•  25 Apr 2024
  •  ദീപം 57
  •  നാളം 7
സാന്ത്വനം

കാര്യങ്ങള്‍ ഇനി ഉത്തര തീരുമാനിക്കട്ടെ

''അമ്മ എന്നെ വല്ലാതെ നിയന്ത്രിക്കുന്നു. ഞാനിന്നു ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നത് എന്റെ അമ്മ കാരണമാണ്.'' എം.ബി.എ. നല്ല മാര്‍ക്കില്‍ പാസ്സായ ഉത്തര എന്ന പെണ്‍കുട്ടി ഈ പരാതിയുമായിട്ടാണ് എത്തിയത്. ഇതുകേട്ട അമ്മ കണ്ണീരോടെ പറഞ്ഞു: ''മോള്‍ ഒന്നും ചെയ്യാതെ വെറുതെ മൊബൈലില്‍ നോക്കിയിരിക്കും. അല്ലെങ്കില്‍ മുറിയില്‍ വെറുതെയിരിക്കും. അപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറയും.'' ഉത്തരയുടെ കണ്ണുകളില്‍ ചെറിയ ദേഷ്യവും ഒരു നിസ്സഹായതയും കാണാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട്, ''ഇന്നുമുതല്‍ അവളുടെ ജോലികള്‍ അവള്‍ ചെയ്തുകൊള്ളും. അമ്മയൊന്നും പറയേണ്ട. അവള്‍ ചെയ്യുന്നതിനോടു സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ മതി'' എന്നു പറഞ്ഞുവിട്ടു.
മൂന്നുമാസങ്ങള്‍ക്കുശേഷം ഉത്തര വീണ്ടുമെത്തി: ''ഒരു മാസമായി കല്യാണം കഴിഞ്ഞിട്ട്. അമ്മയും ആങ്ങളയും എന്നെ നിയന്ത്രിക്കുന്നു.'' ഭര്‍ത്താവിന്റെ പരാതി മറ്റൊന്നാണ്: ''നീ ഒരു നല്ല ഭാര്യയായിട്ടില്ല ഇതുവരെയും.'' ഈ അഭിപ്രായം  ഉണ്ടാകാന്‍ കാരണം അമ്മയുടെയും ആങ്ങളയുടെയും എന്നുമുള്ള അന്വേഷണവും ഫോണ്‍കോളുകളുമാണെന്ന് അവള്‍ വ്യക്തമായി ഓര്‍ത്തുപറഞ്ഞു. കൂടെ വന്ന മാതാപിതാക്കളോട്, 'ഇനി ഉത്തരയ്ക്ക് എന്തെങ്കിലും നിങ്ങളോടു പറയാനുണ്ടെങ്കില്‍ അങ്ങോട്ടു വിളിച്ചോളും. എല്ലാ ദിവസവുമുള്ള ഫോണ്‍വിളി നിര്‍ത്താന്‍' നിര്‍ദേശിച്ചുവിട്ടു.
ഉത്തരയോടു സംസാരിച്ചപ്പോള്‍ മനസ്സിലായത് ചെറുപ്പംമുതലേ അവള്‍ക്ക് സ്വന്തമായി ഒരു തീരുമാനവും ഇല്ലായിരുന്നു; എപ്പോഴും മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കു വഴങ്ങുകയായിരുന്നുവെന്നാണ്. അവിടെ മനഃശാസ്ത്രജ്ഞനായ ഫ്രോയിഡിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശകലനം പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇദ്ദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നീ മൂന്നു ഘടകങ്ങളുടെ സമന്വയമാണ് വ്യക്തിത്വം. അതുപോലെ, ഈ മൂന്നു ഘടകങ്ങളുടെ പരസ്പരപ്രവര്‍ത്തനത്തിന്റെ പൂര്‍ണരൂപം അല്ലെങ്കില്‍ ആകെത്തുകയാണ് വ്യക്തിയുടെ സ്വഭാവം. 
