•  9 May 2024
  •  ദീപം 57
  •  നാളം 9
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വിഭക്തിയോടു വിരക്തിയോ?

മ്മുടെ മാതൃഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ ആവശ്യമാണെന്നു മനസ്സിലാക്കിയതുകൊണ്ടാണ് താഴ്ന്ന ക്ലാസില്‍ത്തന്നെ വിഭക്തി പഠിപ്പിക്കുന്നത്. വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കാന്‍ നാമത്തില്‍ വരുത്തുന്ന രൂപഭേദമാണ് വിഭക്തി. അങ്ങനെ രൂപഭേദം വരുത്താന്‍ ചേര്‍ക്കുന്ന പ്രത്യയങ്ങളാണ് പ്രധാനം. ഓരോ വിഭക്തിക്കും പ്രത്യേകം പ്രത്യേകം പ്രത്യയമാണുതാനും. ഇതു ഗ്രഹിക്കാതെ ഭാഷയില്‍ എന്തെഴുതിയാലും ശരിയാവുകയില്ല. പള്ളിക്കൂടത്തില്‍ വിഭക്തി പഠിപ്പിച്ചപ്പോള്‍ ക്ലാസില്‍ കയറാത്തവര്‍ ഗാനരചനാരംഗത്തുണ്ടെന്ന് ഇതിനകംതന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇതാ:
''നീയും ഞാനും ചേരുമൊരു പകലേ പകലേ
ചേരും മുമ്പെ മായരുതെ നീയിനി അകലേ
ആകാശംപോല്‍ നീ
ഞാന്‍ താഴെയേതോ കടലേ'' (ചിത്രം-സുമേഷ് രമേഷ്; രചന-വിനായക് ശശികുമാര്‍; സംഗീതം-യക്‌സാന്‍ ഗാരി പെരേര, നേഹ എസ്. നായര്‍; ആലാപനം - സംഗീത്, സ്‌നേഹ എസ്. നായര്‍) ഗാനത്തില്‍ പ്രാസമാകാം. പക്ഷേ, അത് ഔചിത്യത്തിനു നിരക്കുന്നതാകണം. ഇതാ ഇങ്ങനെ:
''മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് - നല്ല
ചുവന്ന താമരച്ചെണ്ട്
പറന്നു വന്നൊരു വണ്ട് - അതില്‍
മധുവും കാത്തിരുപ്പുണ്ട്.'' (ചിത്രം - മരം)
യൂസഫലി കേച്ചേരി എഴുതിയ ഈ വരികളില്‍ അന്ത്യപ്രാസത്തിന്റെ അനായാസകരമായ പ്രയോഗവും അതുമൂലം ഇവയ്ക്കു വന്നുചേര്‍ന്ന ശ്രവണസുഖവും നാം തിരിച്ചറിയുന്നു. എന്നാല്‍ 'സുമേഷ് & രമേഷ്' എന്ന ചിത്രത്തിലെ ഗാനം ഇത്തരത്തിലാണോ? രണ്ടാമത്തെ വരിയിലെ 'അകലേ' എന്നതിനൊപ്പം നില്ക്കാന്‍ പാകത്തില്‍ പകലിനെ 'പകലേ' (ഒരിക്കലല്ല, രണ്ടുതവണ) എന്നും കടലിനെ 'കടലേ' എന്നും രൂപഭേദം വരുത്തിയപ്പോള്‍ ഗാനം അരോചകമായി. അമൃതസമാനമായ ഭാഷയാണ് മലയാളം. അതിനെ കിരിയാത്തു കഷായംപോലെ കയ്പുളവാക്കുന്നതാക്കിയിരിക്കുന്ന പാട്ടെഴുത്തുകാരന്‍.
''നീയും ഞാനും' (നായികാനായകന്മാര്‍) സംഗമിക്കുന്നത് ഒരു പകലിലാണെന്നു നമ്മെ അറിയിക്കാനാണ് ഈ പുകിലെല്ലാം. അവന്‍ ആകാശംപോലെ ഉയരെയും താന്‍ കടല്‍പോലെ താഴെയുമാണെന്നു വേറേ പറയുന്നുമുണ്ട് നായിക. ഈ നാലു വരികള്‍ ചേര്‍ത്തു വച്ചാല്‍ നമുക്ക് വായിച്ചെടുക്കാനാകുന്ന ആശയമെന്തെന്നു രചയിതാവ് ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കു നിശ്ചയം പോരാ. തെല്ലൊന്ന് ആലോചിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ കടകവിരുദ്ധമായ വരികള്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍നിന്ന് ഊര്‍ന്നുവീഴുമായിരുന്നില്ല എന്നു തീര്‍ച്ച.
''ദൂരെ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ വിങ്ങി
മറുപടി ഒരു വരി
അതിലൊരു മധുനിലാച്ചിരി
പല പല ഞൊടികളില്‍
തിരഞ്ഞു വാടുകയായ് ഞാന്‍
നിന്‍ കവിളിലെ തൂമണം തേടി ഞാന്‍
എന്‍ ഇതളായ് വരൂ നീയരികെ''
മോഹവും ദാഹവും കൂടാതെ പാട്ടെഴുത്തുകാര്‍ക്ക് ഇന്നും പേനയുന്താന്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. മാരിവില്ലും നിലാവും ഇപ്പോഴും അവര്‍ക്ക് പ്രിയപ്പെട്ട കാവ്യപ്രതീകങ്ങളാണ്. ചിലരെല്ലാം അന്തസ്സായി അവയെ ഉപയോഗിച്ച് നമ്മെ അദ്ഭുതപ്പെടുത്തി. ഇത് യുഗ്മഗാനമാണ്. നായകനും നായികയും വരികള്‍ മാറി മാറി പാടുന്നു എന്നല്ലാതെ അതിന് ഒരു വ്യവസ്ഥയുമില്ല.
''കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍
കണ്‍മണിയെക്കണ്ടുവോ നീ
കവിളിണ തഴുകിയോ നീ'' (ചിത്രം - പിക്‌നിക്)
എന്നെഴുതി ശ്രീകുമാരന്‍ തമ്പി. നായികയുടെ കവിളുകളിലെ കസ്തൂരിഗന്ധം നായകനു മാത്രമല്ല ആസ്വാദകര്‍ക്കും നേരിട്ടനുഭവിപ്പിച്ചുതന്നു പ്രഗല്ഭനായ ഈ പാട്ടെഴുത്തുകാരന്‍. നവീനഗാനരചയിതാവ് നായികയുടെ കവിളിലെ തൂമണം തേടി നടക്കുന്നു. അവള്‍ ഇതളായി അരികിലെത്താന്‍ (അതെങ്ങനെയെന്ന് അദ്ദേഹംതന്നെ പറഞ്ഞുതരണം) അതിയായ മോഹത്തോടെ കഴിയുകയും ചെയ്യുന്നു. ഈ രചയിതാവിനോടു സഹൃദയര്‍ക്ക് പുച്ഛമല്ലാതെ മറ്റെന്തു തോന്നാന്‍?  

 

Login log record inserted successfully!