•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രാക്ഷസപ്രവീണനെ രാജകുമാരിയുടെ കാമുകസ്ഥാനത്തുനിന്ന് എങ്ങനെ ഒഴിവാക്കുമെന്നതായി രാജാവിന്റെ ചിന്ത. രാജകുമാരിയോടുള്ള അവന്റെ സ്‌നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ ഒരിക്കലും അവനെ ഒഴിവാക്കാന്‍ പറ്റില്ല. ഇനി ഒരുപക്ഷേ, രാജാവിന്റെ സ്വത്തിലാണവന്റെ കണ്ണെങ്കില്‍ സാരമില്ല കുറച്ചെന്തെങ്കിലും കൊടുത്ത് അവനെ ഒഴിവാക്കാം. അല്ലെങ്കില്‍ അവനെ കൊല്ലുക. വല്യബുദ്ധിമുട്ടുള്ള കാര്യമല്ലത്. പക്ഷേ, രാക്ഷസപ്പട ഒന്നാകെ ഇളകിമറിയും. തനിക്കും തന്റെ രാജ്യത്തിനും തന്റെ പ്രജകള്‍ക്കും അതു ദോഷം ചെയ്യും. വേണ്ട, രാക്ഷസനെ കൊല്ലണ്ട. അല്ലാതെ തന്ത്രപരമായി ഈ കാര്യം കൈകാര്യം ചെയ്യണം. അതാണു ബുദ്ധി. രാജാവു സത്യധര്‍മന്‍ ആകപ്പാടെ അസ്വസ്ഥനായി കാണപ്പെട്ടു. അതു മന്ത്രി സോമദേവനിഷ്ടപ്പെട്ടു. രാജാവ് അസ്വസ്ഥനാകണം. ആ മനസ്സ് കലുഷമായെങ്കിലേ തനിക്കു തന്റെ ചിന്തകള്‍ക്കൊത്തു പ്രവര്‍ത്തിക്കാന്‍ പറ്റൂ. ഈ മന്ത്രിക്കു സത്യധര്‍മ മഹാരാജാവിന്റെ ബന്ധുവാകണം. അതിനു തന്റെ പുത്രന്‍ ഇവിടത്തെ മരുമകനായി വരണം. സുഗന്ധി എന്ന സുന്ദരിയെ തന്റെ മകന്‍ പ്രേമസ്വരൂപന്‍ വേള്‍ക്കണം. ആ കല്യാണം നടന്നാല്‍ പിന്നെ ഈ സോമദേവന്‍ ആരാണ്... സത്യധര്‍മ മഹാരാജാവിനെപ്പോലെ തന്നെ.
''നമ്മുടെ മന്ത്രിയെക്കണ്ടോ ഇപ്പോള്‍ രാജാവിന്റെ ബന്ധുവാണ്. മന്ത്രിയുടെ മകനാണ് രാജകുമാരിയെ വിവാഹം ചെയ്തിരിക്കുന്നത്.'' പ്രജകള്‍ തമ്മില്‍പ്പറയും. അതു കേള്‍ക്കാനൊരു സുഖമുണ്ട്. മന്ത്രി സോമദേവന്‍ ഭാവികാര്യങ്ങളോര്‍ത്തു സ്വപ്നലോകത്തു സഞ്ചരിക്കുകയാണ്. തന്റെ പത്‌നി മന്ദാകിനി ഒരു അത്യാര്‍ത്തിക്കാരിയാണ്. സ്വത്ത്, പദവി, അതൊക്കെ അവള്‍ക്കിഷ്ടമാണ്. പട്ടുവസ്ത്രങ്ങള്‍ ധരിച്ച്  സ്വര്‍ണാഭാരണങ്ങളും രത്‌നാഭരണങ്ങളുമണിഞ്ഞ് തന്റെ ഭാര്യ നാട്ടിലൂടെ നടക്കുന്നത് അയാള്‍ ഭാവനയില്‍ കണ്ടു.
''ആ പോകുന്ന സൗന്ദര്യധാമം ഏതാണ്?'' പ്രജകള്‍ തമ്മില്‍ത്തമ്മില്‍ ചോദിക്കും.
''അറിയില്ലേ, നമ്മുടെ മന്ത്രി സോമദേവന്റെ ഭാര്യയാണ്.''
''ഓഹോ... കൊള്ളാം. അവര്‍ക്ക് ആ സ്വര്‍ണാഭരണങ്ങളും രത്‌നാഭരണങ്ങളും നന്നായി ഇണങ്ങുന്നു.''
''എടോ, അവരിപ്പോള്‍ സത്യധര്‍മമഹാരാജാവിന്റെ ബന്ധുക്കളാണ്. പിന്നെയവര്‍ക്കെന്തു വേണമെങ്കിലും അണിഞ്ഞുകൂടേ. എങ്ങനെ വേണമെങ്കിലും നടന്നുകൂടേ.''
''ശരിയാണ്. എല്ലാത്തിനും ഒരു യോഗം വേണം.''
''അതെയതെ. താന്‍ നടക്ക് നമുക്കു ജോലിയുണ്ട്. അതു തീര്‍ത്താലേ നമുക്കു ശമ്പളം കിട്ടൂ. അല്ലാതെ നമുക്കു വേണ്ടി ഖജനാവിലൊന്നും കൂട്ടിയിട്ടിട്ടില്ല.''
''ഹ...ഹ...ഹ... സ്‌നേഹിതാ തന്റെയൊരു തമാശകൊള്ളാം.''
''എന്താ ഞാന്‍ പറഞ്ഞതു നേരല്ലേ ചക്രപാണീ.''
''അതേ ചന്ദ്രദത്താ, നീ പറഞ്ഞതു വളരെ വാസ്തവം. നടക്ക്. എന്നാലും നിന്റെയൊരു തമാശ...'' തമാശകള്‍ പറഞ്ഞും ചിരിച്ചും പ്രജകളായ ചക്രപാണിയും ചന്ദ്രദത്തനും നടന്നു.
