'...ന്റെ പൊന്നിച്ചാച്ചാ പിള്ളേര് സ്‌കൂളില്‍ പോകുന്നതുവരെ ഒന്നു വീട്ടില്‍നിയ്ക്ക്, പിന്നെ എതിലെയാന്നു വച്ചാല്‍ പൊക്കോ, ഇന്നലെ നനച്ചിട്ട, സാജന്റെ ആ കാക്കിനിക്കറും സുമേടെ പച്ചപ്പാവാടേം ഒണങ്ങിയില്ല. പിന്നെ ഞാന്‍ രണ്ടു ചിരട്ടകത്തിച്ച്, എളുപ്പം ഇസ്തിരിയിട്ടു കൊടുത്തു. ശരിക്കുണങ്ങീട്ടൊന്നുമില്ല, പിന്നെ അതുതന്നേയിടീച്ചുവിട്ടു, മുഷിഞ്ഞതിടുന്നതിനേക്കാള്‍ ഭേദമല്ലേ?''
അപ്പന്‍ ഒന്നു മുരടനക്കിയതു പോലുമില്ല. മൗനം ഭൂഷണമാക്കി.
''പിള്ളേര് പോയിക്കഴീമ്പം വന്ന് എന്നെത്തീറ്റാനും ലോഹ്യം കൂടാനും വരണ്ടാ.'' അമ്മയുടെ മനസ്സില്‍ കലി ആളിക്കത്തുകയാണ്.
അമ്മ അരിവാളുമെടുത്ത് വാക്കപ്പറമ്പിലേക്കു പോകാനൊരുങ്ങി.
''ദേ, പിന്നെയൊരു കാര്യം, റോഡിലൂടെ ഞാന്‍ പുല്ലുംകെട്ടും ചുമന്നുവരുന്നതിനു നാണക്കേടുണ്ടെങ്കില്‍ പറിച്ചിടുന്ന പുല്ല് ഒന്നു ചുമന്നിട്ടാല്‍ കുഴപ്പമില്ല. ഇന്നാള് ഞാന്‍ പുല്ലുംകെട്ടും ചുമ്മിക്കൊണ്ടു റോഡു ക്രോസു ചെയ്തുവരുമ്പം എന്റെ ചിറത്തലാട്ടേ കൊച്ചമ്മേടെ മകന്‍ കുറുവച്ചന്‍ കാറ് സഡണ്‍ബ്രേക്കിട്ടുനിര്‍ത്തി, എന്നെ വഴക്കു പറയാന്‍. ഞാന്‍ കണ്ടഭാവം നടിക്കാതെ പോന്നു. എന്നിട്ടും അവന്‍ ചെന്ന് കൊച്ചമ്മയോടു പറഞ്ഞു. കൊച്ചമ്മയ്ക്കു സങ്കടവും നാണക്കേടുമായി.''
''എന്നാ, ഒരു പശൂനെ നമ്മക്കങ്ങു വിയ്ക്കാം, ഈ കാളച്ചന്തയ്ക്ക്, എന്നിട്ട് ഒരു പൈക്കിടാവിനെ മേടിക്കാം. അതാകുമ്പം ഈ വഴിയരികിലൊക്കെ മാറ്റിക്കെട്ടിയാ മതി, കുറച്ചു പൈസായ്ക്കും അത്യാവശ്യമൊണ്ട്.''
''ന്റെ ഇച്ചാച്ചാ, എന്നതായിപ്പറയുന്നേ, ഇപ്പം അതിന്റെ നാഴിപ്പാലിന്റെ ബലത്തിലാ ഈ വീട് നടക്കുന്നേ, നിങ്ങളൊന്നും ചെയ്യണ്ടാ. ആ പുളിമൂട്ടിപ്പോയി കുത്തിയിരുന്നോ എനിക്കൊരു പരാതിയുമില്ല.''
'ഇച്ചാച്ചനറിയാമോ, തിന്നാറായ ആറു കുഞ്ഞുങ്ങള്‍ കൂടെയില്ലേ, മൂത്തവന്‍ പൈപ്പുവെള്ളംകുടിച്ച് ഉണക്കച്ചപ്പാത്തിയും തിന്ന് അലഞ്ഞുകിട്ടുന്നത് അയച്ചുതരുന്നുണ്ട്, അതു കിട്ടിയാ, വല്യപള്ളീലീച്ചപോയപോലെയാ. തരുന്നതിന് ആ പാവത്തിനു കണക്കുണ്ട്, നമ്മക്കോ, ആ പെങ്കുഞ്ഞുങ്ങള്‍ക്ക് ഇടാനും കെട്ടാനുമായി എന്തെങ്കിലും വാങ്ങാന്‍ പറ്റുന്നുണ്ടോ?
