•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ദേവാങ്കണം

തു സമയത്തും യുദ്ധമുഖങ്ങളിലേക്കെത്തിപ്പെടാവുന്ന ഒരു ജീവിതമാണ് പട്ടാളക്കാരന്റേത്. യുദ്ധമുഖങ്ങളില്‍ നില്ക്കുമ്പോള്‍ മരണത്തിന്റെ കോട്ടവാതിലില്‍ത്തന്നെയാണു നില്ക്കുന്നതെന്ന കരുതല്‍ വേണം.
വായു തുളച്ചുവരുന്ന ഒരസ്ത്രമോ സീല്‍ക്കാരമുതിര്‍ത്തുവരുന്ന ഒരു വാള്‍ത്തലയോ ചീറിവരുന്ന ഒരു വെടിയുണ്ടയോ മരണം കൊണ്ടുവരും. ഒരു യോദ്ധാവിനു സ്വന്തം നിഴല്‍പോലെ മരണം കൂടെയുണ്ടാകും. അവന്‍ കരുതലോടെയിരിക്കണം.
ക്യാപ്റ്റന്‍ ഡിലനായിയുടെ കാവല്‍ക്കാരന്‍ വിശുദ്ധ മിഖായേല്‍ മാലാഖയായിരുന്നു. വിശുദ്ധ മിഖായേലിനോട് ഡിലനായി സദാ നേരവും പ്രാര്‍ത്ഥിച്ചിരുന്നു. ഊണിലും ഉറക്കത്തിലും തനിക്കു കൂട്ടായിരിക്കണേയെന്ന്.
സ്വപ്നങ്ങളില്‍, മിഖായേല്‍ തനിക്കു കാവല്‍ നില്ക്കുന്നത് ഡിലനായി കണ്ടു. സ്വര്‍ണച്ചിറകുകളും സൂര്യനെ വെല്ലുന്ന തിളക്കമുള്ള ഖഡ്ഗവുമുണ്ടായിരുന്നു മിഖായേലിന്റെ പക്കല്‍. ആയതിനാല്‍, ലോകത്തിന്റെയും കാലത്തിന്റെയും കാവല്‍ക്കാരനായ മിഖായേല്‍, തന്നെയും തന്റെ കുടുംബത്തെയും കാത്തുരക്ഷിക്കുമെന്ന് ക്യാപ്റ്റന്‍ അകംനിറഞ്ഞു വിശ്വസിച്ചിരുന്നു.
ആ വിശ്വാസം വൃഥാവിലായില്ല. ഉദയഗിരിക്കോട്ടയുടെ പണിക്കൊപ്പംതന്നെ മഹാരാജാവ് ഡിലനായിക്കും കുടുംബത്തിനും പാര്‍ക്കാനുള്ള മാളികയുടെയും പണികളാരംഭിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മണിമന്ദിരം.
മന്ത്രി രാമയ്യന്റെ മേല്‍നോട്ടമുണ്ടായിരുന്നെങ്കിലും നീലകണ്ഠന്റെ അവിശ്രാന്തമായ പരിശ്രമമുണ്ടായിരുന്നു കോട്ടകളുടെ നിര്‍മാണജോലികള്‍ക്കു പിന്നില്‍. കണിശവും സൂക്ഷ്മവുമായ മേല്‍നോട്ടമായിരുന്നു നീലകണ്ഠന്റേത്. എള്ളുചോരുന്നതുപോലും നീലകണ്ഠനു കണ്‍പെട്ടു.
കോട്ടകളുടെ പണി പൂര്‍ത്തിയാകുന്നതിനുമുമ്പേ വലിയ കപ്പിത്താനു വസിക്കുന്നതിനുള്ള മാളികയുടെ പണി പൂര്‍ത്തിയായി. കോട്ടകളുടെ ജോലികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനോടൊപ്പം ഉദയഗിരിക്കോട്ടയില്‍ ക്യാപ്റ്റന്‍ ഡിലനായിക്ക് ആരാധന ചെയ്യാനായി മിഖായേല്‍ മാലാഖയുടെ നാമത്തില്‍ ഒരു ദേവാലയം നിര്‍മിക്കാനുള്ള അനുവാദവും മഹാരാജാവ് കൊടുത്തു.
