•  21 Nov 2024
  •  ദീപം 57
  •  നാളം 37
സാന്ത്വനം

കുറ്റപ്പെടുത്തലുകള്‍ ഒന്നവസാനിപ്പിച്ചിരുന്നെങ്കില്‍

പ്രിനീഷും സിസിലിയും ജോലിസ്ഥലത്തുവച്ച് കണ്ടുമുട്ടിയവരാണ്. മൂന്നുവര്‍ഷത്തോളം നീണ്ട പരിചയം. പിന്നീട് വിവാഹിതരായി. ഇപ്പോള്‍ ഒന്‍പതുവര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു. ഏഴുവയസ്സായ ഒരു മോനുണ്ട്. പ്രിനീഷിന് ഇപ്പോള്‍ വിവാഹജീവിതം മടുത്തു, വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കുന്നു. അതിന് ഒരു അഭിപ്രായം ചോദിക്കാന്‍ വന്നതാണ്. കാരണം, സിസിലി ഒരു കാര്യത്തിനും പ്രിനീഷിനോടു സഹകരിക്കുന്നില്ലത്രേ. സിസിലി പറഞ്ഞു: ''ഞാനാണ് പ്രിനീഷിനെ കാനഡയില്‍ കൊണ്ടുവന്നതും ജോലി വാങ്ങിക്കൊടുത്തതും. ഇപ്പോള്‍ പ്രിനീഷിന്റെ സഹോദരനെയും കുടുംബത്തെയുംകൂടെ കൊണ്ടുവന്നു.  എല്ലാമായിക്കഴിഞ്ഞിട്ടും എപ്പോഴും സ്വന്തം കുടുംബക്കാരെക്കുറിച്ചും സ്വന്തം കാര്യത്തിലും മാത്രമേ ശ്രദ്ധയുള്ളൂ. എന്റെ അഭിപ്രായം ഒരു കാര്യത്തിലും ചോദിക്കില്ല. കേള്‍ക്കില്ല. എന്റെ വീട്ടുകാരെക്കുറിച്ച് അന്വേഷിക്കില്ല. മോന്റെ പഠനകാര്യത്തിലും യാതൊരു അന്വേഷണവുമില്ല. ഈ ദേഷ്യംകൊണ്ട് എനിക്കു സഹകരിച്ചു പോകുവാന്‍ ബുദ്ധിമുട്ടുണ്ട്.''
രണ്ടുപേരെയും ഒന്നിച്ചു വിളിച്ചു സംസാരിച്ചപ്പോള്‍ ഇരുവരും പരസ്പരം വളരെ കയര്‍ത്തു സംസാരിച്ചു. മുമ്പോട്ട് എങ്ങനെ ഒന്നിച്ചുപോകാമെന്ന് ആലോചിക്ക്, കഴിഞ്ഞതൊക്കെ മറക്ക് എന്നു പറഞ്ഞപ്പോള്‍ പ്രിനീഷ് പറഞ്ഞു: ''കുട്ടി ഉണ്ടായതിനുശേഷം ഞങ്ങള്‍ തമ്മില്‍ സന്തോഷത്തോടെ ഒരു ലൈംഗികബന്ധം ഉണ്ടായിട്ടില്ല. ഇനി ഇതിനായി മറ്റു വല്ലവരുടെയും പുറകേ പോയാല്‍ എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തും. അതുകൊണ്ട് സിസിലി ഇതിനു തയ്യാറാണെങ്കില്‍ തുടരാം, ഇല്ലെങ്കില്‍ പിരിയാനാണു താത്പര്യം.'' ഇതുകേട്ട സിസിലി കരഞ്ഞുകൊണ്ടു പറഞ്ഞു: ''സിസ്റ്റര്‍, പ്രിനീഷ് ബെഡ്‌റൂമില്‍ വന്നു കഴിഞ്ഞാല്‍ ആദ്യത്തെ അരമണിക്കൂര്‍ വരവുചെലവുകളുടെ കണക്കു പറയും, അവന്റെ അപ്പന് ഈ മാസം രണ്ടുലക്ഷം ഇടണം, പെങ്ങള്‍ക്ക് ഒരു ലക്ഷം, ഇങ്ങനെ ഒരു ലിസ്റ്റ്. എന്നാല്‍, ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളാണ്. വീട്ടുകാര്‍ കാശുമുടക്കി പഠിപ്പിച്ചിട്ടാണ് ഈ നിലയില്‍ ആയത്, അവര്‍ക്കു വിവാഹശേഷം ഒന്നും കൊടുക്കാന്‍ സമ്മതിച്ചിട്ടില്ല. ഈ കാര്യങ്ങള്‍ പറഞ്ഞ് ദേഷ്യപ്പെടും മിക്ക ദിവസവും. പിന്നെ പ്രിനീഷിനെ കാണുമ്പോഴേ എനിക്കു ദേഷ്യമാണ്. അതുകൊണ്ടാണ് ഞാന്‍ സഹകരിക്കാത്തത്.'' പ്രിനീഷിനു നേരേ നോക്കിയപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് അതു സമ്മതിച്ചു.
