•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ദേവാങ്കണം

നീലകണ്ഠന്‍ മരുതുകുളങ്ങരഭവനത്തിന്റെ ഭരണകാര്യങ്ങള്‍ ഏറ്റെടുത്തു. സ്വന്തക്കാരുടെയും ബന്ധുജനങ്ങളുടെയും ഇളക്കമില്ലാത്ത തീരുമാനമായിരുന്നത്. തറവാട് ക്ഷയിച്ചുകൂടാ. ക്ഷേത്രാചാരങ്ങള്‍ക്കു വിഘ്‌നം സംഭവിച്ചുകൂടാ.
തറവാട്ടുഭരണത്തില്‍ കാരണവര്‍ക്കു പകരം വയ്ക്കാന്‍ മറ്റാരെയും മരുതുകുളങ്ങരത്തറവാട്ടുകാര്‍ കണ്ടില്ല, നീലകണ്ഠനെയല്ലാതെ.
നീലകണ്ഠന്‍ എതിര്‍പ്പു പറഞ്ഞില്ല. വൈമുഖ്യം കാട്ടിയില്ല.
സംഭവിക്കുന്നതൊക്കെയും നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്.
നീലകണ്ഠന് ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം പോരാതെയായി.
എങ്കിലും ഏഴരവെളുപ്പിനുള്ള ക്ഷേത്രദര്‍ശനവും പ്രഭാതസവാരിയും ആയുധപരിശീലനവുമൊന്നും മുടങ്ങിയില്ല. അതൊക്കെ മുറതെറ്റാതെ അനുവര്‍ത്തിച്ചുപോന്നു നീലകണ്ഠന്‍. മരുതുകുളങ്ങരയിലെ ക്ഷേത്രകാര്യങ്ങളിലും കൃഷികാര്യങ്ങളിലും ജാഗ്രതയോടെ ഇടപെട്ടു.
തറവാടിനു മുകളില്‍നിന്നു കാര്‍മേഘനിഴലുകള്‍ നീങ്ങിപ്പോയി. തെങ്ങിന്‍തോപ്പുകളും വയലേലകളും കന്നുകാലിപ്പുരകളും വീണ്ടും സമൃദ്ധി കൈക്കൊണ്ടു.
അത് നട്ടാലത്തിന്റെയും മരുതുകുളങ്ങരത്തറവാടിന്റെയും പുഷ്പകാലമായിരുന്നു. ആ വസന്തകാലത്തായിരുന്നു മരുതുകുളങ്ങരത്തറവാടിന്റെ മുറ്റത്തിനു കിഴക്കുനിന്നിരുന്ന ചന്ദനമരം പൂത്തത്. ഒരു പൂക്കാലംകൂടി വരവായി.
ആരെയും നീലകണ്ഠന്‍ ചെറുതായി കണ്ടില്ല. തറവാടിന്റെ പടിപ്പുരവാതില്‍ നട്ടാലത്തുകാര്‍ക്കായി സദാ തുറന്നു കിടന്നു. അയിത്തസമ്പ്രദായം മരുതുകുളങ്ങരഭവനത്തിന്റെ പടിപ്പുരയില്‍നിന്ന് വിളിപ്പാടകലെ നിന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. എന്തു സഹായവുമഭ്യര്‍ത്ഥിക്കാം.
മരുതുകുളങ്ങരത്തറവാടിന്റെ പത്തായപ്പുരയും ഊരുപെട്ടിയും തഴുതിട്ടു പൂട്ടപ്പെട്ടില്ല. അതു മരുതുകുളങ്ങരയ്ക്കു മാത്രമായിട്ടുള്ളതായിരുന്നില്ല. നട്ടാലത്തിനുവേണ്ടിക്കൂടിയുള്ളതായിരുന്നു.
നാട്ടുകാര്‍ നീലകണ്ഠനെ ദീനദയാലു എന്നു വിളിച്ചു. ധര്‍മതത്പരനായ വ്യക്തിയായിരുന്നു നീലകണ്ഠന്‍.
