•  18 Apr 2024
  •  ദീപം 57
  •  നാളം 6
സാന്ത്വനം

മക്കളോടു സ്വപ്നങ്ങള്‍ പങ്കുവയ്ക്കണം

ന്നത്തെ കൗമാരക്കാരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും നമ്മള്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ്. മിനിമോള്‍ക്ക് പതിനഞ്ചുവയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. പത്താംക്ലാസു കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് അവളെ മറ്റൊരു സ്‌കൂളിലാണ് ചേര്‍ത്തത്. പക്ഷേ, പുതിയ സ്‌കൂളുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല. സ്‌കൂള്‍ മാറുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ക്ലാസിലെ ജിബിന്‍ എന്ന കുട്ടിയോട് മിനിമോള്‍ക്ക് അതിരുവിട്ട അടുപ്പമുണ്ടത്രേ! എന്നാല്‍, ഞാന്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയില്ലേ എന്നായിരുന്നു അവളുടെ മറുപടി. പക്ഷേ, ഇപ്പോള്‍ പഠനം പുറകോട്ടായില്ലേ; ഇങ്ങനെയുള്ള ബന്ധങ്ങള്‍ പഠനത്തെ സഹായിക്കുന്നില്ലല്ലോ എന്നു മാതാപിതാക്കള്‍. മിനിമോള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: ''എനിക്ക് ജിബിനെ കല്യാണം കഴിച്ച് തരില്ലാന്നു പപ്പാ പറഞ്ഞു.'' 
മോള്‍ക്ക് പതിനഞ്ചു വയസ്സ് കഴിഞ്ഞിട്ടല്ലേയുള്ളൂ, ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയമായിട്ടില്ല, പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നമ്മള്‍ മറ്റുള്ളവര്‍ക്ക് ഒരു വാഗ്ദാനം കൊടുക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞ്, കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു: ''ഞാന്‍ നന്നായി പഠിച്ച് നല്ല മാര്‍ക്കു വാങ്ങിയാല്‍ എന്നെ ജിബിനു കല്യാണം കഴിച്ചുകൊടുക്കുമോ?'' മാതാപിതാക്കളോടു പറയാം എന്നു പറഞ്ഞപ്പോള്‍ കുട്ടി വിങ്ങിപ്പൊട്ടി: ''പപ്പാ ജീവിച്ചിരിക്കുന്നിടത്തോളം കാലം സമ്മതിക്കില്ല.'' മാതാപിതാക്കളോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പതിനഞ്ചു വയസ്സ് കഴിഞ്ഞ കുട്ടിയോട് ഇപ്പോഴേ കല്യാണം സമ്മതിക്കണോ? അവള്‍ക്ക് വിവാഹം എന്താണെന്നറിയാമോ? ഒരു വര്‍ഷം അവളുടെ കൈയില്‍നിന്നു രണ്ട് മൊബൈലാണ് ഞങ്ങള്‍ പിടിച്ചത്. മോള്‍ പറഞ്ഞു: ''ആറുമാസമായി പപ്പാ അടിക്കാനും ശകാരിക്കാനുമല്ലാതെ എന്റെ അടുത്തു വരികയോ എന്റെ മുഖത്തു നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അമ്മ ഒരു പോലീസുകാരിയെപ്പോലെ സംശയിച്ചാണ് എന്നെ നോക്കുന്നതും അടുത്തു വരുന്നതും സംസാരിക്കുന്നതും.''
