•  8 May 2025
  •  ദീപം 58
  •  നാളം 9
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

  തന്നെ പഠിപ്പിക്കാന്‍ അമ്മയ്ക്കുള്ള ജാഗ്രത മനസ്സിലാക്കിയ ലിസി അമ്മയോടുള്ള കൂറും ആദരവും പ്രകടിപ്പിക്കാന്‍ ഏറെ വീട്ടുജോലികള്‍ അമ്മയ്ക്ക് ചെയ്തുകൊടുത്തു.  
തനിക്കു പഠിക്കണം. വളരെ പാടുപെട്ടിട്ടാണ് പത്താംക്ലാസ്സ് എന്ന കടമ്പ കടന്നുകിട്ടിയത്. അതിനാല്‍, തുടര്‍ന്നുപഠിക്കണം എന്ന ആഗ്രഹം അവള്‍ വീട്ടുകാര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചതേയില്ല. ''കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' എന്ന മട്ടാണ് ഇപ്പോള്‍ വീട്ടുകാര്‍ക്ക്. ചേച്ചി വാശിപിടിച്ചു പഠിക്കുകയാണ്. റോയിച്ചായന്‍ കോളജില്‍ ചേരാന്‍ വാശിപിടിച്ചെങ്കിലും നടപ്പായില്ല. പാവം കുറച്ചുനാള്‍ നാട്ടില്‍ ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ടുഹാന്‍ഡും പഠിച്ചു. അതിനുള്ള ഫീസുകൊടുക്കാന്‍ മാര്‍ഗമില്ലാതെ കാരാപ്പുഴയപ്പച്ചന്റെ വക്കീലാഫീസിലെ പണിയുംമറ്റുമായി ഒതുങ്ങി. ഇപ്പോള്‍ ബോംബെയില്‍ ചെമ്പൂരാണ്. ജീവിക്കാനും ഇളയത്തുങ്ങളെ പഠിപ്പിക്കാനുമായി നെട്ടോട്ടം ഓടുന്നു.
ഒരു പത്രപ്പരസ്യം കണ്ട് ലാബറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സിന് ലിസി അപേക്ഷ അയച്ചു. വലിയ ചെലവൊന്നുമില്ലാതെ പഠിക്കാം. പിന്നെ അവര്‍ പറയുന്ന ക്ലിനിക്കില്‍ ജോലി ചെയ്യണം എന്നാണ് വ്യവസ്ഥ. 
എന്നാല്‍, പേരപ്പന്റെ മകന്‍ തമ്പിച്ചായന്‍ സമ്മതിച്ചില്ല. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ ചെന്ന പലരും വഴിപിഴച്ചുപോയത്രേ. എന്തോ ഗൂഢലക്ഷ്യങ്ങളുള്ള സ്ഥാപനമാണത്. 
ലിസിയുടെ അപ്പന്റെ ഒരു ജ്യേഷ്ഠന്‍ കുര്യച്ചന്റെ മകനാണ് തമ്പിക്കുഞ്ഞ്. തമ്പിയുടെ അമ്മ  തമ്പിക്കുഞ്ഞിനു ജന്മം കൊടുത്ത് മൂന്നാംമാസത്തില്‍ മരിച്ചുപോയതാണ്. 
ആ പാവം പേരമ്മയെ പോരുകാരിയായ വല്യമ്മച്ചി ഒത്തിരി കഷ്ടപ്പെടുത്തിയത്രേ. മുള്ളനാക്കുഴിയിലെ വല്യമ്മ തോട്ടില്‍ തുണിയലക്കികൊണ്ടിരിക്കേ പറഞ്ഞതാണിത്.
പേറുകഴിഞ്ഞ് കട്ടിപ്പണി ചെയ്യാറാകാത്ത പെണ്ണിനെക്കൊണ്ട് വല്യകുടത്തില്‍ വെള്ളം ചുമ്മിച്ചു. വെള്ളവുമായി നടകയറിയപ്പോള്‍ ആ പേരമ്മ ഉടുമുണ്ടില്‍ച്ചവിട്ടി തലയിടിച്ച് തെന്നിവീണു. കുറേദിവസം ജില്ലാശുപത്രിയില്‍ മരണത്തോടു മല്ലിട്ടു. പിന്നെ മരണത്തിനു കീഴടങ്ങി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ഗര്‍ഭപാത്രത്തിനും  ക്ഷതമേറ്റിരുന്നു. അതായിരുന്നത്രേ  മരണകാരണം.
