•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അസഹനീയമായ കല്ലുകടി

കാവ്യരചനപോലെതന്നെ പാട്ടെഴുത്തിനെയും മഹത്തായ സര്‍ഗാനുഷ്ഠാനം എന്ന നിലയില്‍ പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് ഏറ്റവും നല്ല തെളിവാണ് ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം'' എന്ന പഴയ പാട്ട് തന്റെ അന്ത്യോപചാരസമയത്ത് താഴ്ന്ന ശബ്ദത്തില്‍ കേള്‍പ്പിക്കമെന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ അവസാനത്തെ ആഗ്രഹം. ഈ പാട്ട് പിറന്നിട്ട് ഏതാണ്ട് നാല്പത്തേഴു വര്‍ഷമായി. ഇതിന്റെ രചയിതാവായ വയലാര്‍ രാമവര്‍മ അന്തരിച്ചിട്ടും അത്രയും കാലമായി. എന്നിട്ടും ഈ ഗാനം ജീവവായുപോലെ പി.ടി. തോമസ് ഇത്രയുംകാലം മനസ്സില്‍ താലോലിച്ചുകൊണ്ടു നടന്നെങ്കില്‍ അതിന്റെ വരികള്‍ക്കും സംഗീതത്തിനും ആലാപനത്തിനും എന്തൊക്കെയോ സവിശേഷതകളുണ്ട്; സംശയമില്ല.
എന്നാല്‍, ഇപ്പോള്‍ സ്ഥിതിയെന്താണ്? ''വര്‍ക്കി'' എന്ന ചിത്രത്തിലെ ഈ ഗാനമൊന്നു ശ്രദ്ധിക്കുക:
''തേനെഴുതവേ മഴമുകില്‍ മിഴികളില്‍ നിന്‍
കാതടികളില്‍ അലയിടും മൊഴികളായ്
ഞാനണയവേ അണിവിരല്‍ പവനുമായ് നിന്‍
കാലടികളെ തുടരുമീ വഴികളില്‍
കനവുകളൊരു നേരം
കിളിമകളുടെ തേരില്‍ ആലോലമായ്
പറയുമോ പതിയെ നിന്‍ മാനസം
കരളിലെ കഥകളും കാതേലും.'' (രചന - ആദര്‍ശ് വേണുഗോപാല്‍; സംഗീതം - സുരേഷ് സോമസുന്ദര്‍; ആലാപനം - കെ.എസ്. ഹരിശങ്കര്‍, ശ്രീനന്ദന).
ഇവിടെ നമുക്കു മനസ്സിലാകാത്ത ഒരു വാക്കുപോലുമില്ല. എന്നാല്‍, ഈ വരികളുടെ ആശയം നമുക്കു തീരെ പിടികിട്ടുന്നില്ല. എന്തുകൊണ്ടാണ്? ഉത്തരം വളരെ വ്യക്തം. വാക്കുകള്‍ പരസ്പരപൂരകങ്ങളായാല്‍ മാത്രമേ അവയ്ക്ക് അര്‍ത്ഥമുളവാകുകയുള്ളൂ. നേരത്തെ സൂചിപ്പിച്ച പാട്ട് വയലാര്‍ ഇങ്ങനെയാണ് എഴുതിയതെന്നു സങ്കല്പിക്കുക:
''തീരം ചന്ദ്രകളഭം ഉറങ്ങും ചാര്‍ത്തി
തീരം ഇന്ദ്രധനുസ്സില്‍ കൊഴിയും തൂവല്‍''
ഈ ഗാനം (അങ്ങനെയുള്ള പേരിനുപോലും അര്‍ഹമല്ല എന്നതു വേറേ കാര്യം) ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇതേ അവസ്ഥയാണ് 'വര്‍ക്കി'യിലെ ഗാനത്തിനുമുള്ളത്.