''പശൂനെക്കറന്ന് ഒരു ലിറ്റര്‍പാല് കൃത്യം അളന്നെടുത്താ രാവിലെ എല്ലാര്‍ക്കുംകൂടെ കാപ്പീലൊഴിച്ചുതരുന്നേ. വൈകിട്ടത്തേതീന്ന് പറ്റുകാര്‍ക്കു കൊടുത്തു കഴിഞ്ഞാല്‍ കിട്ടുന്നത് ഉറയൊഴിക്കും. മോരു കൂട്ടണ്ടേ. പിന്നെ മോനൂന് പാല് ഇച്ചിരെ നല്ലോണം കൊടുക്കും. അവന്‍ കൊച്ചല്ലേ? പിന്നെ കാപ്പീടെ നിറം മാറ്റാനേ കിട്ടൂ. എന്നിട്ടും ഈ കന്നുകാലീടെ പിറകേ ഞാന്നടക്കുന്നത് പാലുവിറ്റു കിട്ടുന്നതുകൊണ്ട് ഈ പിള്ളേരുടെ വയറ്റിലെന്തെങ്കിലും ചെല്ലട്ടേന്നു കരുതിയാ. എനിക്കറിയാം എന്റെ കുഞ്ഞുങ്ങടെ വയറ്റില്‍ വിശപ്പേയുള്ളൂവെന്ന്.''
''ആരോടു പറയാനാ റേഡിയോപോലെ ഞാനിരുന്നു പറയും, ഇച്ചാച്ചനിങ്ങനെ കോത്രാക്കൊള്ളി വര്‍ത്താനോം പറഞ്ഞിട്ട് മൗനം ഭൂഷണമെന്നു പറഞ്ഞിരിക്കും.''
അമ്മ സംസാരം നിര്‍ത്തി.
''വര്‍ത്താനം പറഞ്ഞ് സമയം ഒരുപാടുപോയി. ഇന്നു പശൂന് പുല്ലു കൊടുക്കണ്ടാ, വെള്ളാപ്പള്ളിക്കാരുടെ പറമ്പില്‍ ഒരു വാഴവെട്ടീട്ടുണ്ട്, അതിന്റെ പിണ്ടി അറഞ്ഞിട്ടു കൊടുക്കാം.'' വാഴപ്പിണ്ടിയിലെ കറ ഉടുത്തിരിക്കുന്ന വെള്ളമുണ്ടില്‍ പറ്റാതിരിക്കാന്‍ അമ്മ ഉടുമുണ്ടിനു മീതേ അപ്പന്റെ ഒരു പഴയ കൈലി എടുത്തുടുത്തു. എന്നിട്ട് വാഴപ്പിണ്ടി വെട്ടാന്‍പോയി.
ഇച്ചാച്ചന്‍ തറവാട്ടുപറമ്പിലെ കണ്ണാറയിലെ കുളത്തില്‍ കുതിര്‍ക്കാനിട്ട ഓലക്കെട്ട് വലിക്കാന്‍ പോയി. തറവാട്ടിലെ കുളത്തില്‍ ഇടുന്നതിനോട് അമ്മയ്ക്കു യോജിപ്പില്ല. വലിച്ചുകൊണ്ടുവരുമ്പോള്‍ ഓലമെടയാന്‍ അറപ്പുവരും. തറവാട്ടിലെ വാടകക്കാര്‍ക്കും തങ്ങള്‍ക്കും കക്കൂസില്ല. പിന്നെ അടുത്തുള്ള സര്‍ക്കാരാശുപത്രീലെ കിടപ്പുകാരും പറമ്പില്‍ മാറിമാറി വെളിക്കിരുന്ന് എഴുന്നേറ്റുപോകുന്നത് പലരും കാണാറുണ്ട്. ആകെ അറപ്പാണ്.
