പുനഃപ്രതിഷ്ഠാകര്‍മം മുടങ്ങി. മരണം സംഭവിച്ച വീടാണ്. കാരണവരുടെ മരണാനന്തരകര്‍മങ്ങളാണ് ഇപ്പോള്‍ നടക്കേണ്ടത്. അതിനുള്ള ഒരുക്കങ്ങളായിരുന്നു പിന്നീട്.
പുനഃപ്രതിഷ്ഠയ്ക്കിനി ആചാരപ്രകാരം നാളുകള്‍ കഴിയണം. പെലയുണ്ട്. അതു കഴിയണം. ക്ഷേത്രത്തില്‍ പുണ്യാഹം വേണം.
നാല്പത്തൊന്നാം ദിവസം പെല കഴിഞ്ഞു. ചിതാഭസ്മം കടലിലൊഴുക്കി. മരണാനന്തരകര്‍മങ്ങള്‍ പാടേ തീര്‍പ്പാക്കി. പക്ഷേ, പിന്നീട് പ്രതിഷ്ഠാകര്‍മം മാത്രം നടന്നില്ല.
നീലകണ്ഠനായിരുന്നു മരുതുകുളങ്ങരത്തറവാടിന്റെ നെടുംതൂണ്‍. അയാള്‍ വഴിമാറിപ്പോയി. പിന്നെയുണ്ടായിരുന്നത് കാരണവരാണ്. അദ്ദേഹവും പോയി.
പരാന്നഭോജികളായിരുന്ന ബ്രാഹ്‌മണരും പോറ്റിമാരും മുടങ്ങിപ്പോയ പ്രതിഷ്ഠാകര്‍മങ്ങളെക്കുറിച്ചു ശബ്ദിച്ചില്ല. സംസാരിച്ചാല്‍ത്തന്നെ മരുതുകുളങ്ങരത്തറവാടിന് ഇനി അതിനുള്ള പാങ്ങില്ല.
പക്ഷേ, മറ്റൊന്നു നിയതിയുടെ നിയമംപോലെ നട്ടാലത്തും പരിസരപ്രദേശത്തും സാവധാനം സംഭവിച്ചുകൊണ്ടിരുന്നു. നീലകണ്ഠന്റെ വാക്കുകളെ ധിക്കരിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കുറെ ആളുകള്‍ വിശ്വസിച്ചു. നീലകണ്ഠനാണ് ശരി. നീലകണ്ഠന്റെ വിശ്വാസമാണ് ശരി. ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ തുടങ്ങി.
നട്ടാലം ക്ഷേത്രാധികാരികള്‍ക്കും ബ്രാഹ്‌മണപുരോഹിതര്‍ക്കും ഈ സംഭവങ്ങള്‍ വല്ലാത്ത ക്ഷതമായിപ്പോയി. വല്ലാത്തൊരു അപമാനഭാരം അവരെ മഥിക്കാന്‍ തുടങ്ങി. പക്ഷേ, ഒരു പരാജയം സമ്മതിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
അവര്‍ പത്മനാഭപുരത്തെത്തി. കോട്ടപ്പണിയുടെ സമയമായിരുന്നതിനാല്‍ മേല്‍നോട്ടത്തിനായി രാമയ്യന്‍ ദളവ പത്മനാഭപുരത്തുണ്ടായിരുന്ന സമയം.
രാമയ്യന്‍ ദളവ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ പ്രധാനമന്ത്രിയായിരുന്നു. രാജഭക്തനും രാജ്യക്ഷേമതത്പരനുമായിരുന്ന രാമയ്യന് കൊട്ടാരത്തില്‍ വളരെ വലിയ സ്വാധീനമാണുണ്ടായിരുന്നത്.
