അകലങ്ങളില്‍നിന്ന് വെളിച്ചത്തിന്റെ നേരിയകിരണങ്ങള്‍ എത്തിനോക്കുന്നതേയുള്ളൂ. കൊട്ടാരംപൂന്തോട്ടത്തില്‍ എങ്ങുനിന്നോ എത്തിയ ചെറുമാരുതന്‍ ഉറങ്ങിയിരുന്ന പൂവുകളെ തൊട്ടുണര്‍ത്താന്‍ ശ്രമിച്ചു. അവ കുളിരോടെ ഊഞ്ഞാലാടിയുലഞ്ഞു.
ഇലത്തുമ്പുകളില്‍നിന്ന് ഇറ്റുവീണ മഞ്ഞുതുള്ളികള്‍ താഴെ പുല്‍പ്പരപ്പില്‍ ലേശംനേരം തങ്ങിനിന്നശേഷം ഭൂമിയിലേക്കു താഴ്ന്നുപോയി.
പൂവാടികളില്‍ കിളികളുടെ കളകൂജനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സൂര്യന്‍വന്ന് മണിയറക്കിളിവാതിലിന്റെ മറവില്‍നിന്നെത്തിനോക്കി ചിരിക്കുന്നു
ജനല്‍വാതിലിലൂടെ ആരുമറിയാതെ കടന്ന് തിരശ്ശീലയിളക്കി, മഞ്ചത്തില്‍ മയങ്ങുന്ന യുവമിഥുനങ്ങളുടെ കാതിലെന്തോ പതുക്കെ രഹസ്യമോതിക്കൊണ്ടൊരു കുഞ്ഞുകാറ്റ് പതുങ്ങിനടന്നു.
എസ്‌തേറിന്റെ മിഴികള്‍ അറിയാതെ തുറന്നുപോയി.
അവള്‍ അവിടെക്കിടന്നുകൊണ്ടുതന്നെ ചുറ്റിലും ഒന്നുനോക്കി. തന്നോടുചേര്‍ന്നു മയങ്ങുകയാണ് മഹാരാജാവ്. നിഷ്‌കളങ്കനായ ഒരു ചെറിയ കുട്ടിയെപ്പോലെ.
ശ്രദ്ധിച്ചു.
അന്തഃപുരം ഉണര്‍ന്നിട്ടുണ്ട്. അവിടെനിന്നു വേലക്കാരുടെ ശബ്ദം കേള്‍ക്കാം.
ആ കാറിക്കരയുന്നത് നെഹാമിയാ അല്ലേ? ഉപനാരികളുടെ കൊട്ടാരത്തിലാണ് ഷബാനി. അവിടെനിന്നാണു കുട്ടിയുടെ കരച്ചില്‍ ഉയരുന്നത്.
ഷബാനിയും വളര്‍ത്തമ്മയും അതറിഞ്ഞില്ലെന്നുണ്ടോ?
കൈകള്‍ രണ്ടും മുകളിലേക്കു വിരിച്ച് കാലുകള്‍ താഴേക്കു വലിച്ച് ശരീരം ഒന്നു നിവര്‍ത്തിയപ്പോള്‍ എസ്‌തേറില്‍നിന്ന് ഒരു കോട്ടുവായ് ചെറുശബ്ദത്തോടെ പുറത്തേക്കുവന്നു. അതു തടയാന്‍ ഇടതുകൈകൊണ്ട് വായ്‌പൊത്തിയെങ്കിലും വിഫലമായിപ്പോയി.
മെല്ലെ കട്ടിലില്‍ എണീറ്റിരുന്നു. പുതപ്പിന്റെ പൊതിയഴിച്ചു.
നിലതെറ്റിക്കിടന്ന വസ്ത്രങ്ങളൊക്കെ നേരെയാക്കി.
കുറച്ചുനേരം കിടക്കയില്‍ വെറുതെയിരുന്നു.
അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടി കൈകൊണ്ട് വാരിക്കൂട്ടിക്കെട്ടിയശേഷം തിരിഞ്ഞുനോക്കി.
ഉറങ്ങുന്ന പ്രിയന്‍ അറിഞ്ഞിട്ടേയില്ലാ.
ആ കവിളത്തൊരു മുത്തം കൊടുക്കാന്‍ അവള്‍ക്കു കൊതി തോന്നി.
കൗതുകത്തോടെ ചുണ്ടുകള്‍ അങ്ങോട്ടു ചാഞ്ഞതുമാണ്. പിന്നെക്കരുതി അതുവേണ്ടെന്ന്.
പാവം, ക്ഷീണിച്ചുറങ്ങുകയാണ്.
അല്പനേരംകൂടെ കിടന്നോട്ടെ.
