•  28 Mar 2024
  •  ദീപം 57
  •  നാളം 4
നോവല്‍

ദേവാങ്കണം

മാളികയുടെ മട്ടുപ്പാവില്‍ മാര്‍ഗരറ്റും ജോഹന്നാസും ക്യാപ്റ്റന്‍ ഡിലനായിയെയും നീലകണ്ഠനെയും പ്രതീക്ഷിച്ചിട്ടെന്നവണ്ണം നില്പുണ്ടായിരുന്നു. മട്ടുപ്പാവിലുറപ്പിച്ച ഇരുമ്പുതൂണുകളില്‍ സ്ഫടികവിളക്കുനാളങ്ങള്‍ ചെറുകാറ്റിലുലയുന്നുണ്ട്.
നിലാവ് പെയ്തുകൊണ്ടിരുന്നു. ശാന്തിമന്ത്രംപോലെ രാക്കാറ്റ് മര്‍മരം പൊഴിക്കുന്നുണ്ട്.
കുതിരക്കുളമ്പടികള്‍ കേട്ടിട്ടാകാം ജോഹന്നാസും മാര്‍ഗരറ്റും മട്ടുപ്പാവില്‍നിന്നു താഴേക്കു വന്നു.
''അനുഗൃഹീതനായ മിത്രമേ സ്വാഗതം.'' മാര്‍ഗരറ്റ് പറഞ്ഞു.
ജോഹന്നാസാകട്ടെ ദേവസഹായത്തിനെ നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു:
''ഈ ഭവനത്തിനുവേണ്ടി അങ്ങയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടാകണം. എന്നും...''
ദേവസഹായം സ്‌നേഹപൂര്‍വം ജോഹന്നാസിനെ ആശ്ലേഷിച്ചു. ഒരു ഗദ്ഗദം ദേവസഹായത്തില്‍ നിറഞ്ഞു. അദ്ദേഹത്തിന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ ദേവസഹായത്തിന്റെ ശരീരംമാത്രമാണപ്പോള്‍ ഭൂമിയിലുണ്ടായിരുന്നത്. മനസ്സ് ദൈവത്തിന്റെ ചിറകുകള്‍ കടംവാങ്ങി അനന്തവിഹായസ്സിലൂടെ പറക്കുകയായിരുന്നു, പ്രത്യാശയുടെ വെണ്മേഘങ്ങള്‍ ചിന്നിയ അനന്തവിഹായസിലൂടെ.
ക്യാപ്റ്റന്‍ ഡിലനായിയും കുടുംബവും ദേവസഹായത്തിനെ മാളികയിലെ പ്രാര്‍ത്ഥനാമുറിയിലേക്കാണു കൂട്ടിയത്. യേശുദേവന്റെയും കന്യാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കൊപ്പം മിഖായേല്‍ മാലാഖയുമുണ്ടായിരുന്നു പ്രാര്‍ത്ഥനാമുറിയില്‍. മിഖായേല്‍ മാലാഖ എന്നും ഡിലനായിയുടെ കാവലാളായിരുന്നു. എല്ലാ അപകടങ്ങളില്‍നിന്നും മിഖായേല്‍ മാലാഖ തന്നെ കാത്തുരക്ഷിക്കുമെന്ന് ഡിലനായി അടിയുറച്ചു വിശ്വസിച്ചിരുന്നു.
ജോഹന്നാസ് പ്രാര്‍ത്ഥനാമുറിയിലെ മെഴുകുവിളക്കുകള്‍ തെളിച്ചു. എല്ലാവരും തിരുരൂപങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തി. ദേവസഹായം ഇമകള്‍ ചാരി. മനസ്സിനെ ഏകാഗ്രമാക്കി. പ്രാര്‍ത്ഥനയുടെ സാന്ദ്രനിമിഷങ്ങളായിരുന്നത്.
ബത്‌ലഹേംകുന്നുകള്‍ മഞ്ഞുപുതയ്ക്കുന്നതും തലയോട്ടിമല നിണമണിയുന്നതും ദേവസഹായം കണ്ടു. ദേവസഹായത്തിനു വിയര്‍ത്തു. തന്റെ വിയര്‍പ്പുകണങ്ങള്‍ക്കു രക്തത്തിന്റെ രൂക്ഷഗന്ധമുണ്ടെന്നു ദേവസഹായത്തിനു തോന്നി. അജ്ഞേയമായൊരു വ്യാകുലം ദേവസഹായം അനുഭവിച്ചു.