ഉണിച്ചി എന്ന ആ അമ്മ  ജീവിതം മരണത്തിനു തീറെഴുതിക്കൊടുത്തപ്പോള്‍,  അക്ഷരാര്‍ത്ഥത്തില്‍ തമ്പിക്കുഞ്ഞ് അനാഥനായി. തമ്പിക്കുഞ്ഞിനെ ഒന്നു കാണാന്‍പോലും വല്യമ്മച്ചി ആ അമ്മവീട്ടുകാരെ സമ്മതിച്ചില്ല. 
ലിസിയുടെ അമ്മയെ കെട്ടിക്കൊണ്ടുവരുമ്പോള്‍ തമ്പിച്ചന്  ഒന്നരവയസ്സ്. അമ്മയാണ് പിന്നീട് തമ്പിച്ചന്റെ സ്വന്തം അമ്മയുടെ സ്ഥാനം നല്കി വളര്‍ത്തിയത്. 
അമ്മയ്ക്കന്നു പതിനേഴു വയസ്സ് മാത്രം. അമ്മായിയമ്മപ്പോരും, കൊച്ചുനാത്തൂന്റെ സ്വാര്‍ത്ഥതയും, വലിയവീട്ടിലെ അന്തമില്ലാത്ത ജോലികളും തമ്പിക്കുഞ്ഞിന്റെ ശാഠ്യങ്ങളും ഇച്ചാച്ചന്റെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളും അമ്മയെ സങ്കടക്കടലിലാഴ്ത്തി. തമ്പിച്ചായനെപ്പോലെ അമ്മച്ചിയും ഉറക്കത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. 
'പാറപ്പുറത്തച്ചനെക്കൊണ്ട്  ബാധയൊഴിപ്പിക്കാന്‍, കാരാപ്പുഴയമ്മച്ചി അമ്മയെ  കൊണ്ടുപോയി. ആ ദിവസങ്ങളില്‍ മാത്രമാണ് അമ്മ  സമാധാനം എന്തെന്നറിഞ്ഞത്. വേദപാഠധ്യാനവും വിശ്രമവും ഭക്ഷണവും. അല്ലലില്ലാത്ത ആ ദിവസങ്ങളില്‍ അമ്മ സമാധാനത്തോടെ യഥേഷ്ടം ഉറങ്ങി. 
കാരാപ്പുഴയമ്മച്ചി പറഞ്ഞു: 'കുഞ്ഞന്നാമ്മയ്ക്ക് ഒരു കുഴപ്പോമില്ല, അവളെയിട്ട് ഒത്തിരി കഷ്ടപ്പെടുത്താണ്ടിരുന്നാ മതി. വിശപ്പിന് ആഹാരോം കൊടുക്കണം. അതു പിന്നെയമ്മച്ചി കൊടുക്കുമെന്നറിയാം, ഞാന്‍ സ്വന്തം മോളായിട്ടുംകൂടെ എന്നെയിട്ടൊരുപാടു  കഷ്ടപ്പെടുത്തിയതല്ലേ?
''എന്നാ ഞങ്ങളൊരു ചില്ലലമാര പണിത് അവളെ അതിലങ്ങിരുത്താം, ഒരും പണീം ചെയ്പ്പിക്കാതെ.''
'നിങ്ങളു നിങ്ങടെ സൗകര്യം പോലെ ചെയ്യ്. പാറപ്പുറത്തച്ചന്‍ പറഞ്ഞത് ഞാനങ്ങു പറഞ്ഞെന്നേയുള്ളൂ, കുര്യച്ചനെക്കൊണ്ട് ഒരു പെണ്ണുകെട്ടിച്ചിട്ട് തമ്പിക്കുഞ്ഞിനെ അവരെയേല്പിക്ക് അതാ അതിന്റെയൊരു ചേല്.''