കാലം മനുഷ്യര്‍ക്കായി ചിലത് കരുതിവയ്ക്കും. കാലത്തിന്റെ മടിശ്ശീല അദ്ഭുതങ്ങളുടെ ആവനാഴിയത്രേ. ക്യാപ്റ്റന്‍ ഡിലനായി ഏറെ ആഗ്രഹിച്ചിരുന്ന ഒരു സംഗതിയാണ് മിഖായേല്‍ മാലാഖയുടെ നാമത്തില്‍ ഒരാരാധനാലയം. പക്ഷേ, അത് ഇത്രവേഗം സംഭവിക്കുമെന്നു സ്വപ്നത്തില്‍പ്പോലും കപ്പിത്താന്‍ കരുതിയിരുന്നില്ല.
കപ്പിത്താന്റെ പ്രിയപത്‌നി മാര്‍ഗരറ്റും മകന്‍ ജോഹന്നാസും കൊല്ലം തുറമുഖത്ത് കപ്പലിറങ്ങിയിരുന്നു. അറിയിപ്പു കിട്ടിയ അതേനിമിഷത്തില്‍ കൊട്ടാരത്തില്‍നിന്ന് അശ്വദ്വയങ്ങള്‍ വലിക്കുന്ന കുതിരവണ്ടി കൊല്ലം തുറംമുഖം ലക്ഷ്യമാക്കി പറന്നു. ആ ഒരുക്കങ്ങള്‍ക്കെല്ലാം പിന്നില്‍ നീലകണ്ഠനായിരുന്നു.
തിരുവിതാംകൂറിനു പടിഞ്ഞാറ് അറബിക്കടലിന്റെ അങ്ങേത്തലയ്ക്കല്‍ സൂര്യന്‍ അസ്തമയത്തിനൊരുങ്ങുന്ന നേരമായിരുന്നത്. അസ്തമയത്തിന്റെ സുതാര്യമായ സ്വര്‍ണക്കമ്പളം പുതച്ചു കിടന്നിരുന്ന തിരുവിതാംകൂറിന്റെ രാജവീഥിയിലൂടെ ഒരു കുതിരവണ്ടി മാര്‍ഗരറ്റിനെയും ജോഹന്നാസിനെയും വഹിച്ചുകൊണ്ട് പദ്മനാഭപുരത്തെത്തി.
ഒരു സ്വപ്നംപോലെയായിരുന്നു ക്യാപ്റ്റന്‍ ഡിലനായിക്കത്. ജറുസലേമിലെ സകലപുഷ്പങ്ങളും വിരിഞ്ഞു നില്ക്കുന്ന ഒരു വസന്തകാലത്തിലെന്നവണ്ണം പൂക്കളുടെ സുഗന്ധം അനുഭവിച്ചു ഡിലനായി. വിശുദ്ധ മിഖായേല്‍ തന്റെ വെള്ളിച്ചിറകുകള്‍ വീശിയുതിര്‍ക്കുന്ന കുന്തിരിക്കഗന്ധമുള്ള സ്‌നിഗ്ധമായ കാറ്റേറ്റു നില്ക്കുന്നതുപോലെ.
ക്യാപ്റ്റന്‍ ഡിലനായി തന്റെ ഓമനപ്പുത്രന്‍ ജോഹന്നാസിനെ തന്നോടണച്ചു നിറുത്തി. പുത്രനെ തന്നോടണച്ചു നിര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആനന്ദവും കണ്ണുകളില്‍ സങ്കടവും നിറഞ്ഞു.
കുതിരവണ്ടിയില്‍നിന്നിറങ്ങിയപാടേ നില്ക്കുകയായിരുന്നു മാര്‍ഗരറ്റ്. അവര്‍ നിര്‍ന്നിമേഷയായി ഡിലനായിയെത്തന്നെ നോക്കി നില്ക്കുന്നു. ഡിലനായി ജോഹന്നാസിനെവിട്ട് മാര്‍ഗരറ്റിനടുക്കേക്കു ചെന്നു.
