•  9 May 2024
  •  ദീപം 57
  •  നാളം 9
കേരളത്തിലെ പക്ഷികള്‍

ചിറകടിച്ചു പറക്കുന്ന പ്രാവുകള്‍

രിടത്തരം പക്ഷിയാണ് പ്രാവ്. അതിന്റെ തൂവലുകള്‍ മൃദുവാണ്. ചെറുതും കുറുകിയതുമായ ചുണ്ടാണ് പ്രാവിന്റേത്. തല ഉരുണ്ടതും ചെറുതുമാണ്. ചുരുങ്ങിയ കഴുത്തും നീണ്ട വാലുമുണ്ട്. അതിവേഗം പറക്കാന്‍ പ്രാവിനു കഴിയും. ധാന്യമണികളും വിത്തുകളും പഴങ്ങളുമാണ് അതിന്റെ ആഹാരം. തികച്ചും നിര്‍ദോഷിയായ ഈ പക്ഷി സമാധാനത്തിന്റെ അടയാളമാണ്.
മനുഷ്യരും പക്ഷികളും തമ്മിലുള്ള സൗഹൃദത്തിന്റെ മഹത്തായ പ്രതീകമാണ് പ്രാവ്.  അമ്പലപ്രാവ് (Pigeon), അരിപ്രാവ് (Dove) എന്നിങ്ങനെ പൊതുവേ തരംതിരിവുണ്ട്. ലോകത്തിലാകെ 170 ലധികം പ്രാവിനങ്ങളുള്ളതായാണു കണക്ക്. ഇവയില്‍ മുപ്പതോളം ഇനങ്ങള്‍ ഇന്ത്യയില്‍ കാണപ്പെടുന്നു. കേരളത്തില്‍ കണ്ടുവരുന്ന പ്രധാനയിനങ്ങള്‍ അരിപ്രാവ്, അമ്പലപ്രാവ്, മണ്ടിപ്രാവ്, പൊട്ടന്‍ ചെങ്ങാലി, മേനിപ്രാവ് എന്നിവയാണ്. ഇവയില്‍ ഏറ്റവും വലിപ്പമുള്ള മേനിപ്രാവിനു (Southern green imperial Pigeon) ഒരു ബലിക്കാക്കയുടെ വലിപ്പം വരും.
മിക്കവാറും കൊല്ലംമുഴുവന്‍ കൂടൊരുക്കി മുട്ടയിടുന്നവയാണ് കേരളത്തിലെ പ്രാവുകള്‍. മിനുപ്പാര്‍ന്ന തൂവെള്ള മുട്ടകള്‍ രണ്ടെണ്ണമുണ്ടാകും. നമ്മുടെ നാട്ടില്‍ അരിപ്രാവുകളുടെ എണ്ണം വളരെ വേഗം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പ്രാവുകളില്‍ ദേശാടനക്കാരും കുടികിടപ്പുകാരുമുണ്ട്. തിളങ്ങുന്ന പച്ചകലര്‍ന്ന തൂവലുകള്‍ മാറിലും കഴുത്തിലുമുള്ള ഇനമാണ് അമ്പലപ്രാവുകള്‍. ജനവാസമേഖലയോടു ചേര്‍ന്നു ഇവ പറ്റമായി കൂടുവയ്ക്കുന്നു. ചിറകിലെ രണ്ടു കറുത്ത വരകള്‍ ഇവയെ വേഗം തിരിച്ചറിയാനാവും. ഇവയുടെ കുറുകല്‍സ്വരം കേള്‍ക്കാന്‍ ഇമ്പകരമാണ്. ആണും പെണ്ണും ഒരേപോലെയിരിക്കും. തറയില്‍ കൊത്തിക്കൊത്തി പെറുക്കിനടക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണ് അരിപ്രാവുകള്‍. പിങ്കുകലര്‍ന്ന തവിട്ടുനിറമോ ചാരനിറമോ ഉള്ള ഇവയുടെ ശരീരത്തില്‍ വെള്ളപ്പൊട്ടുകള്‍ കാണാം. ചിറകിനും പിന്‍കഴുത്തിനും മധ്യേയുള്ള വെള്ളക്കളങ്ങള്‍ ദൂരെനിന്നും ഇവയെ തിരിച്ചറിയാനാകുന്നു. ആണിനും പെണ്ണിനും സമാനഘടനയാണ്.
ചില പക്ഷികള്‍ കുഞ്ഞുങ്ങള്‍ക്ക് അല്പം ദഹിച്ച ആഹാരമാണു കൊടുക്കുക. പ്രാവിന്‍കുഞ്ഞുങ്ങള്‍ തള്ളയുടെ വായ്ക്കുള്ളിലേക്കു ചുണ്ടുകള്‍ കടത്തി പ്രാവിന്‍പാല്‍ വലിച്ചെടുക്കുന്നു. അല്പം ദഹിച്ച ആഹാരവും തള്ളയുടെ ഉള്ളില്‍നിന്നുള്ള സ്രവവും ചേര്‍ന്നതാണ് ഈ പാല്‍.  കുഞ്ഞുങ്ങള്‍ക്കു തന്നത്താന്‍ തീറ്റി തേടാന്‍ പറ്റുംവരെ ഈ തീറ്റിപ്പോറ്റല്‍ മുറയ്ക്കുന്ന നടക്കുന്നതാണ് കാഴ്ച.

 

Login log record inserted successfully!