അത് മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടക്കാലത്തിന്റെ തുടക്കമായിരുന്നു. തിരുവിതാംകൂറിനോടു ചേര്‍ന്നുകിടന്നിരുന്ന നാട്ടുരാജ്യങ്ങളെയെല്ലാം കീഴ്‌പ്പെടുത്തി തിരുവിതാംകൂറിനെ പ്രബലവും വിസ്തൃതവുമായ ഒരു രാജ്യമാക്കിത്തീര്‍ക്കുക എന്നതായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ ലക്ഷ്യം.
തിരുവിതാംകൂറിന്റെ അയല്‍രാജ്യമായ ആറ്റിങ്ങല്‍ദേശത്തെ അത്ര വലുതല്ലാത്ത ഒരു പടനീക്കംകൊണ്ടു കീഴടക്കാന്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു കഴിഞ്ഞു. തിരുവിതാംകൂറിന്റെ പടനീക്കത്തിനു മുമ്പില്‍ ആറ്റിങ്ങല്‍റാണി നിരുപാധികം കീഴടങ്ങുകയാണുണ്ടായത്. എങ്കിലും മാര്‍ത്താണ്ഡവര്‍മ ആറ്റിങ്ങല്‍ദേശത്തെ തന്റെ ഭരണത്തിന്‍കീഴിലാക്കിയശേഷം റാണിയുമായി ഒരു കരാറുണ്ടാക്കി. അത് രജതഫലകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.
മാര്‍ത്താണ്ഡവര്‍മയുടെ മാതുലനായ ഉണ്ണിക്കേരളവര്‍മ ഭരിച്ചിരുന്ന ദേശിങ്ങനാടായിരുന്നു അടുത്ത ലക്ഷ്യം. കൊല്ലം ആസ്ഥാനമാക്കിയാണ് ഉണ്ണിക്കേരളവര്‍മ ദേശിങ്ങനാട് ഭരിച്ചിരുന്നത്.
ബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു ഉണ്ണിക്കേരളവര്‍മ. സൈനികബലത്തില്‍ പിന്നാക്കം നിന്നിരുന്ന ഉണ്ണിക്കേരളവര്‍മ കായംകുളം രാജകുടുംബത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും കായംകുളവുമായി ദൃഢമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. പിന്നീട് കായംകുളം രാജാവിന്റെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മയുടെ അധീനതയിലായിരുന്ന കല്ലടപ്രദേശം തന്റെ അധീനതയിലാക്കി.
കല്ലടപ്രദേശം നഷ്ടമായതില്‍ മാര്‍ത്താണ്ഡവര്‍മ അതീവ ദുഃഖിതനായി. കല്ലട തിരിച്ചുപിടിക്കുന്നതിനോടൊപ്പം ദേശിങ്ങനാടും കീഴ്‌പ്പെടുത്തണമെന്ന് മാര്‍ത്താണ്ഡവര്‍മ നിശ്ചയിച്ചു.
അവസരം പാര്‍ത്തിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ പടനീക്കം അപ്രതീക്ഷിതമായിരുന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി. പരാജയപ്പെട്ട ഉണ്ണിക്കേരളവര്‍മയുമായി മാര്‍ത്താണ്ഡവര്‍മ്മ ഒരു കരാറുണ്ടാക്കി.
കല്ലടപ്രദേശത്തുനിന്ന് നിശേഷം ഒഴിഞ്ഞുപോകാനും കായംകുളത്തുനിന്നുള്ള ദത്ത് റദ്ദു ചെയ്യാനും, കൊല്ലംകോട്ട ഇടിച്ചുനിരത്താനും മാര്‍ത്താണ്ഡവര്‍മയ്ക്കു കപ്പം കൊടുക്കാനും കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പക്ഷേ, വ്യവസ്ഥകളൊന്നും പലപ്പോഴും ഉണ്ണിക്കേരളവര്‍മ പാലിച്ചില്ല. ആ ലംഘനങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ ഉണ്ണിക്കേരളവര്‍മയ്ക്കു ബലം നല്കിയത് കായംകുളംരാജാവായിരുന്നു.
