''എന്ത്യേ മക്കളേ അമ്മ?
അമ്മേയിങ്ങു വിളിച്ചേ.''
വടക്കേടത്തെ വല്യമ്മയാണ്. തന്റെ ആരുമല്ലെങ്കിലും കരോട്ടെ വല്യമ്മച്ചിയെക്കാള്‍ സ്‌നേഹവാത്സല്യങ്ങള്‍ ഏറെ ചൊരിഞ്ഞുതരുന്ന ഒരു വല്യമ്മ.
നായര്‍സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ആ വല്യമ്മ കൂലിക്കു റബറുവെട്ടിയാണ് മക്കളെ പഠിപ്പിച്ച് ഉന്നതസ്ഥാനീയരാക്കിയത്. ആ വല്യമ്മയുടെ ഭര്‍ത്താവ് വേലയെടുത്തു കിട്ടുന്നതു മുഴുവന്‍ കള്ളുഷാപ്പില്‍കൊണ്ടെ കളയും. സ്വന്തം പറമ്പില്‍ ഭൂമിയെക്കുനിഞ്ഞ് പുല്ലു പറിക്കുകയുമില്ല വെളുപ്പിനെ അഞ്ചുമണിക്കെഴുന്നേറ്റുപോയി റബറുവെട്ടും പാലെടുത്ത് ഉറയൊഴിക്കലും കഴിഞ്ഞ് കെട്ട്യോന്‍ അലക്കിക്കുളിച്ച് വിശ്രമിക്കും. വല്യമ്മ അടുക്കളയില്‍ കയറി ഭക്ഷണം കാലാക്കും.
അന്തിയാകാന്‍ നോക്കിയിരിക്കുന്ന കെട്ട്യോന്‍ ഉള്ളത് നുള്ളിപ്പെറുക്കി കള്ളുഷാപ്പിലേക്കോടും ചാരായം മോന്താന്‍. അയാള്‍ ഷാപ്പില്‍ പോകുന്ന തക്കംനോക്കി പറമ്പിന്റെ അതിര്‍ത്തിയില്‍ക്കൊണ്ടെ അരിയുംപയറും പാറ്റി, കല്ലും മണ്ണുംകളഞ്ഞ്, വിലയ്ക്കു വാങ്ങുന്ന ഉരുക്കുനെയ്യും ചോറിലൊഴിച്ചുകഴിച്ച് വല്യമ്മ ഭര്‍ത്താവിന്റെ ഇടികൊള്ളാന്‍ റെഡിയായിരിക്കും. മക്കള്‍ അരണ്ട മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ പഠിക്കാനിരിക്കും. മക്കള്‍ക്കെല്ലാവര്‍ക്കുംകൂടി ഒരു വിളക്കേയുള്ളൂ. മറ്റു രണ്ടു വിളക്കുള്ളത് മഷിക്കുപ്പി വിളക്കാണ്. ഒന്ന് തിരിതാഴ്ത്തി ഇറയത്ത് വയ്ക്കും. മറ്റൊരെണ്ണം അടുക്കളയില്‍ വേണം. മണ്ണെണ്ണ കിട്ടാനില്ല. റേഷനായി കിട്ടുന്നത് സൂക്ഷിച്ച് തുരിശിച്ച് ഉപയോഗിക്കണം.
വല്യമ്മ അവരുടെ പഴയകാലചരിത്രം പറയുമ്പോള്‍ കണ്ണുകള്‍, അറിയാതെ നിറഞ്ഞുതൂവും.
ഉച്ചമയക്കത്തിലായിരുന്ന അമ്മ എണീറ്റുവന്നു.
