ആകാശത്തെ തൊട്ടുരുമ്മിനില്‍ക്കുന്ന മലകള്‍ക്കു മഞ്ഞിന്റെ മേലാവരണം. കാര്‍ കയറ്റം കയറുകയാണ്. ഒരു വശത്ത് അഗാധമായ കൊക്ക. മറുവശത്ത് വലിയ കുന്ന്. ജയേഷ് സാവധാനമാണ് കാര്‍ ഓടിച്ചിരുന്നത്.
കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തിവച്ചിട്ട് ജയേഷ് വലതുവശത്തേക്കു നോക്കി. പച്ചവിരിച്ച മലഞ്ചെരിവുകളില്‍ ഏലവും കാപ്പിയും തെങ്ങും മരങ്ങളും. തണുത്ത കാറ്റ് ഉള്ളിലേക്ക് അടിച്ചുകയറിക്കൊണ്ടിരുന്നു.
''എങ്ങനെയുണ്ട് അമ്മേ ഈ സ്ഥലം?''
ഇടതുവശത്തിരുന്ന സൂസമ്മയോട് ജയേഷ് ചോദിച്ചു.
''നല്ല സ്ഥലമാ; പക്ഷേ, എന്നാ കേറ്റമാ. താഴേക്കു നോക്കുമ്പം പേടിയാകുന്നു. ഇനി എന്തോരം ദൂരംകൂടിയുണ്ട് മോനേ?''
''പത്തിരുപതു കിലോമീറ്ററുകൂടി കാണും. കുറച്ചുകൂടി ചെന്നാല്‍ വനമാ. അഞ്ചെട്ടു കിലോമീറ്റര്‍ വനത്തിലൂടെ പോണം. ഭാഗ്യമുണ്ടെങ്കില്‍ വഴീല്‍ ആനയോ കടുവയോ കാണാം.''
''പേടിപ്പിക്കാതെടാ. ആനയോ കടുവയോ ഒന്നും കാണല്ലേന്നു പ്രാര്‍ഥിച്ച് ഞാനിവിടെ കൊന്ത ചൊല്ലിക്കൊണ്ടിരിക്ക്വാ. അപ്പഴാ നിന്റെയൊരു വേണ്ടാത്ത വര്‍ത്താനം.''
''അമ്മ കണ്ടോ, ദേ..., ആ മലേടെ മോളിലൊരു വീട്. അവിടൊക്കെ താമസിക്കുന്നോരുടെ കാര്യം ഒന്നോര്‍ത്തു നോക്കിക്കേ. ഒരു പെരുമഴയോ ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ തീര്‍ന്നില്ലേ ജീവിതം.''
''പണ്ട് ജീവിക്കാന്‍വേണ്ടി മനുഷ്യര്‍ പെട്ടപാട് നിനക്കൊന്നും അറിഞ്ഞൂടാ. എല്ലാ വീട്ടിലും കാണും എട്ടും പത്തും മക്കള്. ഇരുപത്തൊന്നു വയസാകുമ്പോഴേക്കും ആണുങ്ങളു കല്യാണം കഴിക്കും. കാര്‍ന്നോമ്മാര് മക്കളെയുംകൂട്ടി ഇതുപോലുള്ള മലമുകളില്‍ വന്ന് വനം വെട്ടിപ്പിടിച്ചെടുക്കും. അതു വീതംവച്ച് മക്കള്‍ക്കു കൊടുത്ത് ഒരു വീടും വച്ചു കൊടുക്കും. കെട്ട്യോനും കെട്ടിയോളുംകൂടി ആ മണ്ണില്‍ പണിയെടുത്തു കൃഷി ചെയ്തു ജീവിക്കും. വര്‍ഷത്തില്‍ ഓരോ മക്കളും ഒണ്ടാകും. ഒരു സൂക്കേട് വന്നാല്‍ ആശുപത്രീല്‍ പോകാന്‍പോലും മാര്‍ഗമില്ല. അടുത്തെങ്ങാനും ഒരാശുപത്രി ഉണ്ടായിട്ടുവേണ്ടേ! പാമ്പു കടിച്ചും മലമ്പനി പിടിച്ചും എത്രയോ പേരു മരിച്ചിരിക്കുന്നു. നിന്റെ അപ്പന്റെ അപ്പന്റെ അപ്പന്‍ ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടതാ. ഇപ്പഴത്തെ പിള്ളേരോട് ഇതു വല്ലതും പറഞ്ഞാ മനസ്സിലാകുമോ? നീയൊക്കെ കയ്യേല്‍ മണ്ണുപറ്റിച്ചിട്ടുണ്ടോ? എന്തേലും ഒരു സാധനം മണ്ണില്‍ കുഴിച്ചുവച്ചിട്ടുണ്ടോ?''