ദരിദ്രകുടുംബത്തില്‍ വളര്‍ന്നുവന്ന പ്രിനീഷിന് പണം ഒരു ഹരമായിരുന്നു. സ്വന്തം അപ്പനെയും അമ്മയെയും പണംകൊണ്ട് സുരക്ഷിതരാക്കാന്‍ നോക്കുന്നതിനിടയില്‍ സ്വന്തം ഭാര്യയുടെയും മകന്റെയും മാനസികാരോഗ്യത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രിനീഷ് വിട്ടുപോയി. ഇരുപത്തിനാലാം വയസ്സില്‍ ആരംഭിച്ച വിവാഹജീവിതം മുപ്പത്തിനാലാം വയസ്സില്‍ വഴിമുട്ടി നില്‍ക്കുന്നു. പുറമേ പ്രിനീഷും സിസിലിയും ഏറ്റവും ഭാഗ്യമുള്ള സമ്പന്നരായ ദമ്പതികളാണ്. എന്നാല്‍, അവരുടെ ഉള്ളില്‍ എന്നും തേങ്ങലുകളും പരാതികളും മാത്രം. സ്വന്തം ഭാര്യയെ സന്തോഷിപ്പിക്കാന്‍, സുരക്ഷിതയാക്കാന്‍, ഒരു അപ്പന്റെയും ആങ്ങളയുടെയും സ്‌നേഹവും പരിഗണനയും വാത്സല്യവും കൊടുത്തുകൊണ്ട് ഇറങ്ങിത്തിരിക്കുമ്പോള്‍ ഏതു ഭാര്യയും ഭര്‍ത്താവ് പറയുന്നിടത്ത്, അവന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു നില്‍ക്കും. ഇല്ലെങ്കില്‍ സ്വന്തം ശമ്പളം വാങ്ങുന്നവരും, മറ്റുള്ളവരുടെ സഹായമില്ലാതെ മുമ്പോട്ടുപോകാന്‍ ഉറപ്പുള്ളവരുമായ സ്ത്രീകള്‍, ഭര്‍ത്താക്കന്മാരോടു നിസ്സഹകരണം കാണിക്കുവാന്‍ സാധ്യതയേറെയാണ്. 
പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍, എപ്പോഴും അകല്‍ച്ചകള്‍ സൃഷ്ടിക്കുന്നു. ഇവിടെ സ്‌നേഹക്കുറവോ താത്പര്യക്കുറവോ അല്ല പ്രശ്‌നം. മിക്കവര്‍ക്കും ഉള്ളില്‍ നല്ല സ്‌നേഹംതന്നെയാണ്. പക്ഷേ, പുറമേ അതു കാണിക്കുന്നില്ല. മറ്റുള്ളവരുടെ മുമ്പില്‍ പരസ്പരം പ്രോത്സാഹിപ്പിച്ചു പറയുന്നില്ല; പ്രത്യേകിച്ച്, ഭാര്യമാര്‍ അതു ഭര്‍ത്താക്കന്മാരില്‍നിന്നു പ്രതീക്ഷിക്കുന്നു. ജീവിതപങ്കാളിയെ മറ്റുള്ളവരുടെ മുമ്പിലും സ്വകാര്യജീവിതത്തിലും പ്രോത്സാഹിപ്പിക്കാനും പുകഴ്ത്താനും മടിക്കുമ്പോള്‍ അല്ലെങ്കില്‍ മറന്നുപോകുമ്പോള്‍, സ്വാഭാവികമായും അവര്‍ ചിന്തിക്കുക, ഞാന്‍ എന്റെ ഭര്‍ത്താവിന് കുളിക്കുമ്പോള്‍ സോപ്പുപോലെയും വിശക്കുമ്പോള്‍ ഭക്ഷണംപോലെയും (എന്റെ സ്വന്തം വാക്കുകള്‍ അല്ല, പല സ്ത്രീകളും പറഞ്ഞ ഉപമയാണ്) ഉള്ള ഒരു ഉപഭോഗവസ്തുമാത്രമെന്നാണ്. അതുകൊണ്ട് തങ്ങളുടെ സ്വകാര്യലോകത്തു വരുമ്പോള്‍ ഈ ലൈംഗികാവശ്യങ്ങള്‍ക്കുമാത്രമായി ഞാന്‍ വഴങ്ങില്ല എന്നു ചിന്തിക്കുന്ന ഒരു സ്ത്രീസമൂഹം തന്നെയുണ്ട് ഇന്നു നമുക്കുചുറ്റും. 
ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും സ്വന്തം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ നേരിടുന്ന ഏതു ഭാര്യയും മാനസികമായി സന്തോഷവതിയല്ല. ഈ സന്തോഷക്കുറവ് പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ഭര്‍ത്താവും ഭാര്യയും തനിയെ ആയിരിക്കുന്ന സമയങ്ങളിലായിരിക്കും. ഇതു വീണ്ടും ദേഷ്യത്തിലൂടെ പരിഹരിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുമ്പോള്‍ അവിടെ വ്യക്തിബന്ധങ്ങള്‍ വികലമായിക്കൊണ്ടിരിക്കും. പരസ്പരമുള്ള ബഹുമാനം സ്വകാര്യജീവിതത്തിലും പൊതുസമക്ഷത്തും കാണിക്കാന്‍ രണ്ടു കൂട്ടരും ശ്രദ്ധിച്ചാല്‍ മാനസികവും ശാരീരികവുമായ അടുപ്പം നിലനിറുത്തിക്കൊണ്ടു പോകാന്‍ സാധിക്കും. പരസ്പരമുള്ള ഭാവമാറ്റങ്ങള്‍ മനസ്സിലാക്കി പരസ്പരം ചേര്‍ത്തുനിര്‍ത്താനും, ധൈര്യം പകരാനും, സങ്കടങ്ങളില്‍ ആശ്വസിപ്പിക്കാനും ശ്രമിച്ചാല്‍ ഒട്ടുമിക്ക കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
അതുപോലെ, ജീവിതത്തിന്റെ പുതുമ നഷ്ടപ്പെടുമ്പോള്‍ പരസ്പരം അകല്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. അതായത,് വീടായി, കാറായി, മക്കളായി, സാമ്പത്തികഭദ്രതയായി. ഇനി മുന്നോട്ട് പുതുമകള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ പരസ്പരം അകല്‍ച്ചയും സംസാരിക്കാന്‍ വിഷയദാരിദ്ര്യവും ഉണ്ടാകാം. അപ്പോള്‍ മറ്റൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കുകയോ, അല്ലെങ്കില്‍ എന്തെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യുക. ജീവിതത്തില്‍ പുതുമകളാര്‍ജിച്ച് പുത്തന്‍ ഉണര്‍വോടെ മുമ്പോട്ടുപോകാന്‍ ദമ്പതികള്‍ക്കു സാധിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)