''മോനേ, ഈ ഉച്ചയുറക്കമത്ര നന്നല്ല കേട്ടോ. ഇല്ലാത്ത രോഗങ്ങളെയെല്ലാം അതു ക്ഷണിച്ചുവരുത്തും. വാതോം പിത്തോമെല്ലാം. പിന്നെ ഇപ്പളെല്ലാരും പറയുന്ന, ബി.പി യൊക്കെ. ബി.പി. യും ഷുഗറുമൊക്കെ പണ്ടു കാലത്തുമുണ്ടാരുന്നു കേട്ടോ. അന്നതിന് നാട്ടുമരുന്നുകളുമുണ്ടാരുന്നു. എന്നാലാ രോഗങ്ങള്‍ ഇംഗ്ലീഷീകരിച്ചപ്പോള്‍, പണക്കാരന്റെയും മേലനങ്ങാത്തോരുടെയും രോഗമായി മാറി. ഇനിയത് സാമ്പത്തികഭേദമൊന്നുമില്ലാതെ എല്ലാരേം കാര്‍ന്നെടുക്കുമെന്നാ പറേന്നത്. കാരണം, മനുഷ്യന്‍ സുഖലോലുപരും അലസരുമായി മാറുവല്ലേ.''
''ഓ, അതൊക്കെ, സമ്പത്തൊള്ളോരുടെ കാര്യവല്ലേ, അന്നന്നയപ്പത്തിനു ഞെരുങ്ങുന്ന പാവങ്ങള്‍ക്ക് വല്ല ക്ഷയമൊക്കെയാകും വരുന്നത്, അല്ലേ?'' അമ്മ സംശയമുന്നയിച്ചു.
വല്യമ്മ ഏതു വിഷയം വീണുകിട്ടിയാലും അതില്‍കേറിപ്പിടിച്ചങ്ങ്, അക്ഷരവടിവോടെ, ജ്ഞാനത്തോടെ സംസാരിക്കും.
സംസാരത്തിനിടയില്‍ ചെറുപ്പത്തില്‍ പഠിച്ച ശാസ്ത്രീയസംഗീതം തുടയില്‍ താളം പിടിച്ചു പാടും. 'നഗുമോ' 'വാദാപി ഗണപതി' ഒക്കെ പഠിപ്പിക്കാന്‍ ശ്രമിക്കും. 'ശ്രീ സരസ്വതീ നമോസ്തുതേ' വല്യമ്മ തുടയില്‍ താളമിട്ടു പാടുകയായി.
അമ്മയുടെ കുട്ടിക്കാലത്ത് ആ നാട്ടില്‍ ഒരു ശീലാസ് ആശാനുണ്ടായിരുന്നത്രേ. ആശാന്റെ മകള്‍ കുഞ്ഞമ്മയ്ക്ക് അമ്മയെക്കാള്‍ രണ്ടുമൂന്നുവയസ്സു മൂപ്പുണ്ട്.
ആശാന്റെ സംഗീതക്കച്ചേരികള്‍ അമ്മയും കേട്ടിട്ടുണ്ട്. ആ സംഗീതക്കച്ചേരികള്‍ നടത്തി ക്കഴിയുമ്പോള്‍ കിട്ടുന്ന ചക്രമാണ് അവര്‍ക്കു നാണ്യമായി കിട്ടുന്ന ആകെ വരുമാനം.
ആശാന്‍ മകളെ ശാസ്ത്രീയസംഗീതം പഠിപ്പിക്കുന്നത് അമ്മ കേട്ടിട്ടുണ്ട്. ആശാന്റെ വീട്ടില്‍ കയറാനോ കുഞ്ഞമ്മയുടെ ഒപ്പം ചമ്രമിരുന്ന് പാട്ടു പഠിക്കാനോ അമ്മയുടെ സഹോദരന്മാര്‍ അനുവദിക്കില്ല.
കാരണം, ശമര്യരും യഹൂദരും പോലെയാണ് ജാതിയില്‍.
എന്നിട്ടും അമ്മ ആശാന്റെ കുടിലില്‍ ചെന്നുപറഞ്ഞു: ''ആശാനേ, എന്നെയും പാട്ടു പഠിപ്പിക്കാമോ?''
ജാതിയില്‍ കുറഞ്ഞവനും, എന്നാല്‍, പെന്തക്കോസ്തുവിശ്വാസിയുമായ ആശാന്‍ പറഞ്ഞു: ''അപ്പാട്ടു തുര്‍ക്കിയ കാനത്തിലാകയാല്‍ വീണ്ടെടുത്തോര്‍ക്കത്രേ പാടിടാവൂ.''
