സിംഹാവലോകനം എന്ന ശൈലി കേള്‍ക്കാത്തവര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല! സിംഹത്തിന്റേതുപോലെ, ആകപ്പാടെയുള്ള ഒരു തരം നോട്ടമാണ് സിംഹാവലോകനം. പൂര്‍വകാര്യചിന്തനമെന്നു വിവക്ഷിതം കല്പിക്കാം. ശക്തിയും ഗംഭീരമായ ഗര്‍ജ്ജനവുമുള്ള സിംഹത്തെ മൃഗരാജനായി കണക്കാക്കുന്നു. സിംഹം കുറെദൂരം മുന്നോട്ടുപോയിട്ട് തിരിഞ്ഞുനിന്ന് താന്‍ കടന്നുപോന്നവഴി ഒന്നു നോക്കുമത്രേ! അതുപോലെ, ആകെക്കൂടി, കഴിഞ്ഞത് ഒരു നോട്ടംകൊണ്ടു പരിശോധിക്കുകയോ സംഗ്രഹിക്കുകയോ ചെയ്യുന്നതാണ് സിംഹാവലോകനം. കഴിഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള വിചിന്തനമാണത് (Treating a subject restrospectively while proceeding with it).)േ.
സിംഹ + അവലോകനം = സിംഹാവലോകനം. അ + അ = ആ എന്നാണ് ഇവിടെ സന്ധിയുടെ യുക്തി. അവലോകനത്തിന് (അവ+ലോകനം) കാണല്‍, കാഴ്ച,നോട്ടം, പരിഗണന എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. അവലോകനം ചെയ്യുന്നവനെ അവലോകയിതാവ് എന്നു വിളിക്കുന്നു. സിംഹത്തിന്റെ പിറകോട്ടുള്ള നോട്ടമാണല്ലോ സിംഹാവലോകനം. എല്ലാം കണ്ടറിയുന്ന ഒറ്റനോട്ടം, മൊത്തത്തില്‍ നോക്കിക്കാണല്‍, പിന്തിരിഞ്ഞുനോട്ടം തുടങ്ങിയ വിവക്ഷിതങ്ങളില്‍ സിംഹാവലോകനം പ്രയോഗിക്കുമ്പോള്‍ അതിന് ശൈലിയുടെ സ്വഭാവം കൈവരുന്നു.
സംസ്‌കൃതത്തില്‍ സിംഹം (സിംഹഃ) പുല്ലിംഗമാണ്; സ്ത്രീലിംഗം സിംഹീ എന്നും. ഭാഷയില്‍ സിംഹി എന്നു മതി. അപ്പോള്‍ 'സിംഹപ്രസവ'ത്തിനല്ല സിംഹീപ്രസവത്തിനാണ് ലിംഗ-വ്യാകരണശുദ്ധി. ഭാഷയില്‍ സിംഹശബ്ദം ആണ്‍സിംഹത്തെയും പെണ്‍സിംഹത്തെയും കുറിക്കും. അങ്ങനെയെങ്കില്‍ ആണ്‍സിംഹം പ്രസവിക്കുകയില്ലല്ലോ എന്ന കേവലയുക്തി കണക്കിലെടുക്കുമ്പോള്‍ 'സിംഹപ്രസവം' അര്‍ത്ഥപരമായി ശരിയാക്കാം! മഹാകവി കുമാരനാശാന്റെ ഒരു കവിതയുടെ പേരുതന്നെ 'ഒരു സിംഹപ്രസവം' (1909) എന്നാണല്ലോ. സിംഹീപ്രസവത്തിനാണു ശുദ്ധിയെങ്കിലും ഭാഷയില്‍, സിംഹപ്രസവത്തെയും അവഗണിക്കാനാവില്ല. സംസ്‌കൃതവ്യാകരണത്തിന്റെയും മലയാളവ്യാകരണത്തിന്റെയും ആനുവംശികബന്ധംകൂടി കണക്കിലെടുക്കണമല്ലോ!
* ഗോപാലപിള്ള, കെ.എന്‍., അപശബ്ദശോധിനി, എന്‍.ബി.എസ്., കോട്ടയം, 2010, പുറം - 93.