•  9 May 2024
  •  ദീപം 57
  •  നാളം 9
കേരളത്തിലെ പക്ഷികള്‍

മരംകൊത്തി

ലോകത്തില്‍ മരങ്ങളുള്ള എവിടെയും കണ്ടുവരുന്ന പക്ഷിയാണ് മരംകൊത്തി. നൂറ്റിയെണ്‍പതോളം ഇനം മരംകൊത്തികളുണ്ട്. കേരളത്തില്‍ പതിനൊന്നിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുമരംകൊത്തി, തണ്ടാന്‍മരംകൊത്തി, പുള്ളിമരംകൊത്തി, കാക്കമരംകൊത്തി, ചെമ്പന്‍മരംകൊത്തി, പൊന്നിമരംകൊത്തി എന്നിവയാണ് നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട മരംകൊത്തിയിനങ്ങള്‍.
കുരുവിയോളം വലിപ്പമുള്ള തണ്ടാന്‍ മരംകൊത്തിയാണ് കേരളത്തില്‍ കാണുന്ന ഏറ്റവും ചെറിയ ഇനം. വയനാട്ടില്‍ ഇവയെ ധാരാളമായി കാണാം. പുല്ലുകള്‍ക്കും പ്രാണികള്‍ക്കുമൊപ്പം പൂന്തേനും പഴച്ചാറും കഴിക്കുന്നവരാണിവര്‍.
വലിപ്പത്തില്‍ ഒന്നാംസ്ഥാനം കാക്കമരംകൊത്തിക്കാണ്. കാക്കയോളം വലിപ്പം വരും. വയറിന്റെ ഭാഗത്തു വെളുപ്പും ബാക്കി ശരീരഭാഗം കറുപ്പുനിറവുമായിരിക്കും. തലയില്‍ കാണുന്ന നീളന്‍തൊപ്പി കടുംചുവപ്പാണ്. കാട്ടിലെ വന്മരങ്ങളാണ് ഇഷ്ടസ്ഥലം. കാട്ടുമരങ്ങളില്‍ ഇതു തിരിഞ്ഞിരുന്നു ശക്തമായി കൊത്തുന്ന കാഴ്ച രസകരമാണ്. അതിന്റെ മുഴക്കമുള്ള സ്വരവും താളവും എത്ര അകലെനിന്നും ഇതിന്റെ സാന്നിധ്യമറിയിക്കും. താരതമ്യേന ചെറുതുമാണ്.
സ്വര്‍ണനിറം കലര്‍ന്ന മഞ്ഞനിറമാണ് നാട്ടുമരംകൊത്തിയുടെ മുകള്‍ഭാഗത്തിന്. അതിനു താഴേക്കു കറുത്ത നിറം. വെളുപ്പോ മങ്ങിയ മഞ്ഞനിറമോ ആയ അടിഭാഗത്തു കറുത്ത വരകള്‍ കാണാം. കഴുത്തിനു താഴെ വെള്ളപ്പുള്ളികളും ദൃശ്യം. കണ്‍മഷിയിട്ട  മാതിരി കണ്ണിനു കുറുകെയുള്ള വരയാണ് ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകത. ആണ്‍പക്ഷിയുടെ തലയ്ക്കും തലപ്പൂവിനും കടുംചുവപ്പുനിറം.
മറ്റൊരു മരംകൊത്തിയാണ് ചിത്രാംഗന്‍ മരംകൊത്തി. വലുപ്പംകുറഞ്ഞ പക്ഷിയാണിത്. പശ്ചിമഘട്ടത്തിലെ കാടുകളിലും ചില നാട്ടിന്‍പുറങ്ങളിലും ഇതിനെ കാണാം. ഇവയുടെ നിറം ഏതാണ്ടു കറുപ്പാണ്. ചെറിയ വാലുള്ള മരംകൊത്തിയാണിത്. കൊക്കിനും കാലിനും നല്ല കറുപ്പുനിറം തന്നെ. ചിറകില്‍ ചങ്ങല പോലെ ചെറുവെള്ളപ്പാടുകള്‍ കാണാം. മരത്തിലൂടെ വേഗം സഞ്ചരിക്കുന്ന പ്രകൃതമാണിതിന്. മരത്തില്‍ കൊത്തിയുണ്ടാക്കിയ പൊത്തിലാണു വാസം. മരങ്ങളിലെ ചിതലുകളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. വേനല്‍ക്കാലത്താണ് മുട്ടയിടുക. മൂന്നു മുട്ടവരെ ഉണ്ടാകും.
മരംകൊത്തിയുടെ ശാസ്ത്രനാമം ഉശിീുശൗാ യലിഴവമഹലിലെ എന്നാണ്.
ഭൂരിപക്ഷം മരംകൊത്തികളും പുഴുക്കളെയും കീടങ്ങളെയും തിന്നുന്നവര്‍തന്നെ. നിലത്തിറങ്ങാറില്ല. പലയിനവും തിരശ്ചീനമായി ഇരിക്കാറുപോലുമില്ല. തലയിലുള്ള കൂന്തന്‍ ചുവന്ന തൊപ്പിയും കടുപ്പമുള്ള തടി കൊത്തിപ്പൊളിക്കാന്‍ പറ്റുംവിധത്തിലുള്ള കരുത്താര്‍ന്ന ചുണ്ടുമാണ് മരംകൊത്തിയുടെ സവിശേഷതകള്‍. മരങ്ങളില്‍ കുത്തനെ അള്ളിപ്പിടിച്ചിരിക്കാന്‍ പറ്റിയ നീണ്ടുനിവര്‍ന്ന വിരലുകളും കൊളുത്തുപോലെയുള്ള കൂര്‍ത്ത നഖങ്ങളും ഇവയെ ഇതരപക്ഷികളില്‍നിന്നു വ്യത്യസ്തമാക്കുന്നു.

 

Login log record inserted successfully!