അന്ധകാരത്തില്‍പ്പെട്ട് ഉഴലുകയായിരുന്ന ഗാനാസ്വാദകര്‍ക്കു വെളിച്ചം പകരാന്‍ ഒരുകാലത്ത് ചില നക്ഷത്രങ്ങള്‍ ഉദിച്ചുയര്‍ന്നു. ആ താരകങ്ങളാണ് വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവര്‍. അത്ര പ്രകാശപൂരിതമല്ലെങ്കിലും വീണ്ടും ചില ഉഡുക്കള്‍ പിറവികൊണ്ടു. എന്നാല്‍, പില്ക്കാലത്ത് ഗാനനഭസ്സില്‍ നക്ഷത്രങ്ങളേ ഉദിക്കാതായി. പകരം ഏതാനും മിന്നാമിനുങ്ങുകള്‍ മാത്രം ചെറുതായൊന്നു പ്രത്യക്ഷപ്പെട്ടു. അവ നക്ഷത്രങ്ങള്‍ക്കു പകരമാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നാല്‍, ഇക്കാലത്ത് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലും ഇല്ലാതായിരിക്കുന്നു. പകരം കുറ്റാക്കൂരിരുട്ടു മാത്രം!
ഈ ലേഖകന്‍ അതിശയോക്തി കലര്‍ത്തി പറയുകയാണെന്ന് ആരും കരുതേണ്ട. ഇക്കാലത്തിറങ്ങുന്ന പാട്ടുകള്‍ കേട്ടാല്‍ ആരും എന്റെ അഭിപ്രായത്തോടു യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്. സംശയമുള്ളവര്‍ ഈ ഗാനം ശ്രദ്ധിക്കുക:
''തീയാണ് ചങ്കത്ത് നാളായി നീയിട്ട തീയാണെടി
കാണാതിരുന്നിട്ട് പ്രാണന്റെ മേലേക്കതാളുന്നെടി
നീയെന്റെ പെണ്ണ് മോഹിച്ച മിന്ന്
നാണിച്ചുനിന്ന് കാതല്‍നദി
ഈ രണ്ടു കണ്ണ് പൂവിട്ടതിന്
വേറെന്തിനെന്ന് നീയേ മതി
ചിരിയിത്തിരി തരാതെന്തെടി'' (ചിത്രം - പത്രോസിന്റെ പടപ്പുകള്‍; ഗാനരചന-ജോ പോള്‍; സംഗീതം - ജേക്‌സ് ബി ജോയ്; ആലാപനം - കപില്‍ കപിലന്‍)
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാന്‍ നാമത്തില്‍ വരുത്തുന്ന രൂപഭേദത്തെയാണു വിഭക്തി എന്നു പറയുന്നത്. താഴ്ന്ന ക്ലാസ്സുമുതല്‍ നിര്‍ബന്ധമായും വിഭക്തി പരിശീലിക്കുന്നതിന്റെ ഉദ്ദേശ്യം പദപ്രയോഗത്തില്‍ തെറ്റു വരരുത് എന്നു കരുതിയാണ്. ഈ ഗാനത്തിന്റെ രചയിതാവ് ഇതു പഠിപ്പിച്ച ദിവസം ക്ലാസില്‍ കയറിയില്ലയോ എന്നെനിക്കു സംശയമുണ്ട്. വ്യാകരണനിയമങ്ങള്‍ പലതും തെറ്റിച്ചാണ് അദ്ദേഹം പാട്ടെഴുതിയിരിക്കുന്നത്.
ചങ്ക് എന്നാല്‍ ഹൃദയമെന്നര്‍ത്ഥം. അതുമായി ബന്ധപ്പെട്ട ധാരാളം പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയില്‍ കടന്നുവന്നിട്ടുണ്ടെങ്കിലും 'ചങ്കത്ത്' എന്ന് ആദ്യമായി കേള്‍ക്കുകയാണ്. ചങ്കും പുങ്കും തിരിച്ചറിയാത്ത ഒരാള്‍ക്കേ ഇങ്ങനെയൊക്കെ എഴുതാന്‍ മനസ്സു വരുകയുള്ളൂ. പരസ്പരബന്ധമില്ലാത്ത ഏതാനും വരികളാണ് പാട്ടെഴുത്തുകാരന്റെ തൂലിക സംഭാവന ചെയ്തിരിക്കുന്നത്. എഴുതിക്കഴിഞ്ഞ് അദ്ദേഹം രണ്ടാമതൊന്നു വായിച്ചുനോക്കിയോ എന്നു സംശയമാണ്. അത്രയ്ക്ക് വിരുദ്ധങ്ങളായ ആശയങ്ങളാണ് ഓരോ വരിയും പ്രകടമാക്കുന്നത്.
കാതലിക്കുക എന്ന പഴയ മലയാളത്തില്‍നിന്നാവാം കാതല്‍ എന്ന പദം ഭാഷയില്‍ കടന്നുകൂടിയത്; പ്രേമം എന്നര്‍ത്ഥം. പ്രണയനദി നാണിച്ചു നിന്നുപോയത്രേ. എന്നുവച്ചാല്‍ പ്രണയം നിലച്ചുപോയി എന്നു പറയേണ്ടിവരും. പ്രണയഗാനത്തില്‍ അത്തരമൊരു പ്രയോഗം അനുവദനീയമാണോ എന്നു പ്രിയപ്പെട്ട വായനക്കാര്‍ സദയം ചിന്തിച്ചുനോക്കുക.
കൃത്രിമമായി ഒരീണമുണ്ടാക്കുക. അതിനനുസരിച്ച് വായില്‍ വരുന്നതെന്തും കോതയ്ക്കു പാട്ട് എന്ന മട്ടില്‍ തിരുകിക്കയറ്റുക. എന്നിട്ട് ശബ്ദസൗഭഗം തൊട്ടുതെറിച്ചിട്ടില്ലാത്ത ആരെയെങ്കിലുംകൊണ്ട് അതൊന്നു പാടിച്ച് ശബ്ദലേഖനം ചെയ്യുക. യാതൊരുവിധ യുക്തിയുമില്ലാതെ ആ ഗാനം തോന്നിയപോലെ ചിത്രീകരിക്കുക. ഇതാണു ചലച്ചിത്രരംഗത്ത് (പാട്ട് ആവശ്യമായി വരുന്ന മറ്റു മേഖലകളിലും) ഇന്നു നടക്കുന്നത്. എന്നിട്ടോ? വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി ചമയുന്നു. ഈശ്വരോ രക്ഷതു എന്നല്ലാതെ എന്തു പറയാന്‍?