•  9 May 2024
  •  ദീപം 57
  •  നാളം 9
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മരവിക്കുന്ന തലച്ചോറ്

സംഗീതചികിത്സ ( (Music therapy) വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. പല അസുഖങ്ങള്‍ക്കും ഇതു ഫലപ്രദമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. സംഗീതവീചികള്‍ മനുഷ്യന്റെ കാതുകളില്‍ക്കൂടി പ്രവേശിച്ചു തലച്ചോറില്‍ പ്രത്യേക തരത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ബഹളമയമായ ഒരു പാട്ടു കേള്‍ക്കുമ്പോള്‍ ഇലക്‌ട്രോ എന്‍സെഫലോഗ്രാം (EEG) നമ്മുടെ തലച്ചോറുമായി ബന്ധിപ്പിച്ചാല്‍ ബീറ്റാ തരംഗങ്ങളായിരിക്കും രേഖപ്പെടുത്തുന്നത്. ജാഗ്രദവസ്ഥ എന്നാണ് ഇതറിയപ്പെടുന്നത്. അതേസമയം, ശാന്തസുന്ദരമായ ഒരു ഗാനം ആസ്വദിക്കുമ്പോള്‍ ആല്‍ഫാ തരംഗങ്ങളാണു രേഖപ്പെടുത്തുന്നത്. തലച്ചോറിന് ഏറെ സുഖവും ശക്തിയും പകരുന്നവയാണ് ഈ തരംഗങ്ങള്‍. ഇവ മനസ്സിനു ധ്യാനഗ്രസ്ത അവസ്ഥയും ലയവും പ്രദാനം ചെയ്യുന്നു.
ഇക്കാലത്ത് നമ്മുടെ കാതുകളില്‍ വന്നലയ്ക്കുന്ന ഗാനങ്ങളുടെ സാഹിത്യവും ഏതാണ്ട് ഇമ്മട്ടിലാണ്. ഗാനങ്ങളിലെ വരികളും വാക്കുകളും നമ്മെ അലോസരപ്പെടുത്തും. രണ്ടാമതൊന്നുകൂടി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവിധം അത്രയ്ക്കു നിലവാരമില്ലാത്ത പ്രയോഗങ്ങളായിരിക്കും അവയില്‍ നിറഞ്ഞുനില്ക്കുക. ഇതാ ഈ ഗാനം ശ്രദ്ധിക്കുക:
''ദൂരങ്ങള്‍ തേടി
തീരങ്ങള്‍ തേടി
പോവുന്നിതാരാരോ
നേരങ്ങള്‍ നോക്കി
കാലങ്ങള്‍ നീക്കി
പാറുന്നിതാരാരോ
മേലേ വാനില്‍
നിന്നീ രാവില്‍
പൊഴിഞ്ഞു വീണൊരു താരം
താനേ മൂളി വരുന്നൊരു കാറ്റില്‍ മായും
പലവഴി താളം
വാടാമുല്ലേ
പൂക്കാന്‍ വയ്യേ
തോനെ നാളായില്ലേ
വേരും നീരും
കൂട്ടായില്ലേ
കാണാക്കനവുകളില്ലേ'' (ചിത്രം-അര്‍ച്ചന 31 നോട്ട് ഔട്ട്; രചന-ജോ പോള്‍; സംഗീതം-രജത് പ്രകാശ്; ആലാപനം - ടെസ്സ ചാവറ)
ഈ വരികള്‍ കണ്ടാലറിയാം ആധുനികഗാനം എത്രമാത്രം ശോഷിച്ചുപോയി എന്ന്. പ്രാസമൊപ്പിച്ചു പദങ്ങള്‍ നിരത്തിയാല്‍ എല്ലാമായി എന്നാണു പുത്തന്‍കൂറ്റുകാരായ പാട്ടെഴുത്തുകാര്‍ ധരിച്ചുവച്ചിരിക്കുന്നത്. അവര്‍ അതിനുവേണ്ടി ഏതറ്റംവരെയും താഴാന്‍ തയ്യാറാണുതാനും. ഈ ഗാനത്തിന്റെ ആരംഭംമുതല്‍ കല്ലുകടി അനുഭവപ്പെടുകയാണ്. ദൂരം എത്രയുണ്ടെങ്കിലും ദൂരങ്ങള്‍ എന്നു  ഭാഷയറിയാവുന്ന ഒരാള്‍ എഴുതുമോ? ദൂരങ്ങള്‍ വന്നാല്‍ തൊട്ടുപിന്നാലെ തീരങ്ങളും വരും. പ്രാസമൊപ്പിക്കാന്‍ അതാണല്ലോ കുറുക്കുവഴി? ദൂരങ്ങള്‍ക്കു പുറമേ നേരങ്ങള്‍ എന്നും എഴുതിയിട്ടുണ്ട് ജോ പോള്‍. വചനം പഠിപ്പിച്ച ദിവസം അദ്ദേഹം ക്ലാസില്‍ കയറിയിട്ടില്ല എന്നുണ്ടോ?
മേലേ വാനില്‍നിന്ന് രാത്രിയില്‍ ഒരു താരകം പൊഴിഞ്ഞുവീണു. അതു താനേ മൂളി വരുന്ന കാറ്റില്‍ മാഞ്ഞുപോയി. എന്നിട്ട് ഒരു ബന്ധവുമില്ലാത്ത മട്ടില്‍ വാടാമുല്ലയോടു ചോദിക്കുന്നു, 'വാടാമുല്ലേ പൂക്കാന്‍ വയ്യേ?' എന്ന്. തിരുവനന്തപുരത്തുകാരുടെ സംസാരഭാഷ അത്ര ഭേദമാണെന്നു പറയുക വയ്യ. തമിഴുമായുള്ള ബാന്ധവമാണ് അതിനു കാരണം. തിരുവനന്തപുരത്ത് ഗ്രാമപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതാണ്  'തോനെ' എന്ന പ്രയോഗം. ധാരാളം എന്നര്‍ത്ഥം. മറ്റൊന്നും കിട്ടാതെ ഗാനരചയിതാവ് ആ പദംതന്നെ ഗാനത്തില്‍ തിരുകിക്കയറ്റിയിരിക്കുന്നു.  എന്നിട്ടു വാടാമുല്ലയോടു മറ്റൊരു 'ഉശിരന്‍' ചോദ്യം: ''വേരും നീരും കൂട്ടായില്ലേ?'' പ്രാസവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പാട്ടെഴുത്തുകാരന്‍ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിനു പട്ടും വളയും സമ്മാനമായി ലഭിക്കുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനു കിട്ടുന്നത് തോനെ എന്ന അവജ്ഞ മാത്രമാണ്. ശാന്തം പാവം!

 

Login log record inserted successfully!