•  21 Nov 2024
  •  ദീപം 57
  •  നാളം 37
സിനിമ

മേപ്പടിയാന്‍

വാഗതനായ വിഷ്ണുമോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് മേപ്പടിയാന്‍. ഉണ്ണിമുകുന്ദനാണ് നായകന്‍. ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നായകനുണ്ടാവുന്ന പ്രതിസന്ധികളും അയാള്‍ അവയെ വിജയകരമായി തരണം ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം.
ഈരാറ്റുപേട്ടയില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന ജയകൃഷ്ണന്‍ പെങ്ങള്‍ക്കുവേണ്ടി സ്ഥലം വാങ്ങുന്നതിനാണ് തന്റെ സുഹൃത്തും ജീവിതത്തോടു യാതൊരു പ്രതിബദ്ധതയുമില്ലാത്തവനുമായ ഫിലിപ്പോസ് വര്‍ക്കിയെയും (സൈജു കുറുപ്പ്)കൂട്ടി ഇറങ്ങിത്തിരിക്കുന്നത്. ജങ്ഷനിലെ കണ്ണായ 54 സെന്റില്‍നിന്ന് പത്തു സെന്റ് വാങ്ങാന്‍ അവര്‍ തീരുമാനിക്കുന്നു. മകളുടെ കല്യാണത്തിന് ഈ സ്ഥലം വിറ്റു കിട്ടുന്ന പണം ഉപയോഗിക്കാമെന്ന ജയകൃഷ്ണന്റെയും ഫിലിേപ്പാസിന്റെയും ഉറപ്പിന്മേല്‍ സ്ഥലമുടമയും ഭാര്യയും (കുണ്ടറ ജോണി, നിഷ സാരംഗ്) കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. എന്നാല്‍, ഫിലിപ്പോസ് കൃത്യസമയത്തു പണം നല്കാമെന്ന വാക്കു പാലിക്കുന്നില്ല. മേല്‍പ്പറഞ്ഞ തുക സംഘടിപ്പിക്കുന്നതിനിടയില്‍ നായകന്‍ നേരിടുന്ന തിരിച്ചടികളും അത്തരം സന്ദര്‍ഭങ്ങളെ അയാള്‍ അതിജീവിക്കുന്നതും ആപത്ഘട്ടങ്ങളില്‍  കൈയൊഴിയുകയോ തന്റെ നിസ്സഹായത മുതലാക്കുകയോ ചെയ്തവരോടു വളരെ തന്ത്രപരമായി പ്രതികാരം ചെയ്തുകൊണ്ട്  നിഷ്‌കളങ്കനായ നായകനില്‍നിന്നു തന്റേടിയായ നായകനായി മാറുന്നതുമാണ് സിനിമ യുടെ ഇതിവൃത്തം.
ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രം, മലയാള സിനിമ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന (ഈ അടുത്ത കാലത്ത് ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്)സര്‍വംസഹനോ നിഷ്‌കളങ്കനോ നന്മ നിറഞ്ഞവനോ ആയ നായകനോടു വളരെയധികം സാമ്യം തോന്നുന്ന ഒരു കഥാപാത്രമാണ്. പ്രതിസന്ധികളില്‍ തളര്‍ന്നുവെന്നും പരാജയപ്പെട്ടുപോകുമെന്നും കരുതുന്നിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുന്ന പരമ്പരാഗതനായകനാണ് അയാള്‍.
ജയകൃഷ്ണന്റെ സുഹൃത്തായ ഫിലിപ്പോസ് വര്‍ക്കിയായി സൈജു കുറുപ്പ് മികവാര്‍ന്നതും സ്വതഃസിദ്ധവുമായ അഭിനയത്താല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു.  അലസതയും ധാരാളിത്തവും ഒത്തുചേരുന്ന ഒരു വ്യക്തിയുടെ പെരുമാറ്റരീതികള്‍ വളരെ കൃത്യമായാണ് സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പല ഘട്ടങ്ങളിലും നമുക്ക് ആ പ്രകടനങ്ങള്‍ കാണാവുന്നതാണ്. ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന ബംഗാളിപ്പയ്യനോട് നമുക്ക് ടൗണില്‍ പുതിയ ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കാമെന്നും ഫണ്ട് ഞാന്‍ ഏറ്റുവെന്നും വളരെ തന്മയത്വമായും വിശ്വസനീയമായും പറഞ്ഞു ഫലിപ്പിക്കുമ്പോള്‍, നമ്മുടെ നിത്യജീവിതത്തില്‍ എപ്പോഴെങ്കിലും കണ്ടുമുട്ടാറുള്ള, കൈയില്‍ ഒരു നയാപ്പൈസപോലുമില്ലെങ്കിലും വലിയ വര്‍ത്തമാനങ്ങള്‍  പറഞ്ഞ് മറ്റുള്ളവരെ കുഴിയില്‍ വീഴ്ത്തുന്ന കൗശലക്കാരനായ ഒരാളെ ഓര്‍മ വരും.
