•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാഴ്ചയ്ക്കപ്പുറം

കന്യാത്വവും പ്രായവും പ്രധാനപ്പെട്ടതാകുമ്പോള്‍

ഭാര്യയ്ക്കു ഭര്‍ത്താവിനെക്കാള്‍ പ്രായക്കുറവായിരിക്കണം. കന്യകന്‍ എന്ന വാക്ക് ഇല്ലാത്തതുകൊണ്ടാവാം ഭാര്യ കന്യകയുമായിരിക്കണം. ഭര്‍ത്താവിന് ഏതറ്റം വരെയും എങ്ങനെയും പോകാം. അവന്‍ പുരുഷനാണല്ലോ. പക്ഷേ, ഭാര്യയ്ക്ക് അതു പാടില്ല. കാരണം, അവള്‍ സ്ത്രീയാണല്ലോ. അതായത്, ഭരിക്കപ്പെടേണ്ടവള്‍.
 സാങ്കേതികതയില്‍ ഏറെ വളര്‍ന്നിട്ടും ഇന്നും ഇത്തരത്തിലുളള ചിന്താഗതികളാണ് നാം വച്ചുപുലര്‍ത്തുന്നത്. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളോടുള്ള സമീപനവും വ്യത്യസ്തമല്ല. ഒരു സ്ത്രീ വിധവയാകുന്നുവെന്നിരിക്കട്ടെ. സാധാരണഗതിയില്‍ അവള്‍ രണ്ടാമതു വിവാഹിതയാകുന്നത് അപൂര്‍വമാണ്. ഇനി വിവാഹിതയാവുകയാണെങ്കില്‍ത്തന്നെ അവളെക്കാള്‍ പ്രായക്കൂടുതലുള്ള, ബാധ്യതയുള്ള ഒരു രണ്ടാംകെട്ടുകാരനായിരിക്കും അവളുടെ ഭര്‍ത്താവ്. അല്ലാതെ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരുവന്‍ അവളെ വിവാഹം കഴിക്കും എന്നു വിചാരിക്കാന്‍ പാടില്ല.
എന്തിനാണ് ഇതൊക്കെ പറയുന്നത് എന്നാണോ? മലയാളസിനിമയിലുമുണ്ട് ഇത്തരം ചില തനതുശീലങ്ങളും കീഴ്‌വഴക്കങ്ങളും... നായിക സുചരിതയും കന്യകയുമായിരിക്കണം. കന്യകയല്ലാത്ത, അല്ലെങ്കില്‍ വിധവയായ ഒരുവള്‍ നായകന്റെ  ജോഡിയായി സിനിമ അവസാനിക്കുമെന്നു ചിന്തിക്കാനേ വയ്യ. അങ്ങനെ ഒരു സാധ്യത വന്നാല്‍ ഒന്നുകില്‍ ഏതെങ്കിലും ഗിമ്മിക്കുകള്‍കൊണ്ട് നായികയ്ക്കു ചാരിത്രം കൈമോശം വന്നിട്ടില്ലെന്നു സമര്‍ത്ഥിക്കും. ഇനി അത്തരമൊരു സാധ്യതയില്ലെങ്കില്‍ രണ്ടും കല്പിച്ച അവരെ ഏതുവിധേനയും കൊന്നുകളയും. മാത്രവുമല്ല, പുരുഷന്റെ അധരമുദ്രകൊണ്ട് വശംവദയായിപ്പോകത്തക്ക അതീവദുര്‍ബലകളായിട്ടാണ് ഈ സ്ത്രീകളെ ലോഹിതദാസിനെപ്പോലെയുള്ള മഹാരഥന്മാര്‍പോലും ചിത്രീകരിച്ചിരിക്കുന്നത് (മഹായാനം, കന്മദം).