ഇവിടെ അച്ഛനും അമ്മയും അറിയാതെ കുട്ടി വളര്‍ന്നുപോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നു മാതാപിതാക്കള്‍ പതിനഞ്ചും പതിനാറും വയസ്സായ മക്കളെ കൊച്ചുകുട്ടിയായി കാണുന്നു. എന്നാല്‍, അവര്‍  മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നു, സംസാരിക്കുന്നു. ഇത് മാതാപിതാക്കള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ അംഗീകരിക്കാന്‍ പറ്റുന്നില്ല. മുകളില്‍ പറഞ്ഞ മിനിമോളുടെ കാര്യത്തില്‍, വിവാഹസംബന്ധമായ കാര്യം പിതാവിന് അംഗീകരിക്കാനേ പറ്റുന്നില്ല എന്നതിന്റെ പ്രതിഫലനമാണ്, ആറുമാസമായി ആ കുട്ടിയെ ഒന്നുനോക്കി പുഞ്ചിരിക്കാനോ വാത്സല്യം കാണിക്കാനോ സാധിക്കാതെ അവളെ അടിക്കുകയും താഴ്ത്തിക്കെട്ടി സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാല്‍, ഇതിലൂടെ മക്കള്‍ അവരുടെ സ്‌നേഹബന്ധം ദൃഢപ്പെടുത്തുമെന്ന് മാതാപിതാക്കളേ, നിങ്ങള്‍ അറിയാതെപോകരുത്.  
നിങ്ങളുടെ മക്കള്‍ ഒരു ആറാംക്ലാസില്‍ അല്ലെങ്കില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴേ ഇടയ്‌ക്കൊക്കെ നിങ്ങള്‍ക്ക് അവരെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പറയണം. കൂടാതെ, അത്താഴസമയത്ത് എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കണം, സംസാരത്തിനിടയില്‍ കളിയും കാര്യവുമായി വിവാഹവും പ്രണയവുമൊക്കെ ചര്‍ച്ച ചെയ്യുകയും ശരിയായ ബോധ്യങ്ങളിലെത്താതെ ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്കരുതെന്നും പറഞ്ഞു മനസ്സിലാക്കണം. നിങ്ങള്‍ അവരുമായി ഒരു സൗഹൃദം കെട്ടിപ്പടുക്കുകയാണെങ്കില്‍, ഒരു മൊബൈല്‍ ആരെങ്കിലും കൊടുത്താല്‍, ഒരു വഴിവിട്ട മെസേജ് കിട്ടിയാല്‍, ആരെങ്കിലും തങ്ങളെക്കുറിച്ച് ഒരു കമന്റ് പറഞ്ഞാല്‍ അവര്‍ ഓടിവന്ന് അത് നിങ്ങളോടു പങ്കുവയ്ക്കും. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കു തോന്നും. അടിയും വഴക്കുമില്ലാതെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കണമെന്നു മാത്രം. മക്കളുടെ സ്‌നേഹബന്ധത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ വെറുതെ മക്കളെ തല്ലിച്ചതയ്ക്കരുതേ, റൂമില്‍ പൂട്ടിയിടരുതേ. കാരണം, അത് അവരറിയാതെ അവരുടെ ബന്ധത്തെ ദൃഢപ്പെടുത്താന്‍ കാരണമാകും. ഇവിടെ ക്ഷമയും സ്‌നേഹവുംകൊണ്ട് അവരെ തിരുത്തുകയും എങ്ങനെ ഇതില്‍ അകപ്പെട്ടു എന്നു ചോദിച്ചു മനസ്സിലാക്കുകയും വിവാഹപ്രായമാകുമ്പോള്‍ ഇതിനെപ്പറ്റി ആലോചിക്കാമെന്നു പറഞ്ഞുകൊടുക്കുകയും വേണം. ഇപ്പോള്‍ നന്നായി പഠിക്കാന്‍ എന്തു ചെയ്യണമെന്ന് അവരോടു കൂടിയിരുന്ന് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യണം.
ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍, സിനിമകള്‍, അവര്‍ കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍, ആശയവിനിമയസൗകര്യങ്ങള്‍ (ഫോണ്‍, ഇന്റര്‍നെറ്റ്) തുടങ്ങിവയൊക്കെയാണ് മക്കളെ വഴിതെറ്റിക്കുന്നതും ഏറെ സ്വാധീനിക്കുന്നതും. അതിനാല്‍, ഇന്റര്‍നെറ്റിന്റെ സ്വതന്ത്രമായ ഉപയോഗത്തിന് 18 വയസ്സുവരെ ഒരു നിയന്ത്രണം വയ്ക്കുന്നതാണ് നല്ലത്.  

 

Login log record inserted successfully!