വേപ്പുമരങ്ങളെ ചുംബിച്ചെത്തിയ രാത്രിവാതം ജാലകവിരികളിളക്കി പ്രാര്‍ത്ഥനമുറിയിലേക്കു വന്ന് ദേവസഹായത്തിനെ തൊട്ടു. മാലേയം കലര്‍ന്ന കാറ്റ്. കാറ്റ് ദേവസഹായത്തിനെ തണുപ്പിച്ചു. എങ്കിലും തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു ചില മുഴക്കങ്ങള്‍ ദേവസഹായം കേള്‍ക്കുന്നുണ്ട്.
അപ്പോള്‍ ഗലീലിയക്കടല്‍ക്കരയിലെ മണല്‍പ്പരപ്പിലൂടെ ഒരാള്‍ അനന്തമായ കാലത്തിനു നേരേ നടന്നുപോകുന്നത് ദേവസഹായത്തിനു കാണാവുന്നു. അയാള്‍ വെളുത്ത കുപ്പായവും ചുവന്ന ഉത്തരീയവും ധരിച്ചിരുന്നു.
ഒരു വേലിയേറ്റം കഴിഞ്ഞ നേരമായിരുന്നത്. മറ്റൊരു വേലിയേറ്റംവരെ അയാളുടെ പാദചിത്രങ്ങള്‍ കാലത്തിനോട് ഒരു മഹായാനത്തിന്റെ കഥകള്‍ പറയാനായി കാത്തുകിടന്നു...
മാര്‍ഗരറ്റിന്റെ ചൈനപ്പട്ടു വിതാനിച്ച തീന്‍മേശ സമൃദ്ധമായിരുന്നു. എല്ലാം കര്‍ത്താവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ദേവസഹായത്തിനുവേണ്ടിയുള്ള തയ്യാറിപ്പ്.
പക്ഷേ, ദേവസഹായം അല്പം മാത്രം കഴിച്ചു. അദ്ദേഹത്തിനുവേണ്ടി ഡിലനായി പ്രത്യേകം കരുതിയിരുന്ന മുന്തിയ തരം വീഞ്ഞില്‍നിന്ന് അല്പം മാത്രം രുചിച്ചു.
ദേവസഹായത്തിന് ആഹാരത്തിനോടു പ്രതിപത്തിതോന്നിയില്ല. മദ്യം ശീലവുമായിരുന്നില്ല.
രാത്രി തെളിഞ്ഞതായിരുന്നു. ഉദയഗിരിക്കു മുകളില്‍ നിലാമഴ പൊഴിഞ്ഞുകൊണ്ടിരുന്നു. ദേവസഹായം സമൃദ്ധമായ അത്താഴവിരുന്നിനും സ്‌നേഹോഷ്മളമായ ആതിഥ്യത്തിനും നന്ദിപറഞ്ഞ് തനിക്കായി ഒരുക്കിയിരുന്ന കിടപ്പുമുറിയിലേക്കു പോയി.
ഏകാന്തത ഒരു നിശാവസ്ത്രംപോലെ ദേവസഹായത്തിനെ വന്നു മൂടി. എവിടെയോ നിന്ന് ഒരു വിശുദ്ധസംഗീതം കേള്‍ക്കുന്നതുപോലെ ദേവസഹായത്തിനു തോന്നി.
ദേവസഹായം ജാലകച്ചാരത്തുവന്നുനിന്നു. ആകാശത്തു മുഴുത്തിങ്കള്‍. ഉദയഗിരിക്കുമുകളില്‍ നിശ്ശബ്ദതയുടെ കടലാഴങ്ങള്‍...
ദേവസഹായം അപ്പോള്‍ ഭാര്‍ഗവിയെ ഓര്‍മിച്ചു. ഭാര്‍ഗവി തന്റെ ജ്ഞാനസ്‌നാനവൃത്താന്തം അറിഞ്ഞിട്ടില്ല. തത്കാലം ഈ വിവരം എല്ലാവരില്‍നിന്നും ഗോപ്യമായിരിക്കട്ടെ എന്നാണ് ഡിലനായി പറഞ്ഞിട്ടുള്ളത്. ഒരു വിധത്തില്‍ അതു നല്ലതുതന്നെ.
പക്ഷേ, ഭാര്‍ഗവി. അവളില്‍നിന്നു താന്‍ നാളിതുവരെ ഒന്നും മറച്ചുവച്ചിട്ടില്ല. തന്റെ അസ്ഥിയുടെ അസ്ഥിയില്‍നിന്നുരുവാക്കപ്പെട്ടവളാണ് ഭാര്‍ഗവി. അവളില്‍നിന്നു മറച്ചുവയ്ക്കപ്പെടേണ്ടതായി തന്നില്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല.