''അമ്മ തുടങ്ങി പഴമ്പുരാണം. ഇന്ന് ആര്‍ക്കുവേണം അമ്മേ മണ്ണ്? മണ്ണില്‍ പണിയെടുത്താല്‍ എന്നാ കിട്ടും? അതും വെയിലുംകൊണ്ട് മഴേം നനഞ്ഞ്. ഇന്ന് എസി മുറീലിരുന്ന് കമ്പ്യൂട്ടറേല്‍ രണ്ട് അടി അടിച്ചാല്‍ കിട്ടും മാസം പത്തമ്പതിനായിരം രൂപ. പണ്ടു ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടില്ലായിരുന്നതുകൊണ്ട് മണ്ണുമാത്രമായിരുന്നു മനുഷ്യന്റെ വരുമാനമാര്‍ഗം. അരീം കപ്പേം ചക്കയുമായിരുന്നു തിന്നാനുണ്ടായിരുന്നത്. ഇന്നതാണോ? എത്രയോ വെറൈറ്റി ഫുഡാ. എന്നാ ടേസ്റ്റാ...''
''പക്ഷേ, വലിച്ചുവാരി തിന്നുന്നതെല്ലാം വിഷമല്ലേ മോനേ?'' പാലിലുപോലും വിഷമല്ലേ? പണ്ടൊക്കെ പശുവിനെ കറന്ന് മൊന്തയില്‍ പാലുകൊണ്ടു വരുമ്പം മൊന്ത നിറഞ്ഞുനില്‍ക്കുന്ന ആ പത ഒന്നു കാണണമായിരുന്നു. അതിന്റെ മണമൊന്ന് അറിയണമായിരുന്നു. ഇന്ന് കടേന്നു വാങ്ങിക്കുന്ന പാല് അന്നത്തെ പാലിന്റെ ഏഴയലത്തുവരില്ല. അതെങ്ങനാ, കേടാകാതിരിക്കാന്‍ എന്തൊക്കെയോ ചേര്‍ക്കുന്നതെന്ന് ആര്‍ക്കറിയാം.''
പഴങ്കഥകളും അനുഭവങ്ങളും പറഞ്ഞും ചിരിച്ചും അവര്‍ യാത്ര തുടര്‍ന്നു. കുറേദൂരം ചെന്നപ്പോള്‍ നിബിഡമായ വനത്തിലേക്കു കടന്നു. വനത്തിനുള്ളിലെ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര.
''ദേ അമ്മേ ആന.''
ജയേഷ് കൈചൂണ്ടിയിടത്തേക്ക് സൂസമ്മ നോക്കി. നാലഞ്ച് ആനകള്‍ മലഞ്ചെരിവില്‍ മേയുന്നു.
''നിന്റെ നാക്ക് കരിനാക്കാണല്ലോ.''
''നമുക്ക് ഇവിടെ ഇറങ്ങി ഒന്നു കണ്ടിട്ടുപോയാലോ അമ്മേ? വല്ലപ്പോഴുമേ ഇതൊക്കെ കാണാന്‍ പറ്റൂ.''
