ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടും സ്ഥലവും വിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണം നിശ്ചയിച്ചു. സിസിലിയെയും ഭര്‍ത്താവ് തോമസിനെയും കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലാണ് സിസിലിയും കുടുംബവും താമസിക്കുന്നതെന്നു മനസ്സിലാക്കി അവര്‍ അന്വേഷിച്ച് അവിടെയെത്തി. പഴയ കൂട്ടുകാരിയെ കണ്ടപ്പോള്‍ സിസിലിക്ക് ഒരുപാട് സന്തോഷമായി. ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷം മുമ്പ് ആനചവിട്ടിക്കൊന്നു എന്ന സത്യം അപ്പോള്‍ മാത്രമാണ് സൂസമ്മ അറിഞ്ഞത്. സിസിലിയുടെ മകള്‍ എല്‍സ ജയേഷിനെ ആ നാടിന്റെ സൗന്ദര്യം കാണിച്ചു കൊടുക്കാന്‍ അടുത്തൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. (തുടര്‍ന്നു വായിക്കുക)
''എന്റെ കല്യാണം ഫിക്‌സ് ചെയ്തു. അതിനു ക്ഷണിക്കാന്‍ കൂടി വന്നതാ.''
ജയേഷ് അതു പറഞ്ഞപ്പോള്‍ എല്‍സയുടെ കണ്ണുകള്‍ വിടര്‍ന്നു:
''ഉവ്വോ? സന്തോഷം. പുള്ളിക്കാരിക്ക് എന്താ ജോലി?''
''എന്നെപ്പോലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാ. ഇപ്പം ചെന്നെയിലാ. കൊച്ചിയിലേക്കു സ്ഥലംമാറ്റം കിട്ടും.''
''അപ്പ രണ്ടുപേരും ജോലിക്കാരാ. അമ്മ വല്യ സന്തോഷത്തിലായിരിക്കും അല്ലേ?''
''പിന്നില്ലേ. മക്കള് പഠിച്ചു ജോലി കിട്ടുക, നല്ലൊരു കല്യാണം നടക്കുക എന്നൊക്കെ പറഞ്ഞാല്‍ ഏതൊരമ്മയ്ക്കും സന്തോഷമുള്ള കാര്യമല്ലേ? ആട്ടെ, എല്‍സയ്ക്കു കല്യാണമൊന്നും ആലോചിക്കുന്നില്ലേ?''
''അങ്ങനെയൊരു സ്വപ്നം മനസ്സിന്റെ കോണില്‍പ്പോലുമില്ല. ഈ ചട്ടുകാലിയെ ആരു വന്നു കെട്ടാനാ? അതും ഈ മലമുകളില്‍ വന്ന്?''
ജയേഷ് ഒന്നും മിണ്ടിയില്ല. എല്‍സയുടെ കണ്ണുകള്‍ നിറഞ്ഞത് അയാള്‍ ശ്രദ്ധിച്ചതുമില്ല.
കുറച്ചുദൂരം കൂടി നടന്ന്, ഒരു പാറയുടെ മുകളിലേക്കു കയറി എല്‍സ. എന്നിട്ട് തിരിഞ്ഞ് ജയേഷിനെ നോക്കി പറഞ്ഞു:
''വീഴാതെ നോക്കണേ. എന്റെ കയ്യേല്‍ പിടിച്ചോ.''
എല്‍സ കൈ നീട്ടിയതും ജയേഷ് ആ കൈയില്‍ പിടിച്ചു. അവള്‍ അവനെ വലിച്ചു പാറയിലേക്കു കയറ്റി. സാവധാനം നടന്ന് പാറയുടെ മുനമ്പിലെത്തി. അവിടെ രണ്ടു പാറകള്‍ക്കിടയില്‍ കുറച്ചു സ്ഥലത്ത് ഇത്തിരി മണ്ണുണ്ടായിരുന്നു. ആ മണ്ണില്‍ വലിയൊരു മരം പന്തലിച്ചു നില്‍ക്കുന്നു. ആ തണലില്‍ ഇരുന്നാല്‍ താഴ്‌വാരവും ദൂരെ മലമടക്കുകളും കാണാം. മനോഹരമായ ദൃശ്യം. എല്‍സ ഇരുന്നു. അടുത്തു ജയേഷും.