ഇതില്‍ മഹായാനത്തിലെ രാജമ്മ എന്ന ചായക്കടക്കാരി സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ചതിക്കപ്പെട്ട ഒരു പ്രണയകഥയിലെ നായികയാണ് അവള്‍. പ്രണയത്തിന്റെ താജ്മഹലുകളില്‍ മനവും തനുവും ഒന്നുപോലെ സമര്‍പ്പിച്ചവള്‍. പക്ഷേ, കാമുകനില്‍നിന്നുള്ള ചതി അവളെ പുതിയൊരാളാക്കി മാറ്റി. അന്നുമുതല്‍ ലോകത്തുള്ള സകലമാനപുരുഷന്മാരോടും അവള്‍ക്കു വെറുപ്പായി. അവളെ പേടിച്ചാരും ആ വഴിനടപ്പീല എന്ന് പണ്ടു കവി പാടിയതുപോലെയായി കാര്യങ്ങള്‍. അങ്ങനെയുള്ള അവളുടെ ജീവിതത്തിലേക്കാണ് ലോറിക്കാരന്‍ ചന്ദ്രു കടന്നുവരുന്നത്. സ്വാഭാവികമായും അവര്‍ തമ്മിലുളള ആദ്യകണ്ടുമുട്ടല്‍തന്നെ ഉടക്കിലാണ് അവസാനിക്കുന്നത്. പിന്നീട് അതിന്റെ തുടര്‍ച്ചകള്‍.  ഒടുവില്‍ സഹികെട്ടെന്നോണം ചന്ദ്രു ഒരുനാള്‍ അവളെ ചുംബിക്കുന്നുണ്ട്. ആ ചുംബനം അവളെ പെട്ടെന്ന് മറ്റൊരാളാക്കിമാറ്റി!
പുരുഷന്റെ ചൂടും ചൂരും പെണ്ണൊരുവളെ ശാന്തയാക്കുമെന്ന തത്ത്വം ഇവിടെ സമര്‍ത്ഥിക്കുകയാണു തിരക്കഥാകൃത്ത്. ഇരുവരും ആഴമായ ഒരു സ്‌നേഹബന്ധത്തിലേക്കു വളരുകയും അതു വിവാഹം കഴിക്കാനുളള തീരുമാനത്തിലെത്തുകയും ചെയ്യുന്നു. രാജമ്മയുടെ ഭൂതകാലം മുഴുവന്‍ മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു തന്റെ ജീവിതത്തിലേക്കുളള ചന്ദ്രുവിന്റെ ക്ഷണം. പക്ഷേ, മറ്റൊരുവനു ശരീരം  പങ്കിട്ടു നല്കിയ, പങ്കിലയായ രാജമ്മയെ നായകന്‍ ചന്ദ്രുവിനു വിവാഹം കഴിച്ചുകൊടുക്കാന്‍ തിരക്കഥാകൃത്ത് തയ്യാറാകുന്നില്ല. നായിക അനാഘ്രാതപുഷ്പമായിരിക്കണം എന്ന പരമ്പരാഗതസങ്കല്പത്തില്‍നിന്നു മുക്തമാകാന്‍ തയ്യാറല്ലാത്ത ആ മനസ്സ് രാജമ്മയെ സിനിമയുടെ അവസാനം കൊന്നുകളയുന്നു.
ഭരതന്റെ കാതോടു കാതോരത്തില്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്. അസ്വസ്ഥമായ ദാമ്പത്യബന്ധത്തിന്റെ എല്ലാ ചവര്‍പ്പും അനുഭവിക്കുന്നവളാണ് നായികയായ മേരിക്കുട്ടി. വളരെ അപ്രതീക്ഷിതമായിട്ടാണ് നായകനായ ലൂയിസ് അവളുടെയും മകന്റെയും ജീവിതത്തിലേക്കു കടന്നുവരുന്നത്. മേരിക്കുട്ടിക്കും മകനും ഒരു ജീവിതം നല്കാന്‍ നല്ലവനായ ലൂയിസ് തയ്യാറാകുമ്പോഴും അതിനു വിഘാതമായി ഒരുപാട് ഭൗതികസാഹചര്യങ്ങള്‍ അവര്‍ നേരിടുന്നു. ഒടുവില്‍ നാടുവിട്ട് മറ്റൊരു ദേശത്ത് താമസം ആരംഭിച്ചപ്പോഴും ജീവിക്കാന്‍ അനുവദിക്കാത്തവിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.  അതിന്റെയും അവസാനം മേരിക്കുട്ടിയുടെ ജീവനാശത്തിലാണ്.