അഹസ്വേരുസിനെ നോക്കി നാണത്തോടെ ചിരിച്ചുകൊണ്ട് പതുക്കെ കട്ടിലില്‍നിന്നുമിറങ്ങാന്‍ തുടങ്ങി.
കാലുകള്‍ നിലത്തുചവിട്ടാന്‍ ആരംഭിച്ചതേയുള്ളൂ. എസ്‌തേറിന്റെ ഇടതുകൈത്തണ്ടില്‍ ബലമായ ഒരു പിടിത്തം വീണു.
അവള്‍ ഞെട്ടിത്തിരിഞ്ഞു.
അമ്പരന്ന കണ്ണുകളിലേക്കു രാജാവിന്റെ ഉദിച്ചുണര്‍ന്ന പുഞ്ചിരി വന്നുനിറഞ്ഞു.
''നീയെങ്ങോട്ടാണ് എസ്‌തേര്‍?''
കിടന്നുകൊണ്ടുതന്നെ രാജാവ് ചോദിച്ചു.
ലജ്ജകൊണ്ടു തിളങ്ങുന്ന കണ്ണുകള്‍ തെരുതെരെയടച്ച് ചിരിയധരങ്ങളിലൂടെ എസ്‌തേര്‍ സ്വകാര്യംപോലെ ഉരുവിട്ടു:
''നേരം പുലര്‍ന്നതറിഞ്ഞില്ലേ?''
''അതിനെന്താ? നീയിവിടെയിരിക്ക്.''
രാജാവ് അവളെ പിന്നോട്ടു വലിച്ചു.
ഇരിക്കാന്‍ ശ്രമിച്ചെങ്കിലും ചാഞ്ഞുചരിഞ്ഞു രാജാവിന്റെ മാറിലേക്കാണവള്‍ വന്നുവീണത്.
''ഇതെന്താ കൊച്ചുകുട്ടികളെപ്പോലെ?''
അവള്‍ കിണുങ്ങി.
''കുറച്ചുകഴിഞ്ഞു പോയാല്‍ മതി.''
''അയ്യേ... പുറത്ത് തോഴിമാര്‍ നില്‍പ്പുണ്ടാകും. അവരൊക്കെ എന്തുകരുതും?''
പ്രിയതമന്റെ പിടിത്തത്തില്‍ നിന്ന് അവള്‍ രക്ഷപ്പെടുകയാണ്.
''അവരെന്തു കരുതാനാ?''
വേഗത്തിലെഴുന്നേറ്റ മഹാരാജാവ് അവളെ വട്ടംപിടിക്കാന്‍ ശ്രമിച്ചു.
''ഇന്ന് രാജസഭയുള്ളതാ.''
അവള്‍ ഓര്‍മിപ്പിച്ചു.
''ഞാന്‍മൂലം രാജാവിന്റെ ഭരണകാര്യങ്ങള്‍ക്കു കോട്ടമുണ്ടാവരുത്.''
''നമുക്കറിയാം സൂചിപ്പിക്കുന്നത് എന്താണെന്ന്.''
അഹസ്വേരുസ് ഗൗരവത്തോടെ വ്യക്തമാക്കി.
''അതൊക്കെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞതല്ലേ?''
അദ്ദേഹം മഹാറാണിയെ അരികിലേക്കു ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചു.
''നിനക്കും നിന്റെ ജനത്തിനും നാശമുണ്ടാകുന്നതൊന്നും നമ്മുടെ സാമ്രാജ്യത്തില്‍ വച്ചുപൊറുപ്പിക്കില്ല.''
എസ്‌തേര്‍ ഒന്നും സംസാരിക്കാതെ ഓര്‍മകളിലേക്ക് ഒതുങ്ങിനിന്നു.
അന്നത്തെ കൊച്ചുഹദസ.
ഒന്നുമറിയാത്ത ഒരു ഗ്രാമീണപ്പെണ്‍കുട്ടി. കൂടാരത്തിലേക്കു പ്രവാസികളുടെകൂടെ കടന്നുവന്ന അഞ്ചു വയസ്സുകാരി.
അപ്പനും അമ്മയും നഷ്ടപ്പെട്ടവള്‍. പിതൃസഹോദരന്റെ കൂടെ ദത്തുപുത്രിയായി സങ്കടം കുടിച്ചു വളര്‍ന്നവള്‍. ഹന്ന എന്ന പോറ്റമ്മയുടെ സ്‌നേഹം കണ്ടറിഞ്ഞവള്‍.
ഗ്രാമത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടവള്‍. വയലുകളിലേക്ക് ആടുമേയ്ക്കാന്‍ പോകുന്ന മുതിര്‍ന്നവര്‍ക്ക് ഉച്ചഭക്ഷണവുമായി പോകുന്നതാണു പുറംലോകക്കാഴ്ചകള്‍ക്കുള്ള ഏക പോംവഴി. എന്നുമെപ്പോഴും എവിടെയെങ്കിലും ചാരിനില്‌ക്കേണ്ടി വന്നവള്‍.