ഏറെക്കാലം കഴിയുംമുമ്പേ, നേഴ്‌സിങ് പഠിച്ച അതിസുന്ദരിയായ ഒരു പെണ്ണിനെ സുന്ദരനായ കുര്യച്ചനെക്കൊണ്ട് കെട്ടിച്ചു.  
സ്വഭാവശുദ്ധിയുള്ള നല്ലൊരു പെണ്ണാണ് ആ നേഴ്‌സമ്മ. അമ്മയ്ക്കും ആ ചേട്ടത്തിയമ്മയെ ഇഷ്ടമായി. 
നാലുപെണ്‍മക്കളുള്ള ഒരു വീട്ടിലെ രണ്ടാമത്തെ പെണ്ണാണ് അമ്മിണിക്കുട്ടി. മൂത്തവള്‍ റ്റീച്ചറാണ്, കുടുംബം നോക്കുന്നത്. അപ്പന്‍ ഒരു അഞ്ചല്‍പ്യൂണാണ്. ഒരഞ്ചലോട്ടക്കാരന്റെ ശമ്പളം കൊണ്ട് മക്കളെ പഠിപ്പീരോ, കെട്ടിച്ചയയ്ക്കലോ നടത്താന്‍ പറ്റില്ല, ശമ്പളം തീരെ കുറവാണ് കിട്ടുന്നത്.
അമ്മിണിക്കുട്ടിയുടെ രണ്ടനിയത്തിമാര്‍ പഠിക്കുന്നു. അവരെയും പഠിപ്പിച്ച് നേഴ്സുമാരാക്കാനാണ് ആ അപ്പന്റെ ആഗ്രഹം.
വലിയ വീടും പത്രാസും മലേഷ്യാ, ഓസ്‌ട്രേലിയാ ബന്ധങ്ങളുമൊക്കെവച്ചാണ് പഠിപ്പും മുഖശ്രീയുമുള്ള നല്ലൊരു പെണ്ണിനെ രണ്ടാം ഭാര്യയായി കിട്ടിയതെന്ന് നാട്ടുകാര്‍ അമ്മയുടെ ചെവിയില്‍ 'അടക്കം' പറഞ്ഞു. 
കുര്യച്ചന്‍ ഉണിച്ചിയെ പള്ളിയില്‍പ്പോലും ഒപ്പം കൊണ്ടുപോയിട്ടില്ലെന്ന്. പകല്‍ മുഴുവന്‍ വീട്ടിലെ ജോലികളെല്ലാം ചെയ്ത് രാത്രിയില്‍ വെട്ടിയിട്ട വാഴപ്പിണ്ടി പോലെ കിടന്നുറങ്ങുന്ന ഉണിച്ചിയെ കുര്യച്ചന്‍ ഗൗനിച്ചതേയില്ല. നാലഞ്ചു വര്‍ഷം കഴിഞ്ഞാണ് അവര്‍ക്ക് തമ്പിക്കുഞ്ഞ് ജനിച്ചത്. 
അമ്മിണിക്കുട്ടിയെ കുര്യച്ചന് വലിയ ഇഷ്ടമാണ്. അമ്മിണിക്കുട്ടിയെ അടുത്തുകാണുമ്പോള്‍  കുര്യച്ചന്റെ മുഖത്ത് നാണം കലര്‍ന്ന ഒരു ഗൂഢസ്മിതം മൊട്ടിടും. അതു കാണാന്‍ എന്തൊരു ചേലാണ്! അധികം സംസാരിക്കാത്ത കുര്യച്ചന്‍ കുടുംബത്തിലെ മറ്റു യാതൊരു കാര്യത്തിലും ഇടപെട്ടില്ല. ഉറക്കവും വിശ്രമവും സായാഹ്നസവാരിയും സായാഹ്നത്തിലെ കുളിയും ഞായറാഴ്ചയിലെ പള്ളിയില്‍പോക്കും മാത്രമാണ് അദ്ദേഹം ആകെ ചെയ്യുന്ന ജോലി. 
