•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

നൊവേന

ലത്തീന്‍ഭാഷയില്‍നിന്നു മലയാളം കടംകൊണ്ട പദമാണ് നൊവേന  (Novena)). മൂലപദത്തിന്റെ അര്‍ത്ഥം പ്രയോഗ പ്രാചുര്യത്താല്‍ തേഞ്ഞുമാഞ്ഞുപോയിട്ടുണ്ട്. നൊവേന എന്ന പദത്തിന്റെ നിരുക്ത്യര്‍ത്ഥം മറഞ്ഞുപോയതിനാലാവാം ''നവനാള്‍ നൊവേന'' എന്ന പ്രയോഗം പ്രചാരം നേടിയത്. ശരിയെക്കാള്‍ വേഗം തെറ്റ് പ്രചരിക്കുമെന്നുള്ളത് അനുഭവസിദ്ധമാണല്ലോ!
ലത്തീനില്‍ ഒമ്പതിന് നൊവം(Novem) എന്നും ഒമ്പതുവീതം എന്നതിന് നൊവേനൂസ് എന്നും പറയും. നൊവേനൂസിന്റെ സ്ത്രീലിംഗരൂപമാണ് നൊവേന. ഒമ്പതു പ്രാവശ്യം എന്നര്‍ത്ഥം.* പോര്‍ത്തുഗീസിലും നൊവേന എന്ന പദമുണ്ട്. ഒമ്പതുദിവസം മുടങ്ങാതെ നടത്തുന്ന പ്രാര്‍ത്ഥന (devotion for nine days) എന്നാണര്‍ത്ഥം. പിന്നീട് ആ അര്‍ത്ഥത്തിലാണ് നൊവേന എന്ന വാക്ക് പ്രസിദ്ധമായത്.**
നവനാള്‍ ജപമാണ് നൊവേന. നവ എന്ന സംസ്‌കൃതവാക്കും നാള്‍ എന്ന മലയാളവാക്കും ചേര്‍ന്നുണ്ടായ രൂപമാണ് നവനാള്‍. നവന്‍ എന്ന ശബ്ദം ഉത്തരപദത്തോടു ചേരുമ്പോള്‍ പൂര്‍വരൂപം നവ എന്നാകും. നവഗ്രഹത്തിലെ നവയ്ക്ക് ഒമ്പത് എന്നും നവയുഗത്തിലെ നവയ്ക്ക് പുതിയത് എന്നും അര്‍ത്ഥം വരും. നവനാളിലെ ''നവ''യ്ക്ക് പുതിയത് എന്നര്‍ത്ഥമുള്ള വിശേഷണവുമായി ബന്ധമില്ല.
ഒമ്പതുദിവസം നീണ്ടുനില്ക്കുന്നതും ഭക്തിപൂര്‍വ്വം നടത്തിവരുന്നതുമായ പ്രാര്‍ത്ഥനയെന്നാണ് നൊവേനയ്ക്ക് രൂഢിയായിത്തീര്‍ന്ന വിവക്ഷിതം. കന്യാമാതാവിനെയും പുണ്യവാളന്മാരെയും മറ്റും സങ്കല്പിച്ചു നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ അഭീഷ്ടസിദ്ധിക്കും വിശ്വാസദൃഢതയ്ക്കുമായി വിശ്വാസികള്‍ പങ്കുകൊള്ളുന്നു. തിരുനാളിന് മുന്നൊരുക്കമെന്ന നിലയിലും നൊവേന നടത്താറുണ്ട്. നൊവേന എന്ന ശബ്ദത്തിന് ഒമ്പതുദിവസം മുടങ്ങാതെ നടത്തുന്ന പ്രാര്‍ത്ഥന എന്ന പ്രസിദ്ധിയിരിക്കേ, 'നവനാള്‍ നൊവേന' എന്ന പ്രയോഗം വിവേകശൂന്യതയുടെ നിര്‍മിതിയാണ്. വൈയാകരണന്റ ഭാഷയില്‍ പറഞ്ഞാല്‍ അര്‍ത്ഥപൗനരുക്ത്യം എന്ന ദോഷമാണത്. അനാവശ്യമായ ആവര്‍ത്തനം എന്നും പറയാം. വാര്‍ത്തകള്‍ തയ്യാറാക്കുന്നവര്‍ ശരിയായ വിവക്ഷിതത്തില്‍ ഇവയൊക്കെ ശ്രദ്ധിച്ച് വാക്കുകള്‍ പ്രയോഗിക്കേണ്ടതല്ലേ?
* ജോര്‍ജ്, കുരുക്കൂര്‍, ഡോ., ക്രൈസ്തവശബ്ദകോശം, പി.ഒ.സി. പ്രസിദ്ധീകരണം, കൊച്ചി, 2002, പുറം - 141.
** ജോസഫ്, പി.എം., മലയാളത്തിലെ പരകീയപദങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1984, പുറം - 441.

 

Login log record inserted successfully!