കുതിര്‍ത്ത ഓലക്കെട്ടിനാണെങ്കില്‍ എത്ര നല്ലവെള്ളത്തിലിട്ടാലും ഒരുന്തുനാറ്റമാണ്, ചീഞ്ഞ പുളിമണം. വേനല്‍ക്കാലമായാല്‍ മുക്കാങ്കുഴിത്തോട്ടില്‍ ഓലക്കെട്ടുകള്‍ കുതിര്‍ക്കാനിടും. ഇത്തിരി ദൂരെയാണെങ്കിലും വഴിയിലെ പൊടിമണ്ണ്, വെള്ളം ചീറ്റിയൊഴിച്ച് കഴുകിയാല്‍ അറപ്പില്ലാതെ മെടഞ്ഞെടുക്കാം. ഓല മെടയാന്‍ ഇച്ചാച്ചനും പാകിക്കൊടുക്കാന്‍ മേഴ്‌സിയും സഹായിക്കും. ഓല മെടഞ്ഞ് പര്യംപുറത്ത് പടങ്ങില്‍ അടുക്കിയടുക്കി വയ്ക്കും. പുരകെട്ടുകാര്‍ വന്ന് വിലതന്ന് വാങ്ങിക്കോളും. അതമ്മയ്ക്ക് നല്ലൊരു വരുമാനമാണ്.
രാവിലെ തറവാട്ടുപറമ്പിലിറങ്ങി അമ്മ ഓല പെറുക്കിയെടുക്കും.
എന്നാല്‍, ഈ വരുമാനം തറവാട്ടുകാര്‍ക്ക് അത്ര തൃപ്തികരമായില്ല. അവര്‍ തേങ്ങയിടുമ്പോള്‍ പച്ചയോലകള്‍കൂടെ വെട്ടിയെടുക്കാന്‍ തുടങ്ങി. അങ്ങനെ വീട്ടിലെ ആ വരുമാനവും നിലയ്ക്കാന്‍ തുടങ്ങി.
അമ്മ വിശുദ്ധവചനങ്ങള്‍ ഉരുവിട്ട് ആശ്വസിക്കാന്‍ ശ്രമിച്ചു.
'ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുമ്പോലെ.'
മറിയക്കുട്ടിക്കൊച്ചമ്മ അയല്‍വക്കത്തെ തങ്കമ്മയോടും സരസമ്മയോടുമൊക്കെ പറഞ്ഞു: തീ കത്തിക്കാന്‍ ബുദ്ധിമുട്ടാണേ ഞങ്ങടെ മറ്റത്തിലോട്ടുവാ, തേങ്ങയിടുമ്പോള്‍ ഞാനറീക്കാം. ബേബിച്ചായന്റെ കൊച്ചമ്മ ഒരൊറ്റയോലയും ശേഷിപ്പിക്കാതെ എന്നും പെറുക്കാ. പെറുക്കി എന്തുമാത്രം ഓലയാന്നോ വിയ്ക്കുന്നേ, സ്വര്‍ണ്ണമൊണ്ടാക്കാനാ.'' തങ്കമ്മയും സരസമ്മയും ഒരു വാക്കും വിടാതെ അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു, എന്നിട്ടു പറഞ്ഞു:
''ഞങ്ങടെ ഓല കുഞ്ഞന്നാമ്മ എടുത്തോ, വച്ചനത്തിക്കഴിയണ്ടേ, എട്ടൊമ്പതുപേര്‍ക്കു കഴിയണ്ടതല്ലേ?''
സരസമ്മ പറഞ്ഞു: ''ന്നാലും എന്റീശ്വരാ, ഇവരടെ ജാതിക്കാര്‍ക്കിടയില്‍ വല്യ ഐക്യമാന്നാഎല്ലാരും പറയുന്നേ, എന്നിട്ടാ ഈ പുകില്.''
''അതു പിന്നെ സരസമ്മേ ആദിമകാലംമുതലേ തൊടങ്ങിയതാ സഹോദരമ്മാരു തമ്മിലൊള്ള ശത്രുത. എന്തിനാ കായേന്‍ ഹാബേലിനെക്കൊന്നത്.?''
അമ്മ ധൃതിവച്ച് അടുക്കളയിലേക്കു കയറിപ്പോയി. അടുപ്പേല്‍വച്ചിരുന്ന ചക്കക്കുരുമാങ്ങാ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. ഉടച്ച് അരപ്പുചേര്‍ത്ത് ചൂടാക്കി കടുകുംതാളിച്ചു വാങ്ങിവച്ചു.
