•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ദേവാങ്കണം

കാരാഗൃഹം.
കനത്ത ഇരുട്ട്. ഇരുട്ടിന് പൂതലിച്ച ഒരു ഗന്ധമുണ്ടെന്ന് ദേവസഹായത്തിനു തോന്നി. മനം മടുപ്പിക്കുന്ന ഒരു ഗന്ധം. ഇപ്പോള്‍ രാത്രിയോ പകലോ...?
നിശ്ചയമില്ല. തടവറയ്ക്കുള്ളിലേക്കു വെളിച്ചത്തിനു കടന്നുവരാന്‍ ഒരു നൂലോട്ടപോലുമില്ല.
രാത്രിയായിരുന്നു.
പത്മനാഭപുരം കോട്ടയ്ക്കു പുറത്തു കാറ്റുവീശി. വെളിമ്പറമ്പുകളില്‍ കരിമ്പനകളുടെ ഇരുട്ടു വിശറികളില്‍ കാറ്റുപിടിച്ചു. കാറ്റില്‍ പൂവരശുകള്‍ തലയറഞ്ഞു. പുളിമരച്ചില്ലകളില്‍ കാറ്റ് മൂളക്കംകൊണ്ടു.
പുറത്തുനിന്ന്, കാറ്റിന്റെ മൂളക്കമോ ഇലയനക്കങ്ങളോ ദേവസഹായത്തിനു കേള്‍ക്കായില്ല. ഒരു രാപ്പാടിയുടെ ചിലമ്പല്‍പോലും ദേവസഹായത്തിനെ തേടിയെത്തിയില്ല.
കരിങ്കല്‍ ചുവരുകളാല്‍ തീര്‍ത്തതാണു തടവറ. കനത്ത ഇരുമ്പഴികളാല്‍ കവാടം കെട്ടിയ തടവറയ്ക്കുള്ളില്‍, ജടകെട്ടിയ ഇരുട്ടില്‍ ചുവരും ചാരിയിരുന്നു ദേവസഹായം. കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു.
കണ്ണുകളടച്ചാലും ഇരുട്ട്. കണ്ണുകള്‍ തുറന്നാലും ഇരുട്ട്. സര്‍വത്ര ഇരുട്ട്. ഇരുട്ട് ചികുരം വിതറിയ തടവറയ്ക്കുള്ളില്‍ ദേവസഹായത്തിന് ഒന്നും കാണായില്ല. ഒന്നും കേള്‍ക്കായില്ല.
മനുഷ്യജീവിതത്തിന്റെ വിധിവിഹിതങ്ങള്‍ ആര്‍ക്കു കണ്ടെത്താന്‍ കഴിയും...? കാലത്തിന്റെ നിയോഗങ്ങള്‍ ആര്‍ക്കു മാറ്റിമറിക്കാന്‍ കഴിയും...?
ദേവസഹായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പത്മനാഭപുരം കോട്ടയുടെ നിര്‍മാണം. കോട്ടയ്ക്കുള്ളിലെ തടവറകളുടെയും. പത്മനാഭപുരം കോട്ടയുടേതു മാത്രമല്ല ഉദയഗിരിക്കോട്ടയുടെ നിര്‍മാണവും ദേവസഹായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.
അതൊരു കാലം. അധികാരത്തിന്റെ അംഗവസ്ത്രങ്ങളും അംഗീകാരത്തിന്റെ ഉത്തരീയവും അണിഞ്ഞിരുന്ന കാലം. മുളങ്കാടുകള്‍ പൂക്കുകയും വേപ്പുമരങ്ങള്‍ തളിര്‍ക്കുകയും ചെയ്തിരുന്ന കാലം.
ആഷാഢത്തിലെ മഴനൂല്‍പ്പെയ്ത്തും ആവണിയിലെ വെയില്‍ത്തുമ്പിത്തുള്ളാട്ടവും മകരത്തിലെ മഞ്ഞുവീഴ്ചക്കുളിരും ദേവസഹായം ഓര്‍മിക്കുന്നു. പക്ഷേ, അതെല്ലാം ആ കരുണാമയനായവന്‍ തന്നില്‍നിന്ന് എടുത്തുമാറ്റിയിരിക്കുന്നു.