പിറ്റേന്നുതന്നെ കൊട്ടാരത്തിന്റെ അനുമതിയോടെ  ദേവസഹായം മരുതുകുളങ്ങരയിലേക്കു തിരിച്ചു. പതിവിനു വിപരീതമായി പടിപ്പുരയിലോ ഉമ്മറക്കോലായിലോ ഭാര്‍ഗവിയെ കണ്ടില്ല. നാലിറയത്ത് ഒറ്റത്തിരി നിലവിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്.
കുതിരയെ തളച്ച് പടിപ്പുരകടന്ന് നാലിറയത്തേക്കു കാലു വയ്ക്കുമ്പോഴേക്കും ഭാര്‍ഗവിയെത്തി. അപ്രതീക്ഷിതമായിട്ടാണെങ്കിലും ഭര്‍ത്താവിന്റെ ആഗമനത്തില്‍ ഭാര്‍ഗവി ആഹ്ലാദംകൊണ്ടു.
എല്ലാ രാത്തുടക്കങ്ങളിലും ഭാര്‍ഗവി ഭര്‍ത്താവിനെ പ്രതീക്ഷിക്കും. വരില്ല എന്നുറപ്പുണ്ടെങ്കിലും അവളുടെ മനസ്സ് അങ്ങനെ ആഗ്രഹിക്കും. അത്രമേല്‍ നീലകണ്ഠന്റെ സാമീപ്യം അവള്‍ ആഗ്രഹിച്ചിരുന്നു.
സദാനേരവും അവള്‍ മഹാകാളിയോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ആയൂരാരോഗ്യസൗഖ്യം നല്കി തന്റെ ഭര്‍ത്താവിനെ കാത്തുസംരക്ഷിക്കണേയെന്ന്. മരുതുകുളങ്ങരത്തറവാടും ഭര്‍ത്താവ് നീലകണ്ഠനും മാത്രമാണവളുടെ ലോകം. അതിനപ്പുറത്തേക്കു ഭാര്‍ഗവിയുടെ മനസ്സോ ശരീരമോ കടന്നിട്ടില്ല.
പക്ഷേ, എന്തുകൊണ്ടോ ഇന്ന് ഭാര്‍ഗവി ഭര്‍ത്താവിനെ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വരവ്. അതാകട്ടെ, അവളില്‍ ആഹ്ലാദവും അതിശയവും ഇരട്ടിപ്പിച്ചു.
ദേഹശുദ്ധി വരുത്തിയെത്തിയ ഭര്‍ത്താവിനുവേണ്ടി അത്താഴമൊരുക്കുകയായിരുന്നു ഭാര്‍ഗവി. ദേവസഹായം പറഞ്ഞു:
''ഒന്നും വേണ്ട. എന്തെങ്കിലും കുടിക്കാനുള്ളതു മതി.''
അവള്‍ അദ്ദേഹത്തിന് ഇഞ്ചിയും വേപ്പിലയും എരിവും ചേര്‍ത്ത് സ്വാദിഷ്ഠമാക്കിയ സംഭാരം നല്കി.
തറവാട്ടിലെല്ലാവരും രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിരുന്നു. ഭാര്‍ഗവിമാത്രം ഒന്നും കഴിച്ചിരുന്നില്ല. അടുക്കള ജോലികള്‍ തീര്‍ത്ത് എന്തെങ്കിലും കഴിക്കാനുള്ള പുറപ്പാടിലായിരുന്നു ഭാര്‍ഗവി. അപ്പോഴാണ് ഭര്‍ത്താവിന്റെ വരവ്. അതാകട്ടെ, അവളുടെ മനസ്സും ഉദരവും നിറച്ചു കളഞ്ഞു. അവളും ഭര്‍ത്താവിനൊപ്പം അല്പം സംഭാരത്തിലൊതുക്കി അത്താഴം.
ഉറക്കറയിലെത്തിയ ഭാര്‍ഗവി എണ്ണവിളക്കിലെ തിരിനീട്ടിയിട്ടു. ഉറക്കറ കൂടുതല്‍ പ്രകാശമാനമായി.
ഏതോ ഗാഢമായ ചിന്തയിലായിരുന്ന ദേവസഹായത്തിന്റെ അടുത്തുചെന്ന് ഭാര്‍ഗവി ചോദിച്ചു:
''അങ്ങേക്ക് എന്തു സംഭവിച്ചു. ഇത്രമേല്‍ ചിന്താഭാരം...?''
