ഇരപിടിയന്പക്ഷിയാണു മൂങ്ങ. മുന്നിലെ ഇരയെ വളരെ വ്യക്തമായി കാണാന്‍ പറ്റുംവിധം പരന്ന മുഖവും വലിയ ഉണ്ടക്കണ്ണുകളും മൂങ്ങയ്ക്കുണ്ട്. അതിസൂക്ഷ്മശബ്ദംപോലും കേള്‍ക്കാനാകുന്നു. നീളന്‍ചെവികളാണ്. 180 ഡിഗ്രി തിരിയുന്ന തല മറ്റൊരു സൗകര്യം.
ഇന്ത്യയില്‍ ഇരുപത്തെട്ടിനം മൂങ്ങകള്‍ കാണപ്പെടുന്നു. അതില്‍ പതിനഞ്ചോളം കേരളത്തിലുണ്ട്. പുള്ളിമൂങ്ങ, ചെമ്പന്‍മൂങ്ങ, ചെവിയന്‍ മൂങ്ങ, സൈരന്ധ്രി മൂങ്ങ, പുള്ളുമൂങ്ങ, മീന്‍ മൂങ്ങ, കാലന്‍മൂങ്ങ, വെള്ളിമൂങ്ങ എന്നിവയാണ് അതില്‍ പ്രധാനം. ലോകമെമ്പാടും 140 ഇനം മൂങ്ങകളുള്ളതായി കണക്കുകള്‍ പറയുന്നു. അന്റാര്‍ട്ടിക്ക ഒഴികെ എവിടെയുമുണ്ട്. മൂങ്ങകള്‍ നൈറ്റ് വാച്ച്മാന്‍ എന്നാണറിയപ്പെടുക. ഇരകളെ മുഴുവനായി വിഴുങ്ങുകയാണ് ചെയ്യുക. എല്ലും തോലുമുള്‍പ്പെടെ.
കേരളത്തില്‍ ഈ പക്ഷികള്‍ മൂങ്ങ, നത്ത്, കൂമന്‍, കാലന്‍കോഴി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൊമ്പന്‍ മൂങ്ങകളും, കാട്ടുമൂങ്ങകളും അരമീറ്ററിലേറെ നീളമുള്ളവയാണ്. കൂടുകൂട്ടി മുട്ടയിടുന്ന രാപ്പക്ഷികളാണിവ. ചിലതു മരപ്പൊത്തിലും തറയിലുമൊക്കെ മുട്ടയിടുന്നു. ഒരു തവണ നാലു മുട്ടകള്‍വരെ കാണും.
കൂമന്‍ എന്നു നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന മൂങ്ങയാണ് സ്‌ക്രീച്ച് ഔള്‍. പ്രത്യേക രീതിയില്‍ വലിയ ഒച്ച ഉണ്ടാക്കുന്നതുകൊണ്ടീ പേരു വന്നു. മരത്തൊലിയുടെ നിറമാണ്. 45 മുതല്‍ 60 സെ.മീ. വരെ നീളം. എലികളും അണ്ണാനുമാണ് ഇരകള്‍. മരക്കൊമ്പുകളില്‍ അനങ്ങാതെയിരിക്കുന്ന ഇതിനെ പെട്ടെന്നു തിരിച്ചറിയുക പ്രയാസം.
മണ്ണില്‍ കുഴിയുണ്ടാക്കി അതില്‍ കൂടൊരുക്കുന്ന മൂങ്ങകളാണ് ബറോയിങ് ഔള്‍ എന്ന കുഴിയന്‍മൂങ്ങ. മാളം സ്വയം കുഴിച്ചതോ മറ്റു ജന്തുക്കള്‍ ഉപേക്ഷിച്ചതോ ആകാം. ഈ മൂങ്ങകള്‍ക്കു നീണ്ട കാലുകളുണ്ടാവും. തലയ്ക്കു നല്ല വൃത്താകൃതിയാണുണ്ടാവുക. കാനഡയിലും ഗള്‍ഫ് തീരങ്ങളിലും കാണപ്പെടുന്നു. റാറ്റില്‍ സ്‌നേക് എന്ന ഇനം പാമ്പുമായി ഈ മൂങ്ങകള്‍ കൂട്ടുകൂടുന്നതായി കണ്ടുവരുന്നു.
ചാരമൂങ്ങയാണ് ഏറ്റവും വലിയ മൂങ്ങകള്‍. ചാരനിറമാണ്. ദേശാടനസ്വഭാവക്കാരാണ്. വലിയ ധൈര്യശാലികളായ ഇവറ്റ പകലും ഇരതേടി പറക്കും.
മൂങ്ങകളില്‍ ഏറ്റവും ഭംഗിയുള്ളവരാണ് വെള്ളിമൂങ്ങകള്‍. ഓറഞ്ചുകലര്‍ന്ന തവിട്ടുനിറമാര്‍ന്ന ശരീരം ഇവറ്റയെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ അടിഭാഗത്തു ഭംഗിയുള്ള വെള്ളത്തൂവലുകളും പുള്ളികളും വരകളുമുണ്ടാവും. എലികളാണ് പ്രധാന ആഹാരം. ഇവയ്ക്കു പത്തായപ്പക്ഷി, കളപ്പുരക്കൂമന്‍ എന്നിങ്ങനെയും പേരുകളുണ്ട്. പത്തായത്തിലും കളപ്പുരകളിലുമൊക്കെയാണല്ലോ എലിശല്യം കൂടുതല്‍. അതുകൊണ്ടാകാം അങ്ങനെ പേരുവരാന്‍ കാരണം. ഇവയുടെ ശബ്ദം പ്രത്യേക രീതിയിലുള്ളതാണ്. പഴയ കെട്ടിടങ്ങളിലും മരപ്പൊത്തുകളിലുമാണ് ഇവ കൂടൊരുക്കുക. മൂന്നുമുതല്‍ ഏഴു വരെ മുട്ടകള്‍ ഇടാറുണ്ട്.