•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

''മന്ദരരാജ്യത്തിലെ സത്യധര്‍മമഹാരാജാവിന്റെ മകള്‍ സുഗന്ധിരാജകുമാരിക്കു മംഗല്യപ്രായമായിരിക്കുന്നു. സുന്ദരന്മാരായ ഏതു യുവാവിനും കുമാരിയെ വിവാഹം ചെയ്യാം. എന്നാല്‍, അവര്‍ ചില പരീക്ഷകള്‍ ജയിക്കേണ്ടിയിരിക്കുന്നു. ചില മത്സരങ്ങളില്‍ വിജയിക്കേണ്ടിയിരിക്കുന്നു.
ഒന്നാമത്തെ മത്സരം ഉഗ്രവിഷമുള്ള ഒരു മൂര്‍ഖന്‍പാമ്പിനെ കൊന്ന് വിജയം നേടണം.
രണ്ടാമത്തെ മത്സരം: ഒരു ഭീകരസിംഹത്തിനോടു പൊരുതി ജയിക്കണം.
മൂന്നാമത്തെ മത്സരം: ഒരു വലിയ അഗ്നികുണ്ഡത്തിലേക്കെടുത്തുചാടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെടണം. ഈ മൂന്നു മത്സരങ്ങളിലും വിജയശ്രീലാളിതനായി വരുന്ന ഏതു യുവകോമളനും രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കുന്നതാണെന്ന് രാജാവ് സത്യധര്‍മന്‍ അറിയിക്കുന്നു. ഡും... ഡും... ഡും...'' ഇതു രാജവിളംബരമായിരുന്നു. നാടിന്റെ നാനാഭാഗത്തും പെരുമ്പറകൊട്ടി രാജവിളംബരമറിയിച്ചു. എല്ലാവരുടെയും ചെവിയില്‍ വാര്‍ത്തയെത്തി. രാക്ഷസപ്രവീണനും വാര്‍ത്തയറിഞ്ഞു. എന്നാല്‍, പ്രേമസ്വരൂപന്‍ വാര്‍ത്തയറിഞ്ഞ് അല്പം ഭയപ്പെട്ടു.
തന്നെക്കൊണ്ടു മൂന്നു മത്സരങ്ങളും ജയിക്കാനാവുമോ? മന്ത്രിക്കും അല്പം ശങ്കതോന്നി. ഈ മത്സരമൊന്നും വേണ്ടെന്നു താന്‍ രാജാവിനോടു പറഞ്ഞതാണ്. എന്നാല്‍, മത്സരം നടത്തണമെന്നുള്ളത് രാജകുമാരിയുടെ നിര്‍ബന്ധമാണുപോലും... ശരി നടക്കട്ടെ. തന്റെ മകനും മത്സരിക്കട്ടെ.
''ഒരൊടുക്കത്തെ മത്സരം. ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ?'' മന്ത്രിയുടെ പത്‌നി മന്ദാകിനി പറഞ്ഞു.
''പ്രിയതമേ മന്ദാകിനീ, രാജകല്പനയാണതൊക്കെ. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല.''
രാജ്യത്തിന്റെ പകുതിയും ഭാരിച്ച സ്വത്തുക്കളും മന്ദാകിനി സ്വപ്നം കാണാന്‍ തുടങ്ങീട്ടു കുറെ നാളുകളായി. തന്റെ മകന്‍ പ്രേമസ്വരൂപന് രാജാവിന്റെ മരുമകനാകാന്‍ യോഗമില്ലേ...
അയല്‍രാജ്യത്തെ രാജകുമാരന്മാരും കഴിവുള്ള യുവാക്കളും സുഗന്ധി എന്ന സുന്ദരിയെ സ്വപ്നം കാണാന്‍ തുടങ്ങി. എങ്കിലും ഈ ഭയങ്കരമായ മത്സരം എങ്ങനെ ജയിക്കും... നോക്കാം. എല്ലാവരും അങ്ങനെ ധൈര്യപ്പെട്ടു. അപ്പോഴൊക്കെ രാക്ഷസപ്രവീണന്റെ മുഖത്ത് ഒരു പുഞ്ചിരി  വിടര്‍ന്നു മാഞ്ഞു.
ആ ദിവസം വന്നടുത്തു.
രാജകൊട്ടാരത്തിനടുത്തുള്ള മൈതാനം അലങ്കരിച്ചുവെടിപ്പാക്കി. മൈതാനത്തിനൊരു ഭാഗത്ത് വലിയൊരു ഇരുമ്പുവലക്കൂട്. അതില്‍ അതിഭയങ്കരനായൊരു മൂര്‍ഖന്‍ പാമ്പ് നാക്കു നീട്ടി ചീറ്റിക്കൊണ്ട് ഇഴഞ്ഞു. മറ്റൊരു കൂട്ടില്‍ ഒരു ഘോരസിംഹം അലറിക്കൊണ്ടു നടന്നു. അതാ താഴെ അഗ്നിയെരിയുന്നു. മൈതാനത്തിനൊരുവശത്ത് കാണികള്‍ക്കിരിക്കാനുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. മറ്റൊരിടത്തു മത്സാരാര്‍ത്ഥികള്‍ക്കിരിക്കാനുള്ള ഇരിപ്പിടങ്ങള്‍.
