•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ആസ്വാദകന്റെ നെട്ടോട്ടം

തൊക്കെത്തരത്തിലുള്ള പാട്ടുകളാണ് നാം ചലച്ചിത്രങ്ങളില്‍ കേട്ടിട്ടുള്ളത്! ചിത്രം കാണുന്ന അവസരത്തിലും പിന്നീടും അവയില്‍ നാം വല്ലാതെ ആകൃഷ്ടരാകും. വീണ്ടും വീണ്ടും അവ ആസ്വദിക്കാന്‍ നാം ആഗ്രഹിക്കുകയും ചെയ്യും. മുന്‍കാലചിത്രങ്ങളിലെ ഗാനങ്ങള്‍ ഇപ്പോഴും നമ്മുടെ ഏകാന്തതകളെ ധന്യമാക്കുന്നതിനു കാരണമിതാണ്. എന്നാലിപ്പോള്‍ ഇറങ്ങിയ ഒരു ചിത്രത്തിലെ ഈ ഗാനമൊന്നു ശ്രദ്ധിക്കുക:
''നേരാണേ നേരതുള്ളിലുണ്ടേ
നേരെ നേരെ നേടാന്‍ നൂറു കാര്യമുണ്ടേ
പാടാണേ ഉള്ളിലുള്ളതെന്തും
മുന്നിലുള്ളൊരാളോ-
ടുള്ളതുപോലൊന്നു പറയാന്‍
ആരോടും ഒന്നിനോടുമേ നോക്കാലോ 
വാക്കിനാലതോ
വേണ്ടെന്നോ ഇല്ലയെന്നതോ ഇല്ലില്ല പറയുകില്ല''
 (ചിത്രം - പ്രിയന്‍ ഓട്ടത്തിലാണ്; ഗാനരചന-പ്രജീഷ് പ്രേം; സംഗീതം-ലിജിന്‍ ബംബിനോ; ആലാപനം - ബെന്നി ദയാല്‍)
നേരിനെക്കുറിച്ചു വീണ്ടും വീണ്ടും പറയുകയാണ് പാട്ടെഴുത്തുകാരന്‍. പക്ഷേ, അതു നേരായവിധത്തിലായില്ലെന്നു മാത്രം. പല്ലവി പുരോഗമിക്കുമ്പോള്‍ വരികള്‍ അര്‍ത്ഥത്തിനു യോജിക്കാത്തവയായി മാറുന്നു. മാത്രമല്ല, വരികളില്‍ ഒന്നുപോലും ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിക്കുന്നുമില്ല. ഈ ലേഖകന്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളത് ആവര്‍ത്തിക്കുകയേ നിര്‍വാഹമുള്ളൂ. പദക്കസര്‍ത്ത് ഒരിക്കലും ഗാനത്തിനു ഭൂഷണമല്ല. ഒരേ വാക്കുകള്‍ വീണ്ടും വീണ്ടും കൊണ്ടുവന്നും ചൊവ്വില്ലാത്തവിധം അവ അസ്ഥാനത്തു വിതറിയും ഗാനരചയിതാവ് തന്റെ 'പ്രാഗല്ഭ്യം' പ്രകടിപ്പിക്കുന്നു. ഇതൊന്നും മേന്മയായി കരുതുക വയ്യ. എഴുത്തുകാരന്റെ പിടിപ്പുകേടായേ പരിഗണിക്കാനാവുകയുള്ളൂ.
''എന്താണതെന്നതോ  ഏതാണന്നെതോ
ആരാണെന്നതും ഓര്‍ക്കാതതേറ്റതേറെ
ഏറ്റതെന്തും നേടേണ്ടതും നേടിയാല്‍ ഓടേണം
ഓടിയെന്തും നേടീടണം
എന്നാളുമെല്ലോര്‍ക്കുമുള്ളപ്പോഴുള്ളാലേ
കൂടെയായുണ്ട് കൂട്ടിനായുണ്ട്
എന്നാലുമെല്ലാരും  നിന്നിലേ പിന്നാലെ
നിന്നിടം നില്ക്കുന്നേ
തന്ന ഞാനായ് താനേ താനായ് പാടായ്
എന്നൊന്നുമോര്‍ക്കില്ല നീ.''
ഭാഗ്യം! ഇത്രയേയുള്ളൂ വരികള്‍. ഇടയ്ക്കിടയ്ക്ക്  ''പാ നിരിസ ഗരിരി സ പാ നിരിസ നിധസനിധപ...'' എന്നീ സ്വരവിസ്താരവുമുണ്ട്. എന്തുണ്ടായിട്ടെന്തു കാര്യം? ഒന്നിനും ലക്ഷ്യം കൈവരിക്കാനാവുന്നില്ല. നാം നമ്മുടെ മാതൃഭാഷയില്‍ നിത്യേന ഉപയോഗിക്കുന്ന വാക്കുകള്‍പോലും  പുതിയ തരത്തില്‍ പ്രയോഗിച്ച് ഗാനത്തെ അധമസാഹിത്യത്തിന്റെ കയത്തിലേക്ക് എടുത്തെറിഞ്ഞുകളഞ്ഞു പാട്ടെഴുത്തുകാരന്‍.
ഈ ഗാനത്തിന്റെ രചനകൊണ്ട് പ്രജീഷ് പ്രേം ലക്ഷ്യമാക്കുന്നതു വ്യക്തമല്ല. ഇത് ഇത്തരത്തില്‍ ചിട്ടപ്പെടുത്താമെന്നു കരുതിയ ലിജിന്‍ ബംബിനോയുടെ ഉദ്ദേശ്യവും അങ്ങനെതന്നെ. ലിറിക്കല്‍ വീഡിയോ എന്ന തരത്തിലാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. എഴുതിക്കാണിക്കുന്ന വരികളും പാടുന്നതും തമ്മില്‍ ചിലയിടത്തെങ്കിലും വ്യത്യാസമുണ്ട്. 'ആരോടും ഒന്നിനോടുമേ നോക്കാലോ' എന്നെഴുതിക്കാണിക്കുമ്പോള്‍ 'ആരോടും ഒന്നിനോടുമേ നോക്കാനോ' എന്നാണ് ബെന്നി ദയാല്‍ പാടുന്നത്. ഇക്കാലത്തിറങ്ങുന്ന ഏതു ഗാനവും ആരും അത്ര കാര്യമായി ശ്രദ്ധിക്കാത്തതുകൊണ്ട് എങ്ങനെ പാടിയാലും മതി എന്ന അവസ്ഥയാണ്. കവിത കഴിഞ്ഞാല്‍ ഒരുകാലത്ത് സഹൃദയര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നവയാണ് ഗാനങ്ങള്‍. ഇന്നവയെ ഏറെ വെറുക്കുന്ന കലാസൃഷ്ടിയാക്കി മാറ്റി ആധുനികഗാനസ്രഷ്ടാക്കള്‍. ഇവിടെ എടുത്തുപറഞ്ഞ ചിത്രനാമം സ്വല്പമൊന്നു പരിഷ്‌കരിച്ചുപറയട്ടെ, ഇന്ന് ആസ്വാദകര്‍ ഓട്ടത്തിലാണ്; നല്ല ഗാനം ലഭിക്കാന്‍വേണ്ടിയുള്ള നെട്ടോട്ടത്തില്‍.
Login log record inserted successfully!