ഉച്ചയൂണും കറികളും വെന്താലുടനെ, വീട്ടിലെ സര്‍വരുടെയും വസ്ത്രങ്ങള്‍ കാരവെള്ളത്തിലും സോപ്പുപൊടിയിലുമായി മുക്കിവച്ചിട്ട് അതൊരു പാളയില്‍ക്കെട്ടി അമ്മയുടെ തലയില്‍വച്ച് വല്യമ്മച്ചി ഉച്ചതിരിയുന്നതിനുമുമ്പ് തോട്ടിലേക്കയയ്ക്കും. ഇതു കാണുമ്പോള്‍ മുള്ളനാക്കുഴിയിലെ വല്യമ്മ പറയും: ആ ഉണിച്ചിപ്പെണ്ണിനെ അവരിട്ടു കഷ്ടപ്പെടുത്തിയതുപോലെയാണ് കുഞ്ഞന്നാമ്മയെയും. കഷ്ടമുണ്ട്. ഞങ്ങളുടെ ആള്‍ക്കാര്‍ വീട്ടില്‍ വന്നുകയറുന്ന പെണ്ണുങ്ങളെ ഇങ്ങനെ നരകിപ്പിക്കാറില്ല.'' 
അമ്മ ആരെക്കുറിച്ചും ഒരിടത്തും കുറ്റംപറയാറില്ല. തിരിച്ചും മറിച്ചും ആരെങ്കിലും പറഞ്ഞ് അമ്മായിയമ്മയുടെ ചെവിയലറിഞ്ഞാലത്തെ പുകില് പറയേണ്ടല്ലോ! അതുകൊണ്ട് മിണ്ടാതെനിന്ന് ചിരിക്കുകമാത്രം ചെയ്യും.  കുര്യനപ്പച്ചനെയും അമ്മിണിക്കൊച്ചമ്മയെയും അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ്. അവരിരുവരും വീട്ടുജോലിയൊന്നും ചെയ്തില്ലേലും നല്ല വാക്കുകളും നല്ല ചിരിയുംകൊണ്ട് അമ്മയുടെ മനസ്സിനെ കീഴടക്കി.
നയാപൈസ സ്ത്രീധനം വാങ്ങാതെയാണ് സൗന്ദര്യോം വിദ്യാഭ്യാസോമുള്ള പെണ്ണിനെ ജോലിയൊന്നുമില്ലാത്ത കുര്യച്ചനെക്കൊണ്ടു കെട്ടിച്ചത്. 
കുര്യച്ചനും അമ്മിണിക്കുട്ടിക്കും  സസന്തോഷം ജീവിക്കാന്‍ വേണ്ടതെല്ലാം വല്യപ്പച്ചന്‍ ചെയ്തുകൊടുത്തു. മലബാറില്‍ അവര്‍ക്കൊരു മെഡിക്കല്‍ ഷോപ്പിട്ടു കൊടുത്ത് അവരെയങ്ങോട്ടു മാറ്റി.
എന്നാല്‍, തമ്പിക്കുഞ്ഞിനെ അവര്‍ അമ്മയ്ക്കുതന്നെ കൊടുത്തു. ബേവിച്ചന്റെ കുഞ്ഞന്നാമ്മപ്പെണ്ണു നോക്കുന്നതുപോലെ ആരു നോക്കും? തമ്പിച്ചെറുക്കന്‍ ഇവിടെ നിയ്ക്കട്ടേ എന്ന അന്ത്യശാസനം വല്യമ്മച്ചി നല്കി.
മാറിത്താമസിച്ചപ്പോളും  ഇച്ചാച്ചന്‍ സ്വന്തം മകനെന്ന വിധം തമ്പിക്കുഞ്ഞിനെയൂട്ടി പരിപാലിച്ചു. രാവിലെ പങ്കീടെ കടേന്ന് തമ്പിച്ചന് മൂന്നുദോശപതിവായി മേടിച്ചുകൊടുത്തു. മെലിഞ്ഞസ്ഥിയായിരിക്കുന്ന തമ്പിച്ചന് അമ്മ പതിവായി ഓരോ കോഴിമുട്ടയും ഓരോഗ്ലാസ്സ് പാലുംകൊടുത്തുപോന്നു. തമ്പിക്കുഞ്ഞിന്റെ അന്തിയുറക്കം തറവാട്ടില്‍ത്തന്നെയാണെങ്കിലും എല്ലാനേരവും തമ്പിക്കുഞ്ഞിനൂടെ പാത്രംവച്ച് അമ്മ ആഹാരംവിളമ്പി. സമയത്തു കണ്ടില്ലെങ്കില്‍,  തമ്പിച്ചന്‍ അലമാരയില്‍ തനിക്കായി മൂടിവച്ചിരിക്കുന്ന ഭക്ഷണമെടുത്ത് അനുവാദം ചോദിക്കാതെ കഴിക്കും. 