മലയാളസിനിമയിലെ കൂടുതല്‍ നായികമാരും  നായകനോടൊപ്പം പാട്ടുരംഗങ്ങളിലെ പ്രകടനത്തിനും പ്രേമസല്ലാപങ്ങള്‍ക്കും മാത്രമുള്ളതാണെന്ന് മേപ്പടിയാനിലെ നായികയും ശരിവയ്ക്കുന്നു. നായകന്‍ അനുഭവിക്കുന്ന മാനസിക, സാഹചര്യ സമ്മര്‍ദങ്ങളുടെ ഒരു ഘട്ടത്തിലും നായിക പങ്കാളിയാകുന്നില്ല എന്നുമാത്രമല്ല കഥയുടെ ഒരു നിശ്ചിതഘട്ടത്തില്‍ നായിക ജയകൃഷ്ണനെ പിരിഞ്ഞുപോകുന്നുമുണ്ട്. പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ നായകനെ  നിര്‍ത്തി, കുട ചൂടി പോകുന്ന നായികയെ കാണുമ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞതായി നാം കരുതുന്നു. എന്നാല്‍, സിനിമയുടെ അവസാനഭാഗത്ത് നായിക പ്രത്യക്ഷപ്പെടുന്നുമുണ്ട്.
നായകന്റെ വീരത്വത്തിന്  അലങ്കാരങ്ങള്‍ ചാര്‍ത്തുന്നവയാണ് വില്ലന്റെ ചതികള്‍, കുത്സിത പ്രവൃത്തികള്‍, അധാര്‍മികതകള്‍, ക്രൂരതകള്‍ എന്നിവയെല്ലാം. തീര്‍ത്തും വില്ലനല്ലെങ്കിലും നായകന്റെ നിസ്സഹായതയെ മുതലെടുക്കുന്ന, മതശാസനകള്‍ തെല്ലും തെറ്റിക്കാത്ത, ലാഭേച്ഛ മാത്രം മനസ്സില്‍ കാണുന്ന ഒരു എതിരാളിയായി ഇന്ദ്രന്‍സ് തന്റെ വേഷം മനോഹരമാക്കിയിരിക്കുന്നു. കൂടാതെ, സബ് ഇന്‍സ്‌പെക്ടറായി വരുന്ന ശ്രീജിത്ത് രവിയും കുണ്ടറ ജോണി, നിഷ സാരംഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം
കലകളില്‍ ഏറ്റവും മഹത്തരമായ കല സിനിമയാണെന്നു പറഞ്ഞത് മഹാനായ ലെനിനാണ്. നമ്മുടെ ആശയങ്ങള്‍, നിലപാടുകള്‍, പക്ഷം എന്നിവ ഏറ്റവും മനോഹരമായി മറ്റൊരാളിലേക്കു സംവേദനം  ചെയ്യാന്‍ പറ്റുന്ന മാധ്യമമാണു സിനിമ. അങ്ങനെ നോക്കുമ്പോള്‍ ചില ആശയങ്ങളുടെ  ഒളിച്ചുകടത്തലുകള്‍  സിനിമയില്‍ സംഭവിക്കുന്നില്ലേ എന്നു ന്യായമായും സംശയിക്കാവുന്നതാണ്. കഥാഗതിയുടെ നിര്‍ണായകമായ സന്ദര്‍ഭത്തില്‍ നായകന്റെ അവസ്ഥയെ  മുതലെടുക്കുന്ന മുസ്ലിം കഥാപാത്രം കച്ചവടമനോഭാവത്തോടെയും അധിനിവേശസ്വഭാവത്തോടെയും ഇടപെടുമ്പോഴും രോഗിയെയുംകൊണ്ടു പായുന്ന ആംബുലന്‍സിനെ ഹൈലൈറ്റ് ചെയ്തു കാണിക്കുമ്പോഴും അവസാനം നായകന്‍ കറുപ്പുടുത്ത്, ചന്ദനക്കുറിയും കൈയില്‍ ചരടുമായി പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ എത്തുമ്പോഴും സിനിമയെപ്പറ്റിയുള്ള നമ്മുടെ ചില മുന്‍വിധികള്‍ യാഥാര്‍ത്ഥ്യമാകുകകൂടി ചെയ്യുന്നുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)