''നല്ലൊരു കാഴ്ചയാണല്ലോ. ഇവിടെ വന്നില്ലായിരുന്നെങ്കില്‍ നഷ്ടമായേനെ.''
ജയേഷ് പറഞ്ഞു.
''ഞാന്‍ ഇടയ്ക്കിടെ ഇവിടെ വന്നിരിക്കും.'' എല്‍സ പറഞ്ഞു.
''ഒറ്റയ്‌ക്കോ...?''
''അല്ല. എന്റെ ഒരു കൂട്ടുകാരിയുണ്ട്. നിഷ. അവളും കാണും. കളിച്ചും ചിരിച്ചും കഥ പറഞ്ഞും ഞങ്ങളു കുറേനേരം ഇവിടിരിക്കും. നല്ല കാറ്റുണ്ടല്ലോ. രസമല്ലേ ഇവിടിരിക്കാന്‍?''
''പിന്നല്ലേ. ഞങ്ങളു താമസിക്കുന്നിടത്ത് ഇതുപോലെ മലയോ പാറയോ ഒന്നുമില്ല.''
മരത്തിന്റെ ചോട്ടിലിരുന്ന് അവര്‍ വിശേഷങ്ങള്‍ പങ്കിട്ടു. തമാശകള്‍ പറഞ്ഞു ചിരിച്ചു. സമയം പോയതറിഞ്ഞില്ല. നല്ല കാറ്റുണ്ടായിരുന്നതുകൊണ്ട് എണീറ്റു പോരാനേ തോന്നിയില്ല.
എല്‍സ നല്ല പെണ്‍കുട്ടിയാണെന്നു ജയേഷിനു തോന്നി. ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയും നിറഞ്ഞ നാടന്‍ പെണ്ണ്. മനസ്സിലൊന്നും ഒളിച്ചുവയ്ക്കാനറിയാത്ത ഗ്രാമീണകന്യക. ഉള്ളുതുറന്നു സംസാരിക്കുന്ന ശുദ്ധഹൃദയ.
ഒരു മണിക്കൂര്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞപ്പോഴേക്കും ഒരു വര്‍ഷം ഒരുമിച്ചുനടന്നതുപോലെ അടുത്തിരുന്നു അവരുടെ മനസ്സ്.
''നേരം ഒരുപാടായി. ഇനി പോകാം. അമ്മ കാത്തിരിക്കയാവും. ചോറുണ്ണാ ന്‍ നേരമായല്ലോ.''
എല്‍സഎണീറ്റു.
''ഇവിടുന്ന് എണീക്കാനേ തോന്നുന്നില്ല. എത്ര നല്ലപ്ലേസാ. നല്ല കാറ്റും.''
''എന്നാ ഇവിടെ കുറച്ചു സ്ഥലം വാങ്ങി ഇങ്ങോട്ടു വന്നു താമസിച്ചോ.''
അതു പറഞ്ഞിട്ട് എല്‍സ ചിരിച്ചു.
കുപ്പിവള കിലുങ്ങിയപോലുള്ള ശബ്ദം. ജയേഷിനു നന്നേ ഇഷ്ടമായി ആ ചിരി.
''നല്ല ചിരിയാണല്ലോ? ഈ ചിരിയില്‍ ആരും വന്നു വീണില്ലേ?''
''ചിരിച്ചുവീഴിക്കാനൊന്നും ഇതുവരെ നോക്കീട്ടില്ല ജയേഷേ. അതിനുള്ള സാമര്‍ഥ്യമൊന്നും എനിക്കില്ല. പുറത്തിറങ്ങിയാല്‍ ഞാന്‍ ഗൗരവക്കാരിയാ. ങ്ഹ എണീക്ക്. പോകാം.''
ജയേഷ് എണീറ്റ് എല്‍സയുടെ പിന്നാലെ നടന്നു. വര്‍ത്തമാനം പറഞ്ഞ് അവര്‍ വീട്ടിലെത്തി. സിസിലി കാത്തുനില്‍ക്കുകയായിരുന്നു.