തമ്പിക്കുഞ്ഞ് സ്വന്തം പിതാവിനെപ്പോലെതന്നെ  വീട്ടുകാര്യങ്ങളില്‍ അലസത കാണിച്ചു. വല്യമ്മച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ 'ബൂമിയെക്കുനിഞ്ഞ് പുല്ലു പറിക്കാത്തവനായി'
തമ്പിച്ചന്‍ തീര്‍ത്തു പറഞ്ഞു: ''വേണ്ടാ ബേബിപ്പാപ്പാ, ലിസിക്കുട്ടിയെ ഇവിടെ, ലാബറട്ടറി പഠിപ്പിക്കണ്ടാ, ലാബറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ ഗവര്‍മെന്റില്‍ കിട്ടിയാല്‍ നല്ലതാണ്.''
പിന്നെയെന്താണ് പഠിക്കേണ്ടത്? ഇവിടെയിങ്ങനെ ചാണകോം വാരി, പശൂംമൂത്രോം കോരി എത്ര കാലമാ? തറവാട്ടുകാരുടെ 'വിടുപണി' - കൂലിയില്ലാവേല  ഇനി പറ്റില്ല. മേഴ്‌സിയെപ്പോലെ ഒരുങ്ങിനടക്കണം. 'കര്‍ത്താവേ ഒരു വഴി കാണിച്ചുതാ' ലിസി കണ്ണടച്ച് കൈകള്‍ കൂപ്പി ദൈവത്തോടു യാചിച്ചു. 
പിറ്റേന്ന് ചാക്കോച്ചന്‍ വന്നത് ഒരു സദ്വാര്‍ത്തയുമായാണ്: ''കൊച്ചമ്മേ, നമ്മുടെ ചിറത്തലാട്ടുകാര് ദുബൈയില്‍ ഒരു കണ്‍സ്ട്രക്ഷന്‍കമ്പനി തുടങ്ങുന്നു. ഗ്രൂപ്പ് വിസായില്‍ കുറേപ്പേരെ കൊണ്ടുപോകുന്നുണ്ട്. ഞങ്ങളല്ലേ, ദുബൈല്‍ എല്ലാ സഹായവും അവര്‍ക്കു ചെയ്തുകൊടുക്കുന്നത്, ഞാന്‍ ലിസിമോളുടെ കാര്യം പറഞ്ഞിട്ടുണ്ട്, അവളെ എളുപ്പം ഡബിള്‍ ടൈം എടുത്ത് ഇംഗ്ലീഷ് ടൈപ്പിംഗ് പഠിപ്പിക്ക്, ബാക്കി ഞാനേറ്റു.''
ലിസിക്ക് പഠിക്കാന്‍ അവസരം കിട്ടി. പക്ഷേ, പഠിക്കാന്‍ ഫീസ് വേണം. 
അമ്മ പറഞ്ഞു: ''നമുക്ക് വടക്കേടത്തെ വല്യമ്മ വരുമ്പം ഒന്നു പറഞ്ഞുനോക്കാം.'' 
ആയമ്മയുടെ മകന്  പത്തമ്പലത്ത് നല്ലനിലയില്‍ നടന്നുപോരുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമുണ്ട്. വെള്ളാപ്പള്ളിയിലെ വല്യമ്മയുടെ മകന്‍ കുഞ്ഞിരാമന്‍ എന്നു വിളിക്കുന്ന ശ്രീരാമന്‍സാര്‍ നല്ല നിലയില്‍ നടത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടാണത്.  അവിടെയാണ് മേഴ്‌സി പഠിക്കുന്നത്.