ദേവസഹായം ഭര്‍ഗവിയോടു മന്ദഹസിച്ചു. ഇത്ര ഭംഗിയായി തന്റെ ഭര്‍ത്താവ് മന്ദഹസിക്കുന്നത് ഭാര്‍ഗവി മുന്‍പെങ്ങും കണ്ടിട്ടില്ല. ഒരു ഗന്ധരാജമലര്‍ മലരുന്നതുപോലെ തോന്നിപ്പോയി ഭാര്‍ഗവിക്ക്.
തറവാടിനു സംഭവിക്കുന്ന അരിഷ്ടതകളൊന്നും ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ മഥിക്കുന്നില്ലെന്നു ഭാര്‍ഗവിക്കു തോന്നി. തന്റെ ഭര്‍ത്താവിന്റെ ഒരു നിമിഷത്തെ മ്‌ളാനതപോലും ഭാര്‍ഗവിയെ വിഷമിപ്പിക്കും.
''അങ്ങ് ഇപ്പോള്‍ സ്വസ്ഥനും സമാധാനചിത്തനുമാണെന്നു ഞാന്‍ കരുതട്ടെ...''
''തീര്‍ച്ചയായും. എന്നില്‍നിന്ന് ഖിന്നതകളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു.'' ദേവസഹായം പറഞ്ഞു. ''എന്തെന്നാല്‍, ഈ ഭൂമിയിലെ സുഖവും ദുഃഖവുമെല്ലാം എത്രയോ ക്ഷണികമാണെന്ന് ഞാന്‍ അറിയുന്നു.''
ഭാര്‍ഗവി കൗതുകത്തോടെയും അതിലുപരി ജിജ്ഞാസയോടെയും ഭര്‍ത്താവിനെ നോക്കി. ആ നോട്ടത്തിന്റെ പൊരുളറിഞ്ഞിട്ടെന്നപോലെ ദേവസഹായം തുടര്‍ന്നു:
''മനുഷ്യന്‍ ഉദരപൂരണത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല. അതിനുപരിയായി ഒരു കര്‍ത്തവ്യം മനുഷ്യന് ഈ ലോകത്തില്‍ നിവര്‍ത്തിക്കാനുണ്ട്. ഈ പ്രപഞ്ചം മുഴുവനും ദൈവശക്തിയുടെ പ്രതിരൂപം മാത്രമാണ്. അതിനെ ലൗകികസുഖഭോഗങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്നതിലുപരി ദൈവസൃഷ്ടിയുടെ മഹത്ത്വം തിരിച്ചറിഞ്ഞ് സൃഷ്ടികര്‍ത്താവിനെ ആരാധിക്കുന്നതിനും ഒടുവില്‍ സ്വര്‍ഗത്തില്‍ അവിടുത്തെ മുഖാമുഖം കണ്ട് നിത്യമായ ആനന്ദം അനുഭവിക്കുന്നതിനും വേണ്ടിക്കൂടിയാണ്.''
തന്റെ ഭര്‍ത്താവിന് ആന്തരികമായി എന്തോ വ്യതിയാനം സംഭവിച്ചിരിക്കുന്നുവെന്ന് ഭാര്‍ഗവിക്കു ബോധ്യപ്പെടാന്‍ തുടങ്ങി. പക്ഷേ, അതെന്താണെന്നു വ്യക്തമായി മനസ്സിലാക്കാനും ഭാര്‍ഗവിക്കായില്ല. ഏതോ അപരിചിതങ്ങളായ വഴിയിടങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും വ്യാപരിക്കുന്നത്. അവള്‍ സന്ദേഹത്തോടെ ഭര്‍ത്താവിനെ നോക്കി.
''അങ്ങ് എന്താണു പറഞ്ഞു വരുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.''
''മറ്റൊന്നുമല്ല പ്രിയപ്പെട്ടവളേ. ദൈവം മനുഷ്യനു നല്കിയിട്ടുള്ള ബുദ്ധിശക്തിയെ ശരിയായ രീതിയിലുപയോഗിച്ച്. ദൈവികതത്ത്വങ്ങളെ അറിഞ്ഞ് ജീവിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.''
''ലൗകികസുഖാനുസാരിയായി, നമ്മുടെ ബുദ്ധിയെ ദുരുപയോഗപ്പെടുത്തി നാം എത്രകാലം ജീവിക്കുന്നുവോ അത്രയും കാലം നാം ദൈവസന്നിധിയില്‍ മഹാ അപരാധിയായിത്തീരുകയാണ്. ദേവപ്രമാണങ്ങളാല്‍ നിയന്ത്രിക്കപ്പെടാത്ത നമ്മുടെ ബുദ്ധിക്ക് ഇന്നതേ ആലോചിക്കാവൂ ഇന്നതേ വിശ്വസിക്കാവൂ എന്നില്ല.''