രാജകുമാരി സുഗന്ധിയെക്കുറിച്ചറിയാന്‍ രാക്ഷസപ്രവീണന്‍ വേഷപ്രച്ഛന്നനായി നടന്നുവരികയായിരുന്നു. താന്‍ ഒറിജിനല്‍ രാക്ഷസരൂപത്തില്‍ നടന്നാല്‍ ഒരു വിവരവുമറിയാന്‍ കഴിയില്ല. അതുകൊണ്ട് ഒരല്പം ഭീകരത കുറച്ച് ഒരു പരുക്കന്‍ മനുഷ്യനായി നടക്കണം.
''അതേ ഒന്നു നില്‍ക്കണേ.'' രാക്ഷസപ്രവീണന്‍ പറഞ്ഞു.
ചക്രപാണിയും ചന്ദ്രദത്തനും നിന്നു.
''ഉം. എന്തുവേണം?'' അയാളുടെ രൂപഭാവങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ടില്ല.
''ക്ഷമിക്കണം, എന്നെ കണ്ടിട്ട് നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.''
''തന്നെ ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ തന്നെ കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ.''
രാക്ഷസപ്രവീണന്‍ ചിരിച്ചു. ചിരിച്ചു മറിഞ്ഞു.
''നിങ്ങള്‍ നല്ല തമാശക്കാരാണു സ്‌നേഹിതന്മാരെ.''
''ശരി ശരി. തനിക്കെന്തുവേണം ചോദിക്കൂ ഞങ്ങള്‍ക്കല്പം തിടുക്കമുണ്ട്.'
''സത്യധര്‍മമഹാരാജാവിന്റെ മകള്‍ക്കു സുഖമാണോ?''
''നല്ല ചോദ്യം. രാജകുമാരിക്കു സുഖമാണോന്ന്... അസുഖമൊന്നുമില്ല. പരമസുഖംതന്നെ. എന്താ ചോദിച്ചത്?''
''ഈ നാടു ഭരിക്കുന്ന രാജാവിന്റെ മകള്‍ക്കു സുഖമാണോന്നു ചോദിച്ചത് അത്ര വലിയ തെറ്റാണോ? കൂട്ടരെ?'' രാക്ഷസന്‍ മറുചോദ്യം ചോദിച്ചു.
''അല്ലേയല്ല ഞങ്ങള്‍ പോകുന്നു. ഞങ്ങള്‍ക്കു വേറേ പണിയുണ്ട്.''
ചക്രപാണിയും ചന്ദ്രദത്തനും നടന്നു.
ഹൊ... ആശ്വാസം. രാജകുമാരിക്കു സുഖംതന്നെ. പറഞ്ഞത് ഈ രാജ്യത്തെ പ്രജകള്‍തന്നെയായതുകൊണ്ട് വിശ്വസിക്കാം. രാക്ഷസപ്രവീണനു സന്തോഷമായി.
വല്ലാതെ വിശക്കുന്നല്ലോ. ഒരു ചെറുമൃഗങ്ങളെപ്പോലും കാണാനില്ല. അതാ രണ്ടു മൂന്നാടുകളുമായി ഒരാള്‍ വരുന്നു.
''ഒന്നു നില്‍ക്കണേ.
 ആടുകളുമായി വന്നയാള്‍ നിന്നു. തടിച്ചുകൊഴുത്ത മൂന്നു പെണ്ണാടുകള്‍.
''ഈ ആടുകളെ എവിടെക്കൊണ്ടുപോകുന്നു.''
''ചന്തയില്‍ കൊണ്ടുപോകുന്നു വില്‍ക്കാന്‍.''
''ഒരെണ്ണത്തിന് എന്താണു വില.''
''ഇരുപതു ചക്രം.'
''ഇതാ ഒന്നിനെ ഇങ്ങു തന്നേക്കൂ.'' ആടിന്റെ ഉടമസ്ഥന് ഇരുപതു ചക്രം കൊടുത്ത് ഒന്നിനെ പ്രവീണന്‍ വാങ്ങി. പക്ഷേ, ആടിന്റെ വിലയായി പ്രവീണന്‍ ഉടമസ്ഥനു നല്‍കിയത് ഇരുപതു കല്ലുകളായിരുന്നു. ഒറ്റനോട്ടത്തില്‍ ആടിന്റെ ഉടമസ്ഥനതു മനസ്സിലായില്ല. രാക്ഷസന്‍ മായാജാലക്കാരനാണല്ലോ.
''വലിയ ഉപകാരം. ഞാന്‍ പോട്ടെ സ്‌നേഹിതാ.'' ആടിന്റെ ഉടമസ്ഥന്‍ യാത്ര ചോദിച്ചു.
''നില്‍ക്കൂ ഇതുകൂടി കണ്ടിട്ടു പോകൂ.'' രാക്ഷസപ്രവീണന്‍ ആടിന്റെ കൈകാലുകള്‍ ഒടിച്ചു തിന്നു. പിന്നെ ശരീരം പല കഷണങ്ങളാക്കിത്തിന്നു. ആടിന്റെ ഉടമസ്ഥന്‍ രാസയ്യന്‍ അതുകണ്ട് ''അയ്യോ...'' എന്നലറിക്കരഞ്ഞു.


(തുടരും)

 

 

Login log record inserted successfully!