മാര്‍ഗരറ്റിന്റെ പ്രണയംകൊണ്ട് വിറകൊള്ളുന്ന അധരങ്ങളും വിരഹം ആഴങ്ങള്‍ വറ്റിച്ചുകളഞ്ഞ വെള്ളാരംകണ്ണുകളും ക്യാപ്റ്റന്‍ ഡിലനായി കണ്ടു. ഡിലനായി മാര്‍ഗരറ്റിനെ പ്രണയപൂര്‍വം പരിരംഭണം ചെയ്തു.
അപ്പോള്‍ ഉദയഗിരിക്കോട്ടയ്ക്കു പുറത്തുനിന്നിരുന്ന പനിനീര്‍ച്ചെമ്പകം പൂക്കള്‍ പൊഴിക്കുന്ന നേരമായിരുന്നു.
ഈ കാഴ്ചകളെല്ലാം നോക്കിക്കണ്ട് ഉദയഗിരിക്കോട്ടയുടെ പടവുകളില്‍ നീലകണ്ഠന്‍ നില്ക്കുന്നുണ്ട്. വലിയ കപ്പിത്താന്റെയും കുടുംബത്തിന്റെയും പുനഃസമാഗമം നീലകണ്ഠനെ അതിരറ്റു സന്തോഷിപ്പിച്ചു. ലോകത്തിലുള്ള എല്ലാ മനുഷ്യരും സന്തോഷം അനുഭവിക്കണം. ഭൂമിയില്‍നിന്നു ദുഃഖങ്ങളെല്ലാം അകന്നുപോകണം. നന്മയാലും കരുണയാലും മനുഷ്യരെല്ലാം ദേവതുല്യരാകണം.
നീലകണ്ഠനപ്പോള്‍ ഭാര്‍ഗവിയെ ഓര്‍മിച്ചു. ഒരു കടച്ചില്‍ കാരണമൊന്നുമില്ലാതെ നീലകണ്ഠന്‍ ഹൃദയത്തില്‍ അനുഭവിക്കുകയും ചെയ്തു.
കപ്പിത്താനെയും കുടുംബത്തെയും ഉദയഗിരിയിലെ മാളികയിലാക്കി നീലകണ്ഠന്‍ കൊട്ടാരത്തിന്റെ  അനുമതിയോടെ മരുതുകുളങ്ങരയിലേക്കു പുറപ്പെട്ടു. ഇരുള്‍ചിറകുകള്‍ വിരിഞ്ഞിറങ്ങുന്ന ഇടവഴികളിലൂടെ പൊടിപടലങ്ങളുയര്‍ത്തി നീലകണ്ഠന്റെ കുതിര നട്ടാലത്തേക്കു ധൃതിപ്പെട്ടു.
പടിപ്പുരയിലെത്തുമ്പോള്‍ സന്ധ്യാദീപംപോലെ ഭാര്‍ഗവി കാത്തുനില്പുണ്ട്. നീലകണ്ഠന്റെ കണ്ണുകള്‍ അദ്ഭുതത്താല്‍ വിടര്‍ന്നു.
''ഞാന്‍ അങ്ങയെ കാത്തുനില്ക്കുകയായിരുന്നു.'' ഭാര്‍ഗ്ഗവി പറഞ്ഞു.
''അദ്ഭുതംതെന്ന. ഞാന്‍ വരുമെന്ന് എങ്ങനെയറിഞ്ഞു...?''
''എന്റെ മനസ്സു പറഞ്ഞു. അങ്ങ് വരുമെന്ന്.''