ദേവസഹായത്തിന്റെ ശത്രുക്കള്‍ മരുതുകുളങ്ങരയില്‍ നടന്ന സംഭവങ്ങളും ദേവസഹായത്തിന്റെ മതപരിവര്‍ത്തനവും മറ്റും പൊടിപ്പും തൊങ്ങലും വച്ച് അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ചു. പക്ഷേ, അതൊന്നും വലിയ കാര്യമായി രാമയ്യന്‍ദളവയ്ക്കു തോന്നിയില്ല. അദ്ദേഹം പറഞ്ഞു:
''നിങ്ങള്‍ പറയുന്നതൊക്കെ ശരിതന്നെ. പ്രതിഷ്ഠാകര്‍മം തടസ്സപ്പെട്ടു. അതിനുള്ള കാരണം നീലകണ്ഠനല്ലല്ലോ. കാരണവരുടെ മരണമല്ലേ... പിന്നെ അയാള്‍ ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ളത്. അതയാളുടെ വ്യക്തിപരമായ കാര്യം. അന്യമതം സ്വീകരിക്കുന്നതിനു നമ്മുടെ രാജ്യത്തെ നിയമങ്ങളൊന്നും തടസ്സം നില്ക്കുന്നില്ലല്ലോ.''
ബ്രാഹ്‌മണാരോപണങ്ങളുടെ മുനയൊടിഞ്ഞു. തങ്ങളുടെ തന്ത്രങ്ങള്‍ വിലപ്പോകുന്നില്ലെന്നു കണ്ട അവര്‍ മാര്‍ഗമൊന്നു മാറ്റിപ്പിടിച്ചു.
''അല്ലയോ മന്ത്രിപുംഗവാ, താങ്കള്‍ ചിന്തിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. അവന്‍ ബ്രാഹ്‌മണരെയും നമ്മുടെ ദേവീദേവന്മാരെയും അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. വേദേതിഹാസങ്ങളെ പുച്ഛിക്കുന്നു. എന്തിനധികം, മഹാരാജാവിനെക്കുറിച്ചുപോലും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. മാത്രമോ ക്രിസ്തുമതം സ്വീകരിച്ച അവന്‍ നമ്മുടെ ജനങ്ങളെ അവന്റെ മതത്തില്‍ ചേര്‍ക്കുന്നു. ഇക്കണക്കിനു പോയാല്‍ നമ്മുടെ മതം ഈ നീട്ടില്‍ അന്യംനിന്നു പോകും.''
തികഞ്ഞ രാജഭക്തനും കറകളഞ്ഞ ഹൈന്ദവവിശ്വാസിയുമായിരുന്ന രാമയ്യനു ദേവസഹായത്തിനോട് കലശലായ ദേഷ്യമുണ്ടായി. അദ്ദേഹം പറഞ്ഞു:
''നിങ്ങള്‍ സമാധാനമായിരിക്കുക. നാം മഹാരാജാവിനോടു കാര്യങ്ങളുണര്‍ത്തിച്ച് അവന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്നുണ്ട്.''
ബ്രാഹ്‌മണര്‍ സന്തോഷപൂര്‍വം മടങ്ങി. ദേവസഹായത്തിനെതിരേ നീങ്ങാന്‍ രാമയ്യന്‍ ഒരവസരം പാര്‍ത്തിരുന്നു.
അങ്ങനെയിരിക്കെയാണ് വടക്കുംകുളത്തുനിന്ന് പരംജ്യോതിനാഥസ്വാമികളുടെ ഒരു കുറിമാനം ദേവസഹായത്തിന് എത്തിച്ചുകിട്ടിയത്.
വടക്കുംകുളത്ത് പുത്തനായി ഒരു ദേവാലയം കെട്ടിപ്പടുക്കുന്നതിനാവശ്യമായ തേക്കിന്‍തടി മുറിക്കുന്നതിനും അരുവാമൊഴി ചൗക്ക വഴി അതു കടത്തിക്കൊണ്ടുപോരുന്നതിനുമുള്ള അനുവാദം വാങ്ങിത്തരണമെന്നും കത്തില്‍ കുറിച്ചിരുന്നു.