''പാവനവും നീതിപൂര്‍വവുമായി ഒരുവന്റെ ബുദ്ധി പ്രവര്‍ത്തിക്കണമെങ്കില്‍ അവന് പരിശുദ്ധാത്മാവിന്റെ കടാക്ഷം വേണം. അതിനു നാം നമ്മുടെ അജ്ഞതയെ ഓര്‍ത്ത് ദൈവമേ, ഞാന്‍ അജ്ഞനും അബലനുമാകുന്നു. അങ്ങേക്ക് ഇഷ്ടമുള്ള വിധത്തില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എന്നില്‍ കൃപയായിരിക്കേണമേ എന്നുള്ള പ്രാര്‍ത്ഥനയോടുകൂടിയായിരിക്കണം ജീവിക്കേണ്ടത്...''
ഭര്‍ത്താവിനെ കേട്ടുകൊണ്ടിരുന്ന ഭാര്‍ഗവിക്ക് താന്‍ ഏതോ നിലയില്ലാക്കയത്തില്‍ പെട്ടുപോയതുപോലെ തോന്നി. അരൂപമായ ഒരു ഭയം അവളെ ഗ്രഹിക്കാന്‍ തുടങ്ങി. ഏതോ ഗുഹാമുഖങ്ങളില്‍ ഒരു കൊടുങ്കാറ്റ് അതിന്റെ ചികുരമഴിച്ചിട്ട് ആടുന്നുവോ?''
അനാവശ്യമായോ അര്‍ത്ഥരഹിതമായോ ഒന്നും സംസാരിക്കുന്ന ആളല്ല തന്റെ ഭര്‍ത്താവ്. അതിനു വിപരീതമായി അദ്ദേഹമിപ്പോള്‍ ഏതോ ദൈവതത്ത്വങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുന്നു. ഒരു മറുചോദ്യം ഭാര്‍ഗവിയുടെ പക്കലില്ല.
പുറത്ത് രാകാശശി മറഞ്ഞിരിക്കുന്നു. ഇരുട്ട് അതിന്റെ ചിറകുകള്‍ വിടര്‍ത്തിയിരിക്കുന്നു. ഒരു അപകടനാന്ദിപോലെ ഏതോ രാപ്പക്ഷി നീട്ടിക്കൂവി. വിളക്കിലെ എണ്ണവറ്റി. കിടപ്പറയിലെ വെട്ടം മങ്ങി.
ദേവസഹായം എഴുന്നേറ്റു ചെന്ന് വിളക്കില്‍ എണ്ണ പകര്‍ന്നു. തിരി നീട്ടിയിട്ടു. ഉറക്കറ വീണ്ടും പ്രസന്നമായി.
ഭാര്‍ഗവി മിടിക്കുന്ന ഹൃദയത്തോടെ ഭര്‍ത്താവിനെ നോക്കി. അവളുടെ കണ്ണുകളില്‍ അരൂപമായ ഒരു ഭീതി ദേവസഹായം കണ്ടു. അദ്ദേഹം ഭാര്‍ഗ്ഗവിയെ വിളിച്ച് തന്നോടു ചേര്‍ത്തിരുത്തി.
''പ്രിയപ്പെട്ടവളെ, നാം രണ്ടുപേരും അത്രമേല്‍ ഹൃദയൈക്യത്തോടു കൂടിയാണല്ലോ ജീവിക്കുന്നത്. അതുകൊണ്ട് ഒന്നറിയുക. സര്‍വലോകത്തിന്റെയും നായകനായവന്‍ പാപരഹിതനും നന്മസ്വരൂപനും അനന്തമായ ശക്തികൊണ്ട്, താനല്ലാതെ തനിക്കുമേല്‍ മറ്റൊന്നുമില്ലാത്തവനുമായിരിക്കുന്നതിനാല്‍ അവനെ നാം അനുസരിച്ച് ജീവിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ സകലദുഃഖങ്ങളില്‍നിന്നും മോചനവും ഒടുവില്‍ അനന്തമായ സ്വര്‍ഗഭാഗ്യവും ലഭിക്കും. അതിനാല്‍, നീയും എന്നെപ്പോലെ സത്യദൈവത്തെ അറിയുന്നതിനുള്ള ഏകമാര്‍ഗമായ സത്യവേദം സ്വീകരിക്കണം.''


(തുടരും)

 

Login log record inserted successfully!