താനിപ്പോള്‍ പത്മനാഭപുരം കോട്ടയിലെ കാരാഗൃഹത്തിലാണ്...
ഒരുതുള്ളി ജലം... ദേവസഹായത്തിന്റെ ചുണ്ടുകളില്‍ ദാഹം പൊരിഞ്ഞു. തൊണ്ട വരണ്ടു.
ഒരു വറ്റ് ആഹാരം... വയറിനുള്ളില്‍ വിശപ്പിന്റെ പന്നഗങ്ങള്‍ ഫണം വിടര്‍ത്തുന്നു. പുളയുന്നു.
ഒരിറ്റു വെളിച്ചം... ദേവസഹായം ഇരുട്ടിലേക്കു കണ്ണുകള്‍ മിഴിച്ചു. കണ്ണുകള്‍ പ്രകാശം പരത്തുന്നു.
ജടകെട്ടിയ ഇരുട്ടിന്റെ കരിമ്പടത്തിനുള്ളില്‍ ദേവസഹായത്തിനു വീര്‍പ്പുമുട്ടുന്നു. കാലം കാരാഗൃഹത്തിനുള്ളില്‍ മരിച്ചുമരവിച്ചു കിടക്കുന്നതുപോലെ ദേവസഹായത്തിനു തോന്നി.
സമയകാലങ്ങളെക്കുറിച്ച് ദേവസഹായത്തിനു നിശ്ചയം കിട്ടുന്നില്ല. സമയകാലങ്ങളളന്നു കുറിക്കാന്‍ തടവറയ്ക്കുള്ളില്‍ മാപിനികളൊന്നുമില്ല. ഇരുട്ടിന്റെ കരിങ്കടല്‍പോലെ ഇരുണ്ടതായിരുന്നു ദേവസഹായത്തിനു കാലവും.
ദേവസഹായത്തിന് അനങ്ങാന്‍ കഴിയുന്നില്ല. കാലുകളില്‍ വിലങ്ങു തറച്ചിരുന്നു. വിലങ്ങുരഞ്ഞ് കണങ്കാലുകളിലെ തോലുപൊട്ടിയിരുന്നു. ചങ്ങലകളാല്‍ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നു. വാള്‍പ്പിടികൊണ്ടും ചാട്ടവാറുകൊണ്ടുമുള്ള പ്രഹരത്താല്‍ മുതുകിലെയും നെഞ്ചിലെയും മാംസം മുറിഞ്ഞിരുന്നു. അവിടെനിന്ന് രക്തവും വെള്ളവും പുറപ്പെടുന്നു.
ശരീരമാസകലം കൊത്തിനുറുക്കിയതുപോലെ വേദനിക്കുന്നു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി പൊട്ടാന്‍ നില്ക്കുന്നു. ഒരു മനുഷ്യനു സഹിക്കാന്‍ പറ്റുന്നതിലപ്പുറമായിരുന്നു ദേവസഹായത്തിന്റെ ശാരീരികപീഡകള്‍.
പക്ഷേ, ദേവസഹായത്തിന്റെ മനസ്സ് അദ്ദേഹത്തിന്റെ ശാരീരികവേദനകളെ തൊട്ടില്ല. ഒരു വെളിച്ചം ജറുസലേം ദേവാലയത്തിലെ അണയാദീപംപോലെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കുന്നു. അത് ക്രിസ്തുദേവനിലുള്ള വിശ്വാസമാണ്. സ്‌നേഹമാണ്. ഭക്തിയാണ്. ദേവസഹായത്തിന്റെ പ്രാര്‍ത്ഥനയാണ്.
അവിടെ ദുഃഖങ്ങളുടെ കാര്‍മേഘങ്ങള്‍ ദുന്ദുഭിയുയര്‍ത്തുന്നില്ല. സങ്കടങ്ങളുടെ ചാവുകടല്‍ തിരയുയര്‍ത്തുന്നില്ല. അത് പ്രാണഭയത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക് അഭിമുഖം നില്ക്കുന്നില്ല.
ദേവസഹായത്തിന്റെ ഹൃദയം തിരയടങ്ങിയ ഗലീലിയാത്തടാകംപോലെ ശാന്തവും പ്രത്യാശയുടെ നീലിമയാര്‍ന്നതുമായിരുന്നു. അത് മഞ്ഞണിഞ്ഞ സീയോന്‍പര്‍വതംപോലെ സദാ ദൈവത്തെ നോക്കി ശാന്തമായിരിക്കുന്നു.