ക്ഷുഭിതനായ മാര്‍ത്താണ്ഡവര്‍മ്മ ഉണ്ണിക്കേരളവര്‍മയെ കീഴ്‌പ്പെടുത്തി വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ തടവില്‍ പാര്‍പ്പിച്ചു.
ഉണ്ണിക്കേരളവര്‍മ തടവിലാക്കപ്പെട്ടതോടെ കായംകുളം രാജാവിന് ഒരു കാര്യം ബോധ്യമായി. മാര്‍ത്താണ്ഡവര്‍മയുടെ അടുത്ത ലക്ഷ്യം തന്റെ രാജ്യംതന്നെ. ഏതു വിധേനയും മാര്‍ത്താണ്ഡവര്‍മയെ പ്രതിരോധിക്കുക എന്നുള്ള നിശ്ചയത്തിലേക്കു കായംകുളം രാജാവ് എത്തിച്ചേര്‍ന്നു. അതിനുള്ള കരുക്കള്‍ നീക്കാനാരംഭിച്ചു.
പുറക്കാട്, വടക്കുംകൂര്‍ കൊച്ചി എന്നീ രാജ്യങ്ങളുമായി കായംകുളംരാജാവ് സഖ്യം സ്ഥാപിച്ചു. അവരുടെ സഹായത്തോടെ ഉണ്ണിക്കേരളവര്‍മയെ വലിയ കോയിക്കല്‍ കൊട്ടാരത്തില്‍നിന്നു മോചിപ്പിച്ചു. കൊല്ലം കേന്ദ്രമാക്കി മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരേ പ്രതിരോധം സൃഷ്ടിച്ചു. ഡച്ചുകാരുടെ സഹായവും ലഭിച്ചിരുന്നു കായംകുളം രാജാവിന്.
മാര്‍ത്താണ്ഡവര്‍മ തന്റെ വിശ്വസ്തനായിരുന്ന രാമയ്യന്റെ നേതൃത്വത്തില്‍ കൊല്ലത്തേക്ക് തിരുവിതാംകൂര്‍ സൈന്യത്തെ അയച്ചു. പക്ഷേ, തിരുവിതാംകൂര്‍ പടയ്ക്ക് കായംകുളത്തിന്റെ സംയുക്തസേനയ്ക്കു മുമ്പില്‍ പരാജയപ്പെടേണ്ടിവന്നു.
കായംകുളത്തിനോടു പരാജയം രുചിച്ച മാര്‍ത്താണ്ഡവര്‍മ അടങ്ങിയിരിക്കാന്‍ തയ്യാറായിരുന്നില്ല. എങ്ങനെയും കായംകുളത്തിനെ പരാജയപ്പെടുത്താന്‍ അവസരം പാര്‍ത്തു. അഞ്ചുതെങ്ങില്‍ ആസ്ഥാനമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാരില്‍നിന്നും മാഹിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഫ്രഞ്ചുകാരില്‍നിന്നും ആയുധങ്ങള്‍ ശേഖരിച്ചു. തന്റെ സൈന്യത്തിന് ആയുധപരിശീലനം നല്കി. സേനയെ രണ്ടായി പകുത്ത് കൊല്ലത്തേക്കും കായംകുളത്തേക്കും പടനീക്കി.
അപ്രതീക്ഷിതമായിരുന്നു തിരുവിതാംകൂറിന്റെ പടനീക്കം. എങ്കിലും കായംകുളം രാജാവ് നേരിട്ട് തന്റെ സൈന്യത്തെ നയിച്ചു. യുദ്ധത്തില്‍ കായംകുളം രാജാവ് മരണപ്പെട്ടു. കായംകുളം പരാജയത്തിലേക്കു കൂപ്പുകുത്തി എന്നു തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു കായംകുളംരാജാവിന്റെ അനുജന്‍ യുദ്ധമുഖത്തെത്തുകയും സേനയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത്. ആ യുദ്ധത്തിലും തിരുവിതാംകൂറിന്റെ സൈന്യം പരാജയമറിഞ്ഞു.