പിന്നീടാരോ പൊരുള്‍ തിരിച്ചുകൊടുത്തപ്പോളാണ് അമ്മയ്ക്ക് ആ വരികളുടെ ഉള്ളര്‍ഥം പിടികിട്ടിയത്.
തുര്‍ക്കീയ എന്നാല്‍ സ്വര്‍ഗീയ, കാനം എന്നാല്‍ ഗാനം, വീണ്ടെടുത്തോര്‍ എന്നാല്‍ പെന്തക്കോസ്തുകാര്‍.
ആശാന്‍ വീട്ടില്‍ വന്നാലും നടയ്ക്കുതാഴെനിന്നാണ് അരിയും വള്ളിപ്പയറും തേങ്ങയുമൊക്കെ വാങ്ങിക്കൊണ്ടു പോകുന്നത്. അമ്മയുടെ അമ്മ ദൈന്യം തോന്നി നല്കുന്ന ഭക്ഷ്യവസ്തുക്കളാണവ.
നാട്ടിലെ എല്ലാ കുട്ടികളെയും അക്ഷരം പഠിപ്പിക്കുന്നതും ശീലാസാശാന്‍തന്നെയാണ്. കുട്ടികളെയിരുത്തി പഠിപ്പിക്കാന്‍ അന്നാട്ടിലെ അപ്പച്ചന്മാരൊക്കെച്ചേര്‍ന്ന് ഒരു തറ പൊക്കിക്കെട്ടി വെടിപ്പാക്കി നാലുതൂണും തീര്‍ത്ത് നാലുവശത്തും ഓലമറകെട്ടി, മുകളില്‍ ഓലമേഞ്ഞ് ഒരു കളരിയുണ്ടാക്കിക്കൊടുത്തു. അവിടെ കുട്ടികളൊക്കെ പോയിരുന്ന് ആശാനില്‍നിന്ന് അക്ഷരാഭ്യാസം നടത്തും.
ചുരുക്കം ചിലര്‍മാത്രം കൂലിയായി ചക്രം നല്കും. ഏറിയപേരും ആശാനു കൂലിയായി അരിയും പച്ചക്കറികളും തേങ്ങയുമൊക്കെയാണ് നല്കുന്നത്. അതുകൊണ്ട് ആശാന്റെ വീട് വളരെ സുഭിക്ഷമായാണ് കഴിയുന്നത്.
ആ കളരിയോടു ചേര്‍ന്നാണ് ആശാന്‍ താമസിക്കുന്ന കുടില്‍. കളരിയുടെയും കുടിലിന്റെയും സ്ഥലം അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ പേരിലുള്ളതാണ്. ഇളയ സഹോദരിമാരെയും കുഞ്ഞനുജനെയും അക്ഷരം പഠിപ്പിക്കാന്‍ അമ്മയുടെ പെണ്ണു കെട്ടാത്ത ആങ്ങള, പ്രിയപ്പെട്ട കുഞ്ഞുകൊച്ചായി പണമൊന്നും വാങ്ങാതെ കൊടുത്ത സ്ഥലമാണ്.
കുറെയേറെക്കാലം ആശാന്‍ അവിടെ താമസിച്ചിട്ട് മകളുടെ വിവാഹം നടന്ന് മകള്‍ക്ക് ഒരു കുട്ടിയായതോടെ മരുമകന്റെ നാട്ടിലേക്കുപോയി.
കുഞ്ഞമ്മയെ വളരെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിച്ചു. പിന്നീട്, അയാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെന്തോ നല്ല ജോലി കിട്ടിയത്രേ.
അപ്പന്റേം അമ്മേടേം ഏകപുത്രിയായ, സര്‍ക്കാര്‍ജീവനക്കാരന്റെ ഭാര്യയായ കുഞ്ഞമ്മ യാതൊരു അല്ലലുമറിയാതെ ജീവിച്ചുപോന്നു.
