''അളിയനോ? അളിയനിതെപ്പോ വന്നു?'' സോജനെ കണ്ട് സനല്‍ അദ്ഭുതപ്പെട്ടു.
''വല്ലപ്പോഴുമൊക്കെ ഇതുപോലെ ഒന്നു വരണേ എന്റെ അളിയാ.. അളിയന്റെ പെങ്ങള് - എന്റെ സ്മിത - പോയാലും ഇവിടെ ഞങ്ങളൊക്കെയില്ലേ... എത്രനാളാ ഇങ്ങനെ ആരും വരാതേം ആരേം കാണാതേം.. വല്ലാത്തൊരു അവസ്ഥയാ എന്റെ അളിയാ അത്. അനുഭവിക്കുന്നോര്‍ക്കു മാത്രേ അതറിയൂ.''
സനലിന്റെ സ്വരം ഇടറിയിരുന്നു. സനലിനെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ദേഷ്യം ഇപ്പോള്‍ സോജന്റെ ഉള്ളില്‍നിന്ന് അലിഞ്ഞു. ദുര്‍ബലനായ ഒരു മനുഷ്യന്‍. ആരും താങ്ങില്ലാതെ പോയവന്‍. ഒറ്റയ്ക്കു നില്ക്കാന്‍ കരുത്തില്ലാത്ത ഒരു ചെടി. അതാണ് സനല്‍. അങ്ങനെയൊരു ചിത്രമാണ് സോജന്റെ മനസ്സിലേക്കു കടന്നുവന്നത്. പറയാന്‍ വന്ന വാക്കുകളെല്ലാം എവിടെയോ മാഞ്ഞുപോകുന്നതുപോലെ...
''ഇതെന്തൊരു കോലമാ സനലേ?'' സനലിനെ അടിമുടി നോക്കിക്കൊണ്ട് സോജന്‍ ചോദിച്ചു. സനലിനു മദ്യത്തിന്റെ മണമുണ്ടായിരുന്നു.
''നിനക്കിതെന്നാ പറ്റിയെ?''
''എനിക്കെന്തു പറ്റാന്‍..'' സനല്‍ ചിരിച്ചു.
''ഈ വീട്ടില്‍ പിള്ളേര്‍ക്കു കഴിക്കാന്‍ എന്തെങ്കിലുമുണ്ടോ? പ്രായം ചെന്ന ഒരു മനുഷ്യന്‍ അകത്തു കിടപ്പില്ലേ? അങ്ങേര്‍ക്ക് ഒരു നേരമെങ്കിലും വച്ചുവിളമ്പിക്കൊടുക്കാന്‍ നിനക്കു പറ്റുന്നുണ്ടോ? പോകാനുള്ളവരു പോയി. തിരിച്ചുകൊണ്ടുവരാനൊന്നും പറ്റുകേലല്ലോ. പക്ഷേ, അതിനെക്കാള്‍ സങ്കടം നീയിങ്ങനെയായിപ്പോയതാ.''
''അതുമാത്രം അളിയന്‍ പറയരുത്. ഞാന്‍ പിന്നെ ഇതൊക്കെ ആര്‍ക്കുവേണ്ടിയാ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നെ?'' സനല്‍ വരാന്തയില്‍ വച്ചിരിക്കുന്ന സാധനങ്ങളുടെ നേര്‍ക്കു വിരല്‍ ചൂണ്ടി.