സന്ധ്യ വീണിരുന്നു. തറവാടിന്റെ നാലിറയത്ത് നിലവിളക്ക് സന്ധ്യാവാതത്തില്‍ മുനിഞ്ഞു കത്തുന്നുണ്ട്. ഗന്ധരാജന്‍പൂക്കളുടേതാകണം ഒരു നേര്‍ത്ത സുഗന്ധം കാറ്റില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
നീലകണ്ഠന്‍ കുതിരയെ പഠിപ്പുരയ്ക്കു പുറത്ത് ഒരു ചാവേക്കുമരത്തില്‍ ബന്ധിച്ചു. അതിന് തീറ്റിയിട്ടു കൊടുക്കാന്‍ ഭൃത്യനെ ഏല്പിച്ച്, ഭാര്‍ഗവിയോടൊപ്പം തറവാടിന്റെ ഉമ്മറത്തെത്തി ദീപം തൊഴുത് അകത്തേക്കു പ്രവേശിച്ചു.
രാമച്ചതൈലം ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ കുളിച്ചപ്പോള്‍ നീലകണ്ഠന് എന്തെന്നില്ലാത്ത സൗഖ്യം അനുഭവപ്പെട്ടു. പത്മനാഭപുരത്തെ ഔദ്യോഗികതയുടെ കെട്ടുപാടുകള്‍ മനസ്സില്‍ നിന്നകന്നു പോകുന്നു.
കുളികഴിഞ്ഞ് നീലകണ്ഠന്‍ കാരണവരെ കണ്ടു. കാരണവര്‍ക്ക് ദീനം കുറവില്ല. എന്നാല്‍, കൂടുതലുമില്ല. പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും ജോലിക്കാരെ തറവാട്ടുകാര്യങ്ങളൊക്കെ പറഞ്ഞേല്പിച്ച് ചെയ്യിക്കാനും കഴിയുന്നുണ്ട്. കേഴ്‌വിക്കും കാഴ്ചയ്ക്കും തെറ്റൊന്നുമില്ല. അതുതന്നെ ദേവീകടാക്ഷം എന്നാണു  കാരണവര്‍ മൊഴിയുന്നത്.
പുലിയൂര്‍കുറിശ്ശിയില്‍നിന്ന് മഹാലിംഗവൈദ്യന്‍ വീണ്ടും വന്നിരുന്നു. ആസവങ്ങളും കഷായവും ചൂര്‍ണ്ണങ്ങളും മാറ്റിക്കുറിച്ചു. ചികിത്സ മുടക്കം കൂടാതെ തുടരുക എന്നാണ് വൈദ്യരുടെ കല്പന. അത് യഥാവിധി തുടരുന്നുണ്ടെന്ന് ഭാര്‍ഗവി പറഞ്ഞു.
പദ്മനാഭപുരത്തേക്കു രാവിലെതന്നെ പുറപ്പെടേണ്ടതുള്ളതുകൊണ്ട് നീലകണ്ഠന്‍ ഉറക്കറയിലേക്കു  പ്രവേശിച്ചു. കിഴക്കിനിക്കോലായിലെ ഉറക്കറയില്‍ തൂക്കുവിളക്കുകള്‍ ജ്വലിക്കുന്നുണ്ട്. ആ വെളിച്ചപ്രളയത്തിലേക്കാണ് ഭാര്‍ഗ്ഗവി വാതില്‍ചാരി വന്നത്
ഭാര്‍ഗവി ജാലകപ്പാളികള്‍ തുറന്നിട്ടു. ഉഷ്ണം പാടേ ഒഴിഞ്ഞുപോയ ഒരു രാത്രിയായിരുന്നത്. നട്ടാലത്തിനു മുകളില്‍ നീഹാരവര്‍ഷമുണ്ട്. മാലേയഗന്ധമുള്ള രാത്തെന്നല്‍ മെല്ലെമെല്ലെ അണയുന്നുണ്ട്.
വിളക്കുനാളങ്ങളുടെ ഹേമവര്‍ണത്തില്‍ ഭാര്‍ഗവി ഒരു ദേവകന്യകയെ ഓര്‍മിപ്പിക്കുന്നു. ഭാര്‍ഗവിയില്‍നിന്ന് ചന്ദ്രിക മന്ദസ്മിതമാണുതിരുന്നത്. അവളുടെ നാസികയിലെ മുക്കുത്തിയില്‍നിന്ന് ജംഭാരി രത്‌നത്തിറ വഴിയുന്നു.