അങ്ങനെയിരിക്കെയാണ് ഒരുനാള്‍ പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് ദൂതന്‍ ഒരു കുറിമാനവുമായി നീലകണ്ഠനെ തേടി മരുതുകുളങ്ങരയിലെത്തിയത്. ദൂതന്‍ മുഖേനയെത്തിയ രാജമുദ്രപതിച്ച ഓലക്കുറിമാനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:
''കാലവിളംബം കൂടാതെ മഹാരാജാവിനെ മുഖം കാണിക്കുക.''
കാരണമെന്തെന്നു രാജദൂതന്‍ പറഞ്ഞില്ല. അതയാളുടെ ദൗത്യമല്ല. രാജാവിനെ മുഖം കാണിക്കാനാവശ്യപ്പെട്ടതെന്തിനെന്ന് നീലകണ്ഠനും നിശ്ചയം കിട്ടിയില്ല.
മരുതുകുളങ്ങരത്തറവാട്ടില്‍ മഹാരാജാവിന്റെ കുറിമാനം നേരിയ ഭയം വിതറി. രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുണ്ട് മഹാരാജാവിന്. പോരാത്തതിനു ക്ഷിപ്രകോപിയും.
രാജകോപമുണ്ടാകാനുള്ള പ്രവൃത്തികളൊന്നും നീലകണ്ഠനില്‍നിന്നുണ്ടാകാന്‍ ഒരു വഴിയുമില്ല.
പക്ഷേ, ആവിധ ഭയമൊന്നും നീലകണ്ഠനെ മഥിച്ചില്ല. അദ്ദേഹം മഹാരാജാവിനെ മുഖം കാണിക്കാന്‍ പുറപ്പെട്ടു. സന്തതസഹചാരിയായിരുന്ന കുമരനെപ്പോലും ഒപ്പം കൂട്ടിയില്ല നീലകണ്ഠന്‍.
കുളച്ചല്‍ യുദ്ധം നടന്നിട്ട് അധികമായിരുന്നില്ല. തിരുവിതാംകൂര്‍സൈന്യവുമായി ഏറ്റുമുട്ടിയപ്പോള്‍ ഡച്ചുകാര്‍ക്കുണ്ടായ പരാജയം അവരുടെ സാമ്രാജ്യത്വമോഹത്തിനു വല്ലാത്ത ആഘാതമേല്പിച്ചിരുന്നു. കുളച്ചല്‍വിജയത്തിനുശേഷമുണ്ടായ പടനീക്കങ്ങളില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു കാര്യമായ വിഘാതങ്ങളൊന്നും സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞതില്ല.
പക്ഷേ, കൊല്ലം കേന്ദ്രമാക്കി ഒരിക്കല്‍ക്കൂടി മാര്‍ത്താണ്ഡവര്‍മയെ നേരിടാന്‍തന്നെ ഡച്ചുകാര്‍ തീരുമാനിച്ചു. മാര്‍ത്താണ്ഡവര്‍മയുടെ അപ്രമാദിത്വം തങ്ങളുടെ കച്ചവടതാത്പര്യങ്ങള്‍ക്കു വിഘാതമാകുമെന്നു ഡച്ചുകാര്‍ ഭയന്നിരുന്നു.
ഡച്ചുകാരുടെ നീക്കം മണത്തറിഞ്ഞ മാര്‍ത്താണ്ഡവര്‍മ കൊല്ലത്തെ ഡച്ചുകോട്ട ആക്രമിച്ചു. ആ യുദ്ധത്തില്‍ തിരുവിതാംകൂര്‍സേന പരാജയപ്പെട്ടു. ഡച്ചുകാര്‍ക്കു കായംകുളം സേനയുടെ സഹായമുണ്ടായിരുന്നു. കായംകുളംസൈന്യം തെക്കോട്ടു നീങ്ങി. കിളിമാനൂര്‍ പിടിച്ചെടുത്തു.