പരാജയങ്ങള്‍ ഒരിക്കലും മാര്‍ത്താണ്ഡവര്‍മയെ തളര്‍ത്തിയിരുന്നില്ല. ബുദ്ധിമാനും തന്ത്രശാലിയുമായിരുന്ന മാര്‍ത്താണ്ഡവര്‍മ കാകദൃഷ്ടിയോടെ കാര്യങ്ങള്‍ നോക്കിക്കാണുകയും ബകധ്യാനത്തോടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കായംകുളത്തിനോട് ഒരേറ്റുമുട്ടല്‍ ക്ഷിപ്രസാധ്യമല്ലെന്നു മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ കൊട്ടാരക്കര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഇളയിടം സ്വരൂപത്തിനെതിരേ തന്റെ സൈന്യത്തെ നീക്കി. യുദ്ധത്തില്‍ ഇളയിടത്തു രാജാവിനെ കീഴ്‌പെടുത്തി തടവിലാക്കി. ഗത്യന്തരമില്ലാതെ ഇളയിടത്തു റാണി തെക്കുംകൂറിലേക്കു പലായനം ചെയ്തു.
മാര്‍ത്താണ്ഡവര്‍മയുടെ അപ്രമാദിത്വത്തിലും വളര്‍ച്ചയിലും ഡച്ചുകാര്‍ക്ക് ആശങ്കയുണ്ടായി. തിരുവിതാംകൂറിന്റെ വളര്‍ച്ചയും സൈനികബലവും തങ്ങള്‍ക്കു ഹാനികരമായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി.
ബറ്റോവിയയിലെ ഡച്ച് അധികാരികള്‍ സിലോണിലെത്തി ഡച്ചുഗവര്‍ണറായിരുന്ന വാന്‍ ഇംഹൂഫിനെ കണ്ട് തിരുവിതാംകൂറിലെ സ്ഥിതിഗതികള്‍ പറഞ്ഞു മനസ്സിലാക്കി മേല്‍നടപടികള്‍ സ്വീകരിക്കാനായി തിരുവിതാംകൂറിലേക്കയച്ചു.
തിരുവിതാംകൂറിലെത്തിയ ഡച്ചുഗവര്‍ണര്‍ വാന്‍ ഇംഹൂഫ് മാര്‍ത്താണ്ഡവര്‍മയെ നേരില്‍ക്കണ്ട് ഇളയിടംസ്വരൂപം, കായംകുളം എന്നീ നാട്ടുരാജ്യങ്ങളില്‍ ഇടപെട്ടതിലുള്ള പ്രതിഷേധമറിയിച്ചു. ഇളയിടത്തുറാണിയെ തെക്കുംകൂറില്‍നിന്ന് ഇളയിടത്തു സ്വരൂപത്തിലേക്ക് പുനരധിവസിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, മാര്‍ത്താണ്ഡവര്‍മ അതൊന്നും ചെവിക്കൊണ്ടില്ല.
ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മയുടെ അനുവാദമില്ലാതെ തെക്കൂംകൂറില്‍നിന്ന് റാണിയെ ഇളയിടംസ്വരൂപത്തില്‍ത്തന്നെ അവരോധിക്കുകയും മാര്‍ത്താണ്ഡവര്‍മയുടെ തുടര്‍ന്നുണ്ടായേക്കാവുന്ന എല്ലാ നീക്കങ്ങളും പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു.
തിരുവിതാംകൂര്‍ സൈന്യവും ഡച്ചുപടയും ഏറ്റുമുട്ടി. പക്ഷേ, മാര്‍ത്താണ്ഡവര്‍മയുടെ സൈന്യത്തോടു ഡച്ചുപടയും സംയുക്തസൈന്യവും പരാജയപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ ഇളയിടത്ത് സ്വരൂപത്തിനെ തിരുവിതാകൂറിനോടു ചേര്‍ത്തു. ഇളയിടത്തുറാണി കൊച്ചിയിലെ ഡച്ചുകോട്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. അതിനുശേഷം മാര്‍ത്താണ്ഡവര്‍മ വടക്കന്‍ദിക്കുകളിലേക്കു പടനീക്കി.
മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. തിരുവിതാംകൂറിന്റെ വളര്‍ച്ചയും സൈന്യബലവും തങ്ങള്‍ക്കു ഭീഷണിയാകുമെന്ന് ഡച്ചുകാര്‍ക്ക് ഉറപ്പായിരുന്നു. എങ്ങനെയും തിരുവിതാംകൂറിനെ നിശ്ശേഷം പരാജയപ്പെടുത്തുക എന്നുതന്നെ അവര്‍ തീരുമാനിച്ചു.
ഡച്ചുകാര്‍ സിലോണില്‍നിന്ന്, സായുധസേനയെ വരുത്തി. കുളച്ചല്‍ കേന്ദ്രമാക്കി തിരുവിതാംകൂറിനെ ആക്രമിക്കാന്‍ തീരുമാനിച്ചു. കുളച്ചലിനും കോട്ടാറിനും ഇടയിലുള്ള പ്രദേശങ്ങള്‍ അവര്‍ കീഴടക്കി. പിന്നീട് തിരുവിതാംകൂറിന്റെ തലസ്ഥാനമായ കല്‍ക്കുളം ആക്രമിക്കാന്‍ പദ്ധതിയിട്ടു.
വിവരമറിഞ്ഞ മാര്‍ത്താണ്ഡവര്‍മ വടക്കന്‍ ദിക്കുകളില്‍നിന്ന് തിരുവിതാംകൂര്‍ സൈന്യത്തെ തിരിച്ചു നയിച്ചു. കുളച്ചലില്‍ വച്ച് ഡച്ചുസൈന്യവുമായി ഏറ്റുമുട്ടി.
ആയിരത്തി എഴുന്നൂറ്റി നാല്പത്തൊന്നിലായിരുന്നത്. ഡച്ചുസൈന്യം തിരുവിതാംകൂര്‍പ്പടയുടെ ആയുധബലത്തിനും അംഗബലത്തിനും യുദ്ധതന്ത്രങ്ങള്‍ക്കു മുമ്പില്‍ അമ്പേ പരാജയപ്പെട്ടു. അവര്‍ കോട്ട ഉപേക്ഷിച്ച് കപ്പലിലേക്കു പിന്‍വാങ്ങി. ഡച്ചുസൈന്യത്തിന്റെ ക്യാപ്റ്റനടക്കം ഇരുപത്തിനാലുപേരെ തിരുവിതാംകൂര്‍ സൈന്യം തടവുകാരായി പിടിച്ചു.
കുളച്ചല്‍ യുദ്ധം തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ഒന്നായി. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ മുറിവേറ്റവരും അംഗഭംഗം സംഭവിച്ചവരുമായ കുറെ ഭടന്മാര്‍ തിരുവിതാംകൂര്‍ തടവറയില്‍ കാലതാമസം കൂടാതെ മരണപ്പെട്ടു.
ശേഷിച്ചവരില്‍ പ്രധാനികളായിരുന്നു ഡച്ചുകപ്പല്‍പടയുടെ തലവനായിരുന്ന ക്യാപ്റ്റണ്‍ എസ്‌തേക്ക്‌യൂസ് ബനഡിക്ട് ഡിലനായിയും ഡോണ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരാളും.
ഉത്തമനായ ഒരു വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായി. കറകളഞ്ഞ് ക്രൈസ്തവവിശ്വാസി. തിരുവിതാംകൂറിന്റെ തടവറയില്‍ കിടന്ന് ക്യാപ്റ്റന്‍ ഡിലനായി വിലപിക്കുകയോ അലമുറയിടുകയോ ചെയ്തില്ല. തന്റെ മോചനത്തിനുവേണ്ടി കേണില്ല. അദ്ദേഹം നിരാശനോ നിരാശ്രയനോ ആയി ഭവിച്ചില്ല.
