് വാഷ്തിക്കാണ് എന്നതാണ്.
തനിക്കു ലഭിക്കാതെ പോയൊരു ഭാഗ്യത്തിന്റെ ഉടമയെ എത്രകരുതലോടെയാണ് അവള്‍ സൂക്ഷിച്ചത്. അമ്മയായ അവളെ എത്ര സ്‌നേഹപൂര്‍ണമായിട്ടാണ് പരിചരിച്ചത്. ഒരു സ്ത്രീക്കുമാത്രമേ അത് അസൂയയില്ലാതെ നിറവേറ്റാനാവുകയുള്ളൂ. എന്തെന്നാല്‍ അടിസ്ഥാനപരമായി ഓരോ സ്ത്രീയും  അമ്മയാണ്. ഗര്‍ഭിണിയാവുക എന്നത് പിന്നീടു സംഭവിക്കുന്നതാണ്.
അമ്മയും ആഹ്ലാദവും വളര്‍ന്നുകൊണ്ടിരുന്നു.
പക്ഷേ, ഈ സമയത്ത് മറ്റൊരു ദുഷ്ടതയുംകൂടെ വളരുന്നുണ്ടായിരുന്നു.
പെര്‍സെപോളിസ് നഗരപ്രാന്തപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ഷാന്‍ദാഥയും കൂട്ടരും നടത്തിയ ഒളിപ്പോരും നാശവും അവരുടെ ഉന്മൂലനത്തിനു കാരണമായി. അതിനുശേഷം യഹൂദവിരോധികള്‍ തലപൊക്കിയിരുന്നില്ല.
മെക്കദോനിയന്‍ ചിന്താഗതികളും മുളച്ചുപൊന്തിയില്ല. നാമ്പിടുന്നവയെ മുളയിലേ നുള്ളിമാറ്റി.
മൊര്‍ദെക്കായുടെയും സൈനികത്തലവന്റെയും സൂക്ഷ്മദൃഷ്ടികള്‍ രാജ്യമാകെ എത്തിയിരുന്നു.
പ്രത്യേക സൈനികവിഭാഗംതന്നെ അതിനുവേണ്ടി രൂപീകരിക്കപ്പെട്ടു.
മഹാരാജാവിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഓരോ മന്ത്രിസഭാസമ്മേളനവും രാജ്യത്തിന്റെ സുരക്ഷിതകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമായിരുന്നു.
നാട്ടില്‍ ശാന്തിയും സമാധാനവും കളിയാടാന്‍തുടങ്ങി. പക്ഷേ, അത് പുറമേയുള്ള പുതപ്പുമാത്രമാണ് എന്നറിയാന്‍ വൈകിപ്പോയി.
കൊട്ടാരത്തിലെ ആഹ്ലാദം മറ്റു സംഭവങ്ങളെ പൊതിഞ്ഞു കളഞ്ഞു.
ആദ്യദിവസങ്ങളിലെ കര്‍ശനപരിശോധനകള്‍ പതുക്കെപ്പതുക്കെ അയഞ്ഞുതുടങ്ങി.
ശത്രുക്കള്‍ക്ക് അതു വളമായി.
 ഒളിഞ്ഞിരുന്ന അപകടങ്ങള്‍ തലപൊക്കാനാരംഭിച്ചു. പലയിടങ്ങളിലും അവരുടെ സാന്നിധ്യം വ്യക്തമായി. അത്തരം രഹസ്യസങ്കേതങ്ങള്‍ തമ്മില്‍ ബന്ധവും സഹോദര്യവും ഊട്ടിയുറപ്പിക്കുവാനുള്ള ശ്രമവും രഹസ്യമായി തുടര്‍ന്നുകൊണ്ടിരുന്നു.
ആദാര്‍ മാസമെത്തി.
ആണ്ടുവട്ടത്തിലെ അവസാനമാസം.
ചൈത്രത്തിന്റെ ശബളിമ ഭൂമിയെ പുഷ്പാവൃതയാക്കി, സുന്ദരിയാക്കി മാറ്റുന്നകാലം. 
