കേരളത്തില്‍ സ്ഥിരവാസിയായി കാണപ്പെടുന്ന പൊന്മാന്‍ എന്ന മീന്‍കൊത്തി പശ്ചിമബംഗാളിന്റെ സംസ്ഥാനപക്ഷികൂടിയാണ്. സാധാരണയായി നദീതീരങ്ങളിലും ചതുപ്പുകളിലും തണ്ണീര്‍ത്തടപരിസരങ്ങളിലുമാണ് കാണാറെങ്കിലും കുറ്റിക്കാടുകളിലും കൃഷിസ്ഥലങ്ങളിലുമെല്ലാം ഇവയെത്താറുണ്ട്. ചിലപ്പോള്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാണാം. ദേഹത്തിന്റെ ഉപരിഭാഗവും ചിറകിന്റെ ഏതാനും ഭാഗങ്ങളും വാലും നീലനിറമാണ്. തലയും കഴുത്തും ശരീരത്തിനടിവശവും ചോക്കലേറ്റ് നിറം. കഴുത്തിന്റെ അടിഭാഗം, നെഞ്ച് എന്നിവയ്ക്കു തൂവെള്ളനിറം. തടിച്ചുനീണ്ട കൊക്കിനും കാലിനും ചുവപ്പുനിറം. ആണ്‍പെണ്‍ പക്ഷികളെ തിരിച്ചറിയുക പ്രയാസം തന്നെ. കുഞ്ഞുങ്ങള്‍ക്കു മങ്ങിയ നിറമാണ്. ശാസ്ത്രനാമം: ഹാല്‍സിയോണ്‍ സ്മിര്‍നെന്‍സിസ്.
മീന്‍കൊത്തിച്ചിന്നന്‍
കേരളത്തില്‍ കണ്ടുവരുന്ന അപൂര്‍വയിനം മീന്‍കൊത്തിയാണിത്. അതായത്, ഏറ്റവും ചെറിയ മീന്‍കൊത്തിതന്നെ. ഇപ്പോള്‍ തട്ടേക്കാടും മറ്റും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ പൊന്മാനുകളില്‍ ഈ പക്ഷിയാണ് ഏറ്റവും ചെറുത്. മഴക്കാടുകളിലെ നദീതീരങ്ങളിലാണു താവളം.
പൊടിപ്പൊന്മാന്‍
പൊടിപ്പൊന്മാന്‍, മീന്‍കൊത്തിച്ചിന്നനോടു സാമ്യമുള്ള പക്ഷിയാണ്. ഇത് അതിവേഗം പറക്കുന്നു. മറ്റു മീന്‍കൊത്തികളെപ്പോലെയാണു ഭക്ഷണക്രമം. അങ്ങാടിക്കുരുവിയുടെ വലിപ്പമേയുള്ളൂ. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു.
പുള്ളിപ്പൊന്മാന്‍
പൊന്മാനുകളില്‍ വ്യത്യസ്തനിറമുള്ളവയാണിവ. വെള്ളയും കറുപ്പുനിറവും മാത്രമുള്ള ഏക മീന്‍കൊത്തിയാണിത്. ദേഹത്തിന്റെ മുകള്‍ഭാഗം കറുപ്പും വെള്ളയും വരയും പുള്ളികളും നിറഞ്ഞിരിക്കും. അടിഭാഗം ഏതാണ്ട് വെള്ളയാണ്. കൊക്കുകള്‍ക്കും കാലിനും കറുപ്പുനിറം. തലയില്‍ ശിഖയുണ്ട്. അന്തരീക്ഷത്തില്‍ പറക്കാതെ നില്‍ക്കാന്‍ ഇവയ്ക്കു സാധിക്കുന്നു. ഇങ്ങനെ നിന്നുകൊണ്ട് ഇരയുടെ സാന്നിധ്യം മനസ്സിലാക്കുന്നു. പിന്നെ താഴേക്കു പറന്ന് ഞൊടിയിടയില്‍ ഇരയെ പിടികൂടുകയാണു തന്ത്രം. ഒറ്റയ്ക്കാണു സഞ്ചാരം. ഇംഗ്ലീഷ് പേര്:
Pied King fisher
ശാസ്ത്രനാമം: Ceryle rudis
കാക്കമീന്‍കൊത്തി
കേരളത്തില്‍ കണ്ടുവരുന്ന വലിയ തരം പൊന്മാനാണിത്. സാധാരണയായി വനമേഖലയിലാണു വാസം. ഇതിന്റെ കൊക്കുകള്‍ വലിപ്പമുള്ളതാണ്. ചുവപ്പുനിറവും. മീനും ഞണ്ടും തവളയും അടങ്ങുന്ന ജലജീവികള്‍തന്നെ ആഹാരം. ഇംഗ്ലീഷ്‌പേര് Stork-billed Kingfisher എന്നാണ്. ഈ പക്ഷിവംശനാശഭീഷണിയിലാണ്.
ഇന്ത്യയില്‍ പന്ത്രണ്ടോളം ഇനം പൊന്മാനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ പകുതിയോളം കേരളത്തിലും വസിക്കുന്നുണ്ട്.
ലോകത്താകെ തൊണ്ണൂറോളം ഇനം പൊന്മാനുകളുണ്ടെന്നാണു കണക്കുകള്‍. അവയ്ക്ക് അതിവേഗം പറക്കാനാവുന്നു. ജലജീവികളും മറ്റുമാണ് ആഹാരം. അവ മണ്‍പൊത്തുകളിലോ മരപ്പൊത്തുകളിലോ കൂടുകൂട്ടുന്നു. അവയില്‍ അങ്ങാടിക്കുരുവിയുടെ വലിപ്പംമുതല്‍ പരുന്തിന്റെ വലിപ്പംവരെയുള്ള ഒട്ടനവധി ജാതികളുണ്ട്.