മലയാളിയുടെ ഒരു പൊതുസ്വഭാവമാണ് ഏതു കാര്യത്തിനും രണ്ടഭിപ്രായം പറയുകയെന്നത്. ഏതു നല്ല കാര്യത്തിനിറങ്ങിയാലും എതിര്‍പ്പുകളുണ്ടാവും. എങ്ങനെയെങ്കിലും അക്കാര്യം നടത്താതിരിക്കാന്‍ പാരപണിയുകയെന്നതു തൊഴിലാക്കിയവരും ധാരാളം. പക്ഷേ, ചിലര്‍ തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതുതന്നെ. അങ്ങനെയൊരു ഉദ്യമത്തിന്റെ കഥയാണ് ചെമ്പന്‍ വിനോദിന്റെ രചനയില്‍ അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത 'ഭീമന്റെ വഴി' എന്ന പുതിയ സിനിമ.
പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു വഴിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കേരളത്തിലെ പല സ്ഥലങ്ങളിലും നമുക്കു കണ്ടുപരിചയമുള്ള കാഴ്ചകളാണ് ഇടവഴികളും അതു വികസിപ്പിക്കാന്‍ നടക്കുന്ന കുറച്ചു നാട്ടുകാരും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത അയല്‍വാസികളും. അതുകൊണ്ടുതന്നെ ഭീമന്റെ വഴിയില്‍ കാണുന്ന കാഴ്ചകള്‍ പ്രേക്ഷകന്റെതന്നെ കാഴ്ചകളും അനുഭവങ്ങളുമാണ്. ഒരു നാട്ടിന്‍പുറത്തെ റെയില്‍വേ ലൈനിനോടു ചേര്‍ന്നു താമസിക്കുന്ന കുറച്ചു സാധാരണക്കാരുടെ വീടുകളിലേക്കുള്ള വഴിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്. റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുകിടക്കുന്ന ഈ വഴിയാണ് സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ ജീവിതപരിസരങ്ങളെയും കൂട്ടിയിണക്കുന്നത്.
നായകനായ കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലെ ഭീമന്‍. മലയാളസിനിമയുടെ സ്ഥിരം കാഴ്ചയായ സല്‍ഗുണസമ്പന്നനായ നായകനെയല്ല ഈ സിനിമയില്‍ കാണുന്നത്. അത്യാവശ്യം തരികിട പരിപാടികളെല്ലാം ഭീമന്റെ കൈയിലുണ്ട്. ലക്ഷ്യം സാധിച്ചെടുക്കാന്‍ അതുവരെ ചെയ്തതില്‍നിന്ന് ഒന്നു വഴി മാറ്റിപ്പിടിപ്പിക്കുന്നുമുണ്ട് ഭീമന്‍. ഭീമന്റെ അമ്മ ഒന്നു വീഴുന്നതും പരിക്കുപറ്റിയ അമ്മയെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടുങ്ങിയ വഴിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമാണ് വണ്ടി മുറ്റത്തുവരുന്ന വഴിയെന്ന ചിന്തയിലേക്ക് ഭീമനെ കൊണ്ടുചെന്നെത്തിക്കുന്നത്. വീടു വില്‍ക്കുമ്പോള്‍ നല്ല പൈസ കിട്ടുമെന്ന ചിന്തയും വിവാഹം കഴിക്കുമ്പോള്‍ കൂടുതല്‍ സ്ത്രീധനത്തുക ലഭിക്കണമെന്ന സ്വാര്‍ത്ഥതയുമാണ് വഴിക്കുവേണ്ടി മുന്നിട്ടിറങ്ങാന്‍ അയാളെ പ്രേരിപ്പിക്കുന്നതെന്ന് ഭീമന്‍ മറച്ചുവയ്ക്കുന്നില്ല. നായകന്റെ ഹീറോയിസം കണ്ടു ഭ്രമിച്ചു പിറകേ നടക്കുന്ന നായികയെയും ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. ഒരു കുഞ്ഞുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതുതന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ, കാഴ്ചക്കാരുടെ കൗതുകത്തെ ഇടമുറിയാതെ നിലനിര്‍ത്താനും സിനിമയ്ക്കു കഴിയുന്നുണ്ട്.
അഷ്റഫ് ഹംസ എന്ന സംവിധായകന്റെ ആദ്യസിനിമയായ 'തമാശ'പോലെതന്നെ വ്യക്തിത്വമുള്ള നായകകഥാപാത്രങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്. നായിക എന്നാല്‍ വെളുത്തതും മെലിഞ്ഞതും നായകന്റെ പിറകേ പാട്ടും പാടി ഓടുന്നവളുമാകണമെന്ന സ്ഥിരം ക്ലീഷേ മലയാളസിനിമയില്‍ മാറിവരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിനായകവേഷത്തിലെത്തുന്ന ജിനോ ജോണ്‍ മലയാളസിനിമയിലെ വില്ലന്മാരുടെ മുന്‍നിരയിലേക്ക് എത്തിയെന്നുതന്നെ പറയാം. അത്ര വ്യത്യസ്തമാണ് ജിനോയുടെ വില്ലന്‍കഥാപാത്രം. തന്റെ പതിവു വേഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു ഒറ്റമുണ്ടും ഉടുത്ത് ജിനു ജോസഫ് ഈ സിനിമ അയാളുടേതാക്കി മാറ്റി. ബിനു പപ്പുവിന്റെ മുഴുക്കുടിയന്‍ കഥാപാത്രവും ശ്രദ്ധേയമാണ്. കുറച്ചു രംഗങ്ങളില്‍ മാത്രമേ ഉള്ളൂവെങ്കിലും സുരാജ് വെഞ്ഞാറമൂട് സ്‌ക്രീനില്‍ വരുമ്പോഴേല്ലാം തീയറ്ററില്‍ ചിരി നിറയുന്നുണ്ട്. ഓരോ കഥാപാത്രവും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നൊരു സിനിമ. അഷറഫ് ഹംസയുടെ ആദ്യ സിനിമയുടെ വിജയം യാദൃച്ഛികമല്ലായെന്ന് ഈ സിനിമയിലൂടെ തെളിയിക്കുന്നു.
ചെമ്പന്‍ വിനോദ്, വിന്‍സി, ചിന്നു, ശബരീഷ് വര്‍മ, നസീര്‍ സംക്രാന്തി എന്നിവരെല്ലാം ഭീമന്റെ വഴിയില്‍ വ്യക്തമായ ഇടമുള്ളവരാണ്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും വിഷ്ണു വിജയിന്റെ സംഗീതവും മികച്ചുനില്‍ക്കുന്നു.
സ്വാഭാവികകാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. പലതരം ജീവിതങ്ങളെ അവിടെക്കാണാം. വ്യത്യസ്തരായ മനുഷ്യരെ ഭീമന്‍ ഈ വഴിയില്‍ ഒന്നിച്ചുകൂട്ടുന്നു. രണ്ടു മണിക്കൂര്‍ മറ്റൊന്നും ചിന്തിക്കാതെ ഒരു ഗ്രാമത്തിന്റെ വഴിയില്‍ കണ്ണും നട്ടിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു നല്ല ഫീല്‍ ഗുഡ് മൂവി. ഭീമന്റെ വഴി കാഴ്ചക്കാരുടെകൂടി വഴി ആകുന്നതുതന്നെയാണ് ഈ സിനിമയുടെ വിജയവും.