•  9 May 2024
  •  ദീപം 57
  •  നാളം 9
കേരളത്തിലെ പക്ഷികള്‍

പരുന്തുജാതികള്‍

ലോകത്തിന്റെ എല്ലാ ഭാഗത്തും കണ്ടുവരുന്ന ഒരു പക്ഷിയാണ് പരുന്ത്. പശ്ചിമഘട്ടത്തിലും കേരളത്തിന്റെ മിക്കയിടങ്ങളിലും പരുന്തിനെ കാണാം.
അമ്പതിലധികം ഇനം പരുന്തുകളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. മികച്ച വേട്ടക്കാരായ ഇവ തങ്ങള്‍ കൊല്ലുന്ന ഇരകളെത്തന്നെയാണു പ്രധാനമായും തിന്നുക. അവശിഷ്ടഭോജ്യവും നടത്താറുണ്ട്. അതിനാല്‍ ഇവയെ സ്‌കാവന്‍ജേഴ്‌സ് (Scavengers)എന്നു വിളിക്കുന്നു. പരുന്തുകളില്‍ത്തന്നെ ഓസ്‌പെറി (Ospery), ഹാക്(Hawk), ഈഗിള്‍ (Eagle),, ഹാരിയര്‍ Harrier) എന്നിങ്ങനെ പല ജാതികളുണ്ട്. കേരളത്തില്‍ കാണുന്ന പരുന്തുജാതികളാണ് കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്, പ്രാപ്പിടിയന്‍, വെള്ളി എറിയന്‍, കരിമ്പരുന്ത്, മലമ്പുള്ള് എന്നിവ. ഇവയില്‍ത്തന്നെ കൃഷ്ണപ്പരുന്ത് പ്രധാനയിനമാണ്.
കൃഷ്ണപ്പരുന്തുകള്‍ ഗരുഡന്‍ എന്നും ചെമ്പരുന്ത് എന്നും രണ്ടു തരമുണ്ട്. ചെമ്പന്‍ ശരീരവും തല, കഴുത്ത്, നെഞ്ച് ഇടങ്ങളില്‍ വെള്ളനിറവുമുള്ള സുന്ദരപ്പക്ഷിയാണ് കൃഷ്ണപ്പരുന്ത് അഥവാ ബ്രാമിണി കൈറ്റ് (Brahminy kite). ആണും പെണ്ണും ഒരേപോലെ കാണപ്പെടുന്നു. അല്പം വലിപ്പവ്യത്യാസം കാണുമെന്നു മാത്രം. മീന്‍ ഭക്ഷണം നന്നേ ഇഷ്ടപ്പെടുന്ന കൃഷ്ണപ്പരുന്തുകള്‍ പുഴകളുടെയും ജലാശയങ്ങളുടെയും സമീപത്തു താമസിക്കുന്നു. തടിച്ചുനീണ്ട കൊക്കുകള്‍, ബലവത്തായ കാല്‍വിരലുകള്‍, നീണ്ടുവളഞ്ഞ നഖങ്ങള്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേതകതകളാണ്. ഈ പക്ഷിക്ക് 80 സെന്റീമീറ്ററോ പരമാവധി ഒരു മീറ്റര്‍വരെയോ നീളമുണ്ടാകും.
ഒന്നാന്തരം വേട്ടക്കാരും മാംസഭോജികളുമാണ് പരുന്തുകളില്‍ മിക്കവയും. പക്ഷിക്കുഞ്ഞുങ്ങള്‍, ഇഴജന്തുക്കള്‍, മീനുകള്‍ എന്നിങ്ങനെ തരംപോലെ എന്തു കിട്ടിയാലും ആഹരിക്കുന്നു. തൂവല്‍ത്തൊപ്പിക്കാരായ കിന്നരിപ്പരുന്തും ചെമ്പന്മാരായ മീന്‍പരുന്തുമാണ് കേരളത്തില്‍ കാണുന്ന വമ്പന്‍പരുന്തുകള്‍.
പ്രാപ്പിടിയന്മാര്‍ കൃഷ്ണപ്പരുന്തിനെക്കാള്‍ ചെറുതും ആക്രമണകാരികളുമാണ്. ചാരനിറത്തിലോ തവിട്ടുനിറത്തിലോ, ഉള്ള പുറവും കൊക്കുമുതല്‍ വാലറ്റംവരെ കാണുന്ന തവിട്ടുപുള്ളിയുള്ള വെളുത്ത വയറും ഇതിന്റെ പ്രത്യേകതതന്നെ.
മാലിന്യങ്ങളുടെ സൂചകപ്പക്ഷികളാണു പരുന്തുകള്‍. കഴുകനും കാക്കയുമൊക്കെ ഇതേ വര്‍ഗത്തില്‍പ്പെടുന്നവരാണ്. പരുന്തുകളുടെ പ്രിയ വിഭവങ്ങളിലൊന്നാണ് എലി. ആയതിനാല്‍, കര്‍ഷകന്റെ ഉറ്റ സഹായികൂടിയാണ് ഈ പക്ഷി.
ചിറകിനറ്റത്തും ചുമലിലും കറുപ്പും ദേഹമാസകലം ചാരനിറമാര്‍ന്നതുമായ ചുവന്ന കണ്ണുള്ള ചെറുപരുന്താണ് വെള്ളി എറിയന്‍ (Black winged kite).
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നതാണ് കിന്നരിപ്പരുന്ത്. ചക്കിപ്പരുന്തിനെക്കാള്‍ കുറെക്കൂടി വലിപ്പമുണ്ടാകും. വാലിന്റെയറ്റം ചതുരാകൃതിയിലാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് വെള്ളനിറമായിരിക്കും. കാടുകളിലും ധാരാളം മരങ്ങളുള്ള നാട്ടിന്‍പുറങ്ങളിലും കിന്നരിപ്പരുന്തിനെ കാണാനാവും.
മറ്റൊരു വിഭാഗമാണ് താലിപ്പരുന്ത്. കഴുത്തില്‍ താലിമാല അണിയുമ്പോലെ ഒരു അടയാളമുള്ളതിനാലാണ് താലിപ്പരുന്തിന് ആ പേരുണ്ടായത്. നീളമുള്ള ചിറകും നീളം കുറഞ്ഞ വാലും പ്രത്യേകതയാണ്. ദേഹവും മറ്റു ഭാഗവും തവിട്ടും വെള്ളയും ചേര്‍ന്നതാണ്.
പരുന്തിന്റെ കുടുംബം: അക്‌സിപിട്രിഡേ. (Accipitridae).

 

Login log record inserted successfully!