''ഇതെല്ലാം എന്റെ പിള്ളേര്‍ക്കും ചാച്ചനും വേണ്ടിയാ. കണ്ടോ, ബ്രെഡ്, ജാം, ചപ്പാത്തി, കാടമുട്ട, പഴം... എന്റെ ബെച്ചുക്കുട്ടന് ബുള്‍സൈയാ ഇഷ്ടം. അത് ഞാനുണ്ടാക്കും. മഞ്ഞയുണ്ണി പൊട്ടിക്കാതെ കുരുമുളകുപൊടിയൊക്കെയിട്ട്.. പിന്നെ ഓംലെറ്റ്... അതും ഞാനുണ്ടാക്കും, എന്റെ ദയക്കുട്ടിക്ക്. ഉപ്പുകൂടിയാലും മുട്ട കരിഞ്ഞാലും എന്റെ മോള് ഒരു കുറ്റോംപറയില്ല. അവള് പറയും പപ്പ ഉണ്ടാക്കുന്നതിനൊക്കെ നല്ല ടേസ്റ്റാണെന്ന്. ചുമ്മാ, ഒരു ടേസ്റ്റും കാണില്ല. ചിലപ്പോ കരിഞ്ഞുപോകും. ഉപ്പുകൂടിപ്പോകും. എന്നാലും അവളു പറയും സൂപ്പറാന്ന്. എനിക്കറിയാം എന്നെ സങ്കടപ്പെടുത്തണ്ടാന്നുവച്ച് അവളു പറയുന്നതാന്ന്. മോളേ. ദയക്കുട്ടീ,'' സനല്‍ അകത്തേക്കു നോക്കി വീണ്ടും വിളിച്ചു. സോജനെ അനുസരിക്കണോ എതിര്‍ക്കണോ എന്ന് ഒരു നിമിഷം സംശയിച്ചുനിന്ന ദയ പിന്നെ മടിച്ചുമടിച്ചു വരാന്തയിലേക്കു വന്നു.
''മോളിതൊക്കെ അകത്തുകൊണ്ടുപോയി വച്ചേ... എന്നതാന്നുവച്ചാ എടുത്തുകഴിച്ചോണം. മോനെന്ത്യേ? അവനും കൊടുത്തോണം. അല്ലാ മോള് അങ്കിളിന് വല്ലതും കൊടുത്തായിരുന്നോ.''
''ഇല്ല...'' ദയ മറുപടി പറഞ്ഞു.
''ശ്ശോ! കഷ്ടമായിപ്പോയല്ലോ. മോള് അങ്കിളിന് ഒരു ചായയിട്ടു കൊടുക്ക്. പിന്നെ രണ്ടു ഗ്ലാസ് പപ്പയ്ക്കും സുമന്‍ അങ്കിളിനും...''
''സനല്‍...'' സോജന് വീണ്ടും ദേഷ്യം വന്നു.
''ഇപ്പോത്തന്നെ ആവശ്യത്തില്‍ കൂടുതല്‍ വലിച്ചുകേറ്റിയിട്ടുണ്ടല്ലോ. അതുംപോരാഞ്ഞാണോ വീട്ടിലും?''
സോജന്‍ സ്വരമുയര്‍ത്തി.
''അളിയന്‍ വിചാരിക്കുന്നതുപോലെയൊന്നുമില്ല. സനല്‍ സാര്‍ ഓക്കെയാ.''
''മിണ്ടരുത് നീ.'' സോജന്‍ സുമനു നേരേ ചൂണ്ടുവിരലുയര്‍ത്തി.
''നീയൊറ്റ ഒരുത്തനാ ഇവനെ ഈ നിലേല്‍ ആക്കിയത്. ചാഞ്ഞുനില്ക്കുന്നതില്‍ ഓടിക്കയറാന്‍ മിടുക്കനാ നീ. ഇങ്ങനെയൊരു അവസ്ഥയില്‍ കഴിയുന്ന മനുഷ്യനെത്തന്നെ വേണം നിനക്കു നശിപ്പിക്കാന്‍ അല്ലേ? അതിരുമാന്തി അതിരുമാന്തി നീ നിന്റെ പറമ്പിന്റെ വിസ്തീര്‍ണ്ണം കൂട്ടി. ഇനീം ഉണ്ടോ നിന്റെ മനസ്സില് വേറേ വല്ലതും?''
''ങ് ഉണ്ടെടോ. തനിക്കെന്താ തടസ്സപ്പെടുത്താന്‍ പറ്റുമോന്നു നോക്ക്. മോളേ ദയാ, രണ്ടു ഗ്ലാസ്.'' സുമന്‍ അധികാരമുള്ളവനെപ്പോലെ വിളിച്ചുപറഞ്ഞു. ഏതിനും തയ്യാറാണെന്ന മട്ടിലായിരുന്നു സുമന്‍.