ജോഷിയുടെ സംഘം എന്ന ചിത്രത്തിലുമുണ്ട്  ഇതിന്റെ ആവര്‍ത്തനം. നായകന്‍ കുട്ടപ്പായിയുടെ കോളജുകാലത്തെ ഒരു വികൃതിയാണ് അമ്മിണിയെന്ന പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നത്. സമൂഹവിവാഹത്തില്‍ കുട്ടപ്പായി വിവാഹം ചെയ്തത് അമ്മിണിയെയായിരുന്നു. പക്ഷേ, മകന്റെ ഈ തോന്ന്യാസം അറിഞ്ഞ അപ്പന്‍ റപ്പായി രായ്ക്കു രാമാനം അമ്മിണിയെ മകനില്‍നിന്നകറ്റുകയും എന്നാല്‍, മകന്‍മൂലം അവളുടെ ജീവിതം തകരാതിരിക്കാന്‍ ഒരു രക്ഷകനെ  ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്നു. പക്ഷേ, രക്ഷകനായി മാറേണ്ട ആള്‍ അമ്മിണിയെ വേശ്യാവൃത്തിയിലേക്കാണു തള്ളിവിട്ടത്. അവള്‍ക്ക് അതില്‍നിന്നു രക്ഷപ്പെടാന്‍ പി്ന്നീട് മരണംവരെ കഴിഞ്ഞുമില്ല. കുട്ടപ്പായിക്ക് തന്റെ മകളെ അപകടകരമായ ജീവിതസാഹചര്യങ്ങളില്‍നിന്നു രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. പക്ഷേ, മോളിക്കുട്ടിയെന്ന കുലസ്ത്രീയുടെ ഭര്‍ത്താവായി ജീവിക്കുന്ന കുട്ടപ്പായിയുടെ ജീവിതത്തിലേക്കു വല്ലവിധേനയും അമ്മിണിയെ പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്ത തിരക്കഥാകൃത്ത്   അവളെ വണ്ടികയറ്റി കൊല്ലുന്നു. അല്ലെങ്കിലും വേശ്യയായ അമ്മിണി കുട്ടപ്പായിയുടെ ജീവിതത്തില്‍ മിസ് ഫിറ്റാണല്ലോ. അയാള്‍ക്ക് നല്ലവളായ മകളെ മാത്രം കൊടുത്താല്‍ മതിയെന്നാണ് തിരക്കഥാകൃത്തിന്റെ ചിന്ത. അമ്മിണിയെ വകവരുത്തി അതയാള്‍ നടപ്പില്‍വരുത്തുകയും ചെയ്യുന്നു.
കിളിച്ചുണ്ടന്‍മാമ്പഴം എന്ന സിനിമയില്‍ നായിക മറ്റൊരാളുടെ മൂന്നാംഭാര്യയായിട്ടുപോലും തന്റെ കന്യകാത്വം കാമുകനു സമര്‍പ്പിക്കാനായി ദാമ്പത്യധര്‍മത്തില്‍നിന്ന് പല നുണകള്‍ പറഞ്ഞ്  ഒഴിഞ്ഞുനില്ക്കുന്നവളാണ്. കിളിച്ചുണ്ടന്‍ മാമ്പഴമേ കിളി കൊത്താ തേന്‍പഴമേ എന്നാണ് പാട്ടുപോലും. ഏതെല്ലാം കളി കളിച്ചാണെങ്കിലും നായകനു നായികയെ കൊടുക്കുമ്പോള്‍ അവള്‍ കന്യകയായിരിക്കണമെന്ന നിശ്ചയം മാമ്പഴക്കാലം എന്ന സിനിമയിലും നടപ്പില്‍വരുത്തിയിട്ടുണ്ട്. ഗള്‍ഫ് ജീവിതവും കുടുംബസ്‌നേഹവും കാരണം നേരായ പ്രായത്തില്‍ വിവാഹം കഴിക്കാതെപോയ നായകന്‍  അപ്രതീക്ഷിതമായി തന്റെ പഴയസ്‌നേഹഭാജനത്തെ കണ്ടുമുട്ടുന്നു. പക്ഷേ, അവള്‍ ഇതിനകം വിവാഹിതയും അമ്മയുമായിക്കഴിഞ്ഞിരിക്കുന്നു. ഒരു മകളുണ്ട് എന്നതാണ് വിവാഹം നടത്താതിരിക്കാനായിവീട്ടുകാര്‍ കണ്ടെത്തുന്ന കാരണവും. പക്ഷേ, ആ മകള്‍ നായികയുടെയല്ലെന്നും അവള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍പ്പോലും കന്യകയാണെന്നുമാണ് ചിത്രം പറയുന്നത്. അതോടെ നായകനും നായികയും തമ്മിലുള്ള വിവാഹത്തിന്റെ തടസ്സങ്ങള്‍ മാറിക്കിട്ടുന്നു.