വടക്കുംകുളത്ത് പുതിയ ദേവാലയം നിര്‍മിക്കാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ദേവസഹായത്തിന് അതിയായ സന്തോഷം തോന്നി. അദ്ദേഹം സമയം പാഴാക്കാതെ രാമയ്യന്‍ ദളവയെ ചെന്നു കണ്ട് ആദരവോടെ പറഞ്ഞു:
''മഹാരാജാവ് തിരുമനസ്സിന്റെ സ്‌നേഹാദരങ്ങള്‍ക്കു പാത്രീഭൂതനായ അല്ലയോ മന്ത്രി ശ്രേഷ്ഠാ, അങ്ങേക്കു നമസ്‌കാരം. ബഹുമാനപ്പെട്ട പരംജ്യോതിനാഥസ്വാമികള്‍ വടക്കുംകുളത്ത് ഒരു പള്ളി പുത്തനായി പണിയുന്നതിന് ആവശ്യമുള്ള തേക്കുമരം മുറിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെട്ടിരിക്കുന്നു. ആയതിലേക്ക് താങ്കള്‍ അനുവാദം തന്നാല്‍ ദൈവം എപ്പോഴും അങ്ങയോട് കൃപയുള്ളവനായിരിക്കും.''
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ത്തന്നെ രാമയ്യന്‍ ഇരിപ്പിടത്തില്‍നിന്നു ചാടിയെഴുന്നേറ്റ് വര്‍ദ്ധിച്ച കോപത്തോടെ ദേവസഹായത്തിനു നേരേ ഗര്‍ജിച്ചു.
''ഹേ നീലകണ്ഠാ ദ്രോഹീ, നീ ബ്രാഹ്‌മണരെയും നമ്മുടെ ദേവീദേവന്മാരെയും നിന്ദിച്ചുവോ? പൊന്നുതമ്പുരാന്റെ പൂജനീയരായ ബ്രാഹ്‌മണരെ അനാദരിക്കാന്‍ നീ പുറപ്പെട്ടിരിക്കയാണോ? ബ്രാഹ്‌മണരെ ഉപദേശിക്കാനുള്ള സാമര്‍ത്ഥ്യം നിനക്കെവിടുന്നു കിട്ടി? ബ്രാഹ്‌മണരെ അധിക്ഷേപിക്കാനും ഉപദേശിക്കാനുമുള്ള സാമര്‍ത്ഥ്യം നിനക്കാരാണു തന്നത്? ഒരു ബ്രാഹ്‌മണനു തെറ്റി എന്നു ലോകത്തിലാരും പറയുകയില്ല. നമ്മെയും നമ്മുടെ ദേവന്മാരെയും ആക്ഷേപിച്ച നിന്റെ നാക്കിനെ അടക്കി നിന്നെയും നിന്റെ കൂട്ടാളികളെയും കഴുമരത്തില്‍ കയറ്റുന്നുണ്ട്. നിശ്ചയം.''
അടക്കാനാവാത്ത ദേഷ്യത്തില്‍ പുകഞ്ഞുകത്തുകയായിരുന്നു രാമയ്യന്‍. ഒരാക്രമണംപോലും മന്ത്രിയില്‍നിന്ന് ദേവസഹായം പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. മന്ത്രിയുടെ ആക്രോശത്തില്‍ ദേവസഹായം ഭയപ്പെട്ടതുമില്ല. ഭയലേശമെന്യേ ദേവസഹായം പറഞ്ഞു:
''അല്ലയോ മന്ത്രിശ്രേഷ്ഠാ, അങ്ങു പറഞ്ഞതുപോലെ വേദാനുസാരികളെ വധിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എന്തിനു മടിക്കുന്നു. ഇപ്പോള്‍ത്തന്നെ അങ്ങയുടെ ആഗ്രഹം നിറവേറ്റിയാലും.''
അതുകൂടി കേട്ടപ്പോള്‍ ദളവായുടെ കോപം ഇരട്ടിച്ചു. മറുപടിയൊന്നും പറയാന്‍ കൂട്ടാക്കാതെ അദ്ദേഹം മുറിക്കകത്തേക്കു കയറി ദേവസഹായത്തിന്റെ മുഖത്തേക്കെന്നപോലെ വാതില്‍ വലിച്ചടച്ചു.
പരംജ്യോതിനാഥസ്വാമികളുടെ ആവശ്യം നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ ദേവസഹായത്തിന് അനല്പമായ സങ്കടമുണ്ടായി. തന്നോടാവശ്യപ്പെട്ട കാര്യം നിവര്‍ത്തിച്ചുതരാന്‍ കഴിയാത്തതില്‍ ഏറെ വിഷമമുണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ അങ്ങനെയൊന്നു നടത്തിക്കിട്ടാന്‍ ദൈവം കരുണയാകുമെന്നും ദേവസഹായം പരംജ്യോതിനാഥസ്വാമികള്‍ക്കെഴുതി.