''ഒന്നു വേഗം വിടെടാ. എന്റെ ഉള്ളില്‍ തീയാ. അപ്പഴാ നിന്റെ ഒരാനപ്രേമം.''
''ഇതൊക്കെ ഒരു ത്രില്‍ അല്ലേ അമ്മേ. ആനേം കടുവേം കാണാനായിട്ടുതന്നെ എത്രയോ ആളുകളാ വനത്തിലേക്കു വരുന്നതെന്നറിയാമോ? ഇപ്പഴത്തെ പിള്ളേരുടെ ധൈര്യമൊന്നും അമ്മയ്ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല.''
''വാചകമടിക്കാതെ നീ വണ്ടി വേഗം വിട്.''
ജയേഷ് ഒന്നു ചിരിച്ചിട്ട് കാറിന്റെ സ്പീഡ് കൂട്ടി. വനത്തില്‍നിന്നു പുറത്തുകടന്നപ്പോഴാണ് സൂസമ്മയുടെ ശ്വാസം നേരേ വീണത്.
കുറച്ചുദൂരം ചെന്ന് ഒരു കവലയിലെത്തിയപ്പോള്‍ ജയേഷ് കാര്‍ നിറുത്തി. നാലഞ്ചുകടകളുള്ള ഒരു ചെറിയ കവലയായിരുന്നു അത്.
''എനിക്കു വിശക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും കഴിച്ചിട്ടു പോകാം അമ്മേ.''
''ഇവിടെ ചായക്കട വല്ലോം ഒണ്ടോടാ?''
''ഞാനൊന്നു നോക്കീട്ടു വരാം.'
ജയേഷ് കാറില്‍നിന്നിറങ്ങി ചുറ്റും നോക്കി. റ്റീഷോപ്പ് എന്ന് ബോര്‍ഡു വച്ച ഒരു കടയിലേക്കു നടന്നു. സൂസമ്മ കാറില്‍ ഇരുന്നതേയുള്ളൂ. തെല്ലുനേരം കഴിഞ്ഞു തിരിച്ചുവന്നിട്ട് ജയേഷ് പറഞ്ഞു:
''ഇവിടെ ചെറിയൊരു കടയുണ്ട്. കഴിക്കാന്‍ അപ്പവും മുട്ടയും ഉണ്ട്. അതു പോരേ?''
''മതി മോനെ.''
സൂസമ്മ കാറില്‍നിന്നിറങ്ങി മകന്റെ പിന്നാലെ നടന്നു.
ഒരുപാട് ഭംഗിയോ സജ്ജീകരണങ്ങളോ ഇല്ലാത്ത ചെറിയ ചായക്കടയാണ്. കൈകഴുകിയിട്ട് ടേബിളിനരികില്‍ വന്നിരിക്കുമ്പോള്‍ സപ്ലയര്‍ അപ്പവും മുട്ടക്കറിയും കൊണ്ടുവന്നു മുമ്പില്‍വച്ചു. പിന്നാലെ ചായയും എത്തി. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് വയറുനിറയെ കഴിച്ചു. അപ്പത്തിനും മുട്ടക്കറിക്കും നല്ല രുചിയായിരുന്നു. അല്ലെങ്കിലും നാട്ടിന്‍പുറത്തെ ചായക്കടകളിലെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറേയാണല്ലോ. സൂസമ്മയ്ക്കു നന്നേ ഇഷ്ടമായി.
ഭക്ഷണം കഴിഞ്ഞ് പണം കൊടുക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു:
''എവിടുന്നു വരികാ?''
''മൂവാറ്റുപുഴ.'' ജയേഷ് സ്ഥലപ്പേര് പറഞ്ഞു.
''എങ്ങോട്ടാ?''
''കുറുക്കന്‍കുന്ന്. ഇവിടുന്ന് എന്തു ദൂരമുണ്ട്?''