വിധുരനും പിതാവുമായിരുന്നിട്ടും നായകനെ മധുരപ്പതിനേഴുകാരികളും  അവിവാഹിതരും പ്രണയിക്കാനും വിവാഹം കഴിക്കാനും മത്സരിക്കുന്ന രീതിയും മലയാള സിനിമയിലുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ,് എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകള്‍ ഓര്‍മിക്കുക. എന്നാല്‍, വിധവയോ ഡിവോഴ്സിയോ ആയ ഒരു നായികയെ സുന്ദരനും സല്‍സ്വഭാവിയും അവിവാഹിതനുമായ നായകന്‍ വിവാഹം കഴിക്കുന്നത് മലയാളസിനിമയ്ക്ക് ഇനിയും സങ്കല്പിക്കാന്‍ കഴിയില്ല.
 എന്നാല്‍, പ്രകടമായ ഈ ചിന്താഗതികളെ ചെറുതായിട്ടൊന്നു കുലുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു അടുത്തയിടെ റീലിസായ ലളിതം സുന്ദരം. കേന്ദ്രകഥാപാത്രമല്ലെങ്കിലും സിനിമയില്‍  ശ്രദ്ധേയമായ ഒരു  കഥാപാത്രത്തെ അവതരിപ്പിച്ച അവിവാഹിതനായ ജെറി (അനുമോഹന്‍) വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് തന്നെക്കാള്‍ മുതിര്‍ന്ന ഡിവോഴ്സിയായ സിമിയെ(ദീപ്തി സതി)യാണ്. പ്രായവ്യത്യാസവും വിവാഹമോചനവും പറഞ്ഞ് ആ ബന്ധത്തെ ചോദ്യം ചെയ്യുന്നവരെ അതിനെന്താണ് എന്ന മറുചോദ്യം കൊണ്ടാണ് ജെറി നിശ്ശബ്ദരാക്കുന്നത്. അതെ, അതിനെന്താണ്. 
നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ത്തന്നെ പ്രായവ്യത്യാസം കണക്കിലെടുക്കാതെയുള്ള സെലിബ്രിറ്റികളുടെ വിവാഹജീവിതങ്ങള്‍ കണ്‍മുമ്പിലുണ്ടല്ലോ. അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സംഗീത, നിക്ക് - പ്രിയങ്ക ചോപ്ര എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.