ജന്മവാസന അല്ലെങ്കില്‍ ഇദ്ദ്
വ്യക്തിത്വത്തെ വളരെയധികം സ്വാധീനിക്കുന്ന ഇദ്ദ്, ഗാഢമായ അബോധാവസ്ഥയിലാണു സ്ഥിതി ചെയ്യുന്നത്. ഒരു വ്യക്തിയുടെ എല്ലാ മാനസികപ്രവര്‍ത്തനങ്ങളും ഇദ്ദിലാണ് അടങ്ങിയിരിക്കുന്നത്. ജന്തുസഹജമായ ആഗ്രഹങ്ങളും മൃഗീയതയും കാട്ടാളത്തവും ഇതിലുണ്ട്. വിജ്ഞാനംകൊണ്ടോ തത്ത്വംകൊണ്ടോ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കില്ല. അതുപോലെ നീതിബോധമോ, സദാചാരബോധമോ ഇതിനു ബാധകമല്ല. ആനന്ദവും വൈകാരിക ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും മാത്രമാണിതിനുള്ളത്. വികാരാവേശങ്ങളെ അടക്കിവയ്ക്കാനാവില്ല. ഏതെങ്കിലും വികാരം അല്ലെങ്കില്‍ ഇഷ്ടം ഉണ്ടായാല്‍ അതു നേടിയെടുക്കാന്‍, അതിനെ തൃപ്തിപ്പെടുത്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്ന അതിസമര്‍ത്ഥനായ ഒരു പിടിവാശിക്കാരനാണ് ഇദ്ദ്. ഉദാഹരണത്തിന് കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം, ഉറക്കം, കളി എന്നിവയാണ് പ്രധാനം. വിശന്നാല്‍ സാഹചര്യം നോക്കാതെ ഉറക്കെ ക്കരയും, ഉറക്കം വന്നാല്‍ ഉറങ്ങണം. പറ്റുന്നില്ലെങ്കില്‍ ബഹളമുണ്ടാക്കും. കളിക്കാന്‍ തോന്നുമ്പോള്‍ രാത്രിയെന്നോ പകലെന്നോ ഇല്ല. കളിക്കണം. ഇതുപോലെ ഏതൊരാവശ്യവും ഉടന്‍ പൂര്‍ത്തീകരിച്ച് ആനന്ദിക്കണം എന്ന ലക്ഷ്യമേ ഇദ്ദ്-ന് ഉള്ളൂ. ഇവിടെ കൊച്ചുകുട്ടികളുടെ ഏതൊരാവശ്യവും സാധിച്ചുകൊടുക്കുമ്പോള്‍ അവര്‍ക്ക് മാനസികവളര്‍ച്ചയുണ്ടാകുന്നില്ല. ചെറുപ്പത്തില്‍ത്തന്നെ ആവശ്യമായവ ഒരു ക്രമത്തില്‍ നല്‍കുകയും നല്ല ശിക്ഷണവും അച്ചടക്കബോധവും കുട്ടികള്‍ക്കു കിട്ടുകയും ചെയ്താല്‍ അവര്‍ പ്രശ്‌നങ്ങളെ ഒരു ക്രമത്തില്‍ നല്‍കുകയും നല്ല ശിക്ഷണവും അച്ചടക്കബോധവും കുട്ടികള്‍ക്കു കിട്ടുകകും ചെയ്താല്‍ അവര്‍ പ്രശ്‌നങ്ങളെ നേരിടാന്‍ പ്രാപ്തരാകും. അതുപോലെ പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ വിവേകപൂര്‍വം കൈകാര്യം ചെയ്യുവാന്‍ പഠിക്കും.
അഹന്ത അല്ലെങ്കില്‍ ഈഗോ
ഇദ്ദില്‍നിന്നാണ് ഈഗോ രൂപം പ്രാപിക്കുന്നത്. ഇദ്ദിന്റെ ആവേശങ്ങള്‍ക്കുനേരേ തടസ്സങ്ങള്‍ ഉണ്ടാക്കി, സാഹചര്യവുമായി ഇണങ്ങിച്ചേരാന്‍ വ്യക്തിയെ പ്രാപ്തമാക്കുകയാണ് ഈഗോയുടെ ധര്‍മം. കാത്തിരിക്കാനും തോന്നുമ്പോള്‍ തോന്നുന്നതുപോലെ എന്ന രീതി മാറ്റി തോന്നിയാലും ഉചിതമായ സമയത്തു ചെയ്യുവാനും ഈഗോ നമ്മെ പഠിപ്പിക്കുന്നു. ഉദാ. ഒരു കുഞ്ഞ്, ഈഗോയുടെ നിര്‍ദേശം ശ്രവിക്കാന്‍ തക്കവിധം ആയിക്കഴിഞ്ഞ് മൂത്രമൊഴിക്കണം എന്നു തോന്നുമ്പോഴേ അതു ചെയ്യാന്‍ മുതിരില്ല. കാരണം, ഈഗോ നിര്‍ദേശിക്കും: നാണക്കേട്. ശിക്ഷ കിട്ടാനുള്ള സാധ്യത. അടുത്തെങ്ങും ഇതിനുള്ള സൗകര്യം ഇല്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍മിച്ച് കാത്തിരിക്കാന്‍ പ്രേരിപ്പിക്കും. അതുപോലെ വിശക്കുമ്പോഴും കരയുന്ന സ്വഭാവത്തില്‍നിന്ന് സമയം ആകട്ടേയെന്നും, ഭക്ഷണം കഴിക്കുന്ന സ്ഥലം ആകട്ടേയെന്നും ഈഗോ ഓര്‍മിപ്പിക്കുന്നു. ഇങ്ങനെ ഇദ്ദിന്റെ ആവേശങ്ങളെ യുക്തിപൂര്‍വം കൈകാര്യം ചെയ്യാന്‍ ഈഗോ പ്രേരിപ്പിക്കും. ഇദ്ദ് ആനന്ദം ആഗ്രഹിക്കുന്നുവെങ്കില്‍ ഈഗോ വാസ്തവത്വം ആഗ്രഹിക്കുന്നു. അതിലേക്കു നയിക്കുന്നു.