''അഞ്ചെട്ടു കിലോമീറ്ററുണ്ട്. നേരേപോയി ഒരു നാലുകിലോമീറ്ററുകഴിയുമ്പം വലത്തോട്ട് ഒരു തിരിവുണ്ട്. ആ വഴി നേരേ പോയാ മതി. അവിടെ ആരാ?''
''ഒരു ബന്ധുക്കാരനാ.''
കൂടുതലൊന്നും പറയാതെ ജയേഷ് കടയില്‍നിന്നിറങ്ങി കാറിനടുത്തേക്കു നടന്നു. കാര്‍ മുമ്പോട്ട് ഓടുമ്പോള്‍ ജയേഷ് ചോദിച്ചു:
''നമുക്കവരെ കണ്ടുപിടിക്കാന്‍ പറ്റ്വോ അമ്മേ? ഈ നാട്ടീന്നു പോയോന്ന് ആര്‍ക്കറിയാം.''
''ഞാന്‍ പറഞ്ഞല്ലോ, നേരേ പള്ളീലേക്കു വണ്ടി വിട്. അച്ചന് അറിയാത്ത വീടൊന്നും ആ കരേല്‍ കാണുകേല.''
ജയേഷ് പിന്നൊന്നും പറഞ്ഞില്ല. കയറ്റവും ഇറക്കവുമുള്ള റോഡിലൂടെ കാര്‍ ഓടിക്കൊണ്ടിരുന്നു. പത്തരമണിയായപ്പോള്‍ കുറുക്കന്‍കുന്നു കവലയിലെത്തി. മൂന്നോ നാലോ കടകളുള്ള ഒരു ചെറിയ കവല. റോഡരുകില്‍ വലിയൊരു ബദാംമരം പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. അതിനു ചുവട്ടില്‍ ഒരു ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു. സൂസമ്മ കാറിന്റെ ഗ്ലാസ് താഴ്ത്തിവച്ചിട്ട് ഓട്ടോയില്‍ ചാരിനില്‍ക്കയായിരുന്ന ഡ്രൈവറോടു ചോദിച്ചു:
''കുറുക്കന്‍കുന്നു പള്ളി.''
''ഈ വഴി നേരേ പോയി ഒരരക്കിലോമീറ്റര്‍ കഴിയുമ്പം ഇടതുവശത്തു കുന്നിന്‍മുകളില്‍ കാണുന്ന പള്ളിയാ.''
ഡ്രൈവര്‍ ചൂണ്ടിക്കാണിച്ച വഴിയേ ജയേഷ് കാര്‍ വിട്ടു. കയറ്റം കയറി പള്ളിമുറ്റത്ത് കാര്‍ വന്നു നിന്നു. ജയേഷും സൂസമ്മയും കാറില്‍നിന്നിറങ്ങി സാവധാനം പള്ളിമേടയിലേക്കു നടന്നു.
കോളിങ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോള്‍ വാതില്‍ തുറന്നത് ഇടവകവികാരി ഫാ. മാത്യു കുരിശിങ്കല്‍. കൈകൂപ്പി സ്തുതി ചൊല്ലിയിട്ട് സൂസമ്മ പറഞ്ഞു:
''ഞങ്ങളിത്തിരി ദൂരേന്നു വരികാ. ഇവിടെ കുന്നുംപുറത്ത് തോമസ് എന്നൊരാളെ അച്ചനറിയാമോ?
''കുന്നുംപുറത്ത് എന്നൊരു വീടുണ്ട്. തോമസ് എന്നൊരാളും അവിടുണ്ടായിരുന്നു. നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളാണോന്നറിയില്ല, ആ തോമസ് മരിച്ചുപോയി.''
''ഞങ്ങളു പറഞ്ഞ തോമസിന് രണ്ടു പെണ്‍മക്കള്‍മാത്രമേയുള്ളൂ. ഭാര്യയുടെ പേര് സിസിലി.''