''കുഞ്ഞന്നാമ്മേ ദേ, ഇങ്ങോട്ടൊന്നു വന്നേ, എനിക്കു തീ കത്തിക്കാന്‍ നിങ്ങടെ മറിയക്കുട്ടി അഞ്ചാറോല അവരുടെ കയ്യാലപ്പുറത്തൂടെ ഇട്ടുതന്നിട്ടുണ്ട്. അത് ഞാനിവിടെ കൊണ്ടിടാം. എടുത്തു കുതിര്‍ത്ത് മെടഞ്ഞുവിറ്റ് വീട്ടുകാര്യങ്ങള്‍ തകൃതിയായി നടത്ത്.''
''ശരി തങ്കമ്മേ, ഞാന്‍ പിന്നെ എടുത്തോളാം. സഹോദരന്മാരെക്കാളും നല്ലത് അയല്ക്കാരു തന്നെയാ, എനിക്ക്.''
അമ്മ അടുക്കളജോലിയില്‍ മുഴുകി. എളുപ്പം ഒരു തോരനൂടെ വച്ചിട്ട്, തോട്ടില്‍പ്പോയി അലക്കിക്കുളിക്കണം. തോട്ടിലെ ഒഴുക്കുവെള്ളത്തിലെ അലക്കും കുളിയും ഉന്മേഷദായകമാണ്.
അമ്മ വെള്ളമുണ്ടും ചട്ടയുമാണ് വീട്ടില്‍ ധരിക്കുന്നത്. അലക്കിയ വെള്ളത്തുണികള്‍ നീലം പിഴിഞ്ഞ് വിരിച്ചിടും.
കുളികഴിഞ്ഞ് അമ്മയെ ഒന്നു കാണേണ്ടതുതന്നെ. എന്താ സൗന്ദര്യം! ഏഴഴകുള്ള മാലാഖയെപ്പോലെ സുന്ദരിയാണമ്മ. അറ്റം കെട്ടിയ ചുരുളിമയുള്ള മുടികളും, കവിളിലെ നുണക്കുഴികളും, മൂക്കിന്‍തുമ്പത്തെ കുഞ്ഞുമറുകും ആകെക്കൂടി കാണാന്‍ എന്തൊരഴകാണ്!
ദൃഷ്ടിദോഷം ഏറെ അനുഭവിക്കുന്ന ആളാണ് അമ്മ. ഒരാവശ്യവുമില്ലാതെ മറിയക്കുട്ടിക്കൊച്ചമ്മയും വല്യമ്മച്ചിയും അമ്മയെ കണ്ണുവയ്ക്കാറുണ്ട്. ''അതൊക്കെ എന്റെ ബേബിച്ചന്റെ പെമ്പിള. നല്ല മുഖപ്രസാദമാ എപ്പഴും. അതിന്റെയാ അടുക്കും ചിട്ടയും ജീവിതത്തിലുമുണ്ട്. ആ തലമുടി കണ്ടില്ലേ നല്ല കറുത്തിരുണ്ട ഉള്ളുള്ള മുടി.'
മറിയക്കുട്ടിക്കൊച്ചമ്മ അമ്മയോടു നേരിട്ടു പറയും: 'കൊച്ചമ്മ ഇങ്ങനെ കുളിച്ചൊരുങ്ങി സുന്ദരിയായിട്ട് നല്ല ചക്കക്കുരുപോലെ നടക്കുന്നത് വീട്ടില്‍ അവളുമാരു പണിയെല്ലാം ചെയ്യുന്നതുകൊണ്ടാണ്. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നല്ലേ പറേന്നത്. കൊച്ചമ്മയ്ക്ക് ഒരല്ലലുമില്ല, അതാ മുഖത്തെപ്പോഴും ഈ പുഞ്ചിരിയുള്ളത്.''