കുറേക്കാലമായി വല്യമ്മ തന്റെ അമ്മയെ ഉപദേശിക്കാന്‍ തുടങ്ങിയിട്ട്: ''എന്റെ മകനൊന്നു വാ, കുഞ്ഞുരാമന്‍ വരുമ്പം ഞാനറീക്കാം. ഞാനവനോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്, അവന്‍ ഫീസൊക്കെ ഇളച്ചുതരും, ഒന്നുരണ്ടു പിള്ളേരെ യാതൊരു ഫീസും വാങ്ങാതെ അവന്‍ പഠിപ്പിക്കുന്നുമുണ്ട്.   എന്റെ ശിവന്‍കുട്ടിയുടെ  മകള്‍ ഉമയും ഇവിടുത്തെ ലിസിക്കുട്ടിയും ആശാന്‍കളരിമുതല്‍ ഒന്നിച്ചു പഠിച്ചുവന്നതല്ലേ. 
പോരാഞ്ഞിട്ട്, എന്റെ  ശിവങ്കുട്ടിയും ഇവിടത്തെ ബേബിച്ചനും അതുപോലെ പഠിച്ചും കളിച്ചും വഴക്കിട്ടും വളര്‍ന്നുവന്നവരാണ്. എന്റെ ശിവന്‍ കെട്ടിക്കോണ്ടുവന്ന പെണ്ണില്ലേ, അംബുജം, അവളെ കാണുന്നതുപോലെയാ ഞാന്‍ കുഞ്ഞിനെക്കാണുന്നതും.''
ആ അമ്മയുടെ നല്ല മനസ്സാക്ഷിയെക്കുറിച്ച് അമ്മ നൂറുനാവുകളോടെ സംസാരിച്ചു.
അമ്മയും ഇച്ചാച്ചനും പതിവായി വെളുപ്പിനെ മൂന്നുമണിക്കെഴുന്നേറ്റ്, നാലാം യാമാരംഭത്തില്‍ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് പ്രാര്‍ഥനകേള്‍ക്കുമത്രേ. പാട്ടുപാടി ദൈവത്തെ സ്തുതിച്ചാണ് പ്രാര്‍ഥിക്കക. മക്കള്‍ക്കുവേണ്ടി ജാഗ്രതയോടെ പ്രാര്‍ഥിച്ചിട്ട് വീണ്ടും ഉറങ്ങും, ആറുമണിവരെ. 
വൈകിട്ട് കൃത്യം ഏഴുമണിക്ക് കുടുംബപ്രാര്‍ഥനയുണ്ട്. പാട്ടുപാടി, എല്ലാവരുംകൂടെ ചേര്‍ന്ന് ബൈബിള്‍ വായിച്ച് സഭാ പ്രകാരമുള്ള  സന്ധ്യാനമസ്‌കാരവും സൂത്താറാനമസ്‌കാരവും നടത്തിക്കഴിഞ്ഞാലുടനെ അത്താഴം വിളമ്പും. അത്താഴം കഴിച്ച് മക്കള്‍ പഠിക്കും. പകലത്തെ അധ്വാനഭാരംകൊണ്ടവശരായ അപ്പനുമമ്മയും കിടന്നുറങ്ങും. 
കാലത്ത് എഴുന്നേല്ക്കുമ്പോള്‍മുതല്‍ അമ്മയ്ക്കു പിടിപ്പതു പണിയുണ്ട്. കറവയാടും കറവപ്പശുവുണ്ട്. തറവാട്ടിലെ പറമ്പില്‍നിന്ന് ഒരുതലപ്പുല്ലു നുള്ളാനോ, വിറകെടുക്കാനോ അനുവാദമില്ല. 
അയലത്തുകാര്‍ ആടുമാടുകളെ വളര്‍ത്താറില്ല. അവരുടെ സ്ത്രീകള്‍ സൊറ പറഞ്ഞിരിക്കുന്ന സമയമെല്ലാം  അവരുടെ പറമ്പുകളിലെ പുല്ലും വിറകും എടുത്തുകൊണ്ട്, അവരെ മുഷിപ്പിക്കാതെ അമ്മ കഷ്ടപ്പെടും.  വെറുതെയല്ല, അവരുടെ കൃഷി ആവശ്യങ്ങള്‍ക്കുള്ള ചാണകം സൗജന്യമായി കൊടുക്കും; ഇടയ്‌ക്കൊക്കെ പാലും മോരും കൊടുക്കും.