അതിലൊക്കെയുപരി ദളവായ്ക്ക് തന്റെ നേരേയുള്ള കോപം മറ്റു ക്രിസ്ത്യാനികളോട് എങ്ങനെ പ്രവര്‍ത്തിക്കുമെന്നോര്‍ത്തപ്പോള്‍ ദേവസഹായത്തിന് എന്തെന്നില്ലാത്ത ഭയം ജനിച്ചു. ദളവയില്‍നിന്നു കാര്യങ്ങള്‍ ഗ്രഹിക്കുന്ന മഹാരാജാവ് തന്നോട് എങ്ങനെയാണു പ്രതികരിക്കുകയെന്നു ദേവസഹായത്തിനു നിശ്ചയമുണ്ടയിരുന്നില്ല. എന്തുതന്നെയായാലും മഹാരാജാവിന്റെ നീക്കം ഹിതകരമായിരിക്കില്ലെന്ന് ദേവസഹായത്തിനുറപ്പുണ്ടായിരുന്നു.
പക്ഷേ, ദേവസഹായം ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. പിന്നീടൊരു നീക്കവും ദേവസഹായത്തിനെതിരേ ദളവയില്‍നിന്നുണ്ടായില്ല. മഹാരാജാവും കാര്യങ്ങളറിഞ്ഞതായി തോന്നിയില്ല.
ദൈവം അനുഗ്രഹത്തിന്റെ ഒരു മറക്കുട തന്റെമേല്‍ പിടിച്ചിരിക്കുന്നുവെന്ന് ദേവസഹായത്തിനു തോന്നി. എങ്കിലും അത് അധികകാലം നീണ്ടുനില്ക്കില്ല. മുന്നോട്ടുള്ള വഴികളില്‍ ചിതറിയ മാംസവും ഇറ്റുവീഴുന്ന ചോരത്തുള്ളികളും ഒരു സ്വപ്നദര്‍ശനത്തിലെന്നവണ്ണം ദേവസഹായം കാണുന്നുണ്ട്.
''ദൈവമേ, നീ എനിക്കായി ഒരുക്കിവച്ചിരിക്കുന്ന വഴികളില്‍ ഇടറിപ്പോകാതെ എന്റെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തേണമേ.'' ദേവസഹായം അങ്ങനെ പ്രാര്‍ത്ഥിച്ചു.
ശരത്കാലത്തെ ചന്ദ്രനെപ്പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങള്‍. അവ തെളിഞ്ഞതും ശാന്തവുമായിരുന്നു. ദേവഹായം മറ്റൊന്നിലേക്കും മനസ്സു നീട്ടിയില്ല. മറ്റൊന്നിനെക്കുറിച്ചും വ്യഥിതനായതുമില്ല. എന്തെന്നാല്‍, ദേവസഹായം തന്നിലുള്ള ഭോഷത്തം ഉപേക്ഷിച്ച് ജ്ഞാനം സ്വീകരിച്ചിരുന്നു. വിഗ്രഹങ്ങളെ ഉപേക്ഷിച്ച് ജീവനുള്ള ദൈവത്തെ സ്വീകരിച്ചിരുന്നു.