ഒരിക്കല്‍ അമ്മ, വടക്കേക്കാലായില്‍നിന്ന് വള്ളിപ്പയര്‍ പറിച്ചിട്ട്, ഒരുകുട്ട പയറും ചുമന്നുകൊണ്ട്, ദേഹം മുഴുവന്‍ പയറിന്‍വള്ളികൊണ്ടിട്ട് മുറിവും തിണര്‍പ്പും ചൊറിച്ചിലുമായി വിഷമിച്ചുവരുമ്പോള്‍ ആശാനും ഭാര്യയും കുഞ്ഞമ്മയുടെ ഭര്‍ത്താവുംകൂടെ കുഞ്ഞമ്മയെ പാലു കുടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ്.
ആശാന്‍ എന്തു സംസാരിച്ചാലും അതു കേള്‍ക്കാന്‍ നല്ലയീണമാണ്. കുഞ്ഞമ്മയുടെ കളമൊഴിയും കേള്‍ക്കാന്‍ കാതുകള്‍ക്കിമ്പമാണത്രേ.
''പാലു കുടിയെടീ കുഞ്ഞമ്മേ.''
''എനിക്കുവേണ്ടെന്റച്ചാച്ചാ.''
''കുഞ്ഞമ്മേന്റമ്മച്ചി തന്നാ കുടിക്കാമോ?''
''എനിക്കു വേണ്ടെന്റിച്ചാച്ചാ.''
''ജോണിക്കുട്ടി തന്നാ കുടിക്കാമോ.''
''എനിക്കു വേണ്ടെന്റച്ചാച്ചാ.''
അപ്പന്‍ മരിച്ചുപോയിട്ട്, സഹോദരന്മാരുടെ സംരക്ഷണയില്‍ കഴിഞ്ഞ അമ്മയ്ക്കീ സംസാരം ശ്ശി പിടിച്ചു. ഏറെക്കാലം അമ്മ ഒരു പാട്ടിന്റെ ഈരടികള്‍പോലെ ഈ സംഭാഷണം ഉരുവിട്ടു സംതൃപ്തിയടഞ്ഞു.
കുഞ്ഞമ്മയ്ക്ക് ഒരു മകള്‍ ജനിച്ചപ്പോളാണ്, ഗര്‍ഭിണിയായ കുഞ്ഞമ്മയെ എല്ലാവരുംകൂടെ പാലുകുടിപ്പിച്ചതിന്റെ പൊരുള്‍ അമ്മയ്ക്കു പിടികിട്ടിയത്. ആ മകള്‍ക്ക് അവര്‍ ഏലിക്കുട്ടി എന്നു പേരിട്ടുലാളിച്ചു. ഏറെക്കാലം കഴിഞ്ഞ് ആരോ പറഞ്ഞ് അമ്മയറിഞ്ഞു, ഏലിക്കുട്ടിയെ സി.എസ്. ഐ. യിലെ ഒരു വൈദികനാണ് വിവാഹം ചെയ്തതെന്ന്. ഏലിക്കുട്ടിയുടെ മിടുമിടുക്കനായ മകന്‍, പഠനത്തിലും സംഗീതത്തിലും വാദ്യോപകരണ സംഗീതത്തിലും പേരെടുത്തു. ഒരു സിനിമയില്‍ ജാസു വായിക്കുന്നു എന്നറിഞ്ഞ് അമ്മ ഭര്‍ത്താവിനെയും മക്കളെയും കൂട്ടി ആ സിനിമ പോയി കണ്ടു.
ഏറെത്താമസിയാതെ ആ മകന്‍, അവനെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഒരു തീരാനൊമ്പരമായിത്തീര്‍ന്നു.
വിദേശത്തെവിടെയോ ഗാനമേളയ്ക്കുപോയി അപകടമരണം സംഭവിച്ചതൊക്കെ പത്രത്തില്‍ നിന്നറിഞ്ഞ് അമ്മയും വേദനയോടെ നിലവിളിച്ചു. ആ മോന്റെ കൂട്ടുകാരുടെ കൈയിനാല്‍ അപകടമരണം നടന്നതാണത്രേ.