അമ്മച്ചിയുടെ ചിട്ടയായ ജീവിതം അയല്‍ക്കാര്‍ക്കും ഒരു മാതൃകയാണ്. വെളുപ്പിനെയെഴുന്നേറ്റ് ആടിനെ കറന്ന്, ആട്ടിന്‍പാലൊഴിച്ച കാപ്പി എല്ലാവരെയും കുടിപ്പിക്കും. സാജനും സുമയ്ക്കും ആട്ടിന്‍പാലിഷ്ടമല്ല. അമ്മ തല്ലി കുടിപ്പിക്കും. അവര്‍ക്ക് ശ്വാസംമുട്ടലും കഫക്കെട്ടും വരാതിരിക്കാന്‍. അപ്പന്‍  പശുവിനെ കറക്കും. കറന്നു കിട്ടുന്ന പാലില്‍നിന്ന് വീട്ടിലേക്കുള്ളത് കൃത്യമായി മാറ്റിവച്ചിട്ട് ബാക്കി വീട്ടില്‍ പതിവായി പാലുവാങ്ങിക്കാന്‍ വരുന്നവര്‍ക്കും ബാക്കി ചായക്കടയിലും കൊടുക്കും. വീട്ടില്‍വന്ന് പാലുവാങ്ങുന്നവരുടെ പണം കൊണ്ട് വീടുനടത്താനും അമ്മയുടെ കുഞ്ഞുചിട്ടിയടയ്ക്കാനുമെടുക്കും. ആ ചിട്ടിപ്പണം സ്വരൂപിച്ച് സുമയ്ക്ക് ഒരു കമ്മല്‍ വാങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍.
ചായക്കടയിലെ പണം അന്നന്നുവാങ്ങി പശുവിനുള്ള കുടിക്കായി പലചരക്കുകടയില്‍ കൊടുക്കണം. ബാക്കി വല്ലതുമുണ്ടെങ്കില്‍ ഉപ്പിനും മുളകിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും കഷ്ടിച്ചാണു കിട്ടുക.
ആട്ടിന്‍പാല്‍ കറന്നെടുക്കുമ്പോള്‍ അമ്മയുടെ പ്രധാന സഹായികള്‍ ലിസിയും മേഴ്‌സിയുമാണ്. അമ്മയെ അവരെങ്കിലും കുറേ സഹായിച്ചില്ലെങ്കില്‍പ്പിന്നെ അമ്മയ്‌ക്കെവിടെനിന്നാണ് ഒരു വിശ്രമം കിട്ടുക?
അമ്മയ്ക്ക് എന്നും ഒരു പരാതിയുണ്ട്, അപ്പനെക്കുറിച്ച്: ''ഇച്ചാച്ചന് ഒരുത്തരവാദിത്തോമില്ല, രാവിലെ എഴുന്നേറ്റ് കട്ടനും കുടിച്ച് നടക്കാന്‍ പോകും. പിന്നെ വന്ന് ആട്ടിന്‍പാലിന്റെ വീതം പറ്റും. പിന്നെ ഒറ്റപ്പോക്കാണ്. പിള്ളേരു പള്ളിക്കൂടത്തില്‍ പോയിക്കഴിയുമ്പോള്‍ പതുക്കെ  കഴിക്കാനായി കേറിവരും. ആ... എന്റെ തലവെട്ടം കാണാതാകു
േമ്പാള്‍ പഠിച്ചോളും.''
അപ്പന്‍ കമാന്നൊരക്ഷരം മിണ്ടാതെ അനുസരണമുള്ള കുഞ്ഞാടിനെപ്പോലെ മുമ്പില്‍ കൊണ്ടുവച്ചതു കഴിക്കും.
ഇടയ്‌ക്കൊരന്വേഷണം നടത്തും: ''നീ വല്ലോം കഴിച്ചോ? നിനക്കൂടെ എടുത്തോണ്ടുവാ.''
 
                (തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)