പരാജയം മാര്‍ത്താണ്ഡവര്‍മയെ ആകുലനാക്കി. അദ്ദേഹം തിരുനല്‍വേലിയില്‍നിന്നു കുതിരപ്പടയാളികളെ വരുത്തി തന്റെ സൈന്യത്തോടു ചേര്‍ത്തു. സൈന്യം മൂന്നു കോണുകളിലൂടെയും കായംകുളംസേനയെ ആക്രമിച്ചു. കായംകുളം സേന അമ്പേ പരാജയപ്പെട്ടു.
മാര്‍ത്താണ്ഡവര്‍മ കായംകുളത്തേക്കു പടനീക്കി. പിടിച്ചുനില്ക്കാന്‍ കായംകുളം രാജാവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തോല്‌വി ഉറപ്പായ കായംകുളംരാജാവ് സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു.
തുടര്‍ന്നുണ്ടായ ഉടമ്പടിപ്രകാരം കായംകുളത്തിന്റെ പകുതിഭാഗം മാര്‍ത്താണ്ഡവര്‍മയ്ക്കു വിട്ടുകൊടുക്കാനും തിരുവിതാംകൂറിന്റെ സാമന്തപദവി അംഗീകരിക്കാനും കായംകുളംരാജാവ് തയ്യാറായി.
കായംകുളത്തിനുമേല്‍ തിരുവിതാംകൂര്‍ നേടിയ വിജയകാലഘട്ടത്തിലാണ് മഹാരാജാവിന്റെ കുറിമാനം നീലകണ്ഠനെ തേടിയെത്തിയത്.
നീലകണ്ഠന്‍ പത്മനാഭപുരം കൊട്ടാരത്തിലെത്തി മഹാരാജാവിനെ മുഖം കാണിച്ചു. രാജാവ് യഥോചിതം നീലകണ്ഠനെ സ്വീകരിച്ചിരുത്തി. നീലകണ്ഠന്‍ പറഞ്ഞു:
''അല്ലയോ മഹാരാജന്‍, അങ്ങ് ഒരു ദൂതയച്ച് ഈയുള്ളവനെ വിളിപ്പിച്ചതെന്തിനെന്നു ദയവായി പറഞ്ഞാലും.''
''നീലകണ്ഠാ, താങ്കളെ നേരില്‍ കാണുക എന്നുള്ളതു തന്നെയാണു നമ്മുടെ ഉദ്ദേശ്യം.''
''തിരുവിഷ്ടക്കേടുണ്ടാകരുതു മഹാരാജന്‍. അങ്ങയുടെ അനേകായിരം പ്രജകളില്‍പ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ എന്നെ അങ്ങ്  കാണാനാഗ്രഹിക്കുകയോ അവിശ്വസനീയംതന്നെ.''
''നാം നിങ്ങളെക്കുറിച്ച് വളരെയധികം കേട്ടിരിക്കുന്നു. നിങ്ങളുടെ ദാനശീലത്തെയും ലളിതജീവിതത്തെയും വിദ്യാസമ്പത്തിനെക്കുറിച്ചും. മാത്രമല്ല, രാജദൂതന്മാര്‍ അതൊക്കെ രഹസ്യമായി അന്വേഷിച്ചു നമ്മെ ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു.''
''ആശ്ചര്യമായിരിക്കുന്നു മഹാരാജന്‍. ഈയുള്ളവനെപ്പറ്റി രഹസ്യമായി അന്വേഷിക്കാന്‍ എന്ത്? ഞാന്‍ അങ്ങയുടെ രാജാധികാരത്തെ വിമര്‍ശിക്കുകയോ രാജ്യത്തിന് അഹിതമായി ഒന്നും പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല.''
''നീലകണ്ഠാ, നിങ്ങളങ്ങനെ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നു നമുക്കു ബോധ്യമുണ്ട്. നിങ്ങള്‍ തിരുവിതാംകൂറിന്റെയും പത്മനാഭപുരം കൊട്ടാരത്തിന്റെയും അഭ്യുദയകാംക്ഷിയാണെന്നു നമുക്കറിയാം. ആ അറിവുള്ളതുകൊണ്ടുകൂടിയാണ് നാം ദൂതയച്ചത്.''