''സനല്‍ ഇതു തീക്കളിയാ.. നീ നശിക്കും. ഈ കുടുംബം നശിക്കും. ഈ കുട്ടികളുടെ ഭാവി നശിക്കും.''
സോജന്‍ ആകുലതയോടെ പറഞ്ഞു.
''ഇനിയെന്തു നശിക്കാന്‍?'' സനല്‍ നിസ്സഹായതയോടെ കൈകള്‍ മലര്‍ത്തി.
''എല്ലാം പോയില്ലേ? എല്ലാം നശിച്ചില്ലേ... എന്നോട് ഒന്നും പറയാതെ ആദ്യം അവളു പോയി. എന്റെ സ്മിത. പിന്നെ എന്റെ വാക്കിന്റെ കൂര്‍ത്തുമൂര്‍ത്ത മുനയേറ്റ് എന്റെ അമ്മ പോയി.''
''അതെ, പോയി. സത്യം. പക്ഷേ, പിന്നെയുമില്ലേ നിനക്ക് ജീവിതം? ഈ നില്ക്കുന്ന കുട്ടികള്‍.'' സോജന്‍ പിന്നിലേക്കു വിരല്‍ ചൂണ്ടി. ''അകത്തു വയ്യാതായിക്കിടക്കുന്ന നിന്റെ ചാച്ചന്‍... മനസ്സമാധാനത്തോടെ മരിക്കാനെങ്കിലും അങ്ങേര്‍ക്ക് നീയൊരു അവസരം കൊടുക്ക്.''
''എനിക്കുള്ളതേ കൊടുക്കാന്‍ കഴിയൂ.'' ആത്മനിന്ദയോടെ സനല്‍ പറഞ്ഞു.
''ആ സമാധാനം ആരാ തകര്‍ത്തെ? ആരാ ഇല്ലാതാക്കിയെ? സമാധാനം ഉണ്ടാക്കുന്നതും തകര്‍ക്കുന്നതും സാഹചര്യമല്ല നമ്മളാ. ഇവിടെ ഈ കുടുംബത്തിന്റെ സമാധാനം തകര്‍ത്തതു നീയാ, നീ മാത്രം... എന്നിട്ടു പറയുന്നതു കേട്ടില്ലേ, ഉള്ളതേ കൊടുക്കാന്‍ പറ്റൂ എന്ന്. ജോലിയില്ലാതെ നീയെങ്ങനെ ജീവിക്കും, എത്രനാള്‍? ഈ പറമ്പ് തുണ്ടംതുണ്ടം മുറിച്ചുവിറ്റാണോ നീയിപ്പോ ജീവിക്കുന്നെ? അങ്ങനെയെങ്കീ അവസാനം ഈ കുട്ടികളെയുംകൊണ്ട് നീ എവിടെ പ്പോകും?''
''എല്ലാരും ഒരിക്കല്‍ പോകും, ഒരിടത്തേക്ക്. അവിടേക്ക് ഞാനും പോകും. എന്റെ മക്കളെയുംകൂട്ടി.''
സോജന്‍ നടുങ്ങിപ്പോയി. ഒടുവില്‍ സനല്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം അതാണോ, ആത്മഹത്യ?
''മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ...''
സനല്‍ പാട്ടുപാടിക്കൊണ്ട് വരാന്തയിലേക്കിരുന്നു. അയാള്‍ കരയുന്നുണ്ടോയെന്ന് സോജന്‍ സംശയിച്ചു. ഇതുവരെ സനലിനോടു തോന്നിയിരുന്ന സഹതാപം വീണ്ടും ദേഷ്യമായി.
