കവിതയും ഗാനവും തമ്മിലുള്ള വ്യത്യാസമെന്ത് എന്നു പലരും ചോദിക്കാറുണ്ട്. കവിത തികച്ചും സ്വതന്ത്രസൃഷ്ടിയാണ്. എന്നാല്‍, ഗാനം അങ്ങനെയല്ല. അതു പൂര്‍ണമാകണമെങ്കില്‍ രചയിതാവിനെക്കൂടാതെ സംഗീതസംവിധായകന്റെയും പാടുന്ന ആളിന്റെയും സംഭാവനകള്‍ ഒത്തുചേരേണ്ടതുണ്ട്. ചലച്ചിത്രഗാനമാണെങ്കില്‍ ചിത്രീകരിക്കുന്ന സംവിധായകന്റെ സാമര്‍ത്ഥ്യവും അനിവാര്യമായിത്തീരുന്നു. ഇത്രയൊക്കെ കടമ്പകള്‍ കടന്നാണ് പഴയ ഗാനങ്ങള്‍ പലതും നമ്മെ പാലമൃതൂട്ടിയത്. അതേസമയം, ഇക്കാലത്തിറങ്ങുന്ന ചലച്ചിത്രഗാനങ്ങള്‍ മിക്കതും ഡക്ക്‌വേല മാത്രമായി അധഃപതിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ഈ ഗാനം ശ്രദ്ധിക്കുക:
''പച്ചപ്പായല്‍ പോലെന്നുള്ളില്‍ പറ്റിപ്പിടിച്ചു
പിറ്റേന്നാളെന്‍ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമവെട്ടിയ നേരത്തെന്നോടടുത്തിരുന്ന്
ഉള്ളംകൈയിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന്''
(ചിത്രം - സൂപ്പര്‍ ശരണ്യ; രചന - സുഹൈല്‍ കോയ; സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ്; ആലാപനം - കാതറിന്‍ ഫ്രാന്‍സിസ്, ക്രിസ്റ്റിന്‍ ജോസ്)
ഗാനത്തിന്റെ തുടക്കത്തിലുള്ള ഭാവനതന്നെ എത്ര വികലമാണെന്നു നോക്കുക. നായിക തന്റെയുള്ളില്‍ കടന്നതിനെക്കുറിച്ചാണു പറയുന്നതെന്നും ഓര്‍ക്കുക. എഴുതുന്ന വരികള്‍ക്ക് അര്‍ത്ഥം വേണമെന്ന നിര്‍ബന്ധമൊന്നും പുതിയ ഗാനരചയിതാക്കള്‍ക്കു തീരെയില്ല. ശ്വാസം മുട്ടിയാലും പ്രാസം മുട്ടരുത് എന്ന ശ്രദ്ധ മാത്രമേ അവര്‍ക്കുള്ളൂ. അതുകൊണ്ടാണ് ആദ്യത്തെ വരിയില്‍ 'പച്ചപ്പായല്‍' വന്നപ്പോള്‍ രണ്ടാമത്തെ വരിയില്‍ 'മച്ചിന്നുള്ളം' എന്നെഴുതാന്‍ സുഹൈല്‍ കോയ നിര്‍ബദ്ധനായത്. കണ്ണിമ വെട്ടാതെ ജീവിക്കാനൊക്കില്ലല്ലോ. ആ നേരത്ത് അവള്‍ അവന്റെ അടുത്തിരുന്നുപോലും! അതുകഴിഞ്ഞുള്ള പ്രവൃത്തിയാണ് അസഹനീയം. ഉള്ളംകൈയില്‍ ടവ്വല് ഞെക്കിപ്പിടിച്ചിരുന്നു. അതിന്റെ ഉദ്ദേശ്യമെന്തെന്നോ അങ്ങനെ ചെയ്തതുകൊണ്ടു ഗാനത്തിന് എന്തു പ്രയോജനം ലഭിച്ചുവെന്നോ വ്യക്തമല്ല. പൊട്ടക്കണ്ണന്‍ മാവില്‍ എറിയുമ്പോലെ ഗാനരചയിതാവ് ഭാവനയുടെ കൊണിയെടുത്ത് ഭാഷയുടെ മാവില്‍ എറിയുന്നു.
പഴുത്തതോ വിളഞ്ഞതോ ആയ മാങ്ങ വീഴേണ്ടതിനു പകരം കുരുടുപിടിച്ച, കേടുവന്ന മാങ്ങയാണു വീഴുന്നത്. കഷ്ടം എന്നല്ലാതെന്തു പറയാന്‍!
''വെറുംകാലില്‍ നടന്നെന്റെ കരളിന്റെ
കതകെല്ലാം തുറന്നില്ലേ
കെറുവെല്ലാമിരുകാതിന്നരികത്ത്
അടക്കംപോല്‍ പറഞ്ഞില്ലേ
വരമ്പത്തുമിരമ്പത്തും
കുടചൂടാ മഴയത്തും
കൊടുവേനല്‍ നടുവത്തും
തണലില്ലാത്തൊരിടത്തും
കാറ്റുപോലെ നീയെന്നെ
കാത്തുനിന്നില്ലേ?''
വര്‍ഷങ്ങള്‍ക്കുമുമ്പ് വയലാര്‍ രാമവര്‍മയാണു നഗ്നമായ കാലടികളെക്കുറിച്ച് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
1. ''ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായകത്തു വരൂ'' (ചെമ്പരത്തി)
2. ''മദ്ധ്യവേനലവധിയായി-ഓര്‍മകള്‍
ചിത്രശാല തുറക്കുകയായി
മുത്തുകളില്‍ ചവിട്ടി മുള്ളുകളില്‍ ചവിട്ടി
നഗ്നമായ കാലടികള്‍ - മനസ്സിന്‍ കാലടികള്‍'' (നിലയ്ക്കാത്ത ചലനങ്ങള്‍)
വയലാറിന്റെ പ്രയോഗങ്ങളുടെ ഓജസ്സ് തിരിച്ചറിയുക. അദ്ദേഹത്തിന്റെ രണ്ടു പാട്ടുകളിലെയും പ്രയോഗങ്ങള്‍ക്ക് അവയുടേതായ പ്രാധാന്യമുണ്ട്. എന്നാല്‍, 'സൂപ്പര്‍ ശരണ്യ'യിലെ ഗാനത്തില്‍ വെറും കാലില്‍ നടന്നതിന്റെ തഴമ്പ് ആസ്വാദകരില്‍ ജുഗുപ്‌സ ഉളവാക്കുന്നു. കരളിന്റെ കതകെല്ലാം തുറക്കുന്നതിനു വെറുംകാലില്‍ നടക്കേണ്ടിവന്നതിന്റെ പ്രസക്തിയും മനസ്സിലാകുന്നില്ല. കാറ്റുപോലെ കാത്തുനിന്ന സ്ഥലങ്ങള്‍ കണ്ടില്ലേ? അത്യുന്നതിയില്‍ അഭിരമിക്കാന്‍ ഈ രചയിതാവിനു തെല്ലും മടിയില്ല. എന്തെഴുതിയാലും അതു ഗാനമാകുമെന്നും ശ്രോതാക്കള്‍ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളുമെന്നും അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നു. അതിനെക്കാള്‍ മൗഢ്യം മറ്റെന്താണ്?