•  30 Nov 2023
  •  ദീപം 56
  •  നാളം 38
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

തൂലികയുന്തികളുടെ വിളയാട്ടം

ക്ഷരങ്ങളെ മാനിക്കാതെ നിസ്സാരമായിക്കണ്ട് മനഃപൂര്‍വം പാഴാക്കിക്കളയുന്നവര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ അധികം തല പുകയ്‌ക്കേണ്ട കാര്യമൊന്നുമില്ല. അതു പാട്ടെഴുത്തുകാരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നു ചിന്തിക്കുമ്പോള്‍ വ്യക്തമാവുന്നത് ആരും കവികളല്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഭാഷാജ്ഞാനംകൂടി ഇല്ലെന്നു വരുമ്പോള്‍ പടച്ചുവിടുന്ന വരികള്‍ ബാലിശമായിപ്പോകും. അര്‍ത്ഥമില്ലായ്മയും ആവര്‍ത്തനവും അവയെ കൂടുതല്‍ ദുഷിപ്പിക്കും. ഇതാ ''ഒന്ന്' എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കുക.
''അരികെ വരുമോ ഇതുവഴി നീ
തിരികെ തരുമോ കുളിരല നീ
നീ ചാരെ വാ പതിയെ
നെഞ്ചില്‍ നീ റൂഹായ് നീ
മിഴിയില്‍ നീ നിറയെ'' (ഗാനരചന - ഫിറോസ് വെളിയങ്കോട്; സംഗീതം - നൗഫല്‍ നാസര്‍; ആലാപനം - നിസാം അലി, പ്രസീത മനോജ്)
ഈ പാട്ടുകേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ പെട്ടെന്നു തെളിയുന്നത് മറ്റൊരു പ്രശസ്തമായ ഗാനമായിരിക്കും.  'നീയെത്ര ധന്യ' എന്ന ചിത്രത്തിനുവേണ്ടി ഒ.എന്‍.വി. കുറിപ്പ് എഴുതിയ
''അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു      ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി!'' എന്ന പാട്ട്. നായികയുടെ സാമീപ്യം കൊതിക്കുന്ന നായകന്റെ (കവിയുടെയും) കാവ്യബോധം വെളിപ്പെടുത്താന്‍ പോന്നതാണ്. 'ഒന്ന്' എന്ന പുതിയ ചിത്രത്തിലെ ഗാനത്തിലോ? പിള്ളേര്‍കളി എന്ന മട്ടില്‍ നായിക എന്തൊക്കെയോ നായകനോടു ചോദിക്കുന്നു. 'തിരികെ തരുമോ കുളിരല നീ' എന്ന ഭാഗം കേള്‍ക്കുമ്പോള്‍ കുളിരല നേരത്തേ നായകന്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്നു തോന്നും. ''അരികെ വരുമോ ഇതുവഴി നീ' എന്നു തുടക്കത്തില്‍ ചോദിച്ചത് രചയിതാവ് മറന്നുപോയി എന്നു വേണം നാം കരുതാന്‍. അല്ലെങ്കില്‍ തൊട്ടുപിന്നാലെ 'നീ ചാരെ വാ പതിയെ' എന്ന് ആവശ്യപ്പെടുമോ? തിരികെ തരുമോ എന്ന മട്ടില്‍ സന്ധിചേര്‍ക്കാതെയാണ് പാടിയിരിക്കുന്നത്. അതുകൊണ്ടാണ് ഈ വരി അങ്ങനെതന്നെ എടുത്തെഴുതിയത്. തിരകെത്തരുമോ എന്ന ശുദ്ധമായ ഭാഷ പ്രയോഗിക്കാന്‍ നമ്മുടെ നവീനപാട്ടെഴുത്തുകാര്‍ എന്നു കെല്പുനേടും? ആകെയുള്ളത് അഞ്ചു ചെറിയ വരികള്‍. അതില്‍ ആറുതവണ 'നീ' കടന്നു വന്നിട്ടുണ്ട്. ചില വാക്കുകളോട് ഗാനരചയിതാക്കള്‍ക്ക് ഇഷ്ടം തോന്നുക പതിവാണ്. എങ്കിലും ഇതു കുറച്ചു കടന്ന കൈയായിപ്പോയി.
''തമ്മില്‍ കണ്ടനേരം
ഉള്ളില്‍ നെയ്ത മോഹം
വിരലിനാല്‍ തഴുകുവാന്‍
തൊട്ടുരുമ്മി നീ വരുമോ
റൂഹായവളേ എന്‍ റൂഹില്‍ നിറയെ''
വല്ലാത്ത മോഹങ്ങളാണ് നായികാനായകന്മാര്‍ പ്രകടിപ്പിക്കുന്നത്. ഭാഷയെ (സാഹിത്യത്തെയും) എത്രത്തോളം മലീമസമാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് പാട്ടെഴുത്തുകാരന്‍. കഴമ്പുള്ള ഗാനങ്ങള്‍ ആദ്യശ്രവണമാത്രയില്‍ത്തന്നെ നമ്മുടെ ഹൃദയം കീഴടക്കും. വീണ്ടും വീണ്ടും കേള്‍ക്കാന്‍ നാം കൊതിക്കും. 'ഒന്ന്' എന്ന ചിത്രത്തിലെ ഈ ഗാനം പതിനായിരം തവണ കേട്ടാലും നമ്മുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുകയില്ല. അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോള്‍ വാക്കാകും. വാക്കുകള്‍ ചേര്‍ന്നാല്‍ വരിയാകും. എന്നു കരുതി വെറുതെ കുറെ വരികള്‍ കോര്‍ത്തിണക്കിയാല്‍ അതു ഗാനമാകുമോ? എന്താണു ഗാനമെന്ന് ഇക്കൂട്ടര്‍ ഇനിയും മനസ്സിലാക്കാത്തതാണ് ഏറെ കഷ്ടം. ഇത്തരം തൂലികയുന്തികളോടു സഹതാപം തോന്നുന്നു.