''ഒരുപാട് നേരമായല്ലോ. എല്ലാ സ്ഥലവും ഇവളു കാണിച്ചുതന്നോ മോനേ?''
''ഉം'' ജയേഷ് തലകുലുക്കി.
''വാ... ചോറും കറികളും വിളമ്പിവച്ചിട്ട് നേരം കുറേയായി. എന്തേ വരാന്‍ വൈകുന്നതെന്ന് ഓര്‍ത്തിരിക്കയായിരുന്നു. ഇവളുവാചകമടിച്ചിരുന്നു ബോറടിപ്പിച്ചു കാണും അല്ലേ?''
''ഏയ്... നേരം പോയത് അറിഞ്ഞില്ല. അവിടിരിക്കാന്‍ നല്ല രസമായിരുന്നു. എല്‍സ നിര്‍ബന്ധിച്ച് എണീപ്പിച്ചുകൊണ്ടു വന്നതാ.''
''വാ... വന്നു കൈകഴുകിയിട്ട് ഇരിക്ക്.''
ജയേഷ് വാഷ്‌ബേസിനില്‍ വന്ന് കൈകഴുകിയിട്ട് ഡൈനിങ് ടേബിളിനരികില്‍ വന്ന് ഇരുന്നു. പിന്നാലെ സൂസമ്മയും വന്ന് ഇരുന്നു.
''എല്‍സ ഇരിക്കുന്നില്ലേ?'' സൂസമ്മ ചോദിച്ചു.
''ഞാന്‍ പിന്നെ കഴിച്ചോളാം.''
''അതു വേണ്ട. കൈകഴുകിയിട്ട് വന്നിരിക്ക്. നമുക്കൊരുമിച്ചിരുന്നു കഴിക്കാം.''
സൂസമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി എല്‍സ കൈകഴുകിയിട്ട് വന്നിരുന്നു. ഒരുപാട് കറികളൊന്നും ഇല്ലായിരുന്നു ഊണിന്. ഉള്ളതൊക്കെ നല്ല രുചിയുള്ളതായിരുന്നു.
''നിങ്ങളൊന്ന് അറിയിച്ചിട്ടു വന്നിരുന്നെങ്കില്‍ ഞാന്‍ നല്ലൊരു സദ്യ ഒരുക്കിവച്ചേനെ.'' സിസിലി പറഞ്ഞു.
''ഇതു ധാരാളമല്ലേ സിസിലീ. ഇത്രപെട്ടെന്ന് എത്രകൂട്ടം കറികളാ ഒണ്ടാക്കീത്. നല്ല ടേസ്റ്റും.''
ഊണുകഴിക്കുന്നതിനിടയില്‍ സൂസമ്മ എല്‍സയെ നോക്കി പറഞ്ഞു:
''ഞങ്ങളൊരു സന്തോഷവാര്‍ത്ത പറയാനും കൂടിയാ വന്നത്.''
''അറിഞ്ഞു ആന്റി. ജയേഷ് പറഞ്ഞു.''
''അപ്പം രണ്ടുപേരും കൂടി കല്യാണത്തിനു വന്നേക്കണം. തലേന്നേ എത്തിയേക്കണം. ഇന്‍വിറ്റിഷേന്‍ കാര്‍ഡ് ഞാന്‍ അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട്. അടുത്തമാസം പത്തിന്.''
''വരും ആന്റി. തീര്‍ച്ചയായും വരും. പോകണ്ടേ അമ്മേ?''
''പിന്നെ പോകണ്ടേ? എന്റെ തോളേല്‍ കിടന്നു വളര്‍ന്ന ചെക്കനല്ലേ. പോകാണ്ടിരിക്കാന്‍ പറ്റ്വോ?''
ഓരോന്നു പറഞ്ഞിരുന്ന് ഊണുകഴിച്ച് എണീറ്റു കൈകഴുകി.