പറഞ്ഞുവരുന്നത് ഇതാണ്. മനസ്സുകള്‍ തമ്മിലുളള അടുപ്പമാണ് മറ്റെന്തിലും പ്രധാനം. ബാഹ്യമായ ചില ഘടകങ്ങള്‍ വച്ചുകൊണ്ടായിരിക്കരുത് വിവാഹമെന്ന ഉടമ്പടിയിലേര്‍പ്പെടേണ്ടത്. വിധവകള്‍ വിവാഹിതരാകുന്നതിനോടോ വിധവകളെ വിവാഹം കഴിക്കുന്നതിനോടോ ഇന്നത്തെ കാലത്തുള്ളതുപോലെ അസ്പൃശ്യത കാലം ഇത്രയൊന്നും മാറിയിട്ടില്ലാത്ത മുപ്പതുകളില്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും ഓര്‍മിക്കണം. വി.ടിയുടെയും എം.ആര്‍.ബിയുടെയും മറ്റും നേതൃത്വത്തിലുളള വിധവാവിവാഹങ്ങള്‍ എന്തൊരു സംഭവമായിരുന്നു! പക്ഷേ, ഇന്ന് അത്തരം മുന്നേറ്റങ്ങള്‍ നമുക്കിടയിലുണ്ടാകുന്നില്ല എന്നതല്ലേ സത്യം?
പീഡനത്തിന് ഇരകളാകുന്ന പെണ്‍കുട്ടികളോട് ഇനി നിങ്ങളുടെ മുമ്പിലുളളത് ആത്മഹത്യമാത്രമാണെന്നു പറഞ്ഞുകൊടുക്കുന്ന നേതാക്കന്മാരുടെ കാലത്താണ് നാം ജീവിക്കുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ബലാല്‍ക്കാരമായി ഒരാള്‍ ശരീരം കീഴടക്കിയിട്ടും അതിന്റെ മുറിവുമായി ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടിവരുന്ന എത്രയോ നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്! അവരെ വിവാഹം കഴിക്കാനോ അവര്‍ക്കൊരു ജീവിതംകൊടുക്കാനോ തയ്യാറായി ആരും വരുന്നില്ല. പീഡിപ്പിക്കപ്പെട്ടത് അസമയത്ത് യാത്രചെയ്തതിന്റെയോ വസ്ത്രധാരണം മോശമായതിന്റെയോ പേരിലാണെന്നു വിധിയെഴുതുന്നത് ഒരുതരം സാഡിസമാണ്. ഇത്തരം അബദ്ധപ്രസ്താവങ്ങളാണ് ശരിക്കും അവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശാരീരികപീഡനം ഏതാനും മണിക്കൂറുകള്‍ നേരത്തേക്കു മാത്രമായിരുന്നുവെങ്കില്‍ ഇതാവട്ടെ, ജീവിതകാലം മുഴുവനുമുള്ള പീഡനമായി മാറുന്നു. അതിന്റെ ബാക്കിയെന്നോണമാണ് വെറും കമ്മോഡിറ്റി കണക്കെ അവരെ ഉപയോഗപ്പെടുത്താന്‍ പലരും മുന്നോട്ടുവരുന്നത്.
പുരുഷന് ആവശ്യമില്ലാത്തതും സ്ത്രീക്കു മാത്രം ആവശ്യമുള്ളതുമാണ് ചാരിത്ര്യശുദ്ധിയെന്നത് കാലഹരണപ്പെട്ട ആശയമാണ്. ചാരിത്ര്യശുദ്ധിയും സാന്മാര്‍ഗികതയും എല്ലാവര്‍ക്കും ഒന്നുപോലെ വേണ്ടതാണ്. വൈധവ്യത്തിന്റെ പേരില്‍, എന്നോ ആരോ നഷ്ടപ്പെടുത്തിയ വിശുദ്ധിയുടെ പേരില്‍ ജീവിതകാലം മുഴുവന്‍ കണ്ണീര്‍ചിന്തിയും അപകര്‍ഷത അനുഭവിച്ചും ജീവിക്കേണ്ടവരൊന്നുമല്ല സ്ത്രീകള്‍. ആത്മധൈര്യത്തോടെ ഭാവിയെ നോക്കിക്കാണാനും ജീവിതത്തെ കെട്ടിപ്പടുക്കാനും കഴിയുന്ന വിധത്തിലുളള അത്തരം സ്ത്രീകളുടെ കഥകള്‍കൂടി മലയാളസിനിമയിലുണ്ടാവട്ടെ. അത് സ്ത്രീകള്‍ക്കു കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും കുറവൊന്നുമായിരിക്കുകയില്ല.

 

Login log record inserted successfully!