''നീയൊരു ആണ് ആണോടാ? നാണംകെട്ടവന്‍. എന്റെ പെങ്ങള് ഒരു തെറ്റേ ചെയ്തുളളൂ. നിന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്നു പറഞ്ഞു. പക്ഷേ, അന്നുമുതല്‍ അവള്‍ക്കു നീയൊരു സ്വസ്ഥതേം സമാധാനോം കൊടുത്തിട്ടില്ലെന്ന് എനിക്കിപ്പഴാ മനസ്സിലായെ. നിന്നെക്കുറിച്ച് അവളൊരു വാക്ക് കുറ്റം പറയാത്തത് അവളുടെ മനസ്സിന്റെ നന്മ. ഇങ്ങനെയെന്നാത്തിനാടാ മണ്ണിനും ചുണ്ണാമ്പിനും കൊള്ളുകേലാത്തതുപോലെ നീയൊക്കെ ജീവിച്ചിരിക്കുന്നെ.. പോടാ. പോയി ചാക്. നിനക്കൊക്കെ അതാ പറഞ്ഞേക്കുന്നത്. പക്ഷേ, ഈ കുട്ടികളുണ്ടല്ലോ അവരെ ഞാന്‍ നിനക്കു വിട്ടുതരില്ല. നിന്നെപ്പോലെയുള്ള ഒരുത്തന്റെകൂടെ ജീവിച്ച് നിന്നെപ്പോലെയാക്കാന്‍ ഞാന്‍ അവരെ സമ്മതിക്കുകേലാ, അവരെ ഞാന്‍ കൊണ്ടുപോവാ.''
ആ വാക്കുകേട്ട് ദയയും ബെഞ്ചമിനും നടുങ്ങി.
''എന്റെ വീട്ടിലേക്ക്. എന്റെ പിള്ളേര്‍ക്കൊപ്പം അവരിനി അവിടെ ജീവിക്കും. എതിര്‍ക്കാമെങ്കില്‍ നീ എതിര്‍ക്ക്.''സോജന്‍ തിരിഞ്ഞ് ദയയോടു പറഞ്ഞു:
''സുബോധം ഇല്ല മോളേ നിന്റെ പപ്പയ്ക്ക്. നിങ്ങളെ ഇവിടെയിങ്ങനെ ഇട്ടിട്ടു പോയാല്‍ അങ്കിളിന് പിന്നെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ല. അതും ഇവനെപ്പോലെയൊക്കെയുള്ളവന്മാര് ചുറ്റുവട്ടത്തുള്ളപ്പോ.''
സുമനെ നോക്കിയാണ് സോജന്‍ അതുപറഞ്ഞത്. ജോസഫ് കുറച്ചുനേരംമുമ്പ് തന്നോടു പറഞ്ഞവാക്കുകളും സോജന്റെ മനസ്സിലേക്കു തികട്ടിവന്നു.
''ഈ പിള്ളേരെ കൊണ്ടുപോകാന്‍ തനിക്കെന്നതാടോ അവകാശം?'' സുമന്‍ തര്‍ക്കിച്ചു.
''നിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കറിയാം. മിണ്ടരുതു നീ.'' സോജന്‍ പല്ലുകടിച്ചുകൊണ്ടു പറഞ്ഞു. വിടര്‍ത്തിനിന്ന പത്തി താഴ്ത്തി സുമന്‍ പെട്ടെന്നു നിശ്ശബ്ദനായി.
''പുസ്തകമോ ഉടുപ്പോ എന്നതാന്നുവച്ചാ എടുത്തോ.'' സോജന്‍ കുട്ടികളോടു പറഞ്ഞു.
''ഞങ്ങള് വരുന്നില്ല അങ്കിളേ, ദയ അറിയിച്ചു.
''പപ്പേ...'' ദയ കരഞ്ഞുകൊണ്ട് ഓടിവന്ന് സനലിനെ കെട്ടിപ്പിടിച്ചു. പിറകേ ബെഞ്ചമിനും.
''പപ്പേ വിട്ട് ഞങ്ങള് ഒരിടത്തോട്ടുമില്ല.''
സനല്‍ മക്കളെ രണ്ടു പേരെയും തന്നോടു ചേര്‍ത്തണച്ചു ചുംബിച്ചു.
''സാരമില്ല. മക്കള് പൊയ്‌ക്കോ. അവിടെയാകുമ്പോ വയറുനെറച്ച് കഴിക്കാന്‍ കിട്ടും. നല്ല നല്ല പലഹാരങ്ങള്. ഇവിടെ എന്നും ബ്രഡും ജാമും ഓംലെറ്റും... മക്കള് മടുത്തില്ലേ?''
