മുള്ളുണ്ടെങ്കിലും നല്ല ഭംഗിയുള്ള ഒരു മരമാണ് മുരിക്ക്. പയര്‍വര്‍ഗസസ്യങ്ങളുടെ കുടുംബമായ ''പാപിലിയോണേസി''യേയില്‍പ്പെട്ട മുരിക്കിന്റെ ശാസ്ത്രീയനാമം ''എറിത്രൈനാ ഇന്‍ഡിക്ക'' ഗ്രീക്കുഭാഷയിലെ എറിത്രോസ് എന്നതില്‍നിന്നാണ് എറിത്രൈനാ എന്ന പേരു ലഭിച്ചത്. എറിത്രോസിന്റെ അര്‍ത്ഥം ചുവന്നത് എന്നാണ്. മുരിക്കിന്റെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു. തണലും പൂക്കളുടെ ഭംഗിയും കണക്കിലെടുത്ത് ചില രാജ്യങ്ങളില്‍ ഇവ നട്ടുവളര്‍ത്താറുണ്ട്.
നമ്മുടെ നാട്ടില്‍ ഉത്തമമായ താങ്ങുവൃക്ഷമെന്ന നിലയിലാണ് മുരിക്ക് അറിയപ്പെടുന്നത്. കുരുമുളകുചെടി, തിപ്പലി, വാനില, വെറ്റിലക്കൊടി തുടങ്ങിയ വിളകള്‍ പടര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യമായ മരം.
കേരളത്തിലെ മണ്ണും കാലാവസ്ഥയും മുരിക്ക് വളരുവാന്‍ യോജിച്ചതാണ്. കമ്പുമുറിച്ചുവച്ച് നട്ടുവളര്‍ത്തുന്നതാണ് ഏറ്റവും ഉത്തമം. 6-7 സെ.മീ. വ്യാസവും 1-1.5 മീറ്റര്‍ നീളവുമുള്ള കമ്പുകളാണ് നടാന്‍ ഉത്തമം. വിത്തു പാകിയും നടാം. കാലവര്‍ഷാരംഭത്തില്‍ ഇവ നടാം. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ലെങ്കില്‍ക്കൂടിയും ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് നടുന്നതാണ് ഉചിതം. നട്ട കമ്പുകളുടെ മുകള്‍ഭാഗം ചീയാതിരിക്കുവാന്‍ പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു കെട്ടണം. കൂടാതെ, മഴക്കാലത്ത് മുരിക്കിന്റെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ഒഴിവാക്കണം. വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ കളയെടുപ്പു നടത്തുകയും ജൈവവളങ്ങള്‍ നല്‍കുകയും ചെയ്യാം.
നല്ല കാറ്റുള്ള സ്ഥലങ്ങളില്‍ മുരിക്ക് വളര്‍ത്തി കാറ്റിന്റെ വേഗം നിയന്ത്രിക്കുക ഒരു രീതിയാണ്. പയര്‍വര്‍ഗസസ്യങ്ങളിലെപ്പോലെ മുരിക്കിന്റെ വേരില്‍നിന്നു മണ്ണിന് നൈട്രജന്‍ ലഭിക്കുന്നതിനാല്‍ തേയിലത്തോട്ടങ്ങളിലും മറ്റും കൃഷിസ്ഥലങ്ങളിലും മുരിക്ക് വളര്‍ത്താറുണ്ട്. വേലികെട്ടുന്നതിനും മുരിക്ക് ഉത്തമം.
മാര്‍ച്ചു മാസം ആരംഭിക്കുന്നതോടെ മുരിക്കു പൂക്കാന്‍ തുടങ്ങും. സാധാരണ ചുവന്നപൂക്കളാണ് കാണപ്പെടുന്നതെങ്കിലും നിറവ്യത്യാസമുള്ളയിനം മുരിക്കുമരങ്ങളുമുണ്ട്.
മുരിക്കില നല്ലൊരു ജൈവവളമാണ്. മുയലുകള്‍ക്കു പ്രിയപ്പെട്ട തീറ്റകൂടിയാണ്. മുരിക്കിന്റെ തടിക്ക് കട്ടി കുറവായതിനാല്‍ പായ്ക്കിങ് പെട്ടി, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉണ്ടാക്കാന്‍ ഈ തടി ഉപയോഗിച്ചു വരുന്നു. മുരിക്കില ഔഷധാവശ്യത്തിനായും ഉപയോഗിക്കുന്നു.