ആശാന്‍ നീതിസാരത്തിലെ അമൂല്യങ്ങളായ വരികളൊക്കെ തന്റെ ശിഷ്യരുടെ മനസ്സിലുറപ്പിച്ചിട്ടുണ്ട്. അതിനാല്‍, അമ്മയുടെ സംസാരത്തില്‍ നീതിസാരവാക്യങ്ങള്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കാം.
അമ്മയും വെള്ളാപ്പള്ളിലെ വല്യമ്മയുംകൂടി പൂര്‍വകാലത്തെ സംഭവകഥകളുടെ ചുരുളുകള്‍ നിവര്‍ത്തുന്നത് കേള്‍ക്കാന്‍ എന്തൊരു സുഖമാണ്! ഒരു ചരിത്രാഖ്യായിക വായിക്കുന്ന പ്രതീതിയാണനുഭവപ്പെടുക.
അമ്മയുടെയൊക്കെ കഞ്ഞിക്കണ്ടത്തിലെ ഞാറുനടീലിന് കിടാത്തികള്‍ക്കും കിടാത്തന്‍മാര്‍ക്കും ഉച്ചക്കഞ്ഞിക്ക് പപ്പടം കാച്ചുമ്പോള്‍, ചെറുമികള്‍ പാടത്തുനിന്നു പാടുമത്രേ: ''പപ്പടം കാച്ചുന്ന മണം വരുന്നേ അത്താനേ റ്റണ്ടെണ്ണമടിയനും കിട്ടിക്കണേ'' അപ്പോള്‍ കിടാത്തികള്‍ ഏറ്റുപാടും: 'അടിയനും കിട്ടിക്കണേ.'
അമ്മയുടെ ബാല്യം സുന്ദരവും സുരഭിലവുമായിരുന്നു.
വല്യമ്മയുടെ യൗവനകാലത്തെ കുറേയധികം കഷ്ടപ്പാടുകളും സങ്കടവും പറഞ്ഞിട്ട്, വല്യമ്മ പറയും: ''ങാ പോട്ടേ, കഴിഞ്ഞുപോയകാലം കടലിനക്കരെ.''
അമ്മ ചോദിച്ചു: ''അമ്മ എവിടെയാരുന്നു, രണ്ടുമൂന്നു ദെവസമായിരുന്നല്ലോ, കണ്ടിട്ട്?''
''അതു മക്കളേ ഞാനേ, പനച്ചിക്കാട്ടൊരു ക്ഷേത്രത്തില്‍ ഭജനയിരിക്ക്വാരുന്നു. ഒത്തിരിക്കാലമായുള്ള മോഹമായിരുന്നു, മൂത്തവന്‍ അതങ്ങു സാധിച്ചുതന്നു. അവന്റെ പെണ്ണ് നല്ല തങ്കസ്വഭാവിയാ, ഞാനെന്തെങ്കിലും ഒരു കൊതി പറഞ്ഞാല്‍ അവളതെങ്ങനെയെങ്കിലും സാധിച്ചുതരീക്കും. അതിന്റെ ഐശ്വര്യോം അവക്കുണ്ടെന്നു കരുതിക്കോ, കാരണം, ഞാന്‍ ചൂണ്ടിക്കാണിച്ച പെണ്ണിനെയാ അവന്‍ കെട്ടിയത്.
ചരിത്രം പറഞ്ഞുപോയാല്‍ വല്യമ്മയങ്ങു കേറിപ്പിടിച്ചു സംസാരിക്കും. പറയാനുദ്ദേശിച്ചത് പറയാനും പറ്റില്ല. സ്‌കൂളുവിട്ട് പിള്ളേരും ഇപ്പംവരും. അതുകൊണ്ട് അമ്മ ഇടയ്ക്കുകയറിച്ചോദിച്ചു: ''കുഞ്ഞിരാമനെന്നാ വരുന്നേ?''
''ഭഗവാനേ, ഞാമ്പറയാന്‍ വിട്ടുപോയതാ. അവന്‍ വന്നിട്ടുണ്ട്; എല്ലാരുംകൂടെ കോട്ടയംപോയി സിനിമാ കാണാനും എല്ലാര്‍ക്കും തുണിയെടുക്കാനുമൊക്കെ പോയിരിക്ക്വാ, വരുമ്പം വരുമ്പം അവനതു പതിവാ.''