പ്രണയത്തിന്റെ കദംബവൃക്ഷങ്ങള്‍ പൂക്കുന്ന രാത്രി. ദൂരെ മുളംകാടുകള്‍ കാറ്റില്‍ ശൃംഗാരപദങ്ങളുതിര്‍ക്കുന്നു.
ഭാര്‍ഗവി തല്പത്തില്‍ വന്നിരുന്നു. ചീനപ്പട്ടു വിരിച്ച കിടപ്പറമഞ്ചത്തിന്റെ ഓരംചേര്‍ന്ന് നമ്രശിരസ്‌കയായി ഭാര്‍ഗ്ഗവി ഇരുന്നു. നളിനമുഖി.
നീലകണ്ഠന്‍ എഴുന്നേറ്റുചെന്ന് മുറിയുടെ മേല്‍ത്തട്ടില്‍ നിരനിരയായി തൂക്കിയിരുന്ന വിളക്കുകള്‍ ഓരോന്നായി അണച്ചു.
ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞു നില്ക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട് പിറ്റേന്ന് പ്രഭാതത്തിലേ നീലകണ്ഠന്‍ പദ്മനാഭപുരത്തേക്കു പുറപ്പെട്ടു. പുറപ്പെടുംമുമ്പ് ഉറ്റചങ്ങാതി മാതേവനെ കാണാനും മറന്നില്ല.
കോട്ടകളുടെ ജോലികള്‍ അതിദ്രുതം പുരോഗമിക്കുകയാണ്. കോട്ടകളുടെ നിര്‍മാണത്തിനൊപ്പംതന്നെയാണ് ഉദയഗിരിയില്‍ നായര്‍പടയാളികള്‍ക്കു പാര്‍ക്കാനുള്ള പടയാളിത്താവളത്തിന്റെയും ആയുധനിര്‍മാണശാലയുടെയും പണികള്‍ നടന്നുവന്നത്.
ആയുധനിര്‍മാണശാല എന്നുള്ളത് ക്യാപ്റ്റന്‍ ഡിലനായിയുടെ നിര്‍ദേശമായിരുന്നു. ആ നിര്‍ദേശം വളരെ നന്ന് എന്നു ബോധ്യപ്പെട്ട മഹാരാജാവ് എത്രയും പെട്ടെന്ന് ആയുധശാലയുടെ പണികള്‍ തീര്‍ക്കാനാവശ്യപ്പെട്ടു.
ഇരുമ്പയിര് വന്‍തോതില്‍ ഖനനം ചെയ്യുകയും അത് സംസ്‌കരിച്ച് തോക്കുകളും പീരങ്കികളും വെടിയുണ്ടകളും നിര്‍മിക്കുകയുമായിരുന്നു ലക്ഷ്യം. ആയതിലേക്കു ക്യാപ്റ്റന്‍ ഡിലനായിയുടെ ഉപദേശങ്ങളും മേല്‍നോട്ടവും നീലകണ്ഠന് ഏറെ സഹായകരമായി ഭവിച്ചു. എല്ലാറ്റിനുമുപരിയായി മന്ത്രി രാമയ്യന്റെ വിചാരിപ്പുമുണ്ടായിരുന്നു.
ഡിലനായിയും കുടുംബവും മാളികയിലേക്കു താമസം മാറ്റി. മാളികയുടെ ജോലികള്‍ വളരെ വേഗത്തില്‍ തീര്‍ക്കുന്നതില്‍ നീലകണ്ഠന്‍ പ്രത്യേക താത്പര്യമെടുത്തിരുന്നു. ഡിലനായിയുമായുള്ള സൗഹൃദമാണ് അതിനു ഹേതുവായത്.