ഉച്ചകഴിഞ്ഞ് സൂസമ്മ പറമ്പൊക്കെ ഒന്നു ചുറ്റിനടന്നു കണ്ടു. സിസിലിയുമുണ്ടായിരുന്നു കൂടെ. മൂന്നുമണിയായപ്പോള്‍ തിരിച്ചെത്തി.
''പോകണ്ടേ മോനേ?'' സൂസമ്മ മകനോടു ചോദിച്ചു.
''ഇന്നു വിടില്ല. വളരെക്കാലം കൂടി വന്നതല്ലേ. ഇന്നിവിടെ തങ്ങീട്ട് രാവിലെ പോയാല്‍ മതി. ഇനിയുമുണ്ട് വേറെ സ്ഥലം കാണാന്‍. വൈകുന്നേരം ഞാനതു കൊണ്ടേ കാണിക്കാം.''
എല്‍സ പറഞ്ഞു.
''ഇന്നുതന്നെ മടങ്ങാന്ന് ഉറപ്പുകൊടുത്തതുകൊണ്ടാ ജയേഷ് എന്റെ കൂടെ പോന്നത്.''
''ആ നിലപാടൊക്കെ ജയേഷ് മാറ്റി ആന്റി. ഇല്ലേല്‍ ചോദിച്ചു നോക്ക്.''
''എന്താടാ? നാളെ പോയാ മതിയോ?''
''അമ്മേടെ ഇഷ്ടം.''
''നീ എന്നാ പറഞ്ഞു മയക്കി ഇവനെ?''
സൂസമ്മ എല്‍സയുടെ നേരേ നോക്കി ചിരിച്ചു.
''കാര്യം പറഞ്ഞാല്‍ ജയേഷിനു മനസ്സിലാകും ആന്റി. വൈകിട്ട് ഞാന്‍ വേറെ കുറെ സ്ഥലങ്ങള്‍ ജയേഷിനു കാണിച്ചു കൊടുക്കും. കല്യണം കഴിഞ്ഞ് ഇനി ഇങ്ങോട്ടൊന്നും വരവുണ്ടാകില്ലല്ലോ.''
''എന്നാ മോളുടെ ഇഷ്ടം പോകലെയാകട്ടെ. നാളെയേ പോകുന്നുള്ളൂ.''
സിസിലിക്കും എല്‍സയ്ക്കും സന്തോഷമായി.
വൈകുന്നേരം ജയേഷിനെയും കൂട്ടി വേറെ സ്ഥലങ്ങള്‍ കാണാന്‍ പോയി എല്‍സ. മടങ്ങുന്ന വഴി കുറുക്കന്‍കുന്ന് കവലയില്‍നിന്ന് പലവ്യഞ്ജനം വാങ്ങിക്കൊണ്ടാണു പോന്നത്.
അത്താഴത്തിന് ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു. വയറുനിറയെ കഴിച്ചു ജയേഷ്. പിന്നെ, രാവേറെ വര്‍ത്തമാനം പറഞ്ഞിരുന്നു നാലുപേരും.
പതിനൊന്നു മണിയായപ്പോള്‍, ജയേഷിന്റെ കണ്ണുകളെ ഉറക്കം തലോടി. കോട്ടുവാ വിടുന്നതു കണ്ടപ്പോള്‍ സിസിലി അവനെ വിളിച്ചുകൊണ്ടുപോയി കട്ടിലില്‍ കിടത്തി. എല്‍സയും പോയി കിടന്നു. സൂസമ്മയും സിസിലിയും പിന്നെയും വര്‍ത്തമാനം പറഞ്ഞിരുന്നു.
പുലര്‍ച്ചെ എണീറ്റ് പള്ളിയില്‍പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു നാലുപേരും. തിരികെ വീട്ടില്‍വന്നു പ്രഭാതഭക്ഷണം കഴിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു. ഭക്ഷണം കഴിഞ്ഞ് എണീറ്റു കൈകഴുകിയിട്ട് പോകാനായി യാത്ര ചോദിച്ചു.