എങ്കിലും ശാരീരികവേദനകള്‍ അവര്‍ണനീയംതന്നെ. എഴുന്നേല്ക്കാനോ തടവറയിലെ ഇത്തിരിവട്ടത്തില്‍ നടക്കുവാനോ ദേവസഹായത്തിനു കഴിയുമായിരുന്നില്ല. ശരീരത്തിന്റെ കെല്പ് അപ്പാടെ അറ്റുപോയിരുന്നു.
കൊടിയ വേനല്‍ക്കാലമായിരുന്നിരിക്കണം... എന്തെന്നാല്‍, അത്രമേല്‍ ഉഷ്ണം പെയ്യുന്നുണ്ടായിരുന്നു തടവറയ്ക്കുള്ളില്‍. ഉഷ്ണത്തിന്റെ ശരമുനകള്‍ ശരീരത്തില്‍ തറഞ്ഞിറങ്ങുന്നു. രോമകൂപങ്ങളില്‍ വിയര്‍പ്പു പൊടിയുന്നു. ദേഹമാകെ വിയര്‍പ്പു ചാലുകീറിയപ്പോള്‍ ദേവസഹായത്തിന് അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ടു.
രാജഭടന്മാര്‍ ഒരു കൊടുംകുറ്റവാളിയോടെന്നവണ്ണമാണ് ദേവസഹായത്തോടു പെരുമാറിയത്. അത്രമേല്‍ ക്രൂരമായാണ് അവര്‍ അദ്ദേഹത്തെ മര്‍ദിച്ചത്.
പ്രഹരമേല്ക്കുംതോറും ദേവസഹായം കൂടുതല്‍ സൗമ്യനും നിശ്ശബ്ദനുമായി കാണപ്പെട്ടു. ഈ നിശ്ശബ്ദതയും സൗമ്യവുമാണ് രാജഭടന്മാരെ ഏറെ പ്രകോപിതരാക്കിയത്. ആ സഹനമത്രയും അദ്ദേഹത്തിന്റെ അഹങ്കാരംകൊണ്ടാണെന്നു രാജഭടന്മാര്‍ കണക്കുകൂട്ടി.
പക്ഷേ, ദേവസഹായത്തിന്റെ ഹൃദയത്തില്‍ തിരുവെഴുത്തുകളുടെ ആശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളൊക്കെ സഹിക്കാന്‍ കഴിഞ്ഞതെന്നു രാജഭടന്മാര്‍ക്കു മനസ്സിലായില്ല. അവരുടെ മനസ്സുനിറയെ ദുഷ്ടതയും വായ നിറയെ വ്യാജവുമായിരുന്നു. അവര്‍ ലോകത്തെക്കുറിച്ച് ഒന്നും അറിയുന്നില്ല. അവരില്‍ ഒന്നും അവശേഷിക്കുന്നില്ല. അവര്‍ വൃഥാവില്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന ചേങ്ങിലയോ ആകുന്നു. അവര്‍ ഭൂമിയിലെ നശ്വരമായ അധികാരത്തിന്റെ അടയാളമുദ്രകള്‍ അണിയുന്നു. താനോ... മഹനീയവും കാലാതിവര്‍ത്തിയുമായ സ്വര്‍ഗരാജ്യത്തിന്റെ അംഗവസ്ത്രം ധരിപ്പാനായി ആഗ്രഹിക്കുന്നു.
തന്റെ പ്രവൃത്തികളൊക്കെയും ദൈവനീതിയുടെ നിര്‍വഹണത്തിനുവേണ്ടിയാണ് അഥവാ തന്നിലൂടെ നടപ്പാകുന്നതൊക്കെയും ദൈവനീതിയുടെ നടത്തിപ്പാണ്.
അല്ലെങ്കില്‍ ഇപ്രകാരമൊന്നും സംഭവിക്കേണ്ടതില്ല. തനിക്കുള്ള സമയമായിരിക്കുന്നു. ഒരു കല്ലേറു ദൂരത്തിനപ്പുറം ദേവസഹായം തന്റെ മരണം കണ്ടു.