ശാന്തതയുടെ ദിനങ്ങള്‍ അംഗുലീപരിമിതങ്ങളായിരുന്നു. ദളവയുടെ സവിധത്തില്‍ തങ്ങളുണര്‍ത്തിച്ച സങ്കടങ്ങള്‍ക്കൊന്നും പരിഹാരം സിദ്ധിക്കാത്തതില്‍ അസ്വസ്ഥരായ ബ്രാഹ്‌മണപ്രമുഖര്‍ മഹാരാജാവിനെ മുഖം കാണിച്ചുണര്‍ത്തിച്ചു:
''അല്ലയോ മഹാരാജന്‍, അങ്ങയുടെ ഭരണത്തിന്‍കീഴിലുള്ള ഈ മഹാരാജ്യത്ത് രാജകല്പനയെ ധിക്കരിക്കുന്നവരും നമ്മുടെ ദേവന്മാരെ നിന്ദിക്കുന്നവരും ജീവിച്ചിരിക്കുന്നു എന്നുള്ളത് തികച്ചും അപമാനകരമാണ്. അത് നമ്മുടെ രാജ്യത്തിനും ദേവീദേവന്മാര്‍ക്കും ഒട്ടും ശ്രേയസ്‌കരമല്ല. എന്തെന്നാല്‍, നീലകണ്ഠന്‍ എന്നൊരുവന്‍ സത്യവേദത്തില്‍ ചേര്‍ന്ന് നമ്മുടെ ദേവന്മാരെയും ബ്രാഹ്‌മണരെയും എന്തിനധികം അങ്ങയുടെ മഹനീയസിംഹാസനത്തെയും നിന്ദിക്കുന്നു. ഞങ്ങളുടെ പാവനമായ ബ്രഹ്‌മസൂത്രത്തെ അറുത്തെടുത്ത് അരഞ്ഞാണമായി ഉപയോഗിക്കുമെന്നു വെല്ലുവിളിക്കുന്നു.''
മഹാരാജാവ് അസ്വസ്ഥനായി. ജ്ഞാനിയും വിവേകിയും സന്മാര്‍ഗചരിതനുമായ ഒരാളാണ് നീലകണ്ഠന്‍. അങ്ങനെയൊരാളില്‍നിന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഉന്നതകുലജാതനാണ് നീലകണ്ഠന്‍. തന്റെ അന്തസ്സിനും ആഭിജാത്യത്തിനും ഉതകുന്ന രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവന്‍. വേദേതിഹാസങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും പഠിച്ചവന്‍.
''അല്ലയോ ബ്രാഹ്‌മണശ്രേഷ്ഠരേ, നീലകണ്ഠനെപ്പറ്റി നിങ്ങള്‍ പറയുന്നതൊന്നും നമുക്കു വിശ്വസിക്കാനേ ആവുന്നില്ല.'' മഹാരാജാവ് പറഞ്ഞു.
''ശിവ ശിവ! മഹാരാജനും ഞങ്ങളെ അവിശ്വസിക്കുന്നുവെന്നോ? അല്ലയോ മഹാനുഭാവന്‍, നീലകണ്ഠന്‍ അലറിപ്പറഞ്ഞതെന്തെന്നോ. അവര്‍ ക്രിസ്ത്യാനികളെല്ലാം ചേര്‍ന്ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ ഇടിച്ചുനിരത്തുകയും അങ്ങയെ അധികാരഭ്രഷ്ടനാക്കി നാടുവിട്ടോടിക്കുകയും ചെയ്യുമെന്ന്.''
''അങ്ങയുടെ ഉപ്പും ചോറുംതിന്നു ജീവിക്കുന്ന ഞങ്ങള്‍ എങ്ങനെ ഇതൊക്കെ കണ്ടും കേട്ടും ഈ നാട്ടില്‍ കഴിഞ്ഞുകൂടും? ഇപ്പോള്‍ത്തന്നെ ഇതിനു പ്രതികാരം ചെയ്യാത്തപക്ഷം ക്ഷേത്രവും മഠങ്ങളും അടച്ചുപൂട്ടി ഞങ്ങളിതാ നാടുവിട്ടുപോകുന്നു.''
''നീലകണ്ഠനും അവനോടു ചേര്‍ന്ന ക്രിസ്ത്യാനികളുംകൂടി പൂജാജോലികളും വേദേതിഹാസങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും നശിപ്പിച്ച്, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ അവരുടെ ആരാധനാസ്ഥലമാക്കി അവരുടെ നീചമതത്തെ നാടാകെ വ്യാപിപ്പിച്ച് നമ്മുടെ രാജ്യത്തു കലാപമുണ്ടാക്കും. ശ്രീപത്മനാഭനാണേ, മഹാദേവി ഭദ്രകാളിയാണേ ഇതു സത്യം.''