തേന്‍ എന്താണെന്നു നമുക്കറിയാം. എങ്കിലും 'തേനെഴുതവേ' എന്നു പ്രയോഗിച്ചതോടെ തേനിന്റെ മധുരം നഷ്ടപ്പെട്ടുപോയി. തേനെഴുതുന്നതെങ്ങനെ എന്ന് രചയിതാവുതന്നെ വിശദീകരിച്ചേ മതിയാവൂ. മഴമുകില്‍ മിഴികളിലാണത്രേ തേനെഴുതുന്നത്. 'കാതടികളില്‍' എന്ന് അടുത്ത പ്രയോഗം. കാലടി എന്നു കേട്ടിട്ടുള്ള നമുക്ക് കാതടി ഇരുട്ടടിയായി മാറുന്നു. 'അണിവിരല്‍ പവനുമായ്' എന്ന് മറ്റൊരു പ്രയോഗം. ഇവിടെയൊക്കെ അര്‍ത്ഥമന്വേഷിക്കുന്ന നാം കുഴങ്ങും. കാനല്‍ജലത്തില്‍ ജലം തിരയുമ്പോലെ വ്യര്‍ത്ഥപ്രവൃത്തിയാകുമത്.
കല്ലുകടിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ ഗാനത്തില്‍ കുത്തിനിറച്ചിരിക്കുകയാണു രചയിതാവ്. അതുകൊണ്ട് എന്തു നേട്ടമെന്നു ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിക്കാണിച്ചെന്നും വരും. കണ്ടില്ലേ, 'കാതേലും' എന്ന പ്രയോഗത്തോടെയാണു പല്ലവിക്കു പാട്ടെഴുത്തുകാരന്‍ വിരാമമിട്ടിരിക്കുന്നത്. എന്തൊക്കെയോ എഴുതി എന്നതല്ലാതെ പേനയെടുത്തതിന്റെ ഉദ്ദേശ്യംപോലും അദ്ദേഹത്തിനു വ്യക്തമല്ല.
''കായാമ്പൂ വിരിയും മാറില്‍
മായാതെ തഴുകാം തൂവലായ്....'' എന്ന ഈരടി ഇതേ ഗാനത്തില്‍ തുടര്‍ന്നു കേള്‍ക്കാം. കായാവ് (കാശാവ്) എന്ന ഔഷധസസ്യത്തിന്റെ പൂവാണ് കായാമ്പൂ എന്നറിയപ്പെടുന്നത്. അതിന്റെ നീലനിറം പരിഗണിച്ചാണു കവികള്‍ പലതും എഴുതിയിട്ടുള്ളത്.
''കായാമ്പൂ കണ്ണില്‍ വിടരും
കമലദളം കവിളില്‍ വിടരും'' (ചിത്രം - നഭം) എന്ന വയലാറിന്റെ ഗാനം ഒരുദാഹരണം. കായാമ്പൂവര്‍ണന്‍ എന്നു ശ്രീകൃഷ്ണനെ വിശേഷിപ്പിക്കുന്നത് മറ്റൊരുദാഹരണം. വാക്കുകളെ മാനിക്കാത്ത, അവയുടെ അര്‍ത്ഥം ചിന്തിക്കാതെ ആദര്‍ശ് വേണുഗോപാല്‍ കായാമ്പൂ വിരിയിച്ചിരിക്കുന്നത് മറ്റൊരിടത്താണ്. പാമ്പുകടിയേറ്റാല്‍ ശരീരം നീലിക്കാറുണ്ട്. 'വര്‍ക്കി'യിലെ ഗാനത്തിന്റെ വരി കേട്ടപ്പോള്‍ നായികയ്ക്കു സര്‍പ്പദംശനമേറ്റോ എന്നും സംശയിച്ചു. ഗാനരചനയുടെ അടിസ്ഥാനതത്ത്വങ്ങള്‍പോലുമറിയാത്തവര്‍ തൂലിക എടുക്കാതിരിക്കുകയാവും ഉചിതം എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)