പല വിഭാഗം ഗോത്രങ്ങള്‍ തമ്മിലുള്ള കശപിശകളും യുദ്ധങ്ങളും. തിരിച്ചറിയാനാവാത്ത പ്രായംമുതല്‍ ഇതുവരെ തനിക്കുവേണ്ടിമാത്രം ജീവിച്ചുപോന്നു.
ഇന്നലെയാണ് സ്ത്രീത്വത്തിന്റെ ഗുരുത്വവും ലഘുത്വവും മനസ്സിലായത്. മഹത്ത്വം നീചത്വമായും നീചത്വം മഹത്ത്വമായും മാറ്റിമറിക്കപ്പെട്ട രാത്രി.
''തളിര്‍ത്തും പൂത്തുംനിന്ന ജീവിതങ്ങള്‍ നിയമത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് കടപുഴകി കലങ്ങിമറിഞ്ഞു തകരുമ്പോള്‍ അവരെ ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ ശ്രമിച്ചതാണെന്ന മഹത്ത്വം അഥവാ ഗുരുത്വം?''
''ലക്ഷ്യപ്രാപ്തിക്കുവേണ്ടി സ്ത്രീത്വത്തെ അടിയറവെക്കേണ്ടിവന്നത് നീചത്വമോ ലഘുത്വമോ?''
നാടകം ആവര്‍ത്തിക്കപ്പെടുകയാണ്.
പഴയ അതേ സംഭാഷണം, അതേ ഭാവങ്ങള്‍ - എങ്കിലും തനിക്കു മാത്രമാണോ ആ രംഗങ്ങള്‍ വിരസമായി മാറിയത്? എന്താവാം സഹനടീനടന്മാരുടെ പ്രതികരണം?
അല്ലെങ്കില്‍ ഇതെല്ലാം ഒരു സ്വപ്നംമാത്രമായിരുന്നുവോ!
മഹാരാജാവിന്റെ കാലുകളില്‍ വീണ് എസ്‌തേര്‍ തേങ്ങിക്കരയുന്നു.
എന്നെ രക്ഷിക്കണം മഹാരാജന്‍, എന്നെ രക്ഷിക്കണം, ഹാമാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടായ ആപത്തുകളില്‍നിന്ന്.
കണ്ണീര്‍വീണു പാദങ്ങള്‍ നനഞ്ഞപ്പോള്‍ അഹസ്വേരുസ് ചക്രവര്‍ത്തി തന്റെ സ്വര്‍ണച്ചെങ്കോല്‍ നീട്ടി അവളുടെ കഴുത്തില്‍ സ്പര്‍ശിച്ചു. വൈദ്യുതാഘാതമേറ്റപോലെ അവളൊന്നു കുടഞ്ഞുണര്‍ന്നു.
''മഹാരാജാവിന് എന്നെ ഇഷ്ടമാണെങ്കില്‍, എന്നോടു പ്രീതിയുണ്ടെങ്കില്‍, ചെയ്യുന്നത് ശരിയെന്നു തോന്നുന്നുവെങ്കില്‍, അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവളാണെങ്കില്‍ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലുമുള്ള യഹൂദരെ നശിപ്പിക്കാന്‍ കഴിവുള്ള ആ നിയമം പിന്‍വലിച്ചാലും.''
രാജാവ് അവളെ കൈപിടിച്ച് എഴുന്നേല്പിക്കുന്നു.
ആര്‍ദ്രതയോടെ നോക്കുന്നു.
ദീനഭാവത്തില്‍ അവള്‍ തുടരുന്നു:
''എങ്ങനെയാണ് ഞാനെന്റെ ജനത്തിന്റെ നാശം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സങ്കടങ്ങള്‍ ഞാനെങ്ങനെ സഹിക്കും?''
ചക്രവര്‍ത്തി ചോദിക്കുന്നു
''അതിനു കൂട്ടുനിന്നവനെ നാം ഇല്ലാതാക്കിയില്ലേ? അവന്റെ ഭവനം നാം നിനക്കു നല്‍കിയില്ലേ?''
അവള്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മഹാരാജാവിനു മറുപടി ലഭിക്കുന്നില്ല.
നിശ്ശബ്ദതയാണ്...!
രാജാവിന്റെ ശബ്ദത്തില്‍ ഉത്കണ്ഠ നിറഞ്ഞു:
''എസ്‌തേര്‍, നീയെന്താ പിണക്കമാണോ?''