സന്മാര്‍ഗബോധം അഥവാ സൂപ്പര്‍ ഈഗോ
ഈഗോയെ കുറച്ചുകൂടി ക്രമീകരിച്ചുകൊണ്ടുവരികയാണ് സൂപ്പര്‍ ഈഗോയുടെ ജോലി. ജീവിതപരിചയത്തിലൂടെയാണ് വ്യക്തിയുടെ ജീവിതശീലങ്ങള്‍ രൂപപ്പെടുന്നത്. കുട്ടികളെ നിയന്ത്രിക്കുന്നതും ശിക്ഷിക്കുന്നതും ഉപദേശിക്കുന്നതും മുതിര്‍ന്നവരാണല്ലോ. അതുകൊണ്ട് അവരും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍നിന്നാണ് സൂപ്പര്‍ ഈഗോ രൂപം പ്രാപിക്കുന്നത്. നല്ലതു ചെയ്യുമ്പോള്‍ പ്രോത്സാഹനവും അരുതാത്തതു ചെയ്യുമ്പോള്‍ ശിക്ഷയും കിട്ടുന്നതിലൂടെ, സാധാരണകുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കുന്നു. മോശമായി പറയപ്പെടുന്നവയെ ഒഴിവാക്കാനും ശീലിക്കുന്നു.
ചുരുക്കത്തില്‍, നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിക്കുന്ന മാതാപിതാക്കളുടെ രീതിയോടു സമീകരണം നടത്താന്‍ ശ്രമിക്കുന്നതിന്റെ ഫലമായി ഈഗോയില്‍നിന്നു രൂപം പ്രാപിക്കുന്നതാണ് സൂപ്പര്‍ ഈഗോ. ഇദ്ദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നീ മൂന്നു ഘടകങ്ങളുടെയും പരസ്പരപ്രവര്‍ത്തനങ്ങളാണ് വ്യക്തിയുടെ വ്യവഹാരങ്ങള്‍ക്ക് ആധാരം. 
ഇത്രയും കാര്യങ്ങള്‍ ഇവിടെ പറഞ്ഞത് ഇന്നുള്ള കുടുംബങ്ങളില്‍ ഉത്തരയെപ്പോലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ധാരാളമുണ്ട്. തന്റെ മനഃസാക്ഷി എപ്പോഴും കുറ്റപ്പെടുത്തുന്നതുകൊണ്ട് യോഗ്യരായിട്ടും ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നവര്‍. ഇവരുടെ ബാല്യകാലങ്ങളിലേക്കു തിരിയുമ്പോള്‍ മിക്കവരും മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കു ബലിയാടാക്കപ്പെട്ടവരാകാം.
അതുകൊണ്ട് ചെറുപ്പംമുതലേ കുട്ടികള്‍ക്കു സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍, സ്വയം അഭിപ്രായമുള്ളവരാകാന്‍, അതുപോലെ തങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ അഭിപ്രായങ്ങളോടു കാര്യകാരണസഹിതം ലയിപ്പിക്കാന്‍, അവരെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. കാര്യകാരണസഹിതം ഇന്ന് മാതാപിതാക്കള്‍ തിരുത്തിയില്ലെങ്കില്‍, മുതിര്‍ന്നുകഴിയുമ്പോള്‍ അവരിലെ മൃഗീയവാസനകള്‍ ഉണരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രിയ മാതാപിതാക്കളേ, നല്ല പൗരന്മാരെ സമൂഹത്തിനു പ്രദാനം ചെയ്യാന്‍ മുതിര്‍ന്നവര്‍ കുട്ടികളോടുകൂടെ ഉണ്ടാവണം.
അവരുടെ ഭാവങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനവും ശിക്ഷണവും നല്‍കാന്‍ മടിക്കരുതേ. എന്നാല്‍, എപ്പോഴും പ്രോത്സാഹനം ശിക്ഷകള്‍ക്കു മുകളില്‍ നില്‍ക്കണം.

 

Login log record inserted successfully!