മാസത്തിലെ ആദ്യ ദിനങ്ങളിലൊന്ന്. 
ഇരുള്‍ക്കാട്ടില്‍നിന്ന് പാതിച്ചന്ദ്രിക ഭൂമിയിലേക്ക് പേടിച്ചെത്തി നോക്കുന്നു. ഇടയ്ക്കിടെ വന്നുകൂടുന്ന കരിമേഘങ്ങളില്‍പ്പെട്ട് അവള്‍ക്ക് കണ്ണുതുറക്കാനാവുന്നില്ല. രാത്രികൂടുതല്‍ വൈകിയിട്ടില്ല.
ബദാംമരങ്ങളും ഈന്തപ്പനകളും യക്ഷികളെപ്പോലെ ഉറഞ്ഞാടുന്നുണ്ട്. അവിടവിടെ എണ്ണതീര്‍ന്നു കരിന്തിരിയിലേക്കു കണ്ണടയ്ക്കുന്ന വിളക്കുകാലുകള്‍.
തെരുവുകളില്‍നിന്നും ആളുകള്‍ പോയിക്കഴിഞ്ഞിട്ടില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും തുറന്നുവെച്ച ചില കടകള്‍ സജീവമാണ്.
പ്രത്യേകിച്ചും വീഞ്ഞുവില്പനശാലകള്‍.
അവിടന്നൊക്കെ ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും കേള്‍ക്കാം.
ആരോ ഒരാള്‍ ഒറ്റയ്ക്കിരുന്നു പാടുന്നുണ്ട്. വിരഹഗാനമാണ്. ഇടയന്മാരുടെ നാട്ടുശീലിലാണതു തേങ്ങിവീഴുന്നത്. ആ വേദനയില്‍ അയാള്‍ ആത്മനിര്‍വൃതി അനുഭവിക്കുന്നുണ്ടാവണം.
അതിനിടയില്‍ ചിലപ്പോഴൊക്കെ കേള്‍ക്കാനറയ്ക്കുന്ന വാക്കുകള്‍കൊണ്ടൊരു യുദ്ധമുണ്ട്. നാവു വാളാക്കി പരസ്പരം സമരം ചെയ്യുന്നവര്‍. അറ്റുവീഴുന്നതു മനസ്സുകളാണ്. അതൊരുപക്ഷേ കയ്യാങ്കളിയില്‍ അവസാനിച്ചേക്കാം. അല്ലെങ്കില്‍ മറ്റാരെങ്കിലും വന്ന് എതിരാളികളെ തടുത്തുമാറ്റുകയും ചെയ്യും. 
അപ്പോഴും സംഘര്‍ഷഭരിതമായ ആക്രോശങ്ങളുടെ അലയൊലികള്‍ അന്തരീക്ഷത്തെ മുഖരിതമാക്കിക്കൊണ്ടിരിക്കും.
പകലന്തിയോളം തടിപൊടിയുന്നവര്‍ ആട്ടും തുപ്പുംകൊണ്ട് മനസ്സും ശരീരവും വേദനിക്കുമ്പോള്‍ അടിമത്തത്തിന്റെ ആ നരകത്തെ മറക്കുവാന്‍ മനഃപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രതിരോധക്കോട്ടയാണ് ഈ സന്ധ്യാവേളകള്‍. പിന്നീടവര്‍ ജീവിതത്തില്‍ അസാധാരണമായതൊന്നും സംഭവിക്കാത്തതു പോലെ സമരസപ്പെടും, രണ്ടു കുത്തൊഴുക്കുകള്‍ ഒന്നാവുന്നതുപോലെ.
സാബത്തുനാളുകളില്‍ ആഴ്ചാവസാന ദിവസങ്ങളില്‍ അടിമയ്ക്കും സന്തോഷിക്കാന്‍ ഒരവസരം.

(തുടരും) 

Login log record inserted successfully!