''ഞങ്ങള്‍ക്ക് വേറേയൊന്നും വേണ്ട. പപ്പേ വിട്ട് ഞങ്ങള് പോകില്ല.'' ദയ ആവര്‍ത്തിച്ചു.
''മക്കള്‍ക്ക് പപ്പേ ഇഷ്ടമില്ലേ? പപ്പയോടു സ്നേഹമില്ലേ?'' സനല്‍ ചോദിച്ചു
''ഉം...'' ദയയും ബെഞ്ചമിനും കരഞ്ഞുകൊണ്ട് തലകുലുക്കി.
''പപ്പയല്ലാതെ ഞങ്ങള്‍ക്കു വേറെയാരാ ഉള്ളെ?''
''എങ്കില്, പപ്പേ മക്കള്‍ക്ക് ഇഷ്ടമാണെങ്കില് പപ്പ പറയുന്നത് മക്കള് അനുസരിക്കണം. അനുസരിക്കില്ലേ?''
''ഉം...'' അതിനും കുട്ടികള്‍ തലകുലുക്കി.
''മക്കള് അങ്കിളിന്റെകൂടെ പോണം. അതാ മക്കള്‍ക്കു നല്ലത്. പപ്പ വെറും വേസ്റ്റാ, ഒന്നിനും കൊള്ളാത്തവന്‍. ഒരു കഴിവുമില്ലാത്തവന്‍. പപ്പേടെകൂടെ ജീവിച്ച് എന്റെ മക്കളുടെ ജീവിതോം അങ്ങനെയാകും. അതുണ്ടാകരുത്. എന്റെ മക്കള് വലിയവരാകണം. മിടുക്കരാകണം. അതിന് അങ്കിള് പറഞ്ഞതാ ശരിയായ മാര്‍ഗം. പപ്പയോട് സ്നേഹമുണ്ടെങ്കില്‍ മക്കള് പോകണം.''
ആ നിബന്ധനയ്ക്കു മുമ്പില്‍ ദയയും ബെഞ്ചമിനും നിസ്സഹായരായി. ദയ പെട്ടെന്ന് ജോസഫിന്റെ കിടക്കയ്ക്കരികിലേക്കോടി. ജോസഫ് എല്ലാം കേട്ടുകൊണ്ടു കിടക്കുകയായിരുന്നു.
''അപ്പച്ചാ, പപ്പ പറഞ്ഞതുകേട്ടോ? ഞങ്ങളെ പറഞ്ഞുവിടല്ലേയെന്നു പറ അപ്പച്ചാ.''
ദയ ജോസഫിനോട് അപേക്ഷിച്ചു.
''അതു നന്നായി മോളേ, അത് നന്നായി.'' ജോസഫ് നെഞ്ചു പൊടിഞ്ഞുകൊണ്ട് പറഞ്ഞു.
''ഇനിയെന്റെ മക്കളെയോര്‍ത്ത് ഈ കിളവനു പേടിക്കണ്ടല്ലോ, സങ്കടപ്പെടണ്ടല്ലോ. കാണാതിരിക്കുന്നതിന്റെ സങ്കടം മാത്രമല്ലേയുള്ളൂ. അത് ഞാന്‍ സഹിച്ചോളാം. അല്ലെങ്കില്‍ അരനാഴികനേരംകൂടിയല്ലേയുള്ളൂ. അപ്പച്ചന്‍ മരിച്ചെന്നറിയുമ്പോ വന്നാ മതി എന്റെ മക്കള്. മക്കള് പൊയ്‌ക്കോ. മക്കള് പൊയ്ക്കോ. ഉമ്മ തന്നിട്ട് മക്കള് പൊയ്‌ക്കോ...''
ദയയും ബെഞ്ചമിനും പൊട്ടിക്കരഞ്ഞുകൊണ്ട് ജോസഫിനെ ഉമ്മവച്ചു. ജോസഫും കരയുകയായിരുന്നു.
തന്റെ പൊന്നുമക്കള്‍.. ജോസഫിന്റെ നെഞ്ച് വിങ്ങി.
