•  21 Nov 2024
  •  ദീപം 57
  •  നാളം 37
കേരളത്തിലെ പക്ഷികള്‍

മൈന

മൈനകള്‍ ഏഷ്യയിലെങ്ങും കാണപ്പെടുന്ന ഒരിടത്തരം പക്ഷിയാണ്. ഇരുണ്ട നിറത്തിലും തവിട്ടുനിറത്തിലും ഇളം നീലനിറത്തിലും ലോഹത്തിന്റെ നിറത്തിലുമൊക്കെ ഇവ കാണപ്പെടുന്നു.  ശബ്ദമുണ്ടാക്കിക്കൊണ്ട് പ്രസരിപ്പോടെ ഓടിയും പറന്നും നടക്കുന്ന പക്ഷിയാണിത്. തത്തയെപ്പോലെ മനുഷ്യരുടെ ശബ്ദം അനുകരിക്കാനും സംസാരിക്കാനും പാടാനുമൊക്കെ മൈനകള്‍ക്കു കഴിയുന്നു. വിസിലടിക്കുന്ന സ്വരം ഇവയുടെ സാധാരണ പ്രകൃതംതന്നെ.  മുഖ്യമായും പഴങ്ങളും ധാന്യമണികളും തളിരിലകളും പ്രാണികളുമൊക്കെ ആഹരിക്കുന്നു. ഇണകളായും ഗ്രൂപ്പായും ഇവ സഞ്ചരിക്കുന്നു.
കണ്ണിനുചുറ്റും മഞ്ഞനിറവും മഞ്ഞച്ചുണ്ടുമുള്ളവയാണ് പൊതുവെ മൈനകള്‍. സംസാരശേഷിയുടെ പേരില്‍ ഏറ്റവുമധികം വളര്‍ത്തപ്പെടുന്ന പക്ഷികളും ഇവതന്നെ. നാട്ടുമൈന, കാട്ടുമൈന, ചെങ്കണ്ണന്‍മൈന, കിന്നരിമൈന എന്നിങ്ങനെ മൈനകളെ പ്രധാനമായി തരം തിരിക്കാം. നാട്ടുമൈന ജനവാസമേഖലയിലും കാട്ടുമൈന വനമേഖലയിലും കാണപ്പെടുന്നു. മാടത്തയെന്നും ചിത്തിരക്കിളിയെന്നുമൊക്കെ വിളിക്കുന്നതു നാട്ടുമൈനകളെയാണെങ്കില്‍ കണ്ണിനു ചുറ്റും മഞ്ഞനിറമില്ലാത്തവയാണ് കിന്നരിമൈനകള്‍. ഇവയുടെ നെറ്റിയില്‍ ഒരു ചെറുതൊപ്പിയുണ്ടാവും. കാളിക്കിളി, കാവളംകിളി, ചാരത്തലക്കാളി, കരിന്തലച്ചിക്കാളി, പുള്ളിക്കാളി എന്നിങ്ങനെയുള്ള കാളിപ്പക്ഷികളും മൈനകളുടെ ഇനത്തില്‍പ്പെടുന്നവയാണ്. എല്ലാത്തിനും നാട്ടുമൈനയുടെ വലുപ്പമേയുള്ളൂ. ധാരാളമായി കാണപ്പെടുന്ന പക്ഷികള്‍ എന്ന നിലയില്‍ പക്ഷിനിരീക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പക്ഷികളാണ് മൈനകളും അവയുടെ സ്പീഷിസുകളും. ലോകത്തിലേറ്റവും കൂടുതലുള്ളതും ഏറെ വ്യാപകമായി കാണപ്പെടുന്നതുമായ പക്ഷിവര്‍ഗങ്ങളില്‍പ്പെട്ടവയാണ് ഇവ.
ജീവിക്കാന്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ നിരവധി അനുകൂലഘടകങ്ങളാണ് ഇവയുടെ വ്യാപനത്തിനു കാരണമാകുന്നത്. ഏതു കാലാവസ്ഥയിലും കാളിക്കിളികള്‍ക്ക് അതിജീവനമാകുന്നു. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലും മൈനസ് 12 ഡിഗ്രി വരെയുള്ള കൊടുംശൈത്യസ്ഥലങ്ങളിലും കാളിക്കിളികളെ കാണാനായിട്ടുണ്ട്. 
പുള്ളിക്കാളിക്കിളി നീണ്ട കൊക്കുകളുള്ള ഇനമാണ്. കൃഷിസ്ഥലങ്ങളിലും ജനവാസമേഖലകളിലും ഇവയെ കാണാം. ഒറ്റനോട്ടത്തില്‍ മൈനയാണെന്നു തോന്നും. 
കൂടൊരുക്കാപ്പക്ഷികളാണു മൈനകള്‍. മരംകൊത്തിയും മറ്റും നിര്‍മിച്ച മരപ്പൊത്തിലാണു മുട്ടയിടുക. സംസാരശേഷിയുടെ റിക്കാര്‍ഡില്‍ ഏറ്റവുമധികം ഇണക്കപ്പെടുന്നതും വില്‍ക്കപ്പെടുന്നതും മൈനകള്‍ തന്നെ. എന്നാല്‍ 700 മുതല്‍ 900 വരെ വാക്കുകള്‍ സംസാരിക്കുന്ന തത്തകളുടെ മുമ്പില്‍ മൈനകള്‍ നിഷ്പ്രഭരാകുന്നു. ഒരുപക്ഷേ, കേരളത്തില്‍ മൈനകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടോ എന്ന ഒരു ആശങ്ക ഇല്ലാതില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)