''ങ്ഹാ അപ്പം ഞാന്‍ പറഞ്ഞ ആളുതന്നെ. ഈ റോഡേ നേരേപോയി അരക്കിലോമീറ്റര്‍ ചെല്ലുമ്പം വലത്തോട്ട് ഒരു ചെമ്മണ്‍ റോഡുണ്ട്. അതിലേ ഒരു അരമുക്കാല്‍ കിലോമീറ്ററു ചെല്ലുമ്പം ഇടത്തോട്ട് ഒരു വഴിയുണ്ട്. ആ വഴി നേരേ ഈ പറഞ്ഞ തോമസിന്റെ വീട്ടിലേക്കാ. ആട്ടെ, തോമസിന്റെ ആരാ?''
''പണ്ട് ഞങ്ങള്‍ അയല്‍ക്കാരായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞവരാ. പത്തിരുപതുവര്‍ഷം മുമ്പ് വീടുവിറ്റ് അവര് ഹൈറേഞ്ചിലേക്കു പോയി. നേരത്തേ തോപ്രാംകുടിയിലായിരുന്നു. പിന്നെ ആ സ്ഥലം വിറ്റ് ഇങ്ങോട്ടുപോന്നു. കുറെ വര്‍ഷമായിട്ട് വിവരങ്ങളൊന്നും അറിയില്ലായിരുന്നു.''
''ഇപ്പം എന്താ കാണണമെന്നു തോന്നീത്?''
''ഇവന്റെ കല്യാണം ഒറപ്പിച്ചു. അതിനു ക്ഷണിക്കാന്‍കൂടി വന്നതാ. സിസിലീടെ തോളില്‍ കിടന്നാ ഇവന്‍ വളര്‍ന്നതേ. എന്നോടുള്ളതിനേക്കാല്‍ കൂടുതല്‍ സ്‌നേഹം ഇവന് അവളോടായിരുന്നു.''
സൂസമ്മ ചരിത്രം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ ജയേഷ് നിറുത്താന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. സൂസമ്മ അങ്ങനെയാണ്. ഒരു പരിചയവുമില്ലാത്ത ആളോടും മനസ്സുതുറന്നു സംസാരിക്കും. ''എന്നാ ഇറങ്ങട്ടെ അച്ചോ. വഴി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.''
''ഓ'' അച്ചന്‍ ചിരിച്ചുകൊണ്ടു തലകുലുക്കി.
കാറില്‍ കയറിയപ്പോള്‍ ജയേഷ് അമ്മയെ നോക്കി കണ്ണുരുട്ടി.
''അമ്മ എന്തൊക്കെയാ പറഞ്ഞത്? അതും ഒരച്ചനോട്. ഞാന്‍ നാണംകെട്ടുപോയി. ഇതാ ഞാന്‍ അമ്മേടെകൂടെ ഒരിടത്തും പോരില്ലാത്തത്. വായില്‍വരുന്നതു കോതയ്ക്കു പാട്ട്.''
''ഒള്ളതല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ആരുടേം കുറ്റമൊന്നും പറഞ്ഞില്ലല്ലോ. സിസിലീടെ തോളേല്‍ കിടന്നാ നീ വളര്‍ന്നതെന്നു പറഞ്ഞതിലെന്നതാടാ കുറ്റം?''
ജയേഷ് പിന്നൊന്നും മിണ്ടിയില്ല. വണ്ടി ഓടിക്കൊണ്ടിരുന്നു.
ചെമ്മണ്‍റോഡിലേക്കു തിരിഞ്ഞപ്പോള്‍ ഒരു വനത്തിലേക്കു കയറിയ പ്രതീതി. ഇരുവശത്തും വലിയ മരങ്ങള്‍! കാണുമ്പോള്‍ത്തന്നെ പേടിയാകും.
''ഈ കാട്ടിനകത്താണോ അവരു താമസിക്കുന്നത്? പേടിയാകുന്നല്ലോ അമ്മേ.''