പെട്ടെന്നാണ് ഉറക്കത്തില്‍ നിന്നെന്നപോലെ അവളെഴുന്നേറ്റത്. അവള്‍ മഹാരാജാവിന്റെ വലതുകരം പിടിച്ചുയര്‍ത്തി ചുണ്ടോടുചേര്‍ത്തു.
''അങ്ങ് എന്റെ എല്ലാമാണ്.''
കണ്ണീരോ വികാരങ്ങളോ വന്ന് വാക്കുകളെ പ്രകമ്പനം കൊള്ളിച്ചു.
''ഇന്ന് മഹാറാണിയുമുണ്ടാവണം രാജസഭയില്‍.''
മനസ്സില്ലാമനസ്സോടെ അദ്ദേഹം മുറിയുടെ പുറത്തേക്കു നടന്നു. എസ്‌തേര്‍ വാതില്ക്കലോളം പിന്തുടര്‍ന്നു.
മഹാരാജാവു മണിയറ വിട്ടതോടെ തോഴിമാര്‍ ഓടിയെത്തി. കളിവാക്കുകള്‍ പലതും പറഞ്ഞ് അവളെ പൊതിഞ്ഞു. കളിചിരികള്‍ കൂടിക്കൂടി വന്നപ്പോള്‍ അവള്‍ നാണവും കോപവും കലര്‍ന്ന് അവരെ ആട്ടിയകറ്റി. പിന്നെ വെറുതെയിരുന്നു ചിരിച്ചു.
കുളികഴിഞ്ഞ് രാജകീയപ്രൗഢിയോടെയാണ് അണിഞ്ഞൊരുങ്ങിയത്. തോഴിമാരുടെ സഹായത്തോടെ അവളൊരു സ്വര്‍ഗീയസുന്ദരിയെപ്പോലെയായി.
തിരഞ്ഞെടുക്കപ്പെട്ട തോഴിമാര്‍ അവളെ രാജസഭയോളം പിന്തുടര്‍ന്നു. സംഘത്തെ വഴികാണിക്കാനെന്നോണം ഹാഗായ് മുമ്പേ നടന്നു.
അവരോടൊപ്പം രാജാവിന്റെ ക്ഷണവുമായി എത്തിയഷണ്ഡന്‍ ഹാഥാക്കുമുണ്ട്.
രാജസഭയിലേക്കു കടക്കുന്ന വാതിലിനു മുന്നില്‍ ഒരു മിന്നല്‍പ്രഭപോലെ എസ്‌തേര്‍ വന്നുനിന്നു. അഹസ്വേരുസ്‌രാജാവ് ഉടന്‍ തന്റെ സ്വര്‍ണച്ചെങ്കോല്‍ അവള്‍ക്കു നേരേനീട്ടി. ആഹ്ലാദപൂര്‍വം വിളിച്ചു പറഞ്ഞു: ''മഹാരാജ്ഞിക്കു സ്വാഗതം...''
എസ്‌തേറും രാജാവിനെ യഥോചിതം വണങ്ങി.
''മഹാരാജാവ് നീണാള്‍ വാഴട്ടെ.''
പാദസരങ്ങളുടെ കിലുക്കത്തോടെ, നവോഢയെപ്പോലെ, രാജ്ഞിക്കുവേണ്ടി ഒരുക്കിവച്ചിരുന്ന സിംഹാസനത്തിനു തൊട്ടടുത്ത് എസ്‌തേര്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആദരവോടെ വിളിച്ചു:
''എസ്‌തേര്‍ മഹാരാജ്ഞി നീണാള്‍ വാഴട്ടെ.''
മഹാരാജാവും സദസ്യരുടെ സന്തോഷത്തില്‍ പങ്കാളിയായി.
രാജസഭയിലെ വിവിധ കാര്യങ്ങളില്‍ രാജ്ഞി സജീവമായി പങ്കെടുത്തത് സഭാവാസികളെയും രാജാവിനെയും അദ്ഭുതപ്പെടുത്തി.
സാധാരണവിഷയങ്ങള്‍
ക്കെല്ലാം സഭാവാസികളില്‍നിന്നു പരിഹാരനിര്‍ദേശങ്ങളെത്തി. രാജാവ് അനുയോജ്യമായവയെല്ലാം അംഗീകരിച്ചു. ചിലതെല്ലാം തള്ളിക്കളഞ്ഞു.
''ഇനി ഭരണനിര്‍വഹണകാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്.''
മഹാരാജ്ഞി പ്രഖ്യാപിച്ചു.
''ഇന്ന് സഭയില്‍ തീരുമാനിക്കപ്പെടേണ്ട വിഷയത്തെക്കുറിച്ചു പറയാന്‍ പ്രധാനസചിവന്‍ തയ്യാറായിട്ടുണ്ടാവുമല്ലോ.''
രാജാവ് മൊര്‍ദെക്കായിയെ നോക്കി.
(തുടരും)