ദൂരെയെവിടെയോ വടവൃക്ഷങ്ങളും കരിഞ്ചുരമുള്‍ച്ചെടികളും നിറഞ്ഞ താഴ്‌വരകള്‍ക്കപ്പുറത്തു വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു മല ദേവസഹായം കാണുന്നു. അവിടെ ഉയര്‍ത്തി നാട്ടിയിരിക്കുന്ന ഒരു കുരിശുമരം. അതു തനിക്കുള്ളതാണ്.
ദൈവമേ, എന്റെ വൈരികള്‍ എത്രയോ പെരുകിയിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും സഖ്യകക്ഷികള്‍ എനിക്കെതിരേ സംഘം ചേരുന്നു. അവരെന്റെ ഹൃദയത്തെ ചിതറിച്ചുകളയുന്നു. അവരെന്റെ അസ്ഥികള്‍ തകര്‍ക്കുന്നു.
കഷ്ടതകള്‍ പറ്റമായി വരുന്നു. ആത്മീയസങ്കടങ്ങളുടെ കൂമ്പാരങ്ങള്‍.... ശാരീരികപീഡകളുടെ കൂട്ടങ്ങള്‍.... അവയൊക്കെയും വിശുദ്ധനഗരിയിലേക്കു വഴിതെളിക്കുന്ന കമ്രനക്ഷത്രങ്ങളാകട്ടെ. എന്റെ ഹൃദയ ഉരുക്കങ്ങള്‍ കൃപാവരങ്ങളുടെ വിശുദ്ധപര്‍വതങ്ങളിലേക്കു നയിക്കുന്ന വഴിവെളിച്ചമാകട്ടെ.
ദേവസഹായം തന്റെ പ്രിയസുഹൃത്തും ആത്മോപദേശകനുമായ ക്യാപ്റ്റന്‍ എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായിയെ കാണാനാഗ്രഹിച്ചു. ക്യാപ്റ്റന്‍ എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായി ഡച്ചുപൗരനാണ്. ഡച്ചു കപ്പല്‍പ്പടയുടെ തലവനായിരുന്നു.
പക്ഷേ, ഇപ്പോള്‍ അദ്ദേഹം തിരുവിതാംകൂറിന്റെ പടത്തലവനാണ്. വലിയ കപ്പിത്താന്‍ എന്ന പട്ടം ചാര്‍ത്തിക്കിട്ടി മഹാരാജാവിനാല്‍ ആദരിക്കപ്പെട്ടവന്‍.
ക്യാപ്റ്റന്‍ ഡിലനായി ഇപ്പോള്‍ എവിടെയായിരിക്കും?
തിരുവിതാംകൂറിന്റെ പടയാളിത്താവളത്തില്‍ നായര്‍പടയാളികള്‍ക്കു യൂറോപ്യന്‍ രീതിയിലുള്ള യുദ്ധമുറകള്‍ അഭ്യസിപ്പിക്കുകയാകാം. അല്ലെങ്കില്‍ ഉദയഗിരിയില്‍ മഹാരാജാവ് പണിയിച്ചു കൊടുത്ത മാളികയില്‍ വിശ്രമിക്കുകയാകാം.
ക്യാപ്റ്റന്‍ ഡിലനായി ദേവസഹായത്തിന്റെ ഉത്തമസുഹൃത്തായിരുന്നു. ക്രിസ്തുദേവനില്‍ അചഞ്ചലമായ വിശ്വാസവും ക്രിസ്തുമതത്തെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനവും സ്വായത്തമാക്കിയ ആള്‍.
ജ്ഞാനം ആരെയും അഹങ്കാരികളാക്കുന്നില്ല. അത് ആരെയും ദ്വേഷികളുമാക്കുന്നില്ല. ജ്ഞാനിയായ ഒരുവന്‍ വിശാലമായ താഴ്‌വരപോലെയാണ്. നദീതീരത്തെ ഉദ്യാനംപോലെ. കര്‍ത്താവ് നട്ട കാരകില്‍നിരപോലെ. നീര്‍ച്ചാലിനടുത്തുള്ള ദേവതാരുപോലെ.