''എന്തോരം നല്ല സ്ഥലം വിറ്റിട്ടാ ഈ മലമുകളില്‍ വന്ന് അവരു സ്ഥലം മേടിച്ചത്. ഇപ്പം ഇവിടെ ഇതാ സ്ഥിതിയെങ്കില്‍ പണ്ട് എന്തായിരുന്നിരിക്കും?'' സൂസമ്മ താടിക്കു കൈയും കൊടുത്തിരുന്നു.
''തോമാച്ചന്‍ മരിച്ചുപോയ കാര്യം ഞാനറിഞ്ഞതേയില്ല. ആരും പറഞ്ഞുകേട്ടില്ലല്ലോ. എന്നാ പറ്റീതായിരിക്കും?'' സൂസമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
''അങ്ങോട്ടല്ലേ പോണത്. ചെല്ലുമ്പം ചോദിക്കാം. മിണ്ടാതിരി.''
സൂസമ്മ പിന്നൊന്നും മിണ്ടിയില്ല.
അച്ചന്‍ പറഞ്ഞ വഴിയിലൂടെ ഓടി കാര്‍ ചെന്നുനിന്നത് ഓടിട്ട ഒരു പഴയവീടിന്റെ മുറ്റത്ത്.
''ഇതുതന്നെയാണോ അമ്മേ വീട്? ഇത് ഒത്തിരി പഴേതാണല്ലോ.'' ജയേഷ് പറഞ്ഞു.
''നമുക്കു നോക്കാം. നീ ഇറങ്ങ്.''
സൂസമ്മയുടെ പിന്നാലെ ജയേഷ് ഇറങ്ങി. വരാന്തയില്‍ കയറി കോളിങ്ബല്ലില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത് സിസിലി.
''അല്ല. ഇതാര്. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ. എത്രനാളായി കണ്ടിട്ട്! എങ്ങനെ കണ്ടുപിടിച്ചു ഈ വീട്? നിങ്ങളു രണ്ടുപേരും മാത്രമേ വന്നുള്ളോ?'' ഒറ്റശ്വാസത്തില്‍ ഒരുപാടു ചോദ്യങ്ങള്‍. പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടമായിരുന്നു സിസിലിയുടെ മുഖത്ത്. അവര്‍ ഇറങ്ങിവന്ന് സൂസമ്മയുടെ കരംപുണര്‍ന്നു. ജയേഷിനെ ചേര്‍ത്തുനിറുത്തി കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു പറഞ്ഞു:
''നീ ഒരുപാട് വളര്‍ന്നുപോയല്ലോടാ. ഞങ്ങളവിടെനിന്നു പോരുമ്പം നിനക്ക് നാലോ അഞ്ചോ വയസ്സ്. നീ ഓര്‍ക്കുന്നുണ്ടോ എന്നെ? എപ്പഴും എന്റെ കയ്യേല്‍ തൂങ്ങിയല്ലായിരുന്നോ നടപ്പ്. ഞങ്ങളെപ്പഴും നിന്റെ കാര്യം പറയുമായിരുന്നു. പള്ളിപ്പെരുന്നാളിന് തോമാച്ചായന്റെ തോളത്തിരുന്ന് നീ വെടിക്കെട്ടു കണ്ടത് ഓര്‍ക്കുന്നുണ്ടോ?''
ഓര്‍മയില്‍ വന്നില്ലെങ്കിലും ഉണ്ടെന്ന അര്‍ഥത്തില്‍ ജയേഷ് തലകുലുക്കി.
''തോമാച്ചായന്‍ മരിച്ചൂന്നു കേട്ടു. എന്നായിരുന്നു അസുഖം?''
''അസുഖമൊന്നും അല്ലായിരുന്നു സൂസമ്മേ.'' സിസിലിയുടെ സന്തോഷം മറഞ്ഞതും മുഖത്തു ദുഃഖം തളംകെട്ടിയതും സൂസമ്മ തിരിച്ചറിഞ്ഞു. സിസിലി പറയുന്നതു കേള്‍ക്കാന്‍ അവര്‍ കാതുകൂര്‍പ്പിച്ചു.
(തുടരും)