മഹാരാജാവ് സംസാരിച്ചുവരുന്നതെന്താണെന്നു നീലകണ്ഠന് ഒരു തിട്ടവും കിട്ടിയില്ല. നീലകണ്ഠന്‍ ആകാംക്ഷയോടെ മഹാരാജാവിനെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും ഒരു ഗൂഢമന്ദസ്മിതമുണ്ട്. മഹാരാജാവു പറഞ്ഞു:
''നീലകണ്ഠാ, പത്മനാഭപുരത്തിനു താങ്കളുടെ സേവനം ആവശ്യമുണ്ട്. നമുക്കോ നമ്മുടെ മന്ത്രി രാമയ്യനോ മുഴുവന്‍ സമയവും മുഴുവന്‍ കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. നമ്മുടെ രാജ്യം  ഇനിയും വിസ്തൃതമാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കേണ്ടതുണ്ട്. പ്രജകളുടെ സൗഖ്യമാണ് നമ്മുടെ നീതി. രാജാധികാരത്തിനും ജനക്ഷേമത്തിനും എതിരേ പ്രവര്‍ത്തിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ ഏതു തന്ത്രങ്ങളും നാം മെനയും.''
''അതിലേക്കായി തൃണതുല്യനായ എനിക്ക് എന്തു ചെയ്യാന്‍ കഴിയും രാജന്‍?''
''പലതും,'' മഹാരാജാവ് പറഞ്ഞു: ''നിങ്ങളെപ്പോലെ ബുദ്ധിമാനും വിദ്യാഭരിതനും പ്രവര്‍ത്തനോന്മുഖനുമായ ഒരാളുടെ സേവനം തീര്‍ച്ചയായും പത്മനാഭപുരം കൊട്ടാരത്തിനാവശ്യമുണ്ട്. അതൊക്കെ നമുക്കു വഴിയേ തീരുമാനിക്കാം. ഇപ്പോള്‍ നാം താങ്കളെ പത്മനാഭപുരം കൊട്ടാരത്തിലെ കാര്യവിചാരകനായി നിയമിക്കുന്നു. ശേഷം മറ്റു ചില ഉത്തരവാദിത്വങ്ങളും നാം നിങ്ങളെ ഏല്പിക്കും. ആയതിലേക്ക് പ്രതിഫലമായി ഒട്ടും കുറയാത്ത ഒരു തുക ശമ്പളമായും നാം നിശ്ചയിക്കുന്നുണ്ട്.''
നീലകണ്ഠന്‍ അദ്ഭുതാതിരേകത്താല്‍ മിഴിച്ചുപോയി. താന്‍ പത്മനാഭപുരം കൊട്ടാരത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാളായിരിക്കുന്നു. തിരുവിതാംകൂറിന്റെ ഭരണസിരാകേന്ദ്രത്തിലെ ഒരു കണ്ണി. മാത്രമോ, ശ്രീപത്മനാഭന്റെ പത്തു പണം ശമ്പളമായി തന്റെ തറവാട്ടിലെത്താന്‍ പോകുന്നു.
ഗുരുകാരണവന്മാരുടെ അനുഗ്രഹം. നട്ടാലത്തമ്മയുടെ പ്രീതി. മരുതുകുളങ്ങരത്തറവാടിനു മുകളില്‍ രാശിനക്ഷത്രങ്ങള്‍ തെളിയുന്നു.
അടുത്ത നിമിഷം നീലകണ്ഠനിലേക്ക് ഒരു സന്ദേഹം നുരകുത്തി. മഹാരാജാവ് തന്നിലേല്പിക്കുന്ന ദൗത്യം തനിക്കു ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമോ? പൂര്‍വപരമ്പരകളുടെ അനുഗ്രഹങ്ങളുണ്ടാകുമോ?  അതിനുള്ള കാലവും നേരവും തനിക്കു കൂട്ടിനുണ്ടാകുമോ?