കാണികള്‍ സന്നിഹിതരായി. മത്സരത്തില്‍ പത്തു യുവാക്കള്‍ വന്നിട്ടുണ്ട്. അതില്‍ ഒരാള്‍ പ്രേമസ്വരൂപനും മറ്റൊരാള്‍ വേഷപ്രച്ഛന്നനായ രാക്ഷസപ്രവീണനുമായിരുന്നു. ''ഒന്നാമത്തെയാള്‍ക്ക് പാമ്പിന്‍കൂട്ടിലേക്കു സ്വാഗതം. പാമ്പിനെ തോല്പിച്ച് സിംഹക്കൂട്ടില്‍ കയറാം.'' അറിയിപ്പുണ്ടായി. ഒന്നാമത്തെ രാജകുമാരന്‍ എണീറ്റു പാമ്പിന്‍കൂട്ടിലേക്കു നടന്നു. ഒരു ഭടന്‍ കൂടിന്റെ കതകുതുറന്ന് രാജകുമാരനെ അകത്താക്കി. പാമ്പിന്‍കൂട്ടിനുള്ളില്‍ പൊരിഞ്ഞ യുദ്ധം... പാമ്പും മനുഷ്യനുമായി. അവസാനം പാമ്പുകടിയേല്‍ക്കാതെ രാജകുമാരന്‍ പുറത്തുവന്നു.
''അടുത്തയാള്‍.'' രണ്ടാമത്തെ രാജകുമാരനും കൂട്ടില്‍ക്കയറി. പാമ്പുമായി ഭയങ്കരമായ ഏറ്റുമുട്ടല്‍. അയാളും പാമ്പിനോടു തോറ്റുപിന്മാറി. അങ്ങനെ എട്ടു യുവാക്കളും മൂര്‍ഖന്‍പാമ്പിനോടു തോറ്റുപിന്‍വാങ്ങി. രണ്ടുമൂന്നു യുവാക്കള്‍ക്ക് പാമ്പിന്റെ കടിയേറ്റു. ഭാഗ്യം, ആരും മരിച്ചില്ല. പാമ്പുകടിയേറ്റവരെ ഉടനെതന്നെ രാജഭടന്മാര്‍ വൈദ്യരുടെ അടുത്തെത്തിച്ചു. ഇനിയത്തെ ഈഴം പ്രേമസ്വരൂപനാണ്. അവന്‍ പാമ്പില്‍കൂട്ടില്‍ക്കയറി പാമ്പുമായി പിടിത്തമിട്ടു. പാമ്പവനെ തലങ്ങും വിലങ്ങും കടിച്ചു. ഉടനെതന്നെ അവനെ വൈദ്യരുടെ അടുത്തെത്തിച്ചു. കാണികള്‍ വീര്‍പ്പടക്കി ഇരുന്നു. അവര്‍ക്കൊന്നും ഹര്‍ഷാരവം മുഴക്കാന്‍പോലുമായില്ല.  ഇനിയാരു തന്റെ മകളെ വിവാഹം കഴിക്കും? രാജാവു തന്റെ സിംഹാസത്തിലിരുന്നു ചിന്തിച്ചു. ഓ... രാക്ഷസപ്രവീണന്‍.
''അടുത്തയാള്‍ക്കു കയറിവരാം.'' 
രാക്ഷസപ്രവീണന്‍ ചാടിയെണീറ്റു പാമ്പിന്‍കൂട്ടിലെത്തി. ചീറിക്കൊണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെപ്പിടിച്ച് കടിച്ചു മുറിച്ചുകൊന്നു. പെട്ടെന്നയാള്‍ സിംഹക്കൂട്ടില്‍ക്കയറി സിംഹത്തിന്റെ വായ പിളര്‍ത്തി മുറിച്ചിട്ടു. ഉടനെതന്നെ ഹോമകുണ്ഡത്തിന്റെ മുകളില്‍ക്കയറി രാക്ഷസപ്രവീണന്‍ താഴെ എരിയുന്ന അഗ്നിയിലേക്കു ചാടി നൊടിയിടയില്‍ പുറത്തുവന്നു, പൊള്ളലേല്ക്കാതെ മിടുക്കനായി. വിജയശ്രീലാളിതനായി ഇതാ രാക്ഷസപ്രവീണന്‍ രാജാവിനു സമീപമെത്തി.
വീര്‍പ്പടക്കിയിരുന്ന കാണികള്‍ കൈയടിച്ചു ഹര്‍ഷാരവം മുഴക്കി.
അതാ, സര്‍വാഭരണവിഭൂഷിതയായ സുഗന്ധി രാജകുമാരി. 
''ഞാനിതാ രാക്ഷസപ്രവീണന് എന്റെ പുത്രിയെ നല്‍കുന്നു. അടുത്തൊരു ശുഭമുഹൂര്‍ത്തത്തില്‍തന്നെ ഇവരുടെ വിവാഹം...
അതുകേട്ട് മന്ത്രി സോമദേവന്‍ ലജ്ജിച്ചു തലതാഴ്ത്തി ഇറങ്ങിപ്പോയി.
ഒരു നല്ല ദിവസം. ശുഭമുഹൂര്‍ത്തത്തില്‍ രാജകുമാരിയും രാക്ഷസപ്രവീണനുമായുള്ള വിവാഹം നടന്നു. നാടാകെ സദ്യയും ആഘോഷങ്ങളുമായി മന്ദരരാജ്യം ഉത്സവത്തിലാറാടി.


(അവസാനിച്ചു)

 

Login log record inserted successfully!