ജ്ഞാനം ഒരുവനെ സുഗന്ധം പ്രസരിപ്പിക്കുന്നവനാക്കുന്നു. അവനില്‍നിന്നു മാനവസ്‌നേഹത്തിന്റെ നീലനദികള്‍ ഉറവുകൊള്ളുന്നു. അവനില്‍ കരുണയുടെ ജടാമാഞ്ചികള്‍ പൂക്കുന്നു. അവന്‍ അലമുറയിടുകയോ വിലപിക്കുകയോ ചെയ്യാറില്ല. അവന്‍ മൗനംകൊണ്ടും മന്ദഹാസംകൊണ്ടും മൃദുഭാഷണങ്ങള്‍കൊണ്ടും അപരന്റെ ഹൃദയമുറിവുകളെ ശുശ്രൂഷിക്കുന്നു.
മനുഷ്യന്‍ എത്ര നിസ്സാരനാണ്! അംഗവസ്ത്രവും കിരീടവും ചെങ്കോലും അണിഞ്ഞ രാജാവും മനുഷ്യന്‍തന്നെ. കായബലവും കരളുറപ്പും ആയുധവിരുതുമുള്ള പടയാളിയും മനുഷ്യന്‍ തന്നെ. രാജ്യങ്ങളുടെ സകലസമ്പത്തും ശലമോന്റെ ജ്ഞാനവും അലക്‌സാണ്ടറുടെ സൈനികബലവും ഡെമോസ്തനീസിന്റെ വാഗ്വിലാസവും ഒരുവനില്‍ ഒരുമിച്ചുചേര്‍ന്നാലും അവനും മനുഷ്യന്‍തന്നെ.
മനുഷ്യജീവിതം വയലിലെ പുല്‍ക്കൊടിക്കു തുല്യമത്രേ. അതു കാറ്റില്‍ മറിഞ്ഞുപോകയും വേനലില്‍ കരിഞ്ഞുപോകയും ചെയ്യുന്നു.
അതു ചക്രവര്‍ത്തിയായാലും പ്രജയായാലും അങ്ങനെതന്നെ സംഭവിക്കും. എന്തെന്നാല്‍, മനുഷ്യജീവിതം ഭംഗുരമേത്ര... അതു ജലവാഹനംപോലെയും ആകാശത്തിലെ പക്ഷികളുടെ പറക്കല്‍പോലെയും ഒരടയാളവും ശേഷിപ്പിക്കുന്നില്ല.
ക്യാപ്റ്റന്‍ ഡിലനായിയാണ് ക്രിസ്തുദേവനിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയത്. അപ്പത്തിന്റെ ഗേഹം എന്നറിയപ്പെടുന്ന ബത്‌ലഹേമില്‍ ജനിച്ച ക്രിസ്തുവിനെക്കുറിച്ച് തന്നോടു പ്രഘോഷിച്ചതും അദ്ദേഹമാണ്. ക്യാപ്റ്റന്‍ ഡിലനായി ആണ്. ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചും സ്വര്‍ഗീയജീവിതത്തിന്റെ നിത്യതയെക്കുറിച്ചും ക്രിസ്തുദേവന്റെ ഗാഗുല്‍ത്തായിലെ കുരിശുമരണത്തെക്കുറിച്ചും തന്നോടു പറഞ്ഞത് സിലനോയിയാണ്.
അന്നു താന്‍ ദേവസഹായം പിള്ള ആയിരുന്നില്ല. വെറും നീലകണ്ഠനായിരുന്നു. ക്യാപ്റ്റന്‍ ഡിലനായി എന്നോടു സംസാരിച്ചവസാനിപ്പിക്കുമ്പോള്‍ നീലകണ്ഠന്‍ എന്ന ഞാന്‍ കണ്ടു.
അങ്ങു ദൂരെ ദൂരെ, ജറുസലേമിനും ഗലീലിയാക്കടലിനും ഒലിവുമലയ്ക്കും ഒരുപാടു ദൂരെ തലയോട്ടിമലയില്‍ രണ്ടു കള്ളന്മാര്‍ക്കു നടുവില്‍ ഉയര്‍ത്തി നാട്ടിയ മരക്കുരിശില്‍ മൂന്നാണികളില്‍ അര്‍ദ്ധനഗ്നനായ ഒരു മനുഷ്യനെ.
കുരിശു പൂക്കുന്ന നേരമായിരുന്നത്.
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)