അത്രയും പറഞ്ഞിട്ട് ബ്രാഹ്‌മണര്‍ രാജസന്നിധി വിട്ടുപോയി. തികഞ്ഞ മതവിശ്വാസിയും ബ്രാഹ്‌മണഭക്തനുമായിരുന്നു മഹാരാജാവ്. കുറേനേരം ചിന്താമഗ്നനായി ഇരുന്നു. പൊടുന്നനേ ഒരു തീര്‍പ്പിലെത്താന്‍ മഹാരാജാവിനു കഴിഞ്ഞില്ല.
അദ്ദേഹം മന്ത്രി രാമയ്യന് ആളയച്ചു. രാമയ്യന്‍ താമസം കൂടാതെ രാജസന്നിധിയിലെത്തി.
''അല്ലയോ രാമയ്യന്‍, നീലകണ്ഠനെപ്പറ്റി നാം ചിലതൊക്കെ കേള്‍ക്കുന്നു. അതിന്റെ നിജസ്ഥിതിയെന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.''
''കേട്ടതൊക്കെ ശരിതന്നെ മഹാരാജന്‍. അവന്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. നമ്മുടെ ആള്‍ക്കാരെ മതം മാറ്റുന്നു. നമ്മുടെ മതത്തെയും ബ്രാഹ്‌മണരെയും ആക്ഷേപിക്കുന്നു. തീര്‍ച്ചയായും അവന്‍ ശിക്ഷ അര്‍ഹിക്കുന്നവന്‍തന്നെ.'' രാമയ്യന്‍ ഉറപ്പിച്ചു പറഞ്ഞു.
മഹാരാജാവിന് രാമയ്യന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യമാണുണ്ടായത്. കേട്ടതെല്ലാം സത്യംതന്നെ. എങ്കിലും നീലകണ്ഠനില്‍നിന്ന് ഇങ്ങനെയൊന്നും മഹാരാജാവ് പ്രതീക്ഷിച്ചിരുന്നില്ല.
ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചാണക്യതന്ത്രജ്ഞനായിരുന്ന മഹാരാജാവിന് ഒരു നിലത്തേക്കു നിശ്ചയം കിട്ടിയില്ല. ബ്രാഹ്‌മണാധിക്ഷേപം കൊടിയ കുറ്റംതന്നെ. അതിനേക്കാള്‍ കടുത്ത കുറ്റമാണ് മതാധിക്ഷേപം. ശ്രീപദ്മനാഭനെ നിന്ദിക്കുകയെന്നാല്‍ സഹിക്കാന്‍ പറ്റാത്ത അപരാധവും
പക്ഷേ, നീലകണ്ഠനിപ്പോള്‍ ക്രിസ്തുമതവിശ്വാസിയാണ്. നീലകണ്ഠനെ ശിക്ഷിച്ചാല്‍ രാജ്യത്തുള്ള മറ്റു ക്രിസ്ത്യാനികള്‍ എങ്ങനെ അതിനെ ന്യായീകരിക്കും? അതിനൊരു മതപീഡനത്തിന്റെ നിറം വന്നുചേരുമോ? പ്രജാക്ഷേമതത്പരന്‍ എന്നു നാടാകെ പുകഴ്ത്തപ്പെടുന്ന നമ്മുടെ സല്‍പ്പേരിന് അതു കളങ്കമായിത്തീരുമോ?
മഹാരാജാവ് അങ്ങനെയൊക്കെ ചിന്തിച്ചു. പക്ഷേ, നീലകണ്ഠന്‍ ചെയ്തിരിക്കുന്ന ധിക്കാരപ്രവൃത്തികള്‍ തുടര്‍ന്നാല്‍ സിംഹാസനത്തിന്റെ യശസ്സിനു കോട്ടം തട്ടുമെന്ന് മഹാരാജാവ് കണക്കുകൂട്ടി. അദ്ദേഹം ഭടന്മാരോടാജ്ഞാപിച്ചു:
''ആ ദുഷ്ടന്‍ നീലകണ്ഠനെ ഉടന്‍ ഹാജരാക്കുക.''
ഭടന്മാര്‍ പത്മനാഭപുരത്തെത്തി ദേവസഹായത്തിനെ രാജകല്പനയറിയിച്ചു.
രാജകല്പന എന്തിന്റെ തുടക്കമാണെന്ന് ദേവസഹായം ഉള്‍ക്കണ്ണാല്‍ കണ്ടു.
(തുടരും)