''അപ്പച്ചാ,'' ശബ്ദം കേട്ട് ജോസഫ് കണ്ണുകള്‍ തുറന്നു
സോജന്‍.
ജോസഫ് സോജനു നേരേ കരങ്ങള്‍ കൂപ്പി.
''നന്ദിയുണ്ട്, നന്ദിയുണ്ട്. എന്റെ മക്കളെ കൊണ്ടുപോകുന്നതിന്. സോജാ ഒരു കാര്യംകൂടി...''
അതെന്താണെന്ന് സോജന്‍ ജോസഫിനെ നോക്കി.
''ഇപ്പോ ഫലത്തില്‍ ആരുമില്ലാത്തോരാ എന്റെ കുഞ്ഞുങ്ങള്. അവരെ പൊന്നുപോലെ നോക്കിക്കോണേ സോജാ. പൊയ്ക്കോ.. എന്റെ മക്കള് പൊയ്‌ക്കോ. നല്ലതേ വരൂ. ഈശോയുണ്ടാവും കൂട്ട്...'' ജോസഫ് അവരുടെ തലയില്‍ കൈകള്‍ വച്ചു.
ഇനി ആരുടെയടുത്തും തങ്ങള്‍ക്കാശ്രയമില്ലെന്ന് ദയയ്ക്ക് മനസ്സിലായി. അവള്‍ സങ്കടത്തോടെ തങ്ങളുടെ പാഠപുസ്തകങ്ങളും ഉടുപ്പും ബാഗിലേക്ക് അടുക്കിവച്ചുകൊണ്ടിരുന്നു. കണ്ണീരു കാരണം അവള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
''പപ്പാ,'' ബാഗുമെടുത്ത് ദയ ബെഞ്ചമിന്റെ കൈയ്ക്കു പിടിച്ചു വീണ്ടും സനലിന്റെ അടുക്കലെത്തി. പപ്പ അവസാനനിമിഷത്തിലെങ്കിലും പോവണ്ടായെന്ന് പറഞ്ഞിരുന്നുവെങ്കില്‍... അവളതാഗ്രഹിച്ചിരുന്നു. അവളുടെ പ്രാര്‍ത്ഥന മുഴുവന്‍ അതായിരുന്നു. പക്ഷേ...
''മക്കള് സന്തോഷത്തോടെയിരിക്ക്. പപ്പ വന്നോളാം. കാണണമെന്നു തോന്നുന്നമ്പോഴെല്ലാം. അല്ലെങ്കില്‍ എന്റെ മക്കള് ഇവിടെയൊക്കെത്തന്നെയുണ്ടല്ലോ പപ്പേടെ കണ്‍മുമ്പില്‍ത്തന്നെ, പപ്പേടെ ചങ്കില്.. പിന്നെയെന്നാത്തിനാ പപ്പ വരുന്നെ? പൊയ്‌ക്കോ... പൊയ്‌ക്കോ...''
നെഞ്ചുതിരുമ്മിക്കൊണ്ട് സനല്‍ അകത്തേക്കു പോയി.
''വാ മക്കളേ,'' ബെഞ്ചമിന്റെ കൈയ്ക്കു പിടിച്ച് സോജന്‍ ഗെയ്റ്റിങ്കലേക്കു നടന്നു. ദയ പിറകോട്ടുതിരിഞ്ഞ് വീടിനെ നോക്കിനില്ക്കുകയായിരുന്നു.
തന്റെ വീട് തനിക്കില്ലാതായിരിക്കുന്നു. പപ്പയും അമ്മയുമുണ്ടായിരുന്ന വീട്. പപ്പയുടെയും അമ്മയുടെയും സ്നേഹത്തില്‍ ജീവിച്ചിരുന്ന വീട്. ആദ്യം അമ്മ പോയി.. പിന്നെ വല്യമ്മച്ചി പോയി. ഇപ്പോഴിതാ തങ്ങളും.
''ചേച്ചീ...'' ബെഞ്ചമിന്‍ വിളിച്ചു.
ആ വിളി അനുസരിച്ച് ഏങ്ങലടിച്ചുകൊണ്ട് ദയ സോജനെ അനുഗമിച്ചു.
തുടരും