''അമ്മയെന്നാ പോകാഞ്ഞേ.''
''അവര്‍ക്കറിയാം എന്നെ വിളിച്ചാലും ചെല്ലുകേലെന്ന്, ന്നാലും വിളിച്ചതാ. എനിക്കീ നാണം മറയ്ക്കാത്ത പെണ്ണുങ്ങടെ സിനിമാത്തുള്ളലൊന്നും കാണാമ്മേല, ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ സിനിമാന്നും പറഞ്ഞ് അലകൊഴിഞ്ഞ കൊറേ പെണ്ണുങ്ങളെക്കൊണ്ട് കോലംകെട്ടിക്കുന്ന ഓരോ വേണ്ടാത്ത പ്രവൃത്തികള്‍.''
വല്യമ്മയുടെ മൂക്കിന്‍തുമ്പ് രോഷംകൊണ്ടു ചെമന്നു.
അമ്മ പറഞ്ഞു: ലിസിമോളു ചെന്ന് കടുപ്പത്തിലൊരു കാപ്പിയിട്ടോണ്ടു വാ, അലമാരീല്‍ ശകലം പാലു മൂടിവച്ചിട്ടുണ്ട്, അതെടുത്ത് ഈ അമ്മയ്ക്കു കാപ്പിയിട്ടെടുക്ക്, എനിക്കു കടുംകാപ്പി മതി.''
വല്യമ്മ പറഞ്ഞു:
''എന്റെ കുഞ്ഞേ എനിക്കും കട്ടന്‍ മതി.''
''അതുവേണ്ടാ, ഇനി ആടിനെ കറന്നിട്ടൊരു കാപ്പികുടിയുണ്ട്. അന്നേരം ഇവരു കുടിച്ചോളും. പിന്നെ എനിക്കൊരു തലവേദന. അതിന് കടുപ്പത്തിലൊരു കടുംകാപ്പി മരുന്നിന്റെ ഫലം ചെയ്യും.''
വല്യമ്മ ലിസ്സി മാറിക്കഴിഞ്ഞപ്പോള്‍ അമ്മയോടു സ്വകാര്യമായി പറഞ്ഞു: ''എന്റെ അംബുജം നിന്നെപ്പോലെതന്നാ, കാണാനും നല്ല മുഖശ്രീയുണ്ട്. മുഖം മനസ്സിന്റെ കണ്ണാടിയാന്നു പറന്നേതു നേരാ. പെരുമാറ്റത്തിലും അവക്കുണ്ടൊരു കുലീനത. എന്നാലേ രണ്ടാമന്റേയും മൂന്നാമന്റേയും സ്ഥിതി അതല്ല. വല്യ പൊക്കിപ്പിടിച്ചോണ്ടാ നടപ്പ്. കൊറേ പണമൊണ്ടായിട്ടെന്നാ കാര്യം? മനസ്സു നന്നാവണം. അതൊക്കെപ്പറഞ്ഞിട്ടെന്നാ കാര്യം, ഒക്കെ പിന്നെപ്പറയാം. ആരോടുമുരിയാടാതിരുന്നാല്‍ ശ്വാസം മുട്ടീട്ടു ഭ്രാന്തെടുക്കും.''
''പിള്ളേര് കേക്കണ്ടാന്നു കരുതിയാ സിനിമാക്കാര്യം ഞാനങ്ങനെ പറഞ്ഞേ? ഞാനേ കാറേല്‍കേറാന്‍ ചെന്നപ്പോളൊരു കെങ്കേമി പറേവാ, അമ്മയെറങ്ങിയാ രണ്ടു പേര്‍ക്കുകൂടെ ഇരിക്കാമെന്ന്, തന്നേയല്ല അമ്മ വീട്ടിലിരുന്ന് ഈ പ്രായത്തില്‍ വല്ല നാമോം ജപിച്ചോണ്ടിരുന്നാപ്പോരേന്ന്. അപ്പം മറ്റൊരുത്തി പറയുവാ, അമ്മയ്ക്കു സിനിമായൊന്നും മനസ്സിലാകത്തില്ല, പിന്നെ നടികളുടെ വേഷോം കോലോം പറഞ്ഞോണ്ടിരിക്ക്വാന്ന്.''