അദ്ദേഹം ക്രിസ്തുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. പ്രത്യാശയുള്ളവനായിരുന്നു. പ്രത്യാശ സൂര്യനെപ്പോലെയാണ്. നാം സൂര്യനു നേരേ നടക്കുമ്പോള്‍ നമ്മുടെ ഭാരത്തിന്റെ നിഴല്‍ നമ്മുടെ പിറകില്‍ ആക്കപ്പെടുന്നു.
തടവുകാരന്‍ എന്നതൊഴിച്ചാല്‍ ക്യാപ്റ്റന്‍ ഡിലനായിക്ക് തിരുവിതാംകൂറില്‍ കാരാഗൃഹവാസകാലത്ത് പീഡനങ്ങളൊന്നുമുണ്ടായില്ല. അഥവാ ഉണ്ടായെങ്കില്‍ത്തന്നെ അതൊന്നും ക്യാപ്റ്റന്‍ ഡിലനായിയെ ഉലയ്ക്കുകയോ മഥിക്കുകയോ ചെയ്തില്ല.
ദൈവം അവന്റെ ഓളങ്ങളും തിരമാലകളും തന്റെമേല്‍ അയയ്ക്കുന്നു. കാറ്റിനെ അതിന്റെ ഗുഹാമുഖങ്ങളില്‍നിന്നു കെട്ടറുത്തു വിടുന്നു. അതില്‍ താന്‍ ചുവടുതെറ്റുകയോ മുങ്ങിപ്പോകുകയോ ചെയ്യുന്നില്ല. എന്തെന്നാല്‍, പാറപോലെ ഉറപ്പുള്ള ഒരു വിശ്വാസിയുടെ മുമ്പില്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു പ്രഭാതവും പുലരുകയില്ല. ക്യാപ്റ്റന്‍ ഡിലനായി അങ്ങനെ വിശ്വാസംകൊണ്ടു.
ക്രമേണ തിരുവിതാംകൂര്‍ സൈന്യത്തിനും മഹാരാജാവിനും ആദരണീയനായ വ്യക്തിയായിത്തീര്‍ന്നു ക്യാപ്റ്റന്‍ ഡിലനായി. ഒരു നിയോഗംപോലെയായിരുന്നത്.
ശത്രുസംഹാരമൂര്‍ത്തി എന്നു പരക്കെ അറിയപ്പെട്ടിരുന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്യാപ്റ്റന്‍ ഡിലനായില്‍ ഒരു ശത്രുവിനെ കണ്ടില്ല. പകരം, തിരുവിതാംകൂറിന്റെ ഒരു മിത്രത്തെ ദര്‍ശനംകൊണ്ടു.
ശൗല്‍ ദാവീദിനെ കൊല്ലുന്നതിന് അന്വേഷിച്ചു നടന്നു. പക്ഷേ, ദാവീദ് ശൗലിനെ അതിജീവിച്ച് അവന്റെ സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്തു.
അന്തസ്സുറ്റതും ആകര്‍ഷണീയവുമായിരുന്നു ഡിലനായിയുടെ വ്യക്തിത്വം. ഇരുണ്ട വാക്കുകള്‍ അദ്ദേഹത്തില്‍നിന്നുണ്ടായില്ല. മനമുടഞ്ഞവനോ കോപിഷ്ഠനോ ആയി അദ്ദേഹത്തെ കണ്ടില്ല.
ധനവാന്‍ തന്റെ കളപ്പുരകളും വയലും വിസ്തൃതമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഡിലനായി ഹൃദയത്തില്‍ ദൈവത്തിനുള്ള കളപ്പുരകളും വയലുകളും വിസ്തൃതമാക്കാന്‍ ആഗ്രഹിച്ചു.
മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ ഡിലനായി തിരുവിതാംകൂര്‍ പടയുടെ സേനാനായകനായി അവരോധിക്കപ്പെട്ടു. വലിയ കപ്പിത്താന്‍ എന്ന പട്ടവും പതിച്ചു നല്കി.
ഇങ്ങനെ സംഭവിക്കണമെന്ന് കാലം വാനമേഘങ്ങളില്‍ എഴുതിവച്ചിരിക്കണം.
v