കുറഞ്ഞൊരുകാലംകൊണ്ടാണ് നീലകണ്ഠനും ഡിലനായിയും സൗഹൃദത്തിലായത്. ക്യാപ്റ്റന് നീലകണ്ഠനെ നന്നേ ബോധിച്ചു. ഡിലനായിയുടെ കാഴ്ചപ്പാടില്‍, സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു നീലകണ്ഠന്റേത്. നടപ്പിലും എടുപ്പിലുമുണ്ട് ഒരാഢ്യത. വാക്കിലോ പ്രവൃത്തികളിലോ കാപട്യത്തിന്റെ ലാഞ്ഛനപോലുമില്ല. അഭ്രരഹിതമായ നീലാകാശംപോലെ തെളിഞ്ഞ മനസ്സുള്ള ഒരാള്‍. ഒരു തുറന്ന പുസ്തകം.
ക്യാപ്റ്റന്‍ ഡിലനായിയാകട്ടെ എല്ലാ അര്‍ത്ഥത്തിലും തിരുവിതാംകൂറുകാരനായി ഭവിക്കുകയായിരുന്നു. അദ്ദേഹം തിരുവിതാംകൂറിനെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. തിരുവിതാംകൂറിലെ ജനങ്ങളെയും.
''കഴിഞ്ഞ ജന്മത്തില്‍ താന്‍ തിരുവിതാംകൂറിലായിരിക്കണം ജനിച്ചും ജീവിച്ചതും.'' ഡിലനായി പറയും. അതു കേള്‍ക്കേ നീലകണ്ഠന്‍ ചിരിക്കുകയും ചോദിക്കുകയും ചെയ്യും:
''പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നോ?''
''തീര്‍ച്ചയായും ഇല്ല. പക്ഷേ, പുനരുത്ഥാനത്തില്‍ വിശ്വാസമുണ്ട്.''
പലപ്പോഴും ഡിലനായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പുനരുത്ഥാനം. പക്ഷേ, ആ വാക്കിന്റെ അര്‍ത്ഥതലങ്ങളിലേക്ക്, അതിന്റെ വിശകലനങ്ങളിലേക്ക് അദ്ദേഹം പോയിട്ടില്ല. നീലകണ്ഠന് അത്ര പെട്ടെന്നൊന്നും വഴങ്ങുന്ന അര്‍ത്ഥവ്യാപ്തി ആയിരുന്നില്ല പുനരുത്ഥാനം എന്ന വാക്കിന്.
''അത് മറ്റൊന്നുംകൊണ്ടല്ല മിത്രമേ. മഹാഭാരതവും രാമായണവും മനുസ്മൃതിയും ഗീതയുംമുതല്‍ മേഘസന്ദേശം തുടങ്ങിയ കൃതികള്‍വരെ പഠിച്ചിട്ടുള്ള താങ്കള്‍ക്ക് ക്രിസ്തുചരിതത്തിലേക്കു കടക്കാനായിട്ടില്ല.''
ക്രിസ്തു കാല്പനികതയുടെ ഉപരിപ്ലവമായ ഒരു കാവ്യമല്ല. അത് രസാനുഭൂതികള്‍ ജന്യമാക്കുന്നില്ല. അത് ആത്മീയതയുടെ ഉറയുന്ന ഉപ്പുകലര്‍ന്ന ജലാശയമാണ്. നെഞ്ചു പിളര്‍ക്കുന്ന ആത്മീയാനുഭവങ്ങളുടെ ഹിമശൈലങ്ങള്‍. ഒരു പക്ഷേ, ആ മഹാജ്ഞാനത്തിന്റെ പൊരുളറിവുകളുടെ കോട്ടവാതിലുകള്‍ ഒരിക്കല്‍ താങ്കളുടെ മുമ്പില്‍ തുറക്കപ്പെട്ടുകൂടായ്കയില്ല.
ഡിലനായിയുടെ വാക്കുകള്‍ ഒരു ദീര്‍ഘദര്‍ശിയുടേതുപോലെ തോന്നി നീലകണ്ഠന്. ഇദ്ദേഹം ആര്? പ്രവാചകനോ... അങ്ങനെ സന്ദേഹിച്ചു നീലകണ്ഠന്‍.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)