''അതുകൊണ്ട് ഞാമ്പോയില്ല, അംബുജോം ഇങ്ങെറങ്ങിപ്പോന്നു, നിങ്ങടെ ബൈബിളിലെ രൂത്താണ് എന്റെ അംബുജം, ''കൈവിരലിലണിഞ്ഞിരുന്ന വൈരക്കല്ലുമോതിരം കാണിച്ചിട്ട് വല്യമ്മ തുടര്‍ന്നു: ''ഇതും പിന്നെ ചെല പ്രത്യേക സാധനങ്ങളൊക്കെ എന്റെ കൈവശമുണ്ട്, ഇവളുമാരുടെ മുന്നില്‍വച്ച് അതൊക്കെ ഞാന്‍ അംബുജത്തിനു കൊടുക്കും.''
''ഒരുത്തിക്ക് എന്നോടുള്ള ദേഷ്യമെന്നാന്നറിയോ, അവള് ദേ നിങ്ങടെ മാത്തുക്കുട്ടീടെ ഡോറിന്‍മദാമ്മ നടക്കുന്ന മാതിരി പെറ്റിക്കോട്ടുപോലത്തെ കൈയില്ലാത്ത ബ്ലൗസും ഇട്ടോണ്ട് എന്റെ മുമ്പിലെഴുന്നെള്ളിച്ചുവന്നു. ആ മദാമ്മയ്ക്കതുചേരും. തടിയില്ലല്ലോന്നേ. ഇതാണേ മാംസം തെറിച്ചുനിക്ക്വാ. ഞാന്‍ നല്ല രണ്ടെണ്ണം കനത്തില്‍ പറഞ്ഞുകൊടുത്തു. അതിന്റെ പകയാ'' വല്യമ്മ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
മേഴ്‌സിക്ക് ഈ സംസാരം ഒത്തിരിയിഷ്ടമായി. ലിസി തിളപ്പിച്ച കാപ്പി മേഴ്‌സി പകര്‍ന്ന് അമ്മയ്ക്കു കോപ്പയില്‍ കടുംകാപ്പിയും വല്യമ്മയ്ക്കു ഗ്ലാസ്സില്‍ പാല്‍ക്കാപ്പിയും നല്കി.
കാപ്പി കുടിച്ചിട്ട് അമ്മ പറഞ്ഞു: ''എന്റെ പെമ്മക്കടെ കാപ്പി കുടിച്ചാ ചത്തവനും ജീവന്‍വച്ച് ഉഷാറായി വരും.''
''അതേ, അതു ശരിയാ കുഞ്ഞേ, ഞാനതു പലപ്പഴും എന്റെ ശിവങ്കുട്ടീടെ മകള്‍ ഉമയോടു പറയാറുണ്ട്, മോശം പറയരുതല്ലോ, എന്റെ ഉമയും എനിക്ക് ഇതുപോലെ അവക്കൊക്കുമ്പോളൊക്കെ തരാറുണ്ട്. അവളു പഠിച്ചുപഠിച്ചു നടക്ക്വല്ലേ, അടുത്ത കൊല്ലം ജോലീല്‍കേറണമെന്ന വാശിയിലാ പഠിത്തം.''
വല്യമ്മ പറഞ്ഞു: ''കുഞ്ഞിരാമന്‍ സിനിമാ കാണൊനൊന്നും നിയ്ക്കാതെ ഇപ്പമിങ്ങു വരും. അവളുമാര്‍ക്കും പിന്നെ എന്റെ പേരക്കിടാങ്ങക്കുമൊക്കെ തുണി എടുത്തുകൊടുത്തിട്ട് വേഗമിങ്ങു വരും. അവനു ചെയ്തു തീര്‍ക്കാന്‍ പിടിപ്പതു പണിയുണ്ട്.''