തറവാട്ടുകാരണവര്‍ സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ചികിത്സയും മറ്റും യഥാവിധി തന്നെ തുടരുന്നുണ്ട്. പക്ഷേ, പൂര്‍ണസൗഖ്യത്തിലേക്കെത്തണമെങ്കില്‍ കാലതാമസമുണ്ടാകും.
പക്ഷേ, ഇതു രാജകല്പനയാണ്. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. നിഷേധിക്കുന്നതെങ്ങനെ? വലിയൊരു ഭാഗ്യംതന്നെയാണു ലഭ്യമായിരിക്കുന്നത്. നിഷേധിച്ചാല്‍ തിരുവുള്ളക്കേടുണ്ടാകും. രാജകോപം വരുത്തി വയ്ക്കാനാവില്ല.
നീലകണ്ഠന്റെ മൗനം കണ്ടിട്ടെന്നവണ്ണം രാജാവു ചോദിച്ചു:
''എന്താ നീലകണ്ഠാ... സമ്മതംതന്നെയോ...?''
''തിരുവിഷ്ടംപോലെ.''
മഹാരാജാവിനു സന്തോഷമായി. നീലകണ്ഠനും സന്തോഷംതന്നെ. പക്ഷേ, വീട്ടുകാരെന്തു പറയും? തറവാട്ടുകാര്യങ്ങളില്‍ എങ്ങനെ ശ്രദ്ധിക്കാന്‍ പറ്റും?''
തറവാടിന് ഇനിയും ഒരപചയം വന്നുകൂടാ.
നീലകണ്ഠന്റെ ആശങ്കകള്‍ തികച്ചും അസ്ഥാനത്തായിരുന്നു. നീലകണ്ഠന്റെ സ്ഥാനലബ്ധിയില്‍ മരുതുകുളങ്ങരത്തറവാട്ടുകാര്‍ക്ക് അളവറ്റ സന്തോഷം. ദീനം പൂര്‍ണമായും സുഖപ്പെട്ടിരുന്നില്ലെങ്കിലും കാരണവര്‍ക്കു സന്തോഷം. അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു:
''കാളീദേവിയുടെ കടാക്ഷം. ശ്രീപദ്മനാഭന്റെ പത്തു ചക്രം വാങ്ങിക്കുകയെന്നാല്‍ നിസ്സാരമോ... മഹാഭാഗ്യം.''
''അതൊക്കെ ശരിതന്നെ,'' നീലകണ്ഠന്‍ സമ്മതിച്ചു. ''പക്ഷേ, ഞാന്‍ പത്മനാഭപുരത്തേക്കു പോയാല്‍ തറവാട്ടുകാര്യങ്ങളൊക്കെ?''
''അതൊന്നും വിചാരിച്ചു നീലകണ്ഠന്‍ വിഷമിക്കേണ്ടതില്ല'' കാരണവര്‍ പറഞ്ഞു. ''എനിക്കിപ്പോ എഴുന്നേറ്റിരിക്കാനൊക്കെ പറ്റുമല്ലോ. ഇവിടെ ഇരുന്നുകൊണ്ടാണെങ്കിലും അതൊക്കെ എനിക്കു നിവര്‍ത്തിക്കാന്‍ പറ്റും. സഹായത്തിനു കുമരനുമൊക്കെ ഉണ്ടാകുകയും ചെയ്യും.''
പിന്നീട് നീലകണ്ഠന്‍ മറുത്തൊന്നും പറഞ്ഞില്ല. എല്ലാം ദേവേച്ഛപോലെ എന്നു കരുതി.
മൂന്നാംനാള്‍ നീലകണ്ഠനെ പത്മനാഭപുരം നീലകണ്ഠസ്വാമി കോവിലിലെ കാര്യവിചാരകനായി നിയമിച്ചുകൊണ്ട് രാജമുദ്ര പതിച്ച കല്പനയെത്തി.
(തുടരും)

 

Login log record inserted successfully!