അമ്മയുടെ പെണ്മക്കളെ മാത്രം അവളുമാരെന്നും കുടുംബത്തിലെ ബാക്കിയുള്ളവരുടെയൊക്കെ മക്കളെ പേരിനോടുചേര്‍ത്ത് മോളേന്നു വിളിക്കുന്നതും അമ്മയ്ക്കറിയാം. അമ്മയോടുള്ള അസൂയയും കുശുമ്പും നന്നായി അറിയുകയും ചെയ്യാം. അമ്മ ശ്രദ്ധവച്ച് ഒന്നുരണ്ടു വാക്കുകളില്‍ അനിഷ്ടം തോന്നാത്തരീതിയില്‍ കൊച്ചമ്മയെ തിരുത്താന്‍ നോക്കും. പറ്റുന്നില്ലെങ്കില്‍ വിട്ടുകളയും. അമ്മയെ തറവാട്ടുപറമ്പില്‍നിന്ന് പുല്ലോ, വിറകോ, ഓലയോപോലും എടുപ്പിച്ചില്ലെങ്കിലും തോട്ടിലും പള്ളിയിലുമെല്ലാം അമ്മയുടെ ഒപ്പം കൂടും. അതും അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ല. തോട്ടില്‍ അലക്കാന്‍ പോയാലും പള്ളിയിലെ സ്ത്രീസമാജത്തിലുമൊക്കെ അമ്മയ്ക്ക് കുറേ നല്ല സുഹൃത്തുക്കളുണ്ട്. അവരുമായി നേരമ്പോക്കും സൗഹൃദസംഭാഷണവും നടത്തുന്നതാണ് അമ്മയുടെ ആകെ ഒരു രസം. അതിനും ഈ പിശാച് തടസ്സമാണ്.
മറിയക്കുട്ടിപ്പിശാശിന്റെ ഈദൃശസംസാരങ്ങളെല്ലാം അമ്മ മേഴ്‌സിയോടും ലിസിയോടും അപ്പന്‍ കേള്‍ക്കാതെ പറഞ്ഞു. മേഴ്‌സി പറഞ്ഞു: 'ഫ, പോ പിശാശേ എന്ന് നല്ലൊരാട്ടാട്ടാന്‍ മേലായിരുന്നോ, എന്നിട്ട് ഓടിയിങ്ങു പോന്നാല്‍ പോരേ, തെറിക്കുത്തരം മുറിപ്പത്തലെന്നല്ലേ പറേന്നേ.''
അമ്മ പറഞ്ഞു: ''എന്നിട്ടുവേണം, അവളൊന്നിനിരട്ടിയായി ചെന്ന് അവിടെ ഘോഷിക്കാന്‍, നമ്മളു പറഞ്ഞതൊന്നുമല്ല അവളവിടെച്ചെന്ന് എഴുന്നെള്ളിക്കുന്നത്. മരണത്തിലേക്കു കാലുംനീട്ടിയിരിക്കുന്ന അപ്പച്ചനെക്കൊണ്ട് വെറുതെ പിരാകിപ്പിക്കും. ആറേപോണോനും നൂറു പിരാകിയാലതില്‍ ആറേലും ഫലിക്കുമെന്നാ കാര്‍ന്നോമ്മാരു പറഞ്ഞേക്കുന്നത്. പൂര്‍വപിതാവായ ഇസഹാക്കിനു സമമാണ് അപ്പച്ചന്‍, അതിയാനെ ആര്‍ക്കും പറ്റിക്കാം.''
വല്യപ്പച്ചനെ ഇസഹാക്കിന്റെ സ്ഥാനത്തും വല്യമ്മച്ചിയെ റബേക്കായുടെ സ്ഥാനത്തും സങ്കല്പിച്ചുനോക്കി, ലിസി. അങ്ങനെയെങ്കില്‍ ഏശാവിന്റെ സ്ഥാനം തന്റെ അപ്പനും യാക്കോബിന്റെ സ്ഥാനം കൊച്ചുപ്പാപ്പനും.
ഓ... അതു വേണ്ടാ. പൂര്‍വപിതാവായ യാക്കോബ് രണ്ടു കാര്യത്തില്‍ ഏശാവിനെ പറ്റിച്ചു. ഒരു കോപ്പ പായസം കൊടുത്തിട്ട് ജ്യേഷ്ഠാവകാശവും, മക്കളെ തമ്മില്‍ വേര്‍തിരിവുള്ള റബേക്കയുടെ ഉപദേശപ്രകാരം ഏശാവിന്റെ ഗന്ധമുള്ള രോമവസ്ത്രങ്ങള്‍ ധരിച്ച് അന്ധനായ ഇസഹാക്കില്‍നിന്ന് അനുഗ്രഹങ്ങളും കവര്‍ന്നെടുത്തു.
പില്ക്കാലത്ത് യാക്കോബ് ഏറെ അനുതപിച്ച് പ്രാര്‍ത്ഥിച്ച് ദൈവദൂതനുമായി അനുഗ്രഹത്തിനുവേണ്ടി മല്ലിട്ടു. അങ്ങനെ ഉപായി എന്നര്‍ഥമുള്ള യാക്കോബെന്ന പേരുമാറ്റി സര്‍വശക്തനായ ദൈവം 'ദൈവത്തിന്റെ സ്വന്തജനം' എന്നര്‍ത്ഥമുള്ള യിസ്രായേല്‍ എന്ന നാമമിട്ട് അനുഗ്രഹിച്ചു. ഏശാവ് ദൈവത്തെ സ്‌നേഹിക്കാഞ്ഞതുകൊണ്ടും വൈരാഗ്യമനസ്സോടെ ജീവിച്ചതു കൊണ്ടും ഏശാവിനെക്കാള്‍ യാക്കോബിനെ ദൈവം സ്‌നേഹിച്ചു.
അതുകൊണ്ട് അപ്പനുള്ള സ്വത്തുക്കളും ധനവും കവര്‍ന്നെടുക്കാന്‍ കൊച്ചുപ്പാപ്പനു സാധിച്ചാലും അപ്പന് ദൈവവും വല്യപ്പച്ചനും നല്കുന്ന അനുഗ്രഹങ്ങള്‍ തട്ടിയെടുക്കാന്‍ കൊച്ചുപ്പാപ്പനെന്നല്ല ആര്‍ക്കും കഴിയില്ല. ലിസി മനസ്സില്‍ ഉറപ്പിച്ചു; അത്രയേറെ നിഷ്‌കളങ്കനാണ് തന്റെ പാവം അപ്പന്‍. ദൈവം നിഷ്‌കളങ്കരുടെ വഴി അറിയുന്നവനാണ്. അവള്‍ക്ക് തന്റെ പൊന്നിച്ചാച്ചനോട് എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും തോന്നി.
ഒരുമണിയാകാനും ചോറുണ്ണാനും ഇത്രനേരവും കാത്തിരുന്നതാണല്ലോ ഇച്ചാച്ചന്‍. എവിടെപ്പോയി? അമ്മ ചോദിച്ചു.
''ഇച്ചാച്ചനെ കളരിക്കുന്നേലെ ജോറിച്ചായന്‍ ആളുവിട്ടു വിളിപ്പിച്ചതാണ്. റബ്ബര്‍ത്തോട്ടത്തിലെ ചിരട്ടപ്പാലും മണ്‍പാലുമെല്ലാം ഫ്രീയായിട്ടു തരുവാ.'' മേഴ്‌സി പറഞ്ഞു.
അമ്മയ്ക്കു സംശയമായി: ''ഇച്ചാച്ചനു തന്നെ കുത്തിയെടുക്കാനാകുമോ? അതൊക്കെ ഇച്ചാച്ചനു ശീലമുണ്ടോ? നെഞ്ചുവേദനയുണ്ട്, ആ ചിറപ്പുറത്തെ എന്തരുപയ്യനെക്കൂടി കൂട്ടിയാല്‍ നല്ലതാരുന്നു.''
വല്യപ്പച്ചന്റെ ജ്യേഷ്ഠന്റെ കൊച്ചുമക്കളില്‍ ഒരാളാണ് ജോര്‍ജ്. പി. ഡബ്ലൂ ഡിയില്‍ എന്‍ജിനീയറാണ്. വല്യപ്പച്ചന്‍ നിമിത്തം കോടീശ്വരന്മാരായതാണ് വല്യപ്പച്ചന്റെ ജ്യേഷ്ഠന്റെ തലമുറ. അവര്‍ അതിന്റെ നന്ദി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
''അവരു ഫ്രീയായി തരുന്നതല്ലേ. ഇച്ചാച്ചന്റെ സൗകര്യത്തിന് കുറേശ്ശെ കുത്തിയെടുക്കട്ടേ, നമ്മുടെ അത്യാവശ്യങ്ങള്‍ നടക്കുമല്ലോ.''
മടങ്ങിവന്ന അപ്പന്‍ പറഞ്ഞു: 'ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു, ആ പണയം ഇരുന്നു ലേലം ചെയ്തുപോകുമോന്ന് വെഷമിച്ചിരിക്കുമ്പഴാ ജോര്‍ജൂട്ടി വിളിപ്പിച്ചത്. പറമ്പിലൊക്കെ എന്തോരം തേങ്ങയാന്നോ പൊഴിഞ്ഞു കെടക്കുന്നത്. ജോറൂട്ടി പറഞ്ഞു; ബേബിച്ചായന്‍ പെറുക്കിയെടുത്തു കൊപ്രയാക്കി എണ്ണയാട്ടിയെടുത്തോളാന്‍. പറമ്പുനോക്കാന്‍ ലീവിനു വന്നതാ തിരുവനന്തോരത്തീന്ന്. അവിടെ ഒരു ശത്രു കേറിവന്നു; പോരാളൂരെ വറീച്ചന്‍. വെറുതെ കൊടുത്താല്‍ പിന്നെ അവകാശമായിപ്പോകും, അതുകൊണ്ട് ഒരു ചെറിയ വെലയിട്ടു കൊടുക്കാന്‍. അതു കേട്ടപ്പോള്‍ ജോറൂട്ടി പറഞ്ഞു, 'ഓ അതൊന്നും സാരമില്ല, വറീച്ചായന്‍ പറഞ്ഞ സ്ഥിതിക്ക് ബേബിച്ചായന്‍ പേരിന് മനസ്സുപോലെ ഒരു ചെറിയ തുക തന്നേര്. പിന്നെ അത്യാവശ്യം വരുമ്പോളത് ഇവിടുന്നു വാങ്ങാം.''
''ആ ഞാമ്പോണൂ, മൂത്തോര്‍ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്നാ'' വറീച്ചന്‍ തെറിപ്പിച്ചങ്ങുപോയി. ''ഒരപ്പനും അമ്മയ്ക്കുമുണ്ടായ ചേട്ടനും അനിയനുമാ, പറഞ്ഞിട്ടെന്നാ കാര്യം. രണ്ടുപേരും രണ്ടു വഴീലാ സഞ്ചാരം, ഒരാള് കൈ അറുത്താല്‍ ഉപ്പു തേക്കാത്ത പ്രകൃതം, മറ്റെയാള്‍ സാധുക്കളെ മനസ്സറിഞ്ഞു സഹായിക്കുന്നവനും.''
''മറന്നുപോയോ ഇച്ചാച്ചാ, വറീച്ചനും അത്ര മോശമൊന്നുമല്ല, നമ്മുടെ ജാക്‌സണ് ടൈഫോയ്ഡു വന്നുകെടന്നപ്പോള്‍ പത്തുകിലോ നെല്ലു കുത്തരി വറീച്ചന്‍ വേലക്കാരന്റെ കൈവശം കൊടുത്തുവിട്ടതാ.''
''ആ പോട്ടേ, എന്റെ അപ്പനാ അവരെയൊക്കെ ഇത്തരത്തില്‍ പണക്കാരാക്കിയത്. അപ്പനുമമ്മേം മരിച്ച് ആരാലും അറിയപ്പെടാതെ കയ്പും കാടീം കുടിച്ച് ഐമനത്തു കെടന്നവരെയെക്കെ അപ്പാപ്പന്‍ ഇന്നാട്ടില്‍ കൊണ്ടുവന്ന് ബിസിനസിട്ടുകൊടുത്തു വളര്‍ത്തി. അപ്പാപ്പനെ, അപ്പന്മാര്‍ പറ്റിച്ചെങ്കിലും കൊച്ചുമക്കള്‍ക്ക് ഇച്ചിരെ ദൈവഭയമുണ്ട്.
''വാ എത്ര നേരമായി ചോറു വിളമ്പിവെച്ചിട്ട്.''
''കൈയിലിച്ചിരെ പൈസ വരുമെന്നറിഞ്ഞപ്പോള് വിശപ്പ് ചത്തുപോയി.''
ഇച്ചാച്ചന്‍ പതിവുപോലെ കൊടുത്ത ചോറിന്റെ പകുതിയുണ്ടു. പ്ലേറ്റില്‍ പാതി വയ്ക്കുന്നത് അമ്മയ്ക്കുവേണ്ടിയാണ്.
അമ്മ അതും വിശപ്പു കൂടുതലുള്ള മക്കള്‍ക്ക് നുള്ളിയിട്ടുകൊടുക്കും. എന്നിട്ട് കപ്പയും ചക്കക്കുരുവുമൊക്കെ ചുട്ടുതിന്ന് കഞ്ഞിവെള്ളവും കുടിക്കും.
(തുടരും)