വല്യമ്മ ലിസ്സിയുടെ മുഖത്തോട്ടു നോക്കിക്കൊണ്ടു തുടര്‍ന്നു: ''എനിക്കീ മോളെ കാണുമ്പം ചങ്കു തകരും, എന്റെ കുഞ്ഞിരാമന്‍ പഠിപ്പിച്ചോളും, കുഞ്ഞന്നാമ്മ എന്റെകൂടെ വാ, പിന്നെ ഞാനെന്നും ഇവിടെ വരുന്നതല്ലേ, കുഞ്ഞിത്രേം കാലമായിട്ടവിടെ കേറീട്ടൊണ്ടോ.''
''വീട്ടില് വരുന്നില്ലെന്നേള്ളൂ, ആ പറമ്പിലെ പുല്ലുംകൂടെ പറിച്ചെടുത്താ എന്റെ പശുവളര്‍ത്തല്‍.''
''അതൊന്നും സാരമില്ല, മോന്‍ വാ.''
''എന്തുവന്നാലും അവളെ പഠിപ്പിക്കണം. അതിനിനി ആരെതിര്‍ത്താലും പഠിപ്പിക്കണം. അമ്മയ്ക്കു ധിറുതി ഒണ്ടേല്‍ പൊക്കോ, പിള്ളേരടപ്പന്‍ വന്നിട്ട് അനുവാദം മേടിച്ചിട്ട് ഞാമ്പരാം, തറവാടിന് നാണക്കേടു വരുത്തുന്നതൊന്നും അങ്ങേരു ചെയ്യില്ല, എന്നാലും ഞാനത്രടം വരുന്നത് അങ്ങേരറിയണ്ടേ.''
വല്യമ്മയ്ക്കു ദേഷ്യം വന്നു. ''കൊണ്ടെക്കളയാമ്പറ മുഴുത്ത കുടുംബത്തിന്റെ കൊണവതികാരം. മുഴുത്ത കുടുംബോം പറഞ്ഞോണ്ടിരുന്നാ ഈ കുടുംബക്കാരു പഠിപ്പിക്ക്വോ. കുഞ്ഞിന് സൗകര്യപ്പെടുന്നപോലെ വാ, ഇന്നോ നാളെയോ വല്ലോം. അംബുജോം പിന്തുണച്ചോളും. ഏട്ടത്തിയമ്മേന്നു വച്ചാ അവനു ജീവനാ. അവളു വലതുകാലു വച്ചു വന്നു കേറിയതിപ്പിന്നെ ഒണ്ടായ ഐശ്വര്യമേയൊള്ളൂ. അംബുജത്തിന്റെ ചേച്ചിയാ എന്റെ ശിവങ്കുട്ടിക്ക് ജോലി വാങ്ങിക്കൊടുത്തേ. ശിവന്‍ പിന്നെ ബാക്കി രണ്ടാളേം അവന്റെ മക്കളെ പഠിപ്പിക്കുന്നതിനേക്കാള്‍ കാര്യമായിട്ടു പഠിപ്പിച്ചു.''
വല്യമ്മ തെല്ലിട നിര്‍ത്തി. എന്നിട്ടു പറഞ്ഞു:
''എന്നാ ഞാമ്പോട്ടെ, കുഞ്ഞ് ബേവിച്ചന്‍ വന്നിട്ട് അനുവാദോം മേടിച്ചോണ്ടു പൊറകേ പോര്, ഒന്നാലോചിച്ചാലതാ നല്ലത്.''
വല്യമ്മ പോകുന്നത് സാകൂതം നോക്കിനിന്ന അമ്മ പറഞ്ഞു: ''എന്റെ ദൈവമേ, ആ പാവത്തിന് ദീര്‍ഘായുസ്സ് കൊടുക്കണേ, ഇപ്പംതന്നെ നടക്കാന്‍ വയ്യാ, കൂനും പിടിച്ചു.''
ലിസിയുടെ മനസ്സില്‍ അടക്കാന്‍ വയ്യാത്ത സന്തോഷം അലയടിച്ചു. അവള്‍ തുള്ളിച്ചാടി. ''നാളെമുതല്‍ എനിക്കും പഠിക്കാന്‍ പോകാമല്ലോ.''
(തുടരും)