''കല്യാണത്തിനു വരണം ട്ടോ? പറ്റുമെങ്കില്‍ ടെസിയെയുംകൂടി കൂട്ടിക്കൊണ്ടുവരണം. അവളോടു ഞാന്‍ നേരിട്ടു വിളിച്ചു പറഞ്ഞോളാം.'' സൂസമ്മ എല്‍സയുടെ നേരേ തിരിഞ്ഞിട്ടു തുടര്‍ന്നു: ''വരണം ട്ടോ മോളേ. തലേന്നുതന്നെ വരണം. ജനിച്ചു വളര്‍ന്ന വീടും പറമ്പുമൊക്കെ ഒന്നു കാണുകകൂടി ചെയ്യാലോ.''
''വരും ആന്റീ. ഒറപ്പായിട്ടും വരും. എല്‍സ ജയേഷിന്റെ നേരേ തിരിഞ്ഞിട്ട് തുടര്‍ന്നു: ''കല്യാണം കഴിഞ്ഞ് രണ്ടുപേരും കൂടി ഇങ്ങോട്ടും വരണേ. എന്നാലേ ഞങ്ങളു വരൂ.''
''ഉം...'' ജയേഷ് ചിരിച്ചുകൊണ്ടു തലയാട്ടി.
സൂസമ്മയും ജയേഷും വരാന്തയില്‍നിന്നു മുറ്റത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ സ്റ്റാര്‍ട്ടു ചെയ്തിട്ട് വെളിയിലേക്കു മുഖം തിരിച്ച് എല്‍സയെ നോക്കി അവന്‍ കൈവീശി. എല്‍സയും കൈവീശി.
കാര്‍ സാവധാനം മുമ്പോട്ടു നീങ്ങി.
''നല്ല സ്‌നേഹമുള്ള ആള്‍ക്കാരാ അല്ലേ അമ്മേ...''
''അതെനിക്കറിയാവുന്നതുകൊണ്ടല്ലേ ഞാന്‍ നിന്നെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോന്നത്. സിസിലിയുടെ അതേ സ്വഭാവമാ മകള്‍ക്കും. നീയെന്നുവച്ചാല്‍ ജീവനായിരുന്നു സിസിലിക്ക്. നിനക്കതൊന്നും ഓര്‍മയുണ്ടാവില്ല.''
''രണ്ടുപേരുടെയും ആ സ്‌നേഹം കണ്ടപ്പഴാ ഇന്നലെ അവിടെ തങ്ങാമെന്നു ഞാന്‍ തീരുമാനിച്ചത്. പാവം ചട്ടുകാലി പെണ്ണായിപ്പോയി. അല്ലെങ്കില്‍ ആരെങ്കിലും വന്നു കെട്ടിക്കൊണ്ടു പോയേനെ. കാണാന്‍ നല്ല മുഖമല്ലേ! നല്ല ചിരിയും.''
''സിസിലി എന്തോരം സങ്കടപ്പെടുന്നുണ്ടാവും. തന്നെയല്ലേയുള്ളൂ. സഹായത്തിന് ആരാ ആ മലമുകളില്‍.''
''കുറച്ചു കാശു കൊടുത്ത് നമുക്കവരെ ഒന്നു സഹായിച്ചാലോ അമ്മേ?''
''ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. പാവങ്ങളല്ലേ. സഹായിക്കണം. പറ്റുമെങ്കില്‍ അവളുടെ കാലിന്റെ ഓപ്പറേഷന്‍ നടത്തിക്കൊടുക്കണം. എത്ര സ്‌നേഹത്തോടെയാ നമ്മളെ സല്‍കരിച്ചതെന്ന് ഓര്‍ത്തു നോക്കിക്കേ...''
ഉച്ചകഴിഞ്ഞപ്പോഴേക്കും അവര്‍ വീട്ടിലെത്തി.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജയേഷിന്റെ മനസ്സില്‍ എല്‍സയുടെ മുഖമായിരുന്നു.
അവളുടെ സ്‌നേഹപ്രകടനവും സംസാരവും പെരുമാറ്റവുമൊക്കെ അവനെ അത്രയേറെ ആകര